Current Date

Search
Close this search box.
Search
Close this search box.

ഖദ്ദാഫിയെ ഓർക്കുമ്പോൾ

2011-ലെ ലിബിയൻ വിപ്ലവത്തെയും പ്രക്ഷോഭത്തെയും തുടർന്ന്, ദീർഘകാല ഏകാധിപതി മുഅമ്മർ ഖദ്ദാഫി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ലിബിയൻ തെരുവിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തു, എണ്ണ സമ്പന്നമായ വടക്കേ ആഫ്രിക്കൻരാജ്യത്തിലെ നാലു പതിറ്റാണ്ടു കാലത്തെ ഏകാധിപത്യ ഭരണമാണ് അതോടുകൂടി അവസാനിച്ചത്.

1942 ജൂൺ 7ന് സിർത്തെ പട്ടണത്തിൽ ജനിച്ച, ലിബിയൻ മരുഭൂമിയിലെ നാടോടി കൂടാരത്തിൽ വളർന്ന ഗദ്ദാഫി, ലിബിയ ഇറ്റാലിയൻ കൊളോണിയൽ നിയന്ത്രണത്തിനു കീഴിൽ ഉണ്ടായിരുന്നപ്പോഴത്തെ അൽഖദാഫ എന്ന ഗോത്രകുടുംബത്തിലെ അംഗമാണ്. പാശ്ചാത്യ സഖ്യകക്ഷിയായിരുന്ന ഇദ്രീസ് രാജാവിന്റെ ഭരണത്തിനു കീഴിൽ 1951ൽ ലിബിയ സ്വാതന്ത്ര്യം നേടി. 1961-ൽ, ബെൻഗാസി പട്ടണത്തിലെ മിലിറ്ററി കോളേജിൽ പ്രവേശനം നേടിയ ഖദ്ദാഫി, വളർന്നു കൊണ്ടിരുന്ന അറബ് ദേശീയ പ്രസ്ഥാനത്താലും, അതിന്റെ മുൻനിര നായകൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൽ നാസറിന്റെ വ്യക്തിപ്രഭാവത്താലും വലിയ അളവിൽ സ്വാധീനിക്കപ്പെട്ടു.

സൈനിക പരിശീലനം പൂർത്തിയാക്കിയതിനു ശേഷം, അതിൽ നാലു മാസം യു.കെയിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്, ബിരുദം നേടിയ ഖദ്ദാഫി, ലിബിയൻ സൈനിക പദവികളിലൂടെ ക്രമാനുഗതമായി ഉയരാൻ തുടങ്ങി. ഇദ്രീസ് രാജാവിന്റെ ഭരണത്തിൽ ലിബിയൻ സമൂഹം ക്രമേണ അതൃപ്തരായി തുടങ്ങിയതോടെ സൈന്യത്തിലെ യുവ ഓഫീസർമാരുടെ ഒരു പ്രസ്ഥാനം ഉയർന്നുവന്നു; ഈ ഓഫീസർമാരുടെ സംഘത്തിനുള്ളിലാണ് ഖദ്ദാഫിയുടെ നേതൃത്വം ആരംഭിക്കുന്നത്.

1969 സെപ്റ്റംബർ 1ന്, ലിബിയൻ രാജാവ് തുർക്കിയിൽ ചികിത്സയ്ക്കു പോയ സമയത്ത്, ഖദ്ദാഫിയുടെ നേതൃത്വത്തിലുള്ള യുവഓഫീസർമാർ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. തന്റെ 27-മത്തെ വയസ്സിൽ, റെവല്യൂഷണറി കമാണ്ട് കൗൺസിലിന്റെ ചെയർമാനായും, സായുധ സൈന്യത്തിന്റെ കമാണ്ടർ ഇൻ ചീഫായും ഖദ്ദാഫി തെരഞ്ഞെടുക്കപ്പെട്ടു.

അധികാരത്തിൽ

ഒരിക്കൽ അധികാരത്തിലെത്തിയതോടെ, ഏതു വിധേനയും അതിനു ഇളക്കം തട്ടാതെ സൂക്ഷിക്കുന്നതിലായിരുന്നു ഖദ്ദാഫിയുടെ പ്രധാനശ്രദ്ധ. 1969 ഡിസംബറിൽ തന്റെ സഹപ്രവർത്തരിൽ നിന്നു തന്നെ ഖദ്ദാഫിക്കെതിരെ ഒരു അട്ടിമറി ശ്രമം നടന്നിരുന്നു, തദ്ഫലമായി രാഷ്ട്രീയ പ്രക്ഷോഭങ്ങളും എതിരഭിപ്രായങ്ങളും കുറ്റകൃത്യമാക്കി കൊണ്ടുള്ള നിയമങ്ങൾ അദ്ദേഹം കൊണ്ടുവന്നു.

കടുത്ത സാമ്രാജ്യത്വവിരുദ്ധത ഖദ്ദാഫി ഭരണത്തിന്റെ ഒരു പ്രധാന സവിശേഷതയായിരുന്നു, സ്വാതന്ത്ര്യം നേടിയതിനു ശേഷവും രാജ്യത്ത് തുടർന്ന ഇറ്റലിക്കാരെ അദ്ദേഹം പുറത്താക്കി, ലിബിയയിലെ ബ്രിട്ടീഷ് അമേരിക്കൻ സൈനികത്താവളങ്ങൾ അടച്ചു പൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു, രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന വിദേശ എണ്ണ കമ്പനികളോട് തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം സർക്കാറിന് നൽകണമെന്ന് ആവശ്യപ്പെട്ടു. ഗ്രിഗോറിയൻ കലണ്ടറിനു പകരം ഇസ്ലാമിക കലണ്ടർ കൊണ്ടുവന്നും, മദ്യ വിൽപന നിരോധിച്ചും വിദേശ സാമ്രാജ്യത്വ സ്വാധീനത്തിനെതിരെ സാംസ്കാരികവും മതപരവുമായ നടപടികളും ഖദ്ദാഫി നടപ്പാക്കി.

ആദ്യകാല ജനകീയതയും രാജ്യത്തിനു മേലുള്ള ലിബിയൻ നിയന്ത്രണത്തിന്റെ നവീകരണവും ഒരുവശത്ത് നിൽക്കുമ്പോളും, ഖദ്ദാഫിയുടെ ഭരണം വലിയ അളവിൽ ഏകാധിപത്യപരമായി മാറി, അധികാരം അദ്ദേഹത്തിനും സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഒരു ചെറുസംഘത്തിനു ഇടയിൽ പങ്കുവെക്കപ്പെട്ടു. വിദേശത്ത് അഭയം തേടിയ ഖദ്ദാഫി വിരുദ്ധരെ വധിക്കാനും മറ്റും ഖദ്ദാഫിയുടെ ഇന്റലിജൻസ് ഏജന്റുമാർ ലോകം മൊത്തം കറങ്ങിനടക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

തന്റെ ഭരണകാലത്തിലുടനീളം, പ്രത്യക്ഷമായും പരോക്ഷമായുമുള്ള സംഘർഷങ്ങളുടെ ഒരു പരമ്പരയിൽ തന്നെ ഖദ്ദാഫി ലിബിയയെ അകപ്പെടുത്തി- സുഡാനീസ് ലെബനീസ് ആഭ്യന്തരയുദ്ധങ്ങൾ, അതുപോലെ തന്നെ ഈജിപ്ത്, ഛാഢ്, താൻസാനിയ എന്നീ രാജ്യങ്ങളുമായും ലിബിയ പോരടിച്ചു; 1986ൽ അമേരിക്ക ലിബിയക്കു നേരെ ബോംബാക്രണം നടത്തിയിരുന്നു. ഈ സംഘർഷങ്ങളിൽ ഭൂരിഭാഗവും പരാജയത്തിലും, പിന്മാറലിലും, പ്രതിസന്ധിയിലുമാണ് കലാശിച്ചത്. കേവലം ഒരു സുപ്രധാന വിജയം മാത്രമാണ് ലിബിയക്കു നേടാൻ സാധിച്ചത്. എന്നിരുന്നാലും, സൈനിക ഇടപെടലുകളും സഖ്യം ചേരലുകളും അന്താരാഷ്ട്ര തലത്തിലും, പ്രത്യേകിച്ച് ആഫ്രിക്കൻ തലത്തിലും ഖദ്ദാഫിയുടെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ സഹായിച്ചു. ഒടുവിൽ “ആഫ്രിക്കൻ രാജാവ്” ആയി സ്വയം അവരോധിച്ച ഖദ്ദാഫി, ലിബിയയുടെ മധ്യേഷ്യൻ അറബ് സ്വത്വത്തിനേക്കാൾ കൂടുതൽ ഒരു പാൻ-ആഫ്രിക്കൻ ലോകവീക്ഷണമാണ് സ്വീകരിച്ചത്.

അന്താരാഷ്ട്ര പ്രതിച്ഛായ

വ്യക്തിപ്രഭാവത്തോടൊപ്പം മർദ്ദകസ്വഭാവവും ഉണ്ടായിരുന്ന ഖദ്ദാഫി, ഒരു വിചിത്ര വ്യക്തിയായി മാറി. പ്രത്യേക തെരഞ്ഞെടുക്കപ്പെട്ട സുന്ദരികളായ ഒരു കൂട്ടം വനിതകളായിരുന്നു അദ്ദേഹത്തിന്റെ അംഗരക്ഷകരായി ഉണ്ടായിരുന്നത്, സ്യൂട്ടിനു പകരം അസ്വാഭാവികമായ സ്യൂഡോ-ആഫ്രിക്കൻ വസ്ത്രങ്ങൾ അദ്ദേഹം അണിഞ്ഞു, വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ടെന്റികത്തായിരുന്നു താമസം.

പാശ്ചാത്യവിരുദ്ധ പ്രസ്ഥാനങ്ങളുമായും സായുധസംഘങ്ങളുമായുള്ള ബന്ധം മാത്രമല്ല അന്താരാഷ്ട്ര തലത്തിലെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിച്ചത്. ഉദാഹരണത്തിന്, ഐറിഷ് റിപ്പബ്ലിക്കൻ ആർമി(ഐ.ആർ,എ)ക്കു അദ്ദേഹം സാമ്പത്തികസഹായം നൽകി, സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാണഷൽ കോൺഗ്രസ് പോലെയുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു.

1984-ൽ ലണ്ടനിലെ ലിബിയൻ എംബസിക്കു പുറത്ത് നടന്ന ഒരു പ്രതിഷേധത്തിൽ ഒരു ലിബിയൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ കൈകളാൽ യിവോൺ ഫ്ലെച്ചർ എന്ന പോലീസ് വനിത കൊല്ലപ്പെട്ടതോടെ ലിബിയയുമായുള്ള നയതന്ത്രബന്ധങ്ങൾ ബ്രിട്ടൻ അവസാനിപ്പിച്ചു. 1986ൽ വെസ്റ്റ് ബെർലിനിലെ ഒരു നിശാക്ലബിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെയും, 1988-ൽ ലോക്കർബീ എന്ന സ്കോട്ടിഷ് പട്ടണത്തിന് മുകളിൽ വെച്ച് 243 യാത്രക്കാരുടെയും 16 ജോലിക്കാരുടെയും മരണത്തിന് ഇടയാക്കിയ പാൻ അമേരിക്കൻ വിമാനത്തിലെ ബോംബ് സ്ഫോടനത്തിന്റെയും ഉത്തരവാദി ഖദ്ദാഫിയുടെ ലിബിയയാണെന്ന് അന്ന് ആരോപണമുയർന്നിരുന്നു.

മരണം

2011ൽ, തുനീഷ്യയിൽ ‘അറബ് വസന്തം’ ആരംഭിക്കുകയും, മധ്യേഷ്യയേയും വടക്കേ ആഫ്രിക്കൻ മേഖലയേയും പിടിച്ചു കുലുക്കുകയും ചെയ്തു. തുനീഷ്യയുടെ സൈനുൽ ആബിദീൻ ബിൻ അലിയാണ് (1936-2019) ആദ്യം പുറത്താക്കപ്പെട്ടത്. ശേഷം ഈജിപ്തിൽ ഹുസ്നി മുബാറക്ക് വീണു. പിന്നീട്- മാസങ്ങളുടെ പ്രക്ഷോഭങ്ങൾക്കും, അക്രമത്തിനും, നാറ്റോ ബോംബിങ് കാമ്പയിനിനും ശേഷം- മുഅമ്മർ ഖദ്ദാഫിയുടെ ഗവൺമെന്റ് നിലംപതിച്ചു. തൽസ്ഥാനത്ത് വിമതരുടെ നാഷണൽ ട്രാൻസിഷണൽ കൗൺസിൽ (എൻ.ടി.സി) അധികാരത്തിൽ വന്നു. 2011 ജൂലൈയിൽ ലിബിയയുടെ നിയമാനുസൃത സർക്കാറായി മുപ്പതിലധികം രാഷ്ട്രങ്ങളുടെ അംഗീകാരം അതിനു ലഭിച്ചു.

2011 ഒക്ടോബർ 20ന്, മുൻ ഏകാധിപതിക്കു വേണ്ടിയുള്ള മാസങ്ങളോളം നീണ്ട തിരച്ചിലിനൊടുവിൽ, തന്റെ ജൻമനാടായ സിർത്തെ പട്ടണത്തിലെ ഒരു അഴുക്കുചാലിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഖദ്ദാഫിയെ കണ്ടെത്തി. സ്വന്തം പിസ്റ്റൾ കൊണ്ടു തന്നെയാണ് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്, ശേഷം മൃതദേഹം പട്ടണത്തിലുടനീളം വലിച്ചിഴക്കപ്പെട്ടു.

പൈതൃകം

തന്റെ നാൽപതു കൊല്ലക്കാലത്തെ ഭരണം അടിച്ചമർത്തലും അനീതിയും കൊണ്ട് നിറഞ്ഞതായിരുന്നെങ്കിലും, ഖദ്ദാഫി ഒരു പ്രത്യേക വ്യക്തിയായിരുന്നു. ആഫ്രിക്കയിലെ ഏറ്റവും സുസ്ഥിരവും സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി അദ്ദേഹം ലിബിയയെ വികസിപ്പിച്ചു. സ്വന്തം രാഷ്ട്രീയ-സാമ്പത്തിക തത്വശാസ്ത്രം ‘ഗ്രീൻ ബുക്ക്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു, സമകാലിക മുതലാളിത്വത്തേയും ഉദാര ജനാധിപത്യത്തെയും വിമർശിക്കുന്ന അദ്ദേഹം അവ ഉണ്ടാക്കിയ പ്രശ്നങ്ങൾക്കുള്ള പരിഹാരവും പുസ്തകത്തിലൂടെ മുന്നോട്ടുവെച്ചു. എന്നിരുന്നാലും, ഒരു ഏകാധിപതിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒരാളാണ് ഖദ്ദാഫി.

മുഅമ്മർ ഖദ്ദാഫിയുടെ വീഴ്ചയും അദ്ദേഹത്തിന്റെ മരണവും മേഖലയിലും ലിബിയയിലും ഉണ്ടാക്കിയ ശൂന്യത ഇതുവരെ നികത്തപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ നിഷ്ഠൂരമായ വധത്തിനു ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും, ഖദ്ദാഫി എന്ന ഏകാധിപതിയുടെ സ്വാധീനം ഇപ്പോഴും ലിബിയയിൽ അനുഭവേദ്യമാണ് എന്നാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം വ്യക്തമാക്കുന്നത്.

അവലംബം: middleeastmonitor
വിവ. ഇര്‍ശാദ് കാളാചാല്‍

 

Related Articles