Current Date

Search
Close this search box.
Search
Close this search box.

ഖുർആന്റെ കയ്യെഴുത്തുപ്രതികളെക്കുറിച്ച്

ദൈവികഗ്രന്ഥങ്ങളിൽ ഉന്നതമായ വിശുദ്ധ ഖുർആനെ ആദരിക്കുന്നതിലും ബഹുമാനിക്കുന്നതിലും മുസ്ലിംകൾ ചരിത്രത്തിലുടനീളം അതുല്യമായ മാതൃകകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുർആൻ മനഃപാഠമാക്കുന്നതിലും ഖുർആന്റെ ക്രോഡീകൃത രൂപമായ മുസ്ഹഫിനെ ബഹുമാനിക്കുന്നതിലും അവർ അത്യുത്സാഹം കാണിച്ചു. അതുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ ജ്ഞാനശാഖകൾ കാലാന്തരങ്ങൾക്കുള്ളിൽ അവർ വികസിപ്പിച്ചെടുത്തു. മാനുഷിക നാഗരിക ചരിത്രത്തിൽ ഒരു ഗ്രന്ഥത്തിനും ലഭിക്കാത്തത്ര അത്ഭുതകരമായ സ്വീകാര്യത ഖുർആന് ലഭിച്ചു. പാരായണസുഖം ലഭിക്കാനുതകുന്ന വ്യത്യസ്ത എഴുത്തുരീതികൾ വികസിപ്പിച്ചെടുത്തും കൺകുളിർമയേകുന്ന കെട്ടിലും മട്ടിലും മുസ്ഹഫുകൾ അലങ്കരിച്ചും ജനങ്ങളുടെ ഖുർആനുമായുള്ള ഹൃദയബന്ധം രൂഢമൂലമാക്കാനുള്ള വ്യത്യസ്ത വഴികൾ അവർ സ്വീകരിച്ചുപോന്നു.
വിശുദ്ധ റമദാനിലാണ് മുസ്്‌ലിംകളെല്ലാവരും ഖുർആൻ പാരായണത്തിൽ കൂടുതലായി ശ്രദ്ധ ചെലുത്തുന്നത്. സാധാരണഗതിയിൽ, മുസ്്‌ലിം രാഷ്ട്രങ്ങളിൽ നിന്ന് അച്ചടിക്കപ്പെട്ട, പിഴവുകൾ പരിശോധിക്കപ്പെട്ട മുസ്ഹഫുകളുപയോഗിച്ചാണ് ഈ പാരായണം നടക്കുക.

ഖുർആന്റെ കയ്യെഴുത്തുപ്രതികളാണ് മറ്റൊരു പ്രധാന അവലംബം. ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടു മുതൽ ലഭ്യമായിട്ടുള്ള ഖുർആന്റെ കയ്യെഴുത്തുപ്രതികൾ, ഖുർആനിക പഠനങ്ങളുമായി ബന്ധപ്പെടുന്നവർക്കു പുറമെ അറബി ഭാഷ, കയ്യെഴുത്ത് ശാസ്ത്രം, പുരാതന ഗവേഷണം, അറബി കാലിഗ്രഫി,സൗന്ദര്യശാസ്ത്രം തുടങ്ങിയ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെടുന്നവർക്കു കൂടി ഉപകാരപ്രദമാണ്. ഇതിനൊക്കെ പുറമെ ഖുർആനുമായി അഭേദ്യമായ ഹൃദയബന്ധം കാത്തുസൂക്ഷിക്കുകയും അതിന്റെ അർഥതലങ്ങളും കാലാന്തരങ്ങളിലുടെ അതിന്റെ പ്രയാണങ്ങളും മനസ്സിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കെല്ലാം ഫലപ്രദമാണ് ഇത്തരം കയ്യെഴുത്തുപ്രതികൾ. ഉസ്മാനി(റ)ന്റൈ കാലത്തുള്ള മുസ്ഹഫുകളിൽ തുടങ്ങി കാലങ്ങൾക്കിപ്പുറം നമ്മിലേക്ക് ഇത്രയേറെ വികസിതരൂപത്തിൽ എത്തുന്നതുവരെയുള്ള വിവിധഘട്ടങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്.

താബിഉകളിൽ ആരെങ്കിലുമോ ഖിറാഅത്ത് മേഖലയിൽ വിശ്രുതനായ ഏതെങ്കിലും പണ്ഡിതനോ സ്പർശിച്ച ഖുർആനാണ് നിന്റെ കയ്യിലുള്ളതെന്ന് ആലോചിച്ചുനോക്കുക. അല്ലെങ്കിൽ ഏതെങ്കിലും പ്രമുഖ പകർത്തിയെഴുത്തുകാരൻ(ഖത്താത്) എഴുതിയ, ഏതെങ്കിലും സുൽത്താന്റെ ശേഖരത്തിലുണ്ടായിരുന്ന, ഹറമൈനിയിലെയോ ദമസ്‌കസിലെയോ ബഗ്ദാദിലെയോ കൈറോയിലെയോ കൊർദോവയിലെയോ പള്ളികളിലും ആരാധകളിലായി കഴിഞ്ഞുകൂടിയ ആരെങ്കിലു ഓതിയ ഖുർആനാണ് നിന്റെ കയ്യിലുള്ളതെന്ന് സങ്കൽപിച്ചുനോക്കുക.

ഖുർആന്റെ കയ്യെഴുത്തുപ്രതികളിൽ ഒട്ടനേകം ഉലൂമുൽ ഖുർആന്റെ ശാഖകൾ കടന്നുവരുന്നതായി കാണാം. എഴുത്ത്, ഹർകത്തുകൾ രേഖപ്പെടുത്തൽ, വ്യത്യസ്ത പാരായണരീതികൾ, എഴുത്തുമായി ബന്ധപ്പെട്ട മഷിയും എഴുതുന്ന കടലാസും, എഴുതുന്ന രീതി, വ്യത്യസ്ത എഴുത്തുരൂപങ്ങൾ, നിറങ്ങളും അലങ്കാരങ്ങളും തുടങ്ങിയ പലതും ഇതിന്റെ ഭാഗമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മംലൂകികൾ, ഇൽഖാനികൾ, ഉസ്മാനികൾ തുടങ്ങിയവരുടെ കീഴിലുള്ള വ്യത്യസ്ത മുസ്ഹഫുകളുടെ ഭംഗി ആസ്വദിക്കൽ, ഹിജാസി- കൂഫി അടക്കമുള്ള എഴുത്തുരീതികൾ പരിചയിക്കൽ തുടങ്ങിയ പലതും ഈയൊരു ജ്ഞാനശാസ്ത്രത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് ചർച്ചചെയ്യപ്പെടുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം ഹിജ്‌റ ആദ്യ നൂറ്റാണ്ടിലെ മുസ്ഹഫുകൾ ഹർകത്തുകളും കുത്തുകളും പുള്ളികളുമില്ലാത്ത(ശക്ൽ, നുഖത്) മുസ്ഹഫുകളായിരുന്നു. എന്നാൽ പിൽക്കാലത്തുള്ളവ ഉസ്മാനികളുടെയും മംലൂകികളുടെയും മുസ്ഹഫുകൾ നിപുണരായ എഴുത്തുകാർ എഴുതിത്തയ്യാറാക്കിയ, അക്ഷരങ്ങൾ വ്യക്തമായ, ഇന്നു ലഭ്യമാവുന്ന രീതിയിലുള്ള വായനാസുഖമുള്ള മുസ്ഹഫുകളായിരുന്നു.

ഹഫ്‌സ് എന്നവർ ആസിം എന്നവരെത്തൊട്ട്(ഹഫ്‌സ് അൻ ആസിം) റിപ്പോർട്ട് ചെയ്തതിനു പുറമെയുള്ള മറ്റുപാരായണ രീതികൾ എഴുതപ്പെട്ട മുസ്ഹഫുകളും ഇന്ന് ലഭ്യമാണ്. കയ്യെഴുത്തുപ്രതികളും നിലവിലുള്ള വികസിക രൂപത്തിലുള്ള പ്രിന്റഡ് മുസ്ഹഫുകളും തമ്മിൽ താരതമ്യം ചെയ്തും വ്യത്യാസങ്ങൾ പറയുന്ന ഗ്രന്ഥങ്ങൾ പരിശോധിച്ചും ഇക്കാര്യം ഉറപ്പു വരുത്താവുന്നതാണ്. ഡോ. അഹ് മദ് ഈസാ മിഅസ്‌റാവിയുടെ അശ്ശാമിലു വൽ കാമിൽ ഫിൽ ഖിറാആത്ത്, മുഹമ്മദ് ഫഹദ് ഖാറൂഫിന്റെ അൽ മുയസ്സറു ഫിൽ ഖിറാആത്തിൽ അർബഇ അശർ, മുഹമ്മദ് കുറൈം റാജിഹിന്റെ വിശദീകരണം, യാസിറുശ്ശംരിയുടെ അശ്ശുമൂസുന്നയ്യിറാത്ത് ഫീ ജിംഇൽ ഖിറാആത്തിൽ അശ് രിൽ മുതവാതിറാത്ത് എന്നിവ ഇവ്വിഷയകരമായി ലഭ്യമായ പ്രധാന ഗ്രന്ഥങ്ങളാണ്. മൗഖിഉ നൂൻ ലിൽ ഖുർആനി വഉലൂമിഹീ എന്ന വെബ്‌സൈറ്റുവഴി ആയത്തുകളും രിവായത്തുകളും തമ്മിൽ താരതമ്യം ചെയ്തും ഇക്കാര്യം എളുപ്പമാക്കാം. വ്യത്യസ്ത പാരായണരീതികളുടെ ഓഡിയോകൾ കൂടി ഈ സൈറ്റിൽ ലഭ്യമാണ്.

ലഭ്യമായ എല്ലാ ഖുർആനുകളും തത്വത്തിൽ ഒന്നുതന്നെയാണെങ്കിലും ചില അക്ഷരങ്ങൾ എഴുതുന്ന രൂപവും രീതിയും ഇന്നു ലഭ്യമായ മുസ്ഹഫുകളിൽ നിന്നു വിഭിന്നമായിരിക്കും. ചില കയ്യെഴുത്തുപ്രതികൾ ഇന്നത്തെ ഖുർആനിന്റെ എഴുത്തുരീതി പിന്തുടരാത്തവയായിരിക്കും. ഇവ്വിഷയകരമായി കൂടുതലറിയാൻ ഡോ. ബുശൈർ ഹുമൈരിയുടെ മുഅ്ജമു റസ്മുൽ ഉസ്മാനി എന്ന ഗ്രന്ഥം അവലംബിക്കാവുന്നതാണ്. നമ്പറിടുന്നതിൽ വന്ന പിഴവുകൊണ്ടോ ചില കടലാസുകൾ നഷ്ടമാവൽ കൊണ്ടോ പേജുകളുടെ ക്രോഡീകരണത്തിൽ വരുന്ന പിഴവുകളാണ് ഇത്തരക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇന്ന് അച്ചടിച്ചുവരുന്ന മുസ്ഹഫുകളിൽ നടക്കുന്നയത്ര പരിശോധനകളും തെറ്റുതിരുത്തലുകളും അത്തരം കയ്യെഴുത്തുപ്രതികളിൽ നടക്കാനും സാധ്യത കുറവാണ്.

പ്രധാന കയ്യെഴുത്തുപ്രതികൾ
ഇന്ന് ഓൺലൈനായി ലഭ്യമായിട്ടുള്ള ഖുർആന്റെ പ്രധാനപ്പെട്ട കയ്യെഴുത്ത് പ്രതികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഹിജ്‌റ 705ൽ സുൽത്താൻ ബൈബർസിന്റെ ഖജനാവിനു വേണ്ടി ഇബ്‌നുൽ വഹീദ് എഴുതിയ മംലൂകി മുസ്ഹഫാണ് അക്കൂട്ടത്തിലൊന്ന്. ഇബ്‌നു മുബാദിർ, ആയ്ഗദി ബിൻ അബ്ദുല്ലാ അൽ ബദ്‌രി എന്നവർ സ്വർണമുപയോഗിച്ച് അലങ്കരിക്കുകയും ചെയ്ത കോപ്പിയാണത്. 1000 പേജുകളിലായി ഏഴു ഭാഗങ്ങളിലായാണ് ആ പ്രതിയുള്ളത്.

മസാഹിഫുൽ മക്തബത്തിൽ വത്വനിയ്യ അൽ ഫറൻസിയ്യ എന്ന വെബ്‌സൈറ്റിൽ കൃത്യമായി പരിശോധിക്കപ്പെട്ട ഒരുപാട് കയ്യെഴുത്തു പ്രതികൾ കാണാം. പകർത്തിയെഴുതിയ കാലക്രമമനുസരിച്ച് കൃത്യമായി ക്രോഡീകരിക്കപ്പെട്ടവയുമാണത്. പിന്നീട് ചില തിരുത്തലുകളോട് ഡോ. ബുശൈർ അൽ ഹുമൈരി ഇത് പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യേക നിറങ്ങൾ ചേർത്തെഴുതപ്പെട്ട അന്ദുലുസ് കോപ്പികളും അക്കൂട്ടത്തിൽ കാണാം. മംലൂകി മുസ്ഹഫുകളിൽ പ്രധാനമാണ് സുൽത്താൻ ബർഖൂഖ് കയ്‌റോയിലെ തന്റെ ഖാൻഖാഹിൽ വഖ്ഫ് ചെയ്തത്.

മസ്വാഹിഫു മ്യൂണിച്ച് എന്ന വെബ്‌സൈറ്റിലെ മംലൂകി മുസ്ഹഫുകളും ഇക്കൂട്ടത്തിൽ പ്രധാനം. പൂർവകാല മുസ്ഹഫുകളെ സംബന്ധിച്ച് പറയുമ്പോൾ, ഡോ. ത്വയ്യാറിന്റെ പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുന്നത് ഫലപ്രദമാണ്. ഉസ്മാനി(റ)ലേക്കു ചേർക്കപ്പെടുന്ന മുസ്ഹഫ്, മസ്ജിദുൽ ഹുസൈനിയിലെ മുസ്ഹഫ് എന്നിവയിൽ ചിലത് അക്കൂട്ടത്തിൽ ലഭ്യമാണ്. പരിപൂർണമാണ് എന്നതാണ് അവയുടെ പ്രത്യേകത. പരമ്പരാഗത എഴുത്തുരീതികൾ പഠിക്കാനും അതുമായി ഇണങ്ങിച്ചേരാനുമുള്ള അവസരം കൂടെ ഇവ ഒരുക്കുന്നു. ഇവയിൽ ചിലത് അബുൽ അസ്‌വദുദ്ദുവലിയുടെ നുഖ്തകൾ ഇല്ലാത്തവയുമാണ്. ഇത്തരം ശേഖരങ്ങൾ ഒരുമിച്ച് ഇസ്്‌ലാമിക കലാ മ്യൂസിയം ഉണ്ടാക്കുകയെന്ന നിർദേശങ്ങളും വ്യാപകമാണ്. കോർപസ് ക്രോണിക്കോം, കാംബ്രിഡ്ജ് ലൈബ്രറി വെബ്‌സൈറ്റ് എന്നിവയ്ക്കു കീഴിലും ഇത്തരം കയ്യെഴുത്തു പ്രതികളുടെ വായനരൂപവും കാണാവുന്നതാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പരാമർശമർഹിക്കുന്നത് ഡോ. മുസ്തഫ അഅ്‌ളമിയുടെ അന്നസ്സുൽ ഖുർആനി അൽ ഖാലിദ് അബ്‌റൽ ഉസൂർ എന്ന ഗ്രന്ഥമാണ്. അതിൽ സൂറത്തുൽ ഇസ്‌റാഇന്റെ എല്ലാ രൂപങ്ങളും വിശദീകരിച്ച് അദ്ദേഹം എഴുത്തുരീതിയുടെ വിവിധ മാനങ്ങൾ പരിചയപ്പെടുത്തുന്നു. മൗഖിഉൽ മത്ഹഫി(മ്യൂസിയം വെബ്‌സൈറ്റ്)ൽ ലഭ്യമായിട്ടുള്ള വാൾട്ടറിന്റെ മുസ്ഹഫും അവലംബയോഗ്യമാണ്. ഫേസ്ബുക്കിലും ടെലഗ്രാമിലും ഇത്തരം പ്രതികൾ കിട്ടുന്ന ഇടങ്ങൾ ഒരുപാട് ലഭ്യവുമാണ്.

വിവ.മുഹമ്മദ് ശാക്കിർ മണിയറ

Related Articles