Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഡല്‍ഹിയുടെ ചരിത്രാവിഷ്‌കാരങ്ങള്‍-2

കോട്ടകള്‍

നഗര ആസൂത്രണത്തില്‍ രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിയുള്ള നടപടികള്‍ മുസ്ലിം ഭരണ വര്‍ഗ്ഗങ്ങള്‍ എക്കാലത്തും ഡല്‍ഹിയില്‍ നടപ്പാക്കാന്‍ മത്സരിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണമായി നഗരത്തിന്റെ പ്രധാന ഇടങ്ങളില്‍ നില നില്‍ക്കുന്ന കോട്ട കൊത്തളങ്ങള്‍, ഭീമാകാരങ്ങളായ മതിലുകള്‍ ഇന്നും ഡല്‍ഹിയില്‍ അങ്ങിങ്ങായി കാണാം. ഓരോ മുസ്ലിം ഭരണകൂടവും ഡല്‍ഹിയില്‍ പണിതുയര്‍ത്തിയ കോട്ട കൊത്തളങ്ങള്‍ സുശക്തവും, മനോഹരവുമാണ്.

കലാമൂല്യമുള്ള നിര്‍മ്മിതികള്‍ വ്യവസ്ഥാപിതമായി അവതരിപ്പിക്കാന്‍ വാസ്തു വിദ്യയില്‍ ഊന്നിയുള്ള കലാവിഷ്‌കാരങ്ങള്‍ മുസ്ലിം ഭരണകൂടങ്ങളെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. ലോക പ്രസിദ്ധരായ നിരവധി വാസ്തു വിദ്യാ കലാകാരന്മാരുടെ കരവിരുതില്‍ ഡല്‍ഹിയെ സംവിധാനിക്കാന്‍ മുസ്ലിം ഭരണകൂടങ്ങള്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു.
തുര്‍ക്കി, പേര്‍ഷ്യന്‍ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയായി പതിയെ അത് മാറി. സഞ്ചാരികളുടെ ഇഷ്ട വേദിയായി ഡല്‍ഹി അറിയപ്പെടാന്‍ തുടങ്ങി. സഞ്ചാര സാഹിത്യങ്ങള്‍ രചിക്കപ്പെടുക വഴി ലോക പൈതൃക വേദികളില്‍ ഡല്‍ഹി മായാത്ത മുദ്രകള്‍ സമ്മാനിച്ച് ഉദിച്ചു നിന്നു.

മതിലുകള്‍

നഗര ആസൂത്രണത്തിന്റെ ഭാഗമായി ഒരു പട്ടണത്തെയോ നഗരസമുച്ചയത്തെയോ പൊതിഞ്ഞു നില്‍ക്കുന്ന വലിയ മതിലുകള്‍/ഭിത്തികള്‍ അക്കാലത്തെ രാജ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.

അത്തരത്തിലുള്ള വലിയ ഭിത്തികള്‍ ഡല്‍ഹിയെന്ന നഗരത്തെ പൊതിഞ്ഞു പണിതുയര്‍ത്തപ്പെട്ടതായി ചരിത്രം വരച്ചിടുന്നു. അക്കാലത്ത് ഡല്‍ഹി സന്ദര്‍ശിച്ച പ്രമുഖ മൊറോക്കന്‍ സഞ്ചാരി ഇബ്‌നു ബത്തൂത്ത വിവരിക്കുന്നതിപ്രകാരമാണ്: ”ഡല്‍ഹിയുടെ നഗര ഭിത്തി വളരെ കെട്ടുറപ്പുള്ളതാണ്. ലോകത്തെങ്ങും അതിനു സമാനമായ ഒന്ന് കാണാന്‍ സാധിക്കില്ല. 11 കയ്യാണ് അതിന്റെ വീതി. ഭിത്തിക്ക് മുകളിലൂടെ വാഹനപ്പുറത്തും കാല്‍നടയായും നഗരം മുഴുവനായും ചുറ്റിക്കാണാവുന്നതാണ്. ഭിത്തിയുടെ അടിഭാഗം കല്ല് കൊണ്ടും മുകള്‍ ഭാഗം ഇഷ്ടിക കൊണ്ടുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നഗരത്തിന് ആകെ 28 കവാടങ്ങളാണുള്ളത്. പാറാവുകാര്‍ക്ക് താമസിക്കാനായി ഭിത്തിക്കകത്ത് ധരാളം മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നു. പീരങ്കികളും യുദ്ധോപകരങ്ങളും സൂക്ഷിക്കുന്നതിനായി വേറെയും മുറികള്‍ ഭിത്തിക്കകത്തുണ്ട്”[3] ഇങ്ങനെ പോവുന്നു ആ വിവരണങ്ങള്‍…

കോട്ടക്ക് ചുറ്റും ഭീമാകാരങ്ങളായ മരങ്ങള്‍ നട്ടും, കിടങ്ങു നിര്‍മ്മിച്ചും രാജ്യനിവാസികളുടെ സ്വത്തും ജീവനും സംരക്ഷിക്കുവാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിച്ചത് ഇസ്ലാമിക നഗര സംവിധാനങ്ങളുടെ മേന്മകളായി ലോകം വിലയിരുത്തിയിട്ടുണ്ട്. ഇത്രയധികം ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാവേണ്ടി വന്ന ഡല്‍ഹി നഗരം ലോക പൈതൃക പട്ടികയില്‍ ഇത്‌വരെയും ഇടം പിടിച്ചിട്ടില്ല. ജൂലായ് 8, 2017ന് ഗുജറാത്തിലെ അഹ്മദാബാദ് നഗര സമുച്ചയം ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു.

അപ്പോഴും 150ഇല്‍ പരം നിര്‍മ്മിതികളും, ആയിരത്തിലധികം ചെറുതും വലുതുമായ ചരിത്ര പ്രദേശങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഡല്‍ഹി ഒരിക്കല്‍ കൂടി ലോക പൈതൃക പട്ടികയില്‍ നിന്ന് തഴയപ്പെട്ടു. 1983 ല് പൈതൃക സമ്പത്തുകള്‍ സംരക്ഷിക്കാന്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ കമ്മിറ്റി രാജ്യത്ത് നിലവില്‍ വന്നുവെങ്കിലും ഫലപ്രദമായ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ കൈകൊള്ളുന്നതില്‍ പ്രസ്തുത സംവിധങ്ങളും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം രാജവംശമായ ഡല്‍ഹി സല്‍ത്തനത്ത് രണ്ടു നൂറ്റാണ്ടു കാലം നിലനിന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഡല്‍ഹി സല്‍ത്തനത്തിനോളം വലിപ്പമാര്‍ന്നതും ദീര്‍ഘകാലം നിലനിന്നതുമായ ഭരണം മുന്‍പ് ഉണ്ടായിട്ടില്ല.

ഡല്‍ഹി സുല്‍ത്താന്മാരാണ് ഡല്‍ഹി നഗരം ആസൂത്രണം ചെയ്തതെങ്കില്‍ മുഗള്‍ വാസ്തു വിദ്യ രീതിയില്‍ അതിനെ രൂപകല്പന ചെയത് ലോകത്തെ വിസ്മയിപ്പിച്ചത് മുഗള്‍ സുല്‍ത്ത്മാന്റായിരുന്നു. ഹിന്ദു സംസ്‌കാരത്തെ അങ്ങേയറ്റം ബഹുമാനിച്ച മുസ്ലിം രാജവംശങ്ങള്‍ കലാപരമായ ഹൈന്ദവ ശാസ്ത്ര ശാഖകളെ നിലനിര്‍ത്തി കൂടുതല്‍ ഉദാത്തമായ നയ സമീപനങ്ങള്‍ കൈകൊണ്ടിരുന്നു. എന്നാല്‍ ഇന്നലെകളുടെ ചരിത്രം അന്വേഷിക്കുന്നവരല്ല ഡല്‍ഹിയുടെ കാവല്‍ക്കാരായി ഇന്നുള്ളത്. മുസ്‌ലിം പൈതൃകങ്ങളോടുള്ള അടങ്ങാത്ത ചതുര്‍ത്ഥി പരമ്പരാഗതമായി കൊണ്ട് നടക്കുന്ന സംഘ് പരിവാര്‍ സംഘടനകള്‍ മുന്നോട്ടു വെക്കുന്ന നയ സമീപനങ്ങള്‍ എത്ര മാത്രം പ്രസ്തുത നിര്‍മ്മിതികള്‍ക്കു ഗുണകരമാവും എന്ന് ഊഹിക്കാവുന്നതേയുള്ളു.

നിലവില്‍ ലക്ഷക്കണക്കിന് ദിവസ വരുമാനം നേടിത്തരുന്ന ഡല്‍ഹിയിലെ മുസ്ലിം നിര്‍മ്മിതികള്‍ തകര്‍ക്കാന്‍ കഴിയാത്തത് കൊണ്ടാവും അവയുടെ പൈതൃകമെങ്കിലും അവകാശപ്പെടാന്‍ കെട്ട് കഥകള്‍ മെനയാന്‍ പോലും പരിവാര്‍ ശക്തികള്‍ മടി കാണിക്കാത്തത്. ഡല്‍ഹിയിലെ മുസ്ലിം പൈതൃകങ്ങളില്‍ പലതും ഇന്ന് വ്യക്തമായ മേല്‍നോട്ടത്തിന്റെ കുറവ് മൂലം അകാലചരമം പ്രാപിക്കാന്‍ ഒരുങ്ങിയിരിക്കുന്ന അവസ്ഥയിലാണ്. പുരാവസ്തു വകുപ്പിന് കീഴില്‍ നടക്കുന്ന മന്ദഗതിയിലുള്ള അറ്റകുറ്റപണികള്‍, വ്യവസ്ഥാപിതമായി നടക്കാത്ത ഖനന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പൈതൃകങ്ങളോടുള്ള ഭരണകൂടത്തിന്റ നയം വ്യക്തമാക്കുന്നുണ്ട്.

ഇന്ന് ലോകത്ത് പൈതൃക സമ്പത്തുകള്‍ക്ക് കൂടുതല്‍ പരിഗണയും അംഗീകാരവും നല്‍കുന്നവരാണ് യൂറോപ്പ്. പഴയ നഗര വീഥികള്‍, സമുച്ഛയങ്ങള്‍, മ്യൂസിയങ്ങള്‍, എന്നിവ അതേപടി നിലനിര്‍ത്താന്‍ വ്യക്തമായ നടപടികള്‍ കൈകൊണ്ടു വരുന്നു. പഴയ നഗരത്തിന്റെ ഹൃദയ ഭാഗത്തേക്ക് വാഹനങ്ങള്‍ നിരോധിച്ചും, ഭംഗിയുള്ള വിളക്കുമാടങ്ങള്‍ സഥാപിച്ചും, സന്ദര്‍ശകര്‍ക്കു വൃത്തിയുള്ള നടപ്പാതകള്‍ ക്രമീകരിച്ച് വായു മലിനീകരണം നിയന്ത്രണ വിധേയമാക്കിയും പൈതൃക സംരക്ഷണ സമവാക്യങ്ങള്‍ക്ക് പുത്തന്‍ ഭാവവും രൂപവും നല്‍കുകയാണവര്‍.

അതോടൊപ്പം നഗര നവീകരണ സങ്കല്‍പം യഥാര്‍ത്ഥത്തില്‍ ആരംഭിക്കേണ്ടത് അതിന്റെ തെരുവുകളിലല്‍ നിന്നാവണം എന്ന വലിയ പാഠവും. പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഒരു ഭാഗത്ത് ഉയര്‍ത്തപ്പെടുമ്പോഴും പഴയ നിര്‍മ്മിതികളുടെ മനോഹര കാഴ്ച്ചാനുഭവങ്ങള്‍ക്ക് രാജ്യത്തിന്റെ വികസന സമീപനങ്ങള്‍ വിലങ്ങു തടിയാവരുത്. ചരിത്ര ഗതിയെ അത്ര മേല്‍ സ്വാധീനിച്ച മുസ്ലിം ഡല്‍ഹി, പില്‍ക്കാല ഇന്ത്യന്‍ വായനകളില്‍ മറ്റൊരു തലത്തില്‍ വ്യവഹരിക്കപ്പെട്ടതിന് പിന്നില്‍ വ്യക്തമായൊരു രാഷ്ട്രീയ മുഖം രൂപപ്പെട്ടു എന്നതില്‍ സംശയമില്ല. ഭാരതം സ്വതന്ത്രമായതിനു ശേഷം ഡല്‍ഹിക്കു പ്രത്യേകമായി ലഭിച്ച പദവിയോ അംഗീകാരമോ അല്ല രാജധാനി എന്ന വിശഷണം. മറിച്ചു ഡല്‍ഹി സുല്‍ത്താന്മാരും മുഗളന്മാരും പിന്നീട് വന്ന ബ്രിട്ടീഷുകാരും ഡല്‍ഹിയെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രധാന പ്രവിശ്യയായി മനസ്സിലാക്കി വളര്‍ത്തിയെടുത്തത് മുതല്‍ക്ക് ഡല്‍ഹിക്ക് ആ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രസ്തുത അംഗീകാര നിര്‍വൃതിയില്‍ ഡല്‍ഹിയെ വാഴ്ത്തുമ്പോഴും പഴയ മുസ്ലിം നഗരം എത്ര വിശാലവും സുന്ദരവുമായിരുന്നെന്നു മേല്‍ വിവരച്ച വസ്തുതകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

 

[1] ഇസ്ലാമിക സമൂഹം: ചരിത്രസംഗ്രഹം ഭാഗം 2, , സര്‍വത് സൗലത്, Islamic
Publishing House, Calicut

[2] ഇസ്ലാമിക സമൂഹം: ചരിത്രസംഗ്രഹം ഭാഗം 2, , സര്‍വത് സൗലത്, Islamic
Publishing House, Calicut

[3] ഇസ്ലാമിക സമൂഹം: ചരിത്രസംഗ്രഹം ഭാഗം 2, സര്‍വത് സൗലത്, Islamic
Publishing House, Calicut

Related Articles