Current Date

Search
Close this search box.
Search
Close this search box.

ഫ്രാൻസിലെ അനൗദ്യോഗിക ഇന്ത്യൻ അമ്പാസഡർ

ഹജ്ജാജ് ബിൻ യൂസഫിന്റെ അടിച്ചമർത്തൽ ഭയന്ന് ഹിജാസിൽ നിന്ന് ബസ്വറ: വഴി ഇന്ത്യയിലെ ഹൈദരാബാദിലേക്ക് കുടിയേറിപ്പാർത്ത ഖുറൈശി പാരമ്പര്യമുള്ള ഒരിന്ത്യൻ പണ്ഡിതനാണ്. ഹദീസ് റസൂലി(സ)ന്റെ കാലത്ത് തന്നെ ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്ന് ആധികാരികമായി എഴുതിയത്. അന്നത് വലിയ ചർച്ചയായിരുന്നു. ഹിജ്റ: മൂന്നാം നൂറ്റാണ്ട് വരെ ഹദീസുകൾ ക്രോഡീകരിച്ചിരുന്നില്ല എന്ന
ഓറിയന്റലിസ്റ്റുകളുടേയും ഹദീസ് നിഷേധികളുടേയും വായടപ്പിക്കുന്ന തെളിവുകളാണ് അദ്ദേഹം പണ്ഡിതോചിതം സമർപ്പിച്ചത്.

കിംഗ് ഫൈസൽ അവാർഡ് സ്വീകരിക്കാൻ വിസമ്മതിച്ച ആദ്യ വ്യക്തിയാണദ്ദേഹം.1994 ലാണ് സംഭവം ; “സർവ്വശക്തനായ അല്ലാഹുവിനുവേണ്ടി മാത്രം എഴുതിയ എന്റെ ദീനിനെ നിങ്ങൾ ദുഷിപ്പിക്കരുത്” എന്ന് പ്രഖ്യാപിച്ച അതേ വ്യക്തിയാണ് ഫ്രഞ്ച് സർക്കാർ അവരുടെ പൗരത്വം വാഗ്ദാനം ചെയ്തപ്പോൾ താൻ ഇന്ത്യൻ പൗരനാണെന്ന് അഭിമാന പൂർവ്വം പ്രഖ്യാപിച്ച് അതും നിരസിച്ചത്. അരനൂറ്റാണ്ടിനിടെ ഫ്രാൻസിലെ 40,000 ത്തിലധികം ആളുകൾ അദ്ദേഹത്തിന്റെ കൈകളാൽ ഇസ്ലാം സ്വീകരിച്ചു. 22 ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം അവസാനമായി തന്റെ 84 -ാം വയസ്സിൽ തായ് ഭാഷ ആയിരുന്നു അവസാനമായി പഠിച്ചത്.

വിജ്ഞാനത്തെ മാത്രം മോഹിച്ചു നടന്ന ആ മഹാമേരു ഗ്രന്ഥങ്ങളെയാണ് ഇണയായി സ്വീകരിച്ചത്. ഫ്രഞ്ച് ഭാഷയിലെ ഏറ്റവും ആധികാരികമായ ഖുർആൻ വ്യാഖ്യാനമടക്കം 450 പുസ്തകങ്ങളും 900 ലധികം ലേഖനങ്ങളുമദ്ദേഹം എഴുതിയിട്ടുണ്ട്.

ഫ്രാൻസിലെ ദീർഘകാല പ്രവാസത്തിനിടെ തന്റെ വിദ്യാർത്ഥികളുടെ കൂടെ പാത്രങ്ങൾ സ്വയം കഴുകുകയായിരുന്നു അദ്ദേഹത്തിന്റെ രീതി . ഏതെങ്കിലും കലാശാലാ സർട്ടിഫിക്കറ്റ് കൈയ്യിൽ ലഭിക്കുമ്പോഴേക്കും ‘ഹെഡ് വെയ്റ്റ്’ യൂണിയന്റെ അന്താരാഷ്ട്ര അധ്യക്ഷന്മാരാവുന്ന കാലത്താണ് രണ്ട് ഡോക്ടറേറ്റുകളും 20 + ഭാഷകളിൽ പ്രാവീണ്യവുമുള്ള ആ വലിയ മനുഷ്യൻ ഇത്തരം ലാളിത്യത്തിന്റെ അത്യപൂർവ്വമായ അനുഭവങ്ങൾ തന്റെ ശിഷ്യന്മാർക്ക് നല്കുന്നത്.

പാക്കിസ്ഥാനിലെ അന്തരിച്ച രാഷ്ട്രപതി മുഹമ്മദ് സിയാഉൽ ഹഖിന്റെ കൈയ്യിൽ നിന്നും തന്റെ പ്രവാചക ചരിത്രകൃതികൾക്ക് പരമോന്നത ബഹുമതി ലഭിച്ചപ്പോൾ ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന് പാരിതോഷികമായി ലഭിച്ച പത്തു ലക്ഷം രൂപയും നൽകുകയായിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞത്: “ഈ ലോകത്ത് ഞാൻ ഈ സമ്മാനം സ്വീകരിക്കുകയാണെങ്കിൽ, പരലോകത്ത് എനിക്കെന്ത് ലഭിക്കും? ” എന്നായിരുന്നു. 1908 ന് 19 ഫെബ്രുവരിയിൽ ദക്ഷിണേന്ത്യയിലെ ഹൈദരാബാദിൽ ജനിച്ച അദ്ദേഹം അവിടെയുള്ള പാഠശാലകളിലും തുടർന്ന് ഉസ്മാനിയ യൂണിവേഴ്സിറ്റിയിലും പഠിച്ച് 1934 -ൽ ഫ്രഞ്ച് സോർബൺ സർവകലാശാലയിൽ ചേർന്നു, അവിടെ തന്റെ പ്രബന്ധത്തിന് ഡോക്ടറേറ്റ് നേടി.

“പ്രവാചകന്റെ കാലഘട്ടത്തിലെ ഇസ്ലാമിക നയതന്ത്രവും ഖിലാഫത് റാശിദയും” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് നേടിയ പഠനവും മാസ്റ്റർ പീസും .തന്റെ ജർമനിയിലെ പഠന കാലത്ത് ഹദീസ് ക്രോഡീകരണ ചരിത്രത്തിന്റെ ആമുഖത്തോടെ എഴുതിയ പ്രസ്തുത ഗ്രന്ഥം ബെർലിനിൽ നിന്നും പ്രസിദ്ധീകരിച്ചു. ഹദീസ് പഠനവുമായി രചിക്കപ്പെട്ട ആദ്യ കൃതിയായ പ്രസിദ്ധ താബിഈ ഹുമാം ബിൻ മുനബ്ബിഹ് രചിച്ച 138 ഹദീസുകളടങ്ങുന്ന മുസ്വന്നഫ് ഹുമാം ബെർലിൻ പുരാവസ്തു കേന്ദ്രത്തിൽ നിന്നും കണ്ടെത്തി . ഗ്രന്ഥം പിന്നീട് ഇസ്ലാമിക ഗ്രന്ഥശാലകളുടെ മക്ക എന്നറിയപ്പെടുന്ന ബെയ്റൂത്തിൽ അച്ചടിച്ചു. പിന്നീട് ഉർദു, ഫ്രഞ്ച്, ഇംഗ്ലീഷ്, ടർക്കിഷ് എന്നിവയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.ഡോ. സുബൈർ അഹ്മദ് സിദ്ദീഖി ഡമാസ്കസിലെ ളാഹിരിയ്യ ലൈബ്രറിയിൽ കണ്ടെത്തിയതും ബർലിനിൽ നേരത്തെ ലഭിച്ച മുസ്വന്നഫും താരതമ്യം ചെയ്ത് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നടത്തിയത് ലോക പ്രസിദ്ധമാണ്.

മദീനയിലെത്തിയ നബി (സ) രൂപീകരിച്ച ഭരണഘടനാ സമിതിയേയും ജൂതന്മാരുമുണ്ടാക്കിയ ‘മദീനാ പാക്റ്റിനെ’ കുറിച്ചുമെല്ലാം ഉപരിസൂചിത ഗ്രന്ഥത്തിൽ സവിസ്തരം പറയുന്നുണ്ട്. ഇസ്ലാമിക ഭരണകൂടത്തിന്റെ പ്രഥമ ഭരണഘടനാ രേഖ അതായിരുന്നു. അതല്ലാതെയും പ്രവാചക ചരിത്രത്തിലെ ഡോകുമെന്റേഷൻ തെളിവുകൾ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

മരണത്തിന് രണ്ട് വർഷം മുമ്പ് കിടപ്പിലാകുന്നതുവരെ വായനയും എഴുത്തുമദ്ദേഹം നിർത്തിയില്ല.അമേരിക്കയിലെ ഫ്ലോറിഡയിൽ തന്റെ സഹോദരീ പുത്രിയുടെ വീട്ടിൽ 2002 ഡിസംബർ 17 ന് തൊണ്ണൂറ്റിനാലാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹമായിരുന്നു മുഹമ്മദ് ഹമീദുല്ലാഹ് ഹൈദരാബാദി എന്ന് ആധുനിക ഫ്രഞ്ച് – ഇന്ത്യൻ ചരിത്രം അടയാളപ്പെടുത്തിയ ഫ്രാൻസിലെ ഏറെകാലത്തെ അനൗദ്യോഗിക ഇന്ത്യൻ അമ്പാസഡർ ; അഥവാ ഫ്രഞ്ചുകാർക്കിടയിൽ ഇന്ത്യക്കാരുടെ അന്തസ്സ് കൈവിടാതെ കാത്തുസൂക്ഷിക്കാൻ ആ കൃശഗാത്രനുള്ള കാലത്തോളമായി. നാഥൻ അദ്ദേഹത്തിന്റെ നന്മകളെ സ്വീകരിക്കുമാറാവട്ടെ ….ആമീൻ

അവലംബം
1-Remembering Muhammad Hamidullah
:Abdul Azim Islahi
2: Wikipedia

Related Articles