Current Date

Search
Close this search box.
Search
Close this search box.

യാഖൂതുൽ ഹമവി: വ്യത്യസ്തനായ പകർത്തെഴുത്തുകാരൻ

ഹിജ്റ വർഷം 587, ബാഗ്ദാദ് വിജ്ഞാനത്തിന്റെ വിളനിലമായിരുന്ന കാലം, ബാഗ്ദാദിലെ ഒരു പുസ്തകച്ചന്തയിൽ പകർത്തെഴുത്തുകാർ പുസ്തകം എഴുതുന്ന തിരക്കിലാണ്. പുസ്തകം ആവശ്യമുള്ളവർ മുമ്പേ പറഞ്ഞു വെക്കണം. കടയിലുള്ള പതിപ്പിൽ നിന്നും അത് മുഴുവനായും പകർത്തിയെഴുതാനുള്ള സമയം വേണം, സുന്ദരമായ ലിപികളിൽ എഴുതിത്തീരണമെങ്കിൽ ദിവസങ്ങളെടുക്കും. ആവശ്യമുള്ള പുസ്തകത്തിന്റെ പേര് പറഞ്ഞു പോകേണ്ട കാര്യമേയുള്ളൂ. പറയുന്ന ദിവസം വന്നു വാങ്ങിയാൽ മതി. പുസ്തകം ലഭിക്കാൻ കാത്തു നിൽക്കേണ്ടതില്ല. അതുകൊണ്ട് തെരുവിൽ തിരക്ക് കുറവാണ്. വളരെ ശാന്തമായ ആ പുസ്തകത്തെരുവിലേക്ക് പെട്ടെന്നൊരു പത്തു പന്ത്രണ്ട് വയസ്സുള്ള ബാലൻ ഓടി വന്നു. അവന്റെ കിതപ്പ് മാറാൻ വേണ്ടി ഒന്ന് നിന്നു നെടുവീർപ്പിട്ടു. ആ നില്പിൽ അവൻ പുസ്തകക്കടകളിലേക്കെല്ലാം ഒന്ന് കണ്ണോടിച്ചു. മേത്തരം തോലുകൊണ്ട് പൊതിഞ്ഞ ചട്ടയുള്ള അറബി, പേർഷ്യൻ, ലാറ്റിൻ ഭാഷകളിലുള്ള പുസ്തകങ്ങൾ. സ്വർണനിറമുള്ള ലിപികൾ കൊണ്ട് അലങ്കരിച്ച പുറം ചട്ടകൾ. എങ്ങും കുങ്കുമത്തിന്റെ മണം.

ഒരു കടയിൽ വൃദ്ധനായൊരാൾ മുളകൊണ്ടുള്ള പേനയും പിടിച്ചു തല താഴ്ത്തി ശ്രദ്ധയോടെ എഴുതിക്കൊണ്ടിരിക്കുന്നു. കടയുടെ മുൻഭാഗത്ത് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു. ഹാനൂത് മുഹമ്മദ്‌ നജ്ജാർ (മുഹമ്മദ്‌ നജ്ജാറിന്റെ കട) ബാലൻ ആ കടയുടെ നേരെ ചെന്ന് അയാളോട് ചോദിച്ചു: “പകർത്തെഴുത്തുകാരനായി ഞാനീ കടയിൽ നിന്നോട്ടെ?”
ആ വൃദ്ധൻ തലയുയർത്തി അവനെയൊന്ന് അടിമുടി നോക്കി. വെളുത്ത നിറമുള്ള, ചെമ്പ മുടിയുള്ള പയ്യൻ. കണ്ടിട്ട് ഒരു അറബിയെ പോലെ തോന്നുന്നില്ല. ശൈഖ് നജ്ജാർ ചോദിച്ചു:
“നിനക്ക് അറബി എഴുതാൻ അറിയാമോ?”
അവൻ മറുപടിയൊന്നും പറഞ്ഞില്ല. കടയുടെ ഉള്ളിലേക്ക് കയറി ചെന്ന് ഒരു പേനയും പേപ്പറും എടുത്ത് ചില ഖുർആനിക വചനങ്ങൾ എഴുതാൻ തുടങ്ങി. ശൈഖ് നജ്ജാർ അവനെഴുതുന്നത് ശ്രദ്ധിച്ചു നോക്കി നിന്നു. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. എന്നിട്ട് അവനോട് പറഞ്ഞു: ” നീ മിടുക്കനാണല്ലോ.. എഴുത്തുകാർക്ക് ആദ്യം വേണ്ടത് താൽപര്യമാണ്. അത് നിനക്കുണ്ട്. നല്ല സുന്ദരമായ എഴുത്തും. എന്താ നിന്റെ പേര്?”
“യാഖൂത്ത്”
പിതാവിന്റെ പേര് ചേർക്കാതെ സ്വന്തം പേര് മാത്രം പറഞ്ഞത് കേട്ടപ്പോൾ ഇവനൊരു അടിമപ്പയ്യനാണെന്ന് നജ്ജാറിന് മനസ്സിലായി.
“ആരാണ് മാലിക്?” അയാൾ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല.
അയാൾ അത് ചോദിക്കാൻ ഒരു കാരണം ഉണ്ട്. സാധാരണഗതിയിൽ അടിമപ്പയ്യന്മാരെ ഉടമകൾ എഴുത്തും വായനയും പഠിപ്പിക്കാറില്ല. എന്നാൽ ഇവന്റെ മാലിക് അങ്ങനെയുള്ള ഒരാളല്ല.
അടിമകൾ ഓടിപ്പോകുന്നത് സാധാരണ സംഭവമായതുകൊണ്ട് കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. അവനെ കൂടെ കൂട്ടി. കടയുടെ തൊട്ടടുത്ത് തന്നെയുള്ള തന്റെ വീട്ടിൽ തന്നെ താമസവും ഒരുക്കി.

അടുത്ത ദിവസം മുതൽ യാഖൂത്ത് എഴുത്തിൽ മുഴുകി. അബുൽ ഖാസിം അബ്ദുള്ളയുടെ ‘അൽ മസാലിക് വൽ മാമാലിക് ‘ എന്ന പുസ്തകമാണ് ആദ്യമായി അവന് പകർത്തി എഴുതാൻ കിട്ടിയ പുസ്തകം. കുറച്ച് എഴുതി കഴിഞ്ഞാൽ അതുവരെ എഴുതിയതിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കും. രണ്ടുദിവസം കഴിഞ്ഞപ്പോൾ എല്ലാവരും പകർത്തിയെഴുത്തിൽ മുഴുകി കൊണ്ടിരിക്കെ ചന്തയിൽ ഒരു ശബ്ദം. ഒരാൾ ഉച്ചത്തിൽ എന്തോ വിളിച്ചു പറഞ്ഞു പോകുന്നു. ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനായി തബലയും കൊട്ടുന്നുണ്ട്.
” ബാഗ്ദാദ്കാരെ.. പന്ത്രണ്ട് വയസ്സുള്ള റോമക്കാരനായ ഒരു അടിമ ചാടിപ്പോയിട്ടുണ്ട്.. കണ്ടുകിട്ടുന്നവർ വിവരമറിയിക്കണം. അവന്റെ ഉടമസ്ഥൻറെ പേര് അസ്‌കർ ബിൻ നസ്ർ അൽ ഹമവി എന്നാണ്”
യാഖൂത്തും ശൈഖ് നജ്ജാറും അവിടെയിരുന്ന് എഴുതിക്കൊണ്ടിരിക്കുകയാണ്.
“അയാൾ പറയുന്നത് കേട്ടാൽ നിന്നെ പോലെ ഉണ്ടല്ലോ യാഖൂത്ത്” അയാൾ അവനോടു പറഞ്ഞു. അവൻ ഒന്നും മിണ്ടിയില്ല. പിന്നിലുള്ള മേശയിൽ ഇരുന്നുകൊണ്ട് എഴുതുന്ന അവന്റെ മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി. അവൻ അവിടെയില്ല. കടയുടെ ഏറ്റവും പിൻഭാഗത്ത് പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്നു. നജ്ജാർ അങ്ങോട്ട് ചെന്നു നോക്കി. അവൻ നന്നായി വിറക്കുന്നുണ്ട്.
“എന്തു പറ്റി യാഖൂത്ത്?”
“ഹേയ്.. ഒന്നുമില്ല ചെറിയൊരു പനിയുള്ളതുപോലെ”

വൈകുന്നേരം അവർ രണ്ടുപേരും വീട്ടിലേക്ക് പോയി. അപ്പോഴും അവൻ വിറക്കുന്നുണ്ട്. “പ്രഭാതം വരെ നന്നായി ഉറങ്ങണം” അയാൾ യാഖൂത്തിനെ ഉപദേശിച്ചു. അവൻ തലയാട്ടി. അന്ന് പാതിരാത്രിയിൽ തഹജ്ജുദ് നമസ്കരിക്കാനായി ശൈഖ് നജ്ജാർ എണീറ്റു. യാഖൂത്തിന്റെ മുറിയിൽ നിന്നും വിളക്കിന്റെ വെളിച്ചം കണ്ടപ്പോൾ അയാൾ ജനവാതിലിലൂടെ അങ്ങോട്ട് എത്തിനോക്കി. അവൻ വിളക്കിന്റെ വെളിച്ചത്തിൽ എന്തോ എഴുതുകയാണ്. ധാരാളം എഴുത്തോലകൾ അവന്റെ കൈയിലുണ്ട്. അയാൾ അവന്റെ മുറിയിലേക്ക് കയറിച്ചെന്നു. പെട്ടെന്ന് അയാൾ കയറി വരുന്നത് കണ്ടപ്പോൾ അവൻ എഴുത്തുകുത്തുകളെല്ലാം പെറുക്കിയെടുത്ത് തലയണക്കടിയിൽ വെച്ചു. “എന്താണ് മോനെ ഈ സമയത്ത് പണി? നന്നായി ഉറങ്ങണം എന്ന് പറഞ്ഞതല്ലേ?” അയാൾ ചോദിച്ചു. “ഹേയ് ഒന്നുമില്ല” അവൻ തലയാട്ടി. അയാൾ തലയണക്കടിയിൽ വെച്ച കുറിപ്പുകൾ എടുത്ത് നോക്കിയപ്പോൾ ആശ്ചര്യപ്പെട്ടു. യാഖൂത്ത് തലതാഴ്ത്തി നിന്നു. അവന്റെ ഡയറിക്കുറിപ്പുകളാണ്. ഒരു പന്ത്രണ്ട് വയസ്സുകാരന്റെ ഡയറിക്കുറിപ്പല്ല. അതിനേക്കാൾ പക്വമായ വരികൾ. വ്യത്യസ്ത നാടുകളെ കുറിച്ചുള്ള അമൂല്യമായ അറിവുകൾ അതിൽ പകർത്തിയിരിക്കുന്നു.
“മോനേ യാഖൂത്ത്..ഇത്രയും ചെറിയ പ്രായത്തിൽ ഈ സ്ഥലങ്ങളെല്ലാം നീ കണ്ടിട്ടുണ്ടോ?” നജ്ജാർ ചോദിച്ചു.
“അതെ എന്റെ മാലിക് വലിയ ഒരു കച്ചവടക്കാരനാണ്. അദ്ദേഹം പല നാടുകളിലേക്ക് കച്ചവടാവശ്യാർത്ഥം പോകാറുണ്ട്. എന്നെയും അവർ എല്ലായിടത്തും കൊണ്ടുപോകാറുണ്ട്. അവിടങ്ങളിലെല്ലാം കണ്ട കാര്യങ്ങളാണ് ഞാനീ എഴുതി വെച്ചത്. ഇനിയും കണ്ട പലതും എഴുതാനുണ്ട്. കാണാത്തയിടങ്ങളിലേക്ക് ഇനിയും പോകാനുണ്ട്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും ഞാൻ അദ്ദേഹത്തിൽനിന്നും ഒളിച്ചോടും. കുറച്ചു ദിവസങ്ങൾ മാത്രം. ആ ദിവസങ്ങളിൽ ഞാൻ എഴുതും. ചിലപ്പോൾ എഴുതിത്തീരും. ചിലപ്പോൾ എഴുതിത്തീരുന്നതിനു മുമ്പേ അദ്ദേഹം പിടിച്ചു കൊണ്ടുപോകും.”
“മോനേ നീ ഇനിയും സഞ്ചരിക്കണം. എല്ലാം എഴുതി വെക്കണം. നീയൊരു വലിയ എഴുത്തുകാരനാകും തീർച്ച” നജ്ജാർ പറഞ്ഞു. അയാൾ തഹജ്ജുദ് നമസ്കരിച്ച് സുബഹി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയി.

അൽപ്പം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു. യാഖൂത്ത് പോയി വാതിൽ തുറന്നു. ശൈഖ് നജ്ജാർ പള്ളിയിൽ പോയി തിരിച്ചു വന്നതായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. അദ്ദേഹം തന്നെയാണ്, പക്ഷേ കൂടെ ഒരാളുമുണ്ട്. മറ്റാരുമല്ല, അവന്റെ മാലിക് അസ്‌കർ ബിൻ നസ്ർ അൽ ഹമവി തന്നെ. “ഇക്കുറി മുഴുവൻ എഴുതിത്തീരാൻ വഴിയില്ലല്ലോ” എന്നവൻ മനസ്സിൽ പറഞ്ഞു. യാഖൂത്തിനെ തിരഞ്ഞു സുബഹി നമസ്കാരത്തിന് അവിടുത്തെ പള്ളിയിൽ എത്തിയതാണ് അസ്‌കർ ബിൻ നസ്ർ. നമസ്കാരശേഷം എണീറ്റു നിന്നു കൊണ്ട് അദ്ദേഹം പള്ളിയിൽ കാര്യം പറഞ്ഞപ്പോൾ നജ്ജാർ കൂടെ കൊണ്ടു വന്നതാണ് അദ്ദേഹത്തെ. ” നിങ്ങൾ അന്വേഷിക്കുന്ന ബാലൻ എന്റെ കയ്യിൽ ഉണ്ടെന്നും, അവനെ വിട്ടുതരണം എങ്കിൽ ഒരു നിബന്ധന ഉണ്ടെന്നും” പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്. യാഖൂത്ത് എഴുതിവെച്ച കുറിപ്പുകൾ വായിച്ച ശേഷം മാത്രമേ അവനെ കൊണ്ടു പോകാൻ പാടുള്ളൂ എന്നതാണ് നിബന്ധന. അസ്‌കർ ബിൻ നസ്ർ അവന്റെ കുറിപ്പുകൾ എടുത്തു നോക്കി. അയാൾ ആശ്ചര്യപ്പെട്ടു. ” അത്ഭുതം തന്നെ. ഇതെല്ലാം ഞങ്ങൾ പോയ സ്ഥലങ്ങൾ തന്നെയാണല്ലോ.. ഞാൻ കച്ചവടം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ ഞാൻ കാണാത്ത പലതും ഇവൻ കണ്ടിട്ടുണ്ട്.”
“ഇനി പറയൂ നിങ്ങൾ ഇവനെ എന്തു ചെയ്യും?” നജ്ജാർ ചോദിച്ചു.
“ഇവനൊരു അടിമയാണ്. ഇവനെ ഞാനിതാ മോചിപ്പിച്ചിരിക്കുന്നു. ഇനിയുള്ള എല്ലാ യാത്രകളിലും ഇവനെ ഞാൻ കൂടെ കൂട്ടും. യാത്ര കഴിഞ്ഞാൽ നിങ്ങളുടെ കൂടെ നിൽക്കട്ടെ, ജോലി എടുക്കുകയും എഴുതുകയും ചെയ്യട്ടെ. ഇന്നുമുതൽ ഇവന്റെ പേര് വെറും യാഖൂത്ത് അല്ല, യാഖൂത്ത് അൽ ഹമവിയാണ്.”

അടിമയായിരുന്ന യാഖൂത്ത് കുഞ്ഞുനാളിൽ എഴുതിത്തുടങ്ങിയ കുറിപ്പുകളിലേക്ക് പിന്നീടുള്ള വർഷങ്ങളിൽ വീണ്ടും കുറിപ്പുകൾ ചേർത്തു രചിച്ചതാണ് ‘മുഅ്‌ജമുൽ ബുൽദാൻ’ എന്ന ബൃഹത്തായ ഗ്രന്ഥം. അതൊരു സാധാരണ പുസ്തകമല്ല, വ്യത്യസ്തങ്ങളായ നാടുകളെ കുറിച്ച് പറയുന്ന വിജ്ഞാനകോശമാണ്. വിവിധ നാടുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, സാംസ്കാരികമായ സാഹചര്യങ്ങൾ, ഭാഷാപരമായ വൈവിധ്യങ്ങൾ, തുടങ്ങി അനേകം വിവരങ്ങൾ പങ്കുവെക്കുന്ന ബൃഹത്തായ വിജ്ഞാനകോശം.

യാഖൂത്ത് അൽ ഹമവി സഞ്ചാരിയും, ഭൂമിശാസ്ത്ര വിദഗ്ധനും, ഭാഷാപണ്ഡിതനും, കവിയുമായിരുന്നു. ധാരാളം പുസ്തകങ്ങൾ എഴുതിയ ആ മഹാപണ്ഡിതൻ ഹിജ്റ വർഷം 623 ൽ അലപ്പോയിൽ വെച്ച് മരണപ്പെട്ടു.

Related Articles