Current Date

Search
Close this search box.
Search
Close this search box.

ഡൽഹിയിൽ വിപ്ലവം തീർത്ത മദ്രസ ഇ-ഫിറോസ് ഷാഹിയുടെ ചരിത്രം

ലോകത്ത് മുസ്ലിം സമുദായത്തിന്റെ വൈജ്ഞാനിക സമ്പാദനത്തിൽ വിപ്പവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന വ്യവസ്ഥാപിതമായ സംവിധാനമാണ് മദ്രസകൾ അഥവാ മതപാഠശാലകൾ. ഇന്ന് ലോകത്ത് പിറവിയെടുത്ത ഒട്ടുമിക്ക അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇസ്ലാമിക യൂണിവേഴ്സിറ്റികൾക്കും അടിത്തറ പാകിയതും മതപാഠശാലകൾ തന്നെ. ലോകത്ത് മുസ്ലിം ഭരണകൂടം നിലനിന്നിരുന്ന പ്രധാന പ്രദേശങ്ങളിലെ മദ്രസാ സമ്പ്രദായത്തെ പഠിച്ച് നോക്കിയാൽ പുതുതലമുറ മതപാഠശാലകൾ ഉൾകൊള്ളേണ്ടതും അനിവാര്യമായി ഉൾപ്പെടുത്തേണ്ടതുമായ പഠനരീതികളും പദ്ധതികളും നിരവധിയാണ്. ഇന്ത്യയിലെ വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഡൽഹി സൽത്തനത്ത് ഡൽഹിയെ ലോകരാജ്യങ്ങൾക്കിടയിൽ വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന കേന്ദ്രമാക്കി അവതരിപ്പിച്ചു. ബാഗ്ദാദിന്റെ തകർച്ചക്ക് ശേഷം ലോകത്ത് വിജ്ഞാനത്തിന്റെ വാതയനങ്ങൾ മലർക്കെ തുറന്നിട്ട് ഡൽഹി ആ മേഖലയിൽ വലിയ കുതിച്ചു ചാട്ടം തന്നെ നടത്തി. ഡൽഹി ഭരിച്ച മുസ്ലിം ഭരണാധികാരികളിൽ വൈജ്ഞാനിക രംഗത്ത് അതിമഹത്തായ നേട്ടങ്ങൾ കൊണ്ട് വന്ന ഭരണാധികാരിയായിരുന്നു ഫിറോസ് ഷാ തുഗ്ലക്ക്. ഡൽഹിയിലെ ഫിറോസ് ഷാ തുഗ്ലക്കിന്റെ മദ്രസ ലോക പ്രസിദ്ധമാണ്. ‘മദ്രസ ഇ ഫിറോസ് ഷാഹി’ എന്ന പേരിലറിയപ്പെട്ട പ്രസ്തുത മദ്രസ ഇന്നത്തെ ഡൽഹിയിലെ ഹൗസ് ഖാസിലാണ് നിലവിലുണ്ടായിരുന്നത്.

ഇന്ന് ഡൽഹിയിലെ ഹൗസ് ഖാസ് കോംപ്ലക്സിനകത്ത് സന്ദർശകർ മനസ്സിലക്കേണ്ട മദ്രസ ഇ ഫിറോസ് ഷാഹിയുടെ ചരിത്രം ആലേപനം ചെയ്ത് വെച്ചിട്ടുണ്ട്. 1352 ലാണ് മദ്രസയുടെ നിർമ്മാണം നടന്നത്. അക്കാലത്തെ മദ്രസ സംവിധാനങ്ങൾ പല നിലയിലും നമ്മുടെ മദ്രസ സങ്കൽപങ്ങളിൽ നിന്നും വേറിട്ടു തന്നെ നിന്നതായി കാണാം. മദ്രസ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും താമസിക്കാനായി പ്രത്യേകം പ്രത്യേകം അപ്പാർട്ട്മെൻറുകൾ ഗവൺമെന്റ് നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്രസ പഠനത്തിന് സ്കോളർഷിപ്പുകളും ഗ്രാൻറുകളും അനുവദിച്ചു പോന്നു. ഇന്ന് മെട്രോ നഗരങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളത്തിന് പുറമെ യൂണിവേഴ്സിറ്റി താമസ അലവൻസുകൾ നൽകുന്നത് പോലെ ‘മദ്രസ ഇ ഫിറോസ് ഷാഹി’യിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകർക്കം സുൽത്താൻ ഗവൺമെന്റ് ഖജനാവിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ നൽകി വന്നിരുന്നു. വിപുലമായ സൗകര്യങ്ങളോടെ മദ്രസ സംവിധാനം ആരംഭിച്ചതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധനികരായ ആളുകൾ പ്രസ്തുത നഗര ഭാഗത്തേക്ക് താമസം മാറ്റി. പാവപ്പെട്ടവർ, അനാഥകൾ, അടിമകൾ തുടങ്ങിയവരുടെ മദ്രസ പഠന ചിലവുകൾ ഫിറോസ് ഷാ സ്വന്തമായി വഹിച്ചിരുന്നതായി ചരിത്രം പറയുന്നു. പ്രശസ്ത പണ്ഡിതനായ ശംസു സിറാജ് അഫാഫിന്റെ ‘താരി ഖെ ഫിറോസ് ഷാഹി’ എന്ന ഗ്രന്ഥത്തിൽ പറയുന്നതിൽ പ്രകാരം ഒരു ലക്ഷത്തി എൺപതിനായിരം അടിമകൾ ഫിറോസ് ഷായുടെ കാലത്ത് ഡൽഹിയിൽ നിന്ന് മാത്രം അറിവ് സമ്പാദിച്ച് പുറത്തിറങ്ങി. പെൺകുട്ടികളുടെ പഠനത്തിനായി ഹോസ്റ്റൽ സംവിധാനങ്ങൾ സജ്ജമാക്കി മദ്രസ വിദ്യാഭ്യാസം കൂടുതൽ വിശാലമാക്കി.

Also read: വംശഹത്യകള്‍ തുടരുന്നു; ഇപ്പോള്‍ മുസ്‌ലിംകളാണ് ലക്ഷ്യം

മൂന്ന് പ്രധാനപ്പെട്ട മദ്രസകൾ അക്കാലത്ത് ഡൽഹിയിൽ നിലവിലുണ്ടായിരുന്നു. മദ്രസകളുടെ എണ്ണത്തിന്റെ കാര്യത്തിലല്ല മറിച്ച് ഓരോ മദ്രസയും ഡൽഹിയിൽ മുന്നോട്ട് വെച്ച ഇസ്ലാമിക പാഠ്യപദ്ധതി അതിനൂതനമായിരുന്നു. ശാസ്ത്രീയ കൃഷിരീതികളെ പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ, സാഹിത്യം, വൈദ്യം, രസതന്ത്രം, വാന ശാസ്ത്രം, ഗണിത ശാസ്ത്രം, ഭൂമി ശാസ്ത്രം, തത്ത്വജ്ഞാനം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ അക്കാലത്ത്  ഖുർആനിക അടിത്തറിയിലുള്ള വാന ശാസ്ത്ര ഗവേഷണങ്ങൾ, പ്രകൃതി സത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഖുർആനിക ആയത്തുകൾ മുന്നിൽ വെച്ചുള്ള പഠനങ്ങൾ തുടങ്ങിയവ അക്കാലത്തെ പ്രധാന പഠന മേഖലകളായിരുന്നു. മദ്രസ പാഠ്യ പദ്ധതിയിൽ ഗണിത ശാസ്ത്രത്തിന് എന്ത് സ്ഥാനമാണുണ്ടാവുക? മദ്രസയിൽ എന്തിന് ഊർജ തന്ത്രവും രസതന്ത്രവും പഠിപ്പിക്കണം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഡൽഹിയിലെ പ്രസ്തുത മദ്രസ. ഭംഗിയുള്ള പൂന്തോട്ടത്തിന് ഒത്ത നടുക്കായി കെട്ടിയുയർത്തപ്പെട്ടതാണ് ഫിറോസ് ഷാ തുഗ്ലക്കിന്റെ മദ്രസ. മികച്ച പാഠ്യപദ്ധതി മാത്രം പോര നേരെ മറിച്ച് അതിനേക്കാൾ മികച്ച പഠനാന്തരീക്ഷം കൂടി ചേരുമ്പോൾ മാത്രമാണ് ഒരു കലാലയം മികച്ച വൈജ്ഞാനിക സമ്പാദനത്തിന്റെ ഖജനാവുകളാവുന്നത്. ഫിറോസ് ഷായുടെ മദ്രസയിലേക്ക് പുറമെ നിന്ന് വരെ മികച്ച അധ്യാപകരെ ഫിറോസ് ഷാ ലഭ്യമാക്കി. സമർഖന്തിൽ നിന്നുള്ള ലോക പ്രശസ്ത പണ്ഡിതൻ മൗലാനാ ജലാലുദ്ധീൻ റൂമിയെ പോലുള്ള പ്രമുഖർ ഡൽഹിയിൽ ഇസ്ലാമിക ശരീഅത്ത്, മറ്റ് ഖുർആനിക വിഷയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തിയിരുന്നു.

Also read: ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

മേൽ വിവരിച്ച പോലുള്ള സമൂലമായ മാറ്റങ്ങൾ മദ്രസ മേഖലയിൽ വന്നെങ്കിൽ മാത്രമേ പ്രസ്തുത സംവിധാനങ്ങൾ കൊണ്ട് ഉയർന്ന ചിന്താശേഷിയുള്ള തലമുറകൾക്ക് ജന്മം നൽകാൻ ഈ സമുദായത്തിന് സാധിക്കുകയുള്ളൂ. ഉസൂലുദ്ധീൻ, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വ്യത്യസ്ത പേരുകളിൽ പാഠ്യ പദ്ധതികൾ ആരംഭിക്കുമ്പോഴും ഉൾപ്പെടുത്തേണ്ട വിവിധങ്ങളായ വിജ്ഞാന ശാഖകൾ മാറ്റി നിർത്തപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. കേരളത്തിലെ മദ്രസകളിലെയും ഇസ്ലാമിക കലാലയങ്ങളിലെയും പാഠ്യ പദ്ധതികളിൽ എന്ത് കൊണ്ട് ഖുർആനിക അടിത്തറയിൽ നിന്ന് കൊണ്ടുള്ള ഊർജതന്ത്രം, രസ തന്ത്രം, ഗോള ശാസ്ത്രം, ഭൂമി ശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകൾ ചർച്ച ചെയ്യപ്പെടുന്നില്ല? യഥാർത്ഥത്തിൽ മതപാഠശാലകകളും പാഠ്യ പദ്ധതികളും കാലാനുസ്രതമായി നിർവ്വചിക്കപ്പെടേണ്ട അനിവാര്യതയെയാണ് മേൽ വിവരിച്ച ഫിറോസ് ഷാ തുഗ്ലക്കിന്റെ മദ്രസ പാഠ്യപദ്ധതികൾ മുന്നോട്ട് വെക്കുന്നതെന്ന് തീർച്ച.

Related Articles