Current Date

Search
Close this search box.
Search
Close this search box.

രാജകുമാരനെ കരയിച്ച കവിത

ഇറാനിലെ പുരാതന ടെഹ്‌റാൻ പ്രവിശ്യയിലെ റയിലെ യമൻ വേരുകളുള്ള അടിമസ്ത്രീ ഖൈസുറാന്
രാജകീയ മുഖഭാവമുള്ള ഒരു കുഞ്ഞ് പിറന്നു.

വാർത്ത കേട്ടപ്പോൾ കൂടുതൽ സന്തോഷിച്ചത് മുഹമ്മദുൽ മഹ്ദിയുടെ കൊട്ടാരത്തിലുള്ളവരാണ്. ഖൈസുറാനെന്ന
ആ കൊട്ടാരത്തിലെ ചിരപരിചിതയായ സ്ത്രീയെ അവരെല്ലാം അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. അങ്ങ് ദൂരെ ബഗ്ദാദിലെ രാജാവായ മഹ്ദിയാണ് കൂടുതൽ സന്തോഷിച്ചത്. തന്റെ പുത്രന്റെ ജനനത്തോടെ ഖൈറുസാൻ രാജ്ഞിയായി മാറിയിരിക്കുന്നു. ഓമനത്തമുള്ള ആ കുഞ്ഞിനെ അവർ ഹാറൂനെന്ന് വിളിച്ചു. രാജകീയ ജീവിതമായിരുന്നുവെങ്കിലും മറ്റുകൊട്ടാര വാസികളെപ്പോലെ സ്വബോധം നഷ്ടപ്പെട്ട ബാല്യമോ കൗമാരമോ യൗവ്വനമോ ആയിരുന്നില്ല ഹാറൂന്റേത്.

അക്കാരണത്താൽ അദ്ദേഹത്തെ എല്ലാവരും റശീദ് ( ബോധമുള്ള ) എന്ന പേരിലാണ് പരക്കെ വിളിച്ചിരുന്നത്.
കൗമാര പ്രായത്തിൽ സമപ്രായക്കാരുമായുള്ള ഒരു സമുദ്ര വിനോദ യാത്രയിൽ കൂട്ടത്തിലൊരാൾ പാടിയ കവിത രാജകുമാരനെ ഖിന്നനാക്കി. ചങ്ങാതി ഈണത്തോടെ പാടിത്തുടങ്ങിയപ്പോഴേക്കും
ഹാറൂൻ റശീദിന്റെ കണ്ണുകൾ നിറഞ്ഞു .

كلّنا في غفلة والـموتُ يغدو ويروحُ

نُح على نفسك يا مسكين إن كنت تنوحُ

[നാമെല്ലാവരും അശ്രദ്ധയിലാണ്, മരണം വരുന്നു, പോകുന്നു

ഹേ സാധു, നീ വിലപിക്കുന്നുണ്ടെങ്കിൽ നിന്നെയോർത്ത് തന്നെയാവട്ടെ ]

എന്നവരിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു കവിൾത്തടങ്ങളിലൂടെ ധാരയായി കണ്ണുനീരൊഴുകി. പാടുന്നയാളോട് ആ വരികളെഴുതിയ ആളാരാണെന്ന് ചോദിച്ചു.

തന്റെ പിതാവിന്റെ ആദ്യകാല ആസ്ഥാനകവിയായിരുന്ന, തുടർന്ന് ദുർനടപ്പിന്റെ പേരിൽ പലപ്പോഴായി ജയിലിലടക്കാറുള്ള അബുൽ അതാഹിയ്യ: എന്ന കവിയുടേതാണീ വരികളെന്നറിഞ്ഞ രാജകുമാരൻ കവിയെ മോചിപ്പിക്കാനുള്ള വഴിയന്വേഷിച്ചു. മദ്യം – പെൺ കവിതകൾ എഴുതില്ലയെന്ന സ്വന്തമുറപ്പിൽ അബുൽ അതാഹിയ്യ: മോചിപ്പിക്കപ്പെട്ടു. പിന്നീടദ്ദേഹം ആത്മീയ / ഭക്തി നിർഭരമായ കവിതകൾ മാത്രമേ എഴുതിയിട്ടുള്ളൂ.

ഒരു കവിത കവിയേയും ശ്രോതാവിനേയും ഒരുപോലെ പരിവർത്തനം ചെയ്തതിന്റെ ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലെ അപൂർവ്വം ചില മാതൃകയാണ് അബുൽ അതാഹിയ്യയും ഹാറൂൻ റശീദുമെല്ലാം .
149 AH/CE 766 ൽ ജനിച്ച ഹാറൂൻ റശീദ് തന്റെ നാല്പത്തി നാലാം വയസ്സിൽ 193AH/ CE 809 ലാണ് അന്തരിച്ചതെങ്കിൽ
കവി അബുൽ അതാഹിയ്യ : തന്റെ 78ാം വയസ്സിൽ 213 AH/ CE 826 ലാണ് അന്തരിക്കുന്നത് .

റഫറൻസ് :
تاريخ الخلفاء، السيوطي، الأغاني 1-15،വിക്കിപ്പീഡിയ

Related Articles