Current Date

Search
Close this search box.
Search
Close this search box.

നിന്റെ കൂടെ പരിശുദ്ധാത്മാവുണ്ട്

ശക്തമായ വികാരങ്ങളുടെ സ്വതസിദ്ധമായ കവിഞ്ഞൊഴുക്ക് എന്ന് വേർഡ്സ് വർത്ത് കവിതയെ നിർവ്വചിച്ചത് സുപ്രസിദ്ധമാണ്. ഭാവന കളവാണെന്നും ചമത്കാരങ്ങൾ വേദ പുസ്തകങ്ങൾക്ക് മാത്രം പരിമിതമാണെന്നും കരുതിയിരുന്ന സമൂഹത്തെ സ്വാഭാവികമായ ഭാവനാ വിലാസങ്ങളെ കവിതയായി ആവിഷ്കരിപ്പിക്കാൻ പോന്നതായിരുന്നു വേർഡ്സ് വർത്തിന്റെ ഉപരിസൂചിത വർത്തമാനം. പിന്നീടുണ്ടായ കവിതാ രംഗത്തെ അതിര് കവിച്ചിൽ പക്ഷേ അദ്ദേഹം സ്വപ്നേപി നിരീക്ഷിച്ചു കാണില്ല .

കവികളെ കൊണ്ട് സമ്പന്നമായിരുന്നു ജസീറത്തുൽ അറബ് . വിശുദ്ധ കഅബയിൽ പോലും ഏഴ് / പത്ത് ഖണ്ഡകാവ്യങ്ങൾ കെട്ടിത്തൂക്കിയിരുന്നതായി പറയപ്പെടുന്നു. പ്രവാചക നിയോഗത്തിനു ശേഷവും മക്കയിലെ പ്രമാണികൾ അദ്ദേഹത്തെ ശാരീരികമായി പീഡിപ്പിച്ചതിലധികമായി വാടകക്കവികളെ കൊണ്ട് അദ്ദേഹത്തെ മാനസ്സികമായി താഢിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് താങ്ങും തണലുമായിരുന്ന സഖാക്കളിൽ ചില കവികളുമുണ്ടായിരുന്നു. കൂട്ടത്തിൽ ഹസ്സാനുബ്നു സാബിത് (റ) പ്രവാചകന്റെ ആസ്ഥാന കവിയായി ആയിരുന്നു അറിയപ്പെട്ടിരുന്നത്. ശത്രുക്കളുടെ
എല്ലാ ആക്ഷേപങ്ങളിൽ നിന്നും മാവിൽ നിന്നും മുടി നീക്കം ചെയ്യും പോലെ മുക്തനാക്കാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തോട് നബി (സ) പറഞ്ഞ ആഹ്വാനമാണ് ഇന്നത്തെ നമ്മുടെ തലവാചകം اهجمهم وروح القدس/جبريل معك

Also read: കൊറോണ കാലത്തെ നമസ്കാരം

വിനോദം , സായുധ കലകൾ എന്നിവ പോലെ തന്നെ മനുഷ്യ സഹജമായ വാസന
കവിതയിലും നബിക്ക് ഉണ്ടായിരുന്നുവെന്നാണ് ചരിത്ര / പ്രമാണ വായനകളിൽ നിന്ന് മനസ്സിലാവുന്നത്. ജാഹിലിയ്യാ കവികളുടെ ആഭാസ കല്‍പനകളില്‍നിന്ന് അറബിക്കവിതയെ മോചിപ്പിച്ചത് ഒരര്‍ഥത്തില്‍ മുഹമ്മദ് നബി (സ)യാണ്. അനുചരന്മാരുടെ കവിതാശകലങ്ങള്‍ നബി ആസ്വദിച്ചിരുന്നു. അദ്ദേഹം ഇംറുൽ ഖൈസിനെ നിരൂപണം നടത്തിയതും ലബീദിനെ ഉദ്ധരിച്ചതുമെല്ലാം ചരിത്രഗ്രന്ഥങ്ങളിൽ വായിക്കാൻ കഴിയും. യുദ്ധരംഗങ്ങളില്‍ പോലും നബി സംസാരിച്ചത് കാവ്യാത്മകമായാണ് ; അവ കവിതകളല്ലെങ്കിലും :-

أنا النبي لا كذب
أنا ابن عبد المطلب

( ഞാൻ സത്യത്തിലുള്ള ദൂതനാണ് ; അബ്ദുൽ മുത്തലിബിന്റെ സന്താനം)
അനുയായികളോടുത്തുള്ള  ഭാരിച്ച ജോലികൾ പ്രയാസ രഹിതമാവാൻ അദ്ദേഹം മൂളിയ വരികൾ പോലും ലക്ഷണമൊത്ത കവിതകളെ കവച്ചു വെക്കുന്നതായിരുന്നു.
اللهم لولا أنت ما اهتدينا
ما تصدقنا وما صلينا ..

ദൈവമേ ,നീ ഇല്ലായിരുന്നുവെങ്കിൽ നാം ആരാധനകളൊന്നും ചെയ്യാത്ത , വഴിതെറ്റിയവരിൽ പെട്ടുപോവുമായിരുന്നുവെന്നുദ്ദേശ്യം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ശകാര കാവ്യങ്ങള്‍ക്ക് മറുപടിയായി ഉത്തമ കവിതകള്‍ രചിക്കാന്‍ അദ്ദേഹം കഅ്ബുബ്‌നു മാലികിനോടും ഹസ്സാനുബ്‌നു സാബിതിനോടും ആവശ്യപ്പെടുകകൂടി ചെയ്തിരുന്നുവെന്നും ചരിത്ര വായനയിൽ നിന്നു മനസ്സിലാവുന്നു. സുന്ദരമായ പ്രകീർത്തന കാവ്യം ചൊല്ലിയ കഅബിബ്നു സുഹൈറിന് സ്വന്തം മേൽമുണ്ട് സമ്മാനമായി നല്കിയ സംഭവം മാത്രം മതി കവിതക്ക് അദ്ദേഹം നല്കിയ പ്രോത്സാഹനത്തിന്റെ പരിമാണം തിരിച്ചറിയാൻ .ശത്രുക്കളുടെ നെഞ്ചില്‍ കഠാരയേക്കാള്‍ മുറിവേല്‍പിച്ചത് ഇത്തരം കവിതകളാണെന്ന് നിരീക്ഷിച്ച ദാർശനികരുണ്ട്. എന്നാൽ ഖുർആൻ കവിതയെ / കലയെ അംഗീകരിക്കുന്നില്ല എന്ന ചില ബാലിശ വാദക്കാരുണ്ട് മറുവശത്ത് :

“അദ്ദേഹത്തിന് (നബിക്ക്‌) നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് അനുയോജ്യമാകുകയുമില്ല. ഇത് ഒരു ഉല്‍ബോധനവും കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഖുര്‍ആനും മാത്രമാകുന്നു ” സൂറ: യാസീൻ :69,
“കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്. (ശുഅറാഅ് : 224) എന്നീ സൂക്തങ്ങൾ കവികളേയും കവിതയേയും നെഗേറ്റ് ചെയ്യുന്നതാണെന്ന് ഓറിയന്റലിസ്റ്റുകളുടെ വാദത്തിന്റെ തനിയാവർത്തനമാണവ. ഖുർആനെ ഇൻഡക്സുകളിൽ നിന്നും മാത്രം പഠിക്കാൻ ശ്രമിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണെന്ന് അതേ അധ്യായത്തിലെ തുടർന്നുള്ള സൂക്തങ്ങൾ മുൻവിധികൾ കൂടാതെ പാരായണം ചെയ്യുമ്പോൾ മനസ്സിലാക്കാവുന്നതേയുള്ളൂ. നബി കവിയല്ലെന്ന് പറഞ്ഞാൽ അദ്ദേഹം പഠിപ്പിക്കുന്നത് കേവലം കവിതയല്ലെന്നും ലോകരാകമാനമുള്ളവർക്കത് സന്മാർഗമാണെന്നും അവർക്കല്ലാത്തവർക്കൊക്കെ തിരിയും.

Also read: ഉര്‍ദുഗാന്റെ തുര്‍ക്കിയെക്കുറിച്ച് ഒരു ടിവി സീരീസ് പറയുന്നത് ?

ജനസമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ശക്തമായ ടൂളാണ് കവിത. മനുഷ്യ ജീവിതത്തെ ആപാദചൂഢം സ്പർശിക്കുന്ന വ്യവസ്ഥയായ ഇസ്ലാമിന് കവിതയെക്കുറിച്ച് പഠിപ്പിക്കാതിരിക്കാൻ /പറയാതിരിക്കാന്‍ കഴിയില്ല. ഇസ്ലാമും വിശുദ്ധ ഖുര്‍ആനും മുസ്ലിം സമൂഹത്തിന്റെ ആവിഷ്‌കാരങ്ങളിലും മുസ്ലിം ലോകത്ത് വികാസം പ്രാപിച്ച എല്ലാ കലകളിലും ദേശങ്ങളിലും കവിത പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട് എന്നത് ചരിത്ര സാക്ഷ്യങ്ങളാണ്. അതിനാൽ കവി സുഹൃത്തേ , കവിതയിലൂടെ അക്രമിയ്ക്കൂ ; പരിശുദ്ധാത്മാവ് നിന്റെ കൂടെയുണ്ട്..

(മാർച്ച് 21 – ലോക കാവ്യ ദിനം )

Related Articles