1980കളിൽ ധാതു പദാർത്ഥങ്ങളുടെ സർവേക്കായി 4 വർഷക്കാലം സൗദി അറേബ്യയിലെത്തിയ ഒരു മനുഷ്യൻ തിരിച്ച് നാട്ടിലെത്തിയത് വിപ്ലവകരമായ ഒരുദ്ദേശമായിട്ടായിരുന്നു. മാസ്റ്റർ ഫുആദ് കോയിച്ചി ഹോണ്ട എന്ന പേരിൽ ലോകം അംഗീകരിച്ച പ്രഗത്ഭനായ ജപ്പാനീസ് മുസ് ലിം കലിഗ്രഫ്രറുടെ ജീവിതം അതിശയിപ്പിക്കുന്നതാണ്. അറേബ്യയിലെ മണൽ തരികളും കലിഗ്രഫിയും തൻ്റെ ജീവിതത്തെ മാറ്റി മറിച്ച ഘടകങ്ങളാണെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞ് വെക്കാറുണ്ട്.
ഫുആദ് ഹോണ്ട ഒമർ ജോമ്നിയോടൊപ്പം
1946ൽ ജപ്പാനിലെ ടോകിയോവിലാണ് ഫുആദ് കോയിച്ചി ഹോണ്ടയുടെ ജനനം. ടോകിയോയിലെ ദൈതോ ബുങ്കാ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്തു. 1969 ൽ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 2000 ൽ തുർക്കിയിലെ പ്രസിദ്ധ അറബി കലിഗ്രഫർ ഹസൻ ചെലേബിയിൽ നിന്നാണ് അറബി കലിഗ്രഫിയിൽ ‘ഇജാസ്’ ( ഡിപ്ലോമ ) നേടി ജപ്പാനിലെ ആദ്യ മുസ്ലിം അറബി കലിഗ്രഫറായി മാറി.
‘ശബ്ദമില്ലാത്ത സംഗീതം പോലെയാണ് അറബി കലിഗ്രഫി ഇല്ലാത്ത ഖുർആനെന്ന് ‘ കലിഗ്രഫിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഖുർആനിനോട് പ്രണയം തോന്നിയ അദ്ദേഹം പതിയെ ഖുർആൻ സ്വന്തം കൈ കൊണ്ട് എഴുതുന്ന ജോലിയിലേക്ക് വ്യാപൃതനായി. എൻ്റെ ഖത്തുകളിലൂടെ ‘ ഇസ്ലാമിനെയും ഇസ്ലാമിക സംസകാരത്തെയും പ്രചരിപ്പിക്കാൻ ഞാനതിനെ ഉപയോഗിക്കമെന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്. സൗദി അറേബ്യയിൽ ജോലി ചെയ്ത കൊണ്ടിരിക്കെ അദ്ദേഹത്തെ അറബി എഴുത്ത് ശൈലികൾ സ്വാധീനിച്ചു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ മികച്ച കലിഗ്രഫി എഴുത്തുകളായി ഇന്നും ലോകത്ത് എണ്ണപ്പെടുന്നത് മരുഭൂമിയിലെ മണൽ തരികളിൽ (Sand dunes) ചെയ്ത മനോഹരമായ കലിഗ്രഫിയാണ്. ഇസ്ലാമിലേക്ക് കടന്നു വന്നതിന് ശേഷം അദ്ദേഹം സ്വീകരിച്ച പേരാണ് ‘ഹൃദയ’മെന്ന് അർത്ഥമുള്ള ഫുആദ് . ഖുർആൻ്റെ വെളിച്ചമാണ് തൻ്റെ ജീവിതത്തെ പ്രകാശപൂരിതമാക്കിയതെന്ന് ഫുആദ് ഹോണ്ട അടിവരയിടുന്നു.
1970 കളിൽ അറബി വിവർത്തകനായിട്ടാണ് സൗദി അറേബ്യ, ലിബിയ, യമൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അദ്ദേഹം എത്തിപ്പെടുന്നത്. ജോലിയുടെ ഭാഗമായി എല്ലാ ദിവസവും അദ്ദേഹത്തിന് മരുഭൂമിയിൽ തങ്ങേണ്ടി വന്നിട്ടുണ്ട്. പ്രദേശിക അറബി ഭാഷ സംസാരിക്കുന്ന, സാധാരണക്കാരിൽ നിന്നും വേറിട്ട് ജീവിക്കുന്ന ബദയൂനികളുടെ ജീവിതം നേരിട്ടറിയാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. അദ്ദേഹത്തോടൊപ്പം മരുഭൂമിയിലെ യാത്രകളിലുണ്ടായിരുന്നവരിൽ അറബി കലിഗ്രഫി അറിയുന്ന വ്യക്തിയുമായി അദ്ദേഹം ഉണ്ടാക്കിയ സഹവാസമാണ് അറബി എഴുത്ത് ശൈലികളുടെ ലോകത്തേക്ക് അദ്ദേഹത്തെ വഴി നടത്തിയത്. പിന്നീട് തൻ്റെ ടെൻ്റിനുള്ളിലെ വിളക്കു വെട്ടത്തിന് കീഴിൽ അറബി എഴുത്തിൻ്റെ സൗന്ദര്യത്തെ അദ്ദേഹം പതിയെ അറിയാൻ തുടങ്ങുകയായിരുന്നു. മേൽ പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത ഖത്താതുകളിൽ നിന്ന് അറബി കലിഗ്രഫിയെ കൂടുതൽ അറിയാനും സ്വായത്തമാക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
ജപ്പാനിൽ തിരിച്ചെത്തിയ അദ്ദേഹം പെട്ടന്ന് തന്നെ അറബി കലിഗ്രഫി രംഗത്തേക്ക് കാലെടുത്തു വെച്ചു. ജപ്പാനിലെ ആളുകൾക്ക് തങ്ങളുടെ പരമ്പരാഗത എഴുത്ത് രീതയായ ‘ഷോഡോ’ (shodo) അറിയുന്നത് കൊണ്ട് തന്നെ അറബി, പേർഷ്യൻ ഭാഷകൾ അറിയില്ലെങ്കിൽ കൂടിയും, അക്ഷരങ്ങളുടെ ഭംഗിയെ ഏറ്റവും സുന്ദരമായി ആവിഷ്കരിക്കാൻ അവർക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് ഫുആദ് ഹോണ്ട പറയുന്നു. ജപ്പാന് പുറമെ മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ഒട്ടനവധി എക്സിബിഷനുകളിൽ പങ്കെടുത്ത അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളാണ് വന്നത്. ബാഗ്ദാദ്, തുർക്കി, ഈജിപ്ത്, മലേഷ്യ, കുവൈത്ത്, ഒമാൻ, ഇറാൻ, സൗദി അറേബ്യ, ലണ്ടൻ, ദുബായ്, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ എക്സിബിഷനുകൾ അറബി കലിഗ്രഫിയിലെ ലോക നിലവാര ശ്രേണിയിലേക്ക് ഫുആദ് ഹോണ്ടയെ കൈ പിടിച്ചുയർത്തി. 2006 ൽ അദ്ദേഹത്തിൻ്റെ ബിസിനസ്സ് പാർട്ടറായ യമോക്കയുമായി ചേർന്ന് Japan Arabic Calligraphy Association (JACA) എന്ന പേരിൽ കലിഗ്രഫി സെൻ്റർ തുറന്നു. 300 ഓളം അംഗങ്ങളും 20 ലധികം ക്ലാസ്സ് റൂമുകളും രാജ്യത്തുടനീളം പ്രസ്തുത സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു.
1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ വെളിയത്തുനാട് ഗ്രാമത്തിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി, മാതാവ് ഐഷാ ബീവി. ഹൈസ്കൂള്‍ പഠനത്തിന് ശേഷം ശാന്തപുരം അല്‍ ജാമിയ അല്‍ ഇസ്ലാമിയ, കാലികറ്റ് യൂണിവേഴ് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ഡല്‍ഹി ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകന്. 2021 ല്‍ ‘ദില്ലീനാമ’ എന്ന കൃതി പ്രസിദ്ധീകരിച്ചു. 2019 ല്‍ കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി സെന്റര്‍ ‘Centre for Advance Studies in Modern and Classical Arabic Calligraphy Centre’ സ്ഥാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പത്തിലധികം അറബി കലിഗ്രഫി കലാകാരന്മാരെയും ഗവേഷകരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇസ്ലാമിക കല, ഇസ്ലാമിക വാസ്തുവിദ്യ, ഇസ്ലാമിക പുരാവസ്തുശാസ്ത്രം, പാലിയോഗ്രഫി, എപിഗ്രഫി, ഇസ്ലാമിലെ കയ്യെഴുത്തുപ്രതികളെക്കുറിച്ച പഠന-മേഖലകളില്‍ ശില്പശാലകള്, ലക്ചര്‍ സീരീസുകള്‍ കേരളത്തിലും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. അറബി കലിഗ്രഫിയുമായി ബന്ധപ്പെട്ട ഒട്ടേറ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭാര്യ: ഡോ. ഫായിസ, മക്കൾ: സിദ്റ ഫാത്തിമ, അയ്മൻ അഹ്മദ്, നൈറ ഫാത്തിമ.
ഇമെയിൽ: [email protected]