Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ അണിഞ്ഞൊരുങ്ങിയാൽ

പരിശുദ്ധ വേദഗ്രന്ഥം തുറക്കുമ്പോൾ ആദ്യമായി ഒരു വ്യക്തിയുടെ കണ്ണുടക്കുന്ന ഭാഗങ്ങളാണ് ഖുർആനിൻ്റെ ആദ്യ താളുകളിലും അവസാന താളുകളിലും വളരെ ഭംഗിയോടെ അലങ്കരിച്ചു വെച്ചിരിക്കുന്ന കലാവിഷ്കാരങ്ങൾ. കടും നീല പ്രതലത്തിൽ സ്വർണ നിറം ചാലിച്ച് ആവിഷ്കരിക്കപ്പെട്ട താളുകളുടെ മനോഹാരിത ഏതൊരു വ്യക്തിയുടെ ഹൃദയത്തെയാണ് ആകർഷിക്കാത്തത് ?!

മതഗ്രന്ഥങ്ങൾ, പ്രധാന ചരിത്രപുസ്തകൾ തുടങ്ങിയവയുടെ കയ്യെഴുത്ത്പ്രതികളെ വിവിധ അലങ്കാര രൂപങ്ങളാൽ മണവാട്ടിയെപ്പോലെ അണിയിച്ചൊരുക്കുന്ന പ്രക്രിയക്കാണ് തെസ്ഹിബ് (illumination) എന്ന് പറയുന്നത്. സ്വർണമോ സ്വർണ നിറമുള്ള ചായങ്ങളോ ഉപയോഗിച്ച് മേൽപരാമർശിച്ചവയെപ്പോലുള്ള ഗ്രന്ഥങ്ങളുടെ ചട്ടകളെയും താളുകളെയും അലങ്കരിക്കുന്ന രീതികൾക്കാണ് പൊതുവിൽ തെസ്ഹിബ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഗ്രന്ഥങ്ങൾക്ക് പുറമെ, പൗരാണിക മുസ്ലിം നിർമിതികളിലും തെസ്ഹിബിൻ്റെ ശൈലികളെ ആസ്വദിക്കാം. ഓരോ രാജ്യത്തും ഉയർന്നു വന്ന പരമ്പരാഗത കലാവൈവിധ്യങ്ങൾ തെസ്ഹിബിൻ്റെ വളർച്ചയിൽ നിർണായക സ്വാധീനമായതായി കാണാം. നിറങ്ങൾ ഉപയോഗിച്ച് ഗ്രന്ഥങ്ങൾ പ്രത്യേകിച്ച് ഖുർആൻ്റെ കയ്യെഴുത്ത്പ്രതികളെ വർണാഭമാക്കുന്നതിൻ്റെ ഭാഗമായി വികസിച്ച് വന്ന രീതിയാണ് ‘Blue Quran’ എന്ന ഖുർആൻ കയ്യെഴുത്ത് പ്രതികൾ.

അലങ്കാരം (Decoration) ഇസ്ലാമിൻ്റെ സൗന്ദര്യബോധത്തിൻ്റെ പ്രധാന ഘടകമാണ്. വൃത്തി ഈമാനിൻ്റെ പകുതിയാണെന്ന് പഠിപ്പിക്കുന്ന അധ്യാപനങ്ങളിൽ അതിലൂടെ കൈവരുന്ന സൗന്ദര്യ സങ്കല്പങ്ങളെയും ഇസ്ലാം കൃത്യമായി സമീപിക്കുന്നുണ്ട്. ‘തഹ്സീനാത്ത്’ ‘ജമാലിയാത്ത്’ തുടങ്ങിയ അറബി പദങ്ങളിൽ ഉൾചേർന്ന് പോയ ഇസ്ലാമിക കലയുടെ ഘടനാവൈവിധ്യങ്ങളെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ‘പ്രകാശം’ ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ അടിസ്ഥാന ഘടമാണ്. പ്രകാശത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന ആത്മീയാഖ്യാനങ്ങളെ ഒപ്പിയെടുക്കാൻ ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ സാന്നിധ്യം ആവശ്യമാണ്.

ഇസ്ലാമിക കലയുടെ വേറിട്ട മുഖത്തെ നമുക്ക് തെസ്ഹിബിലൂടെ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എഴുത്ത് കലയുടെ (Calligraphy) ബാഹ്യ സൗന്ദര്യത്തെ നിലനിർത്തി, ഖുർആൻ വായിക്കുന്ന ഏതൊരാൾക്കും കൺകുളിർമ നൽകുന്നുണ്ട് പ്രസ്തുത കലാവിഷ്കാരം. പവിത്രവും പരിശുദ്ധവുമായ ഖുർആൻ്റ ആയത്തുകളെ കേവലം എഴുതി സൂക്ഷിക്കുന്നതിലുപരി, അവയെ മോടിപിടിപ്പിച്ച് ഭംഗിയാക്കുന്ന കർമമാണ് തെസ്ഹിബിലൂടെ പ്രാവർത്തികമാക്കപ്പെടുന്നത്. അല്ലാഹുവിൻ്റെ പരിശുദ്ധ ഗേഹങ്ങളായ പള്ളികളെ ഖുർആനിക ആയത്തുകൾ കൊണ്ട് അലങ്കരിക്കുന്നത് പോലെ പരിശുദ്ധ വചനങ്ങൾ ഉൾകൊള്ളുന്ന ഖുർആൻ്റെ താളുകളെയും ഫലകങ്ങളെയും സൗന്ദര്യബോധത്തോടെ തന്നെയാണ് സമീപിക്കേണ്ടത്.

ലോകത്ത് മൂല്യവത്തായ ചരിത്രരേഖകളെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്ന മാധ്യമമായിരുന്നു എഴുത്ത് കല. പൗരാണിക കാലം മുതൽക്കെ അറബി കലിഗ്രഫിയിൽ അക്ഷരങ്ങളും അത് എഴുതപ്പെട്ട താളുകളും വ്യത്യസ്ത നിറങ്ങളിലുള്ള ചായക്കൂട്ടുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ജ്യാമിതീയ (geometry) നിയമങ്ങളെ അടിസ്ഥാനമാക്കി വിവിധ നിറങ്ങൾ കൃത്യമായ അളവിലും അനിയോജ്യമായ സ്ഥലത്തും അടയാളപ്പെടുത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ആത്മീയാന്തരീക്ഷം അറബിക് കലിഗ്രഫിയിലെന്ന പോലെ തെസ്ഹിബിലും അനുഭവിക്കാം. വ്യത്യസ്ത രൂപങ്ങളിൽ പ്രകൃതിയിൽ ലഭ്യമാവുന്ന പുഷ്പങ്ങൾ, ഇലകൾ, മുന്തിരിവള്ളികൾ എന്നിവയുടെ ആകൃതിയെ ജ്യാമിതീയ രൂപങ്ങളിൽ സന്നിവേശിപ്പിക്കുമ്പോഴാണ് തെസ്ഹിബിലൂടെ ഗ്രന്ഥങ്ങൾ അലങ്കരിക്കപ്പെടുന്നത്.

മതഗ്രന്ഥങ്ങളെന്ന നിലയിൽ ഖുർആനിന് മുമ്പ് അവതരിപ്പിക്കപ്പെട്ട തൗറാത്തിലും ബൈബിളിലും തെസ്ഹിബിൻ്റെ വൈവിധ്യങ്ങൾ ആസ്വദിക്കാം. ലോകത്ത് ഖുർആനിക കയ്യെഴുത്ത്പ്രതികളുടെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്ന ഭാഗമാണ് തെസ്ഹിബിലൂടെ ‘പ്രകാശിപ്പിച്ച് ‘നിർത്തുന്ന വിവിധങ്ങളായ കലാവിഷ്കാരങ്ങൾ. മാസങ്ങളും വർഷങ്ങളുമെടുത്ത് വളരെ ശ്രദ്ധയോടെ ചെയ്തു തീർക്കേണ്ടവയാണ് illumination ജോലികൾ.

ഇന്ന് ലോകത്ത് തെസ്ഹിബ് വിജ്ഞാനശാഖയായി തന്നെ വളർന്നു കഴിഞ്ഞു. ഇസ്ലാമിക വിഷയങ്ങളുടെ (Islamic Studies) ഭൂമികയിൽ നിന്ന് കൊണ്ട് ഇസ്ലാമിക കലയെ വായിക്കുമ്പോൾ തെസ്ഹിബും അറബി കലിഗ്രഫിയും ജിയോമെട്രൊയുമെല്ലാം വരകൾക്കപ്പുറമുള്ള വിശാലമായ വൈജ്ഞാനിക-ഗവേഷണ മേഖലകളിലേക്ക് വഴിമാറുന്നതായി കാണാം. തുർക്കി, ഇറാൻ രാജ്യങ്ങളിലൂടെയാണ് തെസ്ഹിബിൻ്റെ വിവിധങ്ങളായ രൂപങ്ങൾ ലോകത്ത് വ്യാപിക്കപ്പെട്ടത്. ഒട്ടോമൻ illumination, പേർഷ്യൻ illumination എന്നീ പേരുകളിൽ ലോകത്ത് വമ്പിച്ച പ്രാധാന്യത്തോടെ പഠിപ്പിക്കപ്പെടുന്ന വിജ്ഞാന ശാഖയാണ് ഇസ്ലാമിക് ആർട്ടിന് കീഴിലുള്ള illumination കോഴ്സുകൾ.

കേരളത്തിൽ എഴുത്ത് കലയെ പുതിയ തലമുറ ക്രിയാത്മകമായി സമീപിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി വിസ്മയം തീർക്കാൻ കഴിയുന്ന യുവപ്രതിഭകൾ കേരളത്തിൽ ഉയർന്നു വന്നു കഴിഞ്ഞു. സമകാലിക കേരളത്തിലെ ഇസ് ലാമിക കലാമേഖലയിൽ ഉയർന്നുവരുന്ന ഇത്തരം പുതിയ പ്രവണതകളെ ഏറ്റെടുക്കാൻ കൂടി സമുദായം ബാധ്യസ്ഥമാണ്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles