Current Date

Search
Close this search box.
Search
Close this search box.

‘അറബി കലിഗ്രഫി’ പരമ്പരാഗതം, കാലികം, സാമൂഹികം

ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ പടിപടിയായുള്ള വളർച്ചയുടെ തുടക്കംമുതലുള്ള ചരിത്രവസ്തുതകളെ വിലയിരുത്തിയാൽ ഇസ്ലാമിക കല ഒരേ സമയം പരമ്പരാഗതവും കാലികവും സമൂഹത്തോട് സംവദിച്ചതായും മനസിലാക്കാൻ സാധിക്കും. ലോകത്ത് ഏതൊരു വസ്തുവിൻ്റെയും നിലനിൽപ്പിൻ്റെ ആധാരമായി വർത്തിക്കുന്ന പ്രധാന ഘടകവും ഗുണവുമാണ് ആ വസ്തുവിൻ്റെ ‘ചലനാത്മകത’.

പരമ്പരാഗതമായി നമ്മിലേക്ക് വന്ന കലാവിഷ്കാരങ്ങൾ അതിൻ്റെ തനിമ ഒട്ടും കുറയാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ അത് മാത്രമാണ് കലാവിഷ്കാരങ്ങളുടെ കൈമാറ്റത്തിലൂടെ സംഭവിക്കേണ്ട വിപ്ലവകരവും മഹത്തായതുമായ കാര്യമായി മനസിലാക്കാൻ പാടുള്ളതല്ല. കല പ്രസക്തവും വൈജ്ഞാനികവുമായ തലങ്ങളിലേക്ക് വളരുന്നത് അത് സമൂഹിക ചുറ്റുപാടുകളോട് സംസാരിക്കുമ്പോൾ മാത്രമാണ്. ‘സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ഇസ്ലാമിക പണ്ഡിതൻ്റെ കടമ തന്നെയാണ് ഒരു യഥാർത്ഥ അറബി കലിഗ്രഫറും സമൂഹത്തിൽ നിർവഹിക്കേണ്ടത് ‘ അറബി കലിഗ്രഫി പഠനത്തിൻ്റെ ആത്യന്തിക ലക്ഷ്യത്തെയാണ് പ്രസ്തുത വാചകം അടയാളപ്പെടുത്തുന്നത്.

പരമ്പരാഗത എഴുത്ത് രീതിയായി വളർന്നുവന്ന അറബി കലിഗ്രഫിയെ ഒരുവേള ഇന്നും പരമ്പരാഗത ശൈലിയോടെ നിലനിർത്തുന്നതിൽ അറബി കലിഗ്രഫിയിലെ പുതുമുഖങ്ങളായ കലിഗ്രഫിറ്റിക്കും ഗ്രാഫിറ്റിക്കും നിർണായ പങ്ക് അവകാശപ്പെടാം. ഏതൊരു കലാവിഷ്കാരവും സാധാരണക്കാരന് അനുഭവിക്കാനും ആസ്വദിക്കാനും കഴിയുമ്പോഴാണ് അത് ജനകീയമാവുന്നത്. എന്നാലും പരമ്പരാഗത സ്വഭാവത്തിൽ തലമുറകളിലക്ക് കൈമാറി വന്നിട്ടുള്ള ഇസ്ലാമിക കലയിലെ പ്രധാന കലാവിഷ്കാരമായ അറബി കലിഗ്രഫി അതിൻ്റെ എല്ലാ നിയമവശങ്ങളോടും കൂടി തന്നെയാണ് പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യേണ്ടത്. സാമ്പ്രദായിക രീതിശാസ്ത്രങ്ങളെ അപ്പാടെ നിരാകരിച്ചുള്ള അറബി കലിഗ്രഫിയുടെ തലമുറ കൈമാറ്റം വിമർശിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അടിസ്ഥാന തത്വങ്ങളിലൂന്നിയുള്ള പരിവർത്തന പ്രക്രിയകൾ എല്ലാ കാലത്തും അറബി കലിഗ്രഫിയിൽ സംഭവിച്ചിട്ടുണ്ട്. കലിഗ്രഫിറ്റിയും ഗ്രാഫിറ്റിയും ജിയോമെട്രിയുടെ മറ്റനേകം വകഭേദങ്ങളും അതിനുദാഹരണമാണ്.

കൊടുക്കൽ വാങ്ങലുകളിലൂടെ അഭിവൃന്ദിപ്പെട്ട ഇസ്ലാമിക കലാവിഷ്കാരങ്ങളുടെ പ്രത്യേകതയാണ് അതിലുൾ ചേർന്ന് പോയ ബഹുസ്വരതയുടെ ഈടുറ്റ മുദ്രകൾ. ഓരോ പ്രദേശത്തിൻ്റെയും സാംസ്കാരിക-വൈജ്ഞാനിക ഉന്നമനത്തിന് മുതൽകൂട്ടായി വർത്തിച്ച എഴുത്ത് കല പിന്നീട് കാലാനുസ്രുത മാറ്റങ്ങളെ ഉൾകൊണ്ടാണ് മുന്നോട്ട് പോയത്. അറബി കലിഗ്രഫിയിലെ പരമ്പരാഗത (traditional) ശൈലി പിന്തുടർന്ന ആചാര്യന്മാർ തങ്ങളുടെ കാലഘട്ടങ്ങളിൽ എഴുത്തുകലയെ വ്യത്യസ്ത തലങ്ങളിലൂടെ പരീക്ഷണങ്ങൾക്ക് (Experimentation) വിധേയമാക്കിയതായി ചരിത്രത്തിൽ കാണാം. ഈ ലക്ഷ്യത്തിലേക്ക് പേന ചലിപ്പിച്ചവരെ കേവല ഖത്താതിൻ്റെ വൃത്തത്തിനുള്ളിൽ ചരിത്രം പോലും തളച്ചിടുന്നില്ല. വ്യത്യസ്ത കാലഘട്ടങ്ങളുടെ പുതുമകളെ ഉൾകൊള്ളാനും അതിനോട് ചേർന്ന് നിൽക്കാനും കഴിയുക എന്നത് ഏതൊരു കലാവിഷ്കാരത്തെയും ജീവിപ്പിച്ച് നിലനിർത്തുന്നതിന് തുല്യമാണ്.

ഇസ്ലാമിക വാസ്തുവിദ്യയുടെ കാര്യത്തിലും നമുക്കത് അനുഭവിക്കാം. ഒരേ പരമ്പരാഗത ശൈലിയിൽ ഇസ്ലാമിക കലയെ തളച്ചിടാൻ പണ്ഡിതന്മാരും കലാകാരന്മാരും അന്ന് ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന വിവിധ രൂപങ്ങളിലും ശൈലികളിലുമുള്ള ഇസ്ലാമിക കലാവിഷ്കാരങ്ങൾ ലോകത്ത് പിറവി കൊള്ളുമായിരുന്നില്ല.

നാല് ചുവരിനുള്ളിൽ ക്രമാഗതമായി ചലിപ്പിക്കുന്ന ഒരു കേവല ആർട്ടല്ല അറബി കലിഗ്രഫി. അതിനപ്പുറമുള്ള അതിൻ്റെ തലം മറ്റു ദർശനങ്ങളെയും ഇതര മതസ്ഥരെയും ഉൾകൊള്ളാനും അംഗീകരിക്കാനുമുള്ള മനസ്സാണ്. ‘Without respect, you can never be Calligrapher’ ഡോ. ബിലാൽ ബദത്തിൻ്റെ വാക്കുകൾ കടമെടുത്താൽ ഒരു കലിഗ്രഫറെ ഇങ്ങനെ വിലയിരുത്താം. ആശയങ്ങൾ പങ്കുവെക്കാനും എല്ലാവരിലേക്കും ഇറങ്ങി ചെല്ലാനും കഴിയുന്ന മാനസികാവസ്ഥയിലേക്ക് വളരുക എന്നത് കൂടിയാണ് ആത്യന്തികമായി എല്ലാ കലാവിഷ്കാരങ്ങളും ലക്ഷ്യം വെക്കുന്നത്. ഈയടുത്ത് അനിൽ ചൗഹാൻ എന്ന അമുസ്ലിം സഹോദരൻ ഹൈദ്രാബാദിലെ 200 ലധികം പള്ളികളിൽ അറബി കലിഗ്രഫി ചെയ്തത് വാർത്തയായി വന്നിരുന്നു. കുടുസ്സായ ചിന്തകളിലേക്ക് വെളിച്ചം വീശുന്ന ‘പ്രകാശ’ മാണ് അറബി കലിഗ്രഫി.

ചുറ്റുമുള്ള യാതൊന്നും തൻ്റെ കലയെ സ്വാധീനിക്കുന്നില്ലെങ്കിൽ നിങ്ങൾ കേവല വൃത്തത്തിനുള്ളിൽ അറബി കലിഗ്രഫി എന്ന കലയെ തളച്ചിടുകയാണെന്ന് പറയേണ്ടി വരും. കല സമൂഹത്തോട് സംസാരിക്കുന്നതാവണം. പേപ്പറിൽ വരച്ചുകൂട്ടുന്ന അറബി അക്ഷരങ്ങളുടെ കേവല സൗന്ദര്യ ആസ്വാദനമല്ല അറബി കലിഗ്രഫിയിലൂടെ ആത്യന്തികമായി സാധ്യമാവേണ്ടത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles