Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

അറിവന്വേഷണത്തിന്റെ ഭാഗമായി പണ്ഡിതന്മാരും, ചരിത്രകാരന്മാരും നിരവധി മേഖലകളെ വ്യത്യസ്ത ശാഖകളാക്കി പഠനവിധേയമാക്കാറുണ്ട്. ഇസ്ലാമിക വിഷയങ്ങളിലെ (Islamic Studies) പ്രധാന പാഠ്യവിഷയമായ ചരിത്രപഠനം (History) മുന്നോട്ട് വെക്കുന്ന വസ്തുതകളെ കൃത്യമായ മാനദണ്ഡത്തോടെ സമീപിക്കേണ്ടത് അനിവാര്യമാണ്. അത്തരം വസ്തുതകളെ വിലയിരുത്താൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിൽ വളരെ പ്രാധാന്യത്തോടെ എടുത്തു പറയേണ്ട പഠനശാഖയാണ് നാണയങ്ങളെക്കുറിച്ച് മാത്രമായ പഠനങ്ങൾ (Numismatic Studies).

ചരിത്രം പറഞ്ഞുവെക്കുന്ന ഓരോ വസ്തുതകളുടെയും /രേഖകളുടെയും കാലഘട്ടം, ഭാഷ, മറ്റു സവിശേഷ അടയാളങ്ങളെ നുമിസ്മാറ്റിക് പഠന ശാഖയിലൂടെ കൃത്യമാക്കാനും ഗവേഷണത്വരയോടെ കണ്ടെത്താനും വ്യക്തിക്ക് സാധിക്കും. ലോകത്ത് ഇസ്ലാമിക കലാവിഷ്കാര ശ്രേണിയിലെ പ്രധാന ഇനമായ അറബി കലിഗ്രഫി നാണയങ്ങളെ സ്വാധീനിച്ച രീതിശാസ്ത്രം പലപ്പോഴും വിസ്മയിപ്പിക്കുന്നതും ഇസ്ലാമിക് സ്‌റ്റഡീസിലെ പുതിയ വൈജ്ഞാനിക തലങ്ങളെ വിദ്യാർത്ഥിക്ക് മുമ്പിൽ തുറന്നുവെക്കുന്നതുമാണ്.

അറബി എഴുത്തു ശൈലികൾ ലോകത്ത് വളർന്നു വന്ന കാലഘട്ടം മുതൽക്ക് കാലാസിലെ എഴുത്തിന് പുറമെ നാണയങ്ങളിലും അറബി എഴുത്തുകളുടെ വ്യത്യസ്ത രീതികൾ കണ്ടുതുടങ്ങിയിരുന്നു. കൂഫി, സുലുസ്, നസ്ഖ്, തുഗ്റ, ഫാരിസി, തുടങ്ങി നിരവധി എഴുത്ത് ശൈലികളാൽ സമ്പന്നമാണ് പഴയകാല മുസ്ലിം കാലഘട്ടത്തെ നാണയങ്ങളധികവും. ഉമവി , അബ്ബാസി കാലഘട്ടം മുതൽക്കിങ്ങോട്ടുള്ള നാണയങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് അക്കാലത്തെ ചരിത്ര വസ്തുതകളെ കൃത്യമായി അടയാളപ്പെടുത്താൻ പിൽക്കാല ചരിത്രകാരന്മാരെ സഹായിച്ചതെന്നത് യാഥാർത്ഥ്യമാണ്. അബ്ദുൽ മലിക്ക് സിൻ മർവാന്റെ കാലത്താണ് ഉമവി കൾ ആദ്യത്തെ സ്വർണ്ണ നാണയങ്ങൾ അടിച്ചിറക്കുന്നത്. അതിന് മുമ്പ് ഇറാനിലും ഇറാഖിലും സസ്സാനിയൻ, ബൈസന്റൈൻ ഭരണകൂടങ്ങളുടെ കാലത്തെ സിൽവർ നാണയങ്ങളാണ് ഉപയോഗിച്ചു വന്നത്. ഇസ്ലാമിന്റെ വളർച്ചയിൽ ഓരോ പ്രദേശത്തും നിരവധി നാണയശാലകൾ (mint) സ്ഥാപിക്കപ്പെട്ടു. അബ്ബാസികളുടെ കാലമായതോടെ ഈജിപ്ത്, ബഗ്ദാദ്, പലസതീൻ, എന്നിവിടങ്ങളിലും, ഇസ്ലാമിന്റെ ആഗമനത്തോടെ സ്പെയിനിലും വ്യവസ്ഥാപിതമായ പുതിയ നാണയശാലകൾ ഉയർന്നു. നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്പെയിനിലേക്കും തിരിച്ചും നാണയ കൈമാറ്റങ്ങൾ ഇസ്ലാമിക കലാമൂല്യങ്ങളെ കൂടി അഭിവൃന്ദിപ്പെടുത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഡൽഹി, മുഗൾ സുൽത്താന്മാരുടെ കാലഘട്ടത്തിൽ അറബി കലിഗ്രഫിയിൽ സംവിധാനിക്കപ്പെട്ട മനോഹരമായ നിരവധി നാണയങ്ങൾ അവതിരിപ്പിക്കപ്പെട്ടു.

കാലാസിലോ മറ്റു പ്രതലങ്ങളിലോ കൃത്യമായ അറബി എഴുത്ത് നിയമങ്ങൾ പാലിച്ചാണ് അറബി കലിഗ്രഫിയിൽ അക്ഷരങ്ങൾ കാണപ്പെടാറുള്ളതെങ്കിലും നാണയങ്ങളിൽ എഴുത്ത് രീതിക്കും ശൈലികൾക്കും വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയണമെന്നില്ല. കൃത്യമായ അളവിൽ സംവിധാനിക്കപ്പെട്ട പഴയകാല നാണയങ്ങളിൽ അറബി അക്ഷരങ്ങൾ എഴുതുക പ്രയാസകരമായ ദൗത്യമാണ്. അറബി കലിഗ്രഫിയിൽ മനോഹരമാക്കുക കൂടി ചെയ്യണമെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരുന്ന മേഖലകൂടിയാണിത്. നാണയത്തിലെ എഴുത്ത് പോലെ തന്നെ അത് എങ്ങനെ വായിക്കണം എന്നത് കൂടി വളരെ പ്രധാനപ്പെട്ട ഭാഗമാണ്. താഴെ നിന്ന് മുകളിലേക്കും മുകളിൽ നിന്ന് ഇരുവശങ്ങളിലേക്കും തിരിച്ചും അക്ഷരങ്ങൾ സംവിധാനിക്കപ്പെടാം. അറബി ഭാഷാ പ്രാവണ്യവും കയ്യെഴുത്ത് പ്രതികളെക്കുറിച്ച് കൃത്യമായ ധാരണയും ലോകത്തെ അറബി എഴുത്തു ശൈലികളെക്കുറിച്ച തികഞ്ഞ അറിവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്യാവശ്യമാണ്.

ഭരിക്കുന്ന രാജാവിന്റെ പേര്, കാലഘട്ടം, നാണയശാലയുടെ പേര്, വർഷം എന്നിവയാണ് സാധാരണ നിലയിൽ നാണയങ്ങളിൽ കണ്ടുവരാറുള്ളത്. എന്നാൽ ചിലപ്പോഴെങ്കിലും ചരിത്രവസ്തുതകളെ വായിച്ചെടുക്കാൻ കഴിയുന്ന അടയാളങ്ങളും നാണയങ്ങളിൽ കാണാൻ സാധിക്കും. നാണയത്തിന്റെ മുഖഭാഗം (Obverse) ഖുർആനിക ആയത്തുകളുടെ പ്രധാനപ്പെട്ട ഭാഗം കൊണ്ട് കലിഗ്രഫിയിൽ മനോഹരമാക്കിയിരിക്കും ഒപ്പം രാജാവിന്റെ സ്ഥാനപ്പേരും സൂചിപ്പിച്ചിരിക്കും. നാണയത്തിന്റെ മറുവശം (Reverse) നാണയ ശാലയുടെ പേര്, രാജാവ് അധികാരത്തിലേറിയ വർഷം എന്നിവയാണുണ്ടാവുക.

കേരളത്തിലെ മുസ്ലിം രാജവംശമായ അറക്കൽ രാജാവ് ആദിരാജയും ഇന്ത്യയിൽ നാണയങ്ങൾ അടിച്ചിറക്കിയിരുന്നു. അറബി കലിഗ്രഫിയിൽ മനോഹരമായി നിർമിച്ച നാണയങ്ങളുടെ (കണനൂർ കോയിൻസ് ) ചിത്രങ്ങൾ ഈയടുത്ത് കണ്ണൂർ സിറ്റി ഹെറിട്ടേജ് ഫൗണ്ടേഷനിലൂടെ ജനങ്ങളിലേക്കെത്തിച്ചു. 16,17, 18 കാലഘട്ടങ്ങളിൽ പേർഷ്യൻ കലാകാരന്മാർ സുലുസ് അറബി എഴുത്ത് ശൈലിയിലാണ് പ്രസ്തുത നാണയങ്ങൾ രൂപകല്പന ചെയ്തത്.

മുസ്ലിം കാലഘട്ടവും അക്കാലത്തെ നാണയ ശേഖരങ്ങളെയും കണ്ടെത്താനും ഗവേഷണം നടത്താനും പ്രത്യേക സംവിധാനങ്ങൾ ഇന്ന് ലോകത്തുണ്ട്. ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘Numismatic Society of the Arab and Islamic World’ നാണയങ്ങൾക്ക് പുറമെ മറ്റനേകം ഗവേഷണ മേഖലകൾ തുറന്നു വെക്കുന്നുണ്ട്. ദാനിഷ് മൊയിൻ എഴുതിയ ‘Islamic Calligraphy on Medieval Indian Coins ‘ എന്ന പുസ്തകം ഇന്ത്യയിലെ മുസ്ലിം കാലഘട്ടത്തെ നാണയ ശേഖരങ്ങളെ കൃത്യമായി വരച്ചിടുന്നു. ഇന്ത്യയിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന ‘Indian Institute of Research in Numismatic Studies’ നാണയ പഠന രംഗത്ത് വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകി വരുന്നു. ഇസ്ലാമിക് സ്റ്റഡീസിന്റെ വിശാലവും വ്യത്യസ്തവുമായ വൈജ്ഞാനിക വാതായനങ്ങളെ തുറന്നുവെക്കുന്ന സംവിധാനങ്ങൾ ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles