ദൃശ്യാനുഭവങ്ങളുടെ കലവറയാണ് സിനിമ. നിശ്ചല ചിത്രങ്ങളെ ചലിപ്പിച്ച് പ്രേക്ഷകനെ വിസ്മയിപ്പിച്ച സിനിമ പല തലങ്ങളിലൂടെ ആസ്വദിക്കപ്പെടാറുണ്ട്. ഇസ്ലാമിക കലയുടെ മർമ്മമായ അറബി കലിഗ്രഫിയും ലോകത്ത് സിനിമയുടെ ഭാഗമായി പലപ്പോഴും മാറിയതായി കാണാം. എഴുത്ത് കലയുടെ സാധ്യതകളെ എല്ലാ ഭാഷകളിലെയും സിനിമാലോകം കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സിനിമയിലേക്ക് പ്രേക്ഷകനെ ആകർഷക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ട്രെയിലർ ഇറങ്ങുന്നതിന് മുമ്പുള്ള പോസ്റ്റർ ഡിസൈനിംഗിലെ വ്യത്യസ്തകളിലേക്കാണ് ആദ്യം പ്രേക്ഷകൻ കടന്നുപോകുന്നത്. അതിൽ വരുന്ന സിനിമാ ടൈറ്റിലുകൾ എഴുതുന്ന രീതി തന്നെ ഏതൊരു സിനിമയുടെയും മുന്നോട്ട് പോക്കിനെ സഹായിക്കുന്ന ഘടകങ്ങളാണ്. സിനിമാപോസ്റ്ററിലെ ടൈറ്റിലിനെ അവതരിപ്പിച്ച രീതി പോലും ഒരാളെ സിനിമ കാണാൻ പ്രേരിപ്പിക്കുന്നുണ്ട് എന്ന് സാരം.
1994 ൽ ‘The Dove’s Lost Necklace’ എന്ന പേരിൽ തുനീഷ്യൻ ഡിറക്ട്ടറായ Nacer Khemir ‘അറബി കലിഗ്രഫി’ പ്രധാന പ്രമേയമാക്കി ലോകത്ത് സിനിമ നിർമിച്ചു.മലയാളത്തിൽ ആദ്യമായി ഒരു സിനിമയുടെ ടൈറ്റിൽ അറബിയിൽ ഒരുക്കി മഞ്ചുവാര്യരുടെ ‘ആയിഷ’ യുടെ പോസ്റ്റർ ഈയടുത്ത് കേരളത്തിലും പുറത്തും വലിയ ജനശ്രദ്ധ നേടുകയുണ്ടായി. കേരളത്തിൽ അറബി കലിഗ്രഫി രംഗത്ത് പേരെടുത്ത പ്രശസ്ത അറബി കലിഗ്രഫർ കരീം ഗ്രാഫിയാണ് പ്രസ്തുത വാചകം അറബിയിൽ മനോഹരമായി അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് സംവിധായകൻ സകരിയ നിർമിക്കുന്ന ‘ആയിഷ’.
സിനിമയുടെ വായനകളിൽ ഒഴിച്ചുകൂടാനാവാത്ത പ്രധാന ഭാഗമായി ലോകത്ത് എഴുത്ത് ശൈലികൾ എക്കാലത്തും സ്ഥാനം പിടിച്ചിട്ടുണ്ട്. അറബി കലിഗ്രഫിയും സിനിമയുടെ പ്രധാന ഭാഗധേയം നിർണ്ണയിക്കുന്ന പ്രധാന ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.