Current Date

Search
Close this search box.
Search
Close this search box.

മറുനാടന്‍ മലയാളികളും എസ്.കെ. പൊറ്റക്കാടും

മലയാള സാഹിത്യത്തില്‍ അവിസ്മരണീയനായ ശങ്കരന്‍കുട്ടി പൊറ്റെക്കാട് (എസ്.കെ. പൊറ്റക്കാട്) തന്റെ യാത്രാനുഭവങ്ങളില്‍ ഉദ്ധരിക്കുന്നു…….. ” ഞാന്‍ കണ്ടതും കടന്നുപോയതുമായ നാടുകളില്‍ നേരിട്ട നാനാതരം അനുഭവങ്ങളും പരിചയപ്പെട്ട ജനങ്ങളും അവരുടെ പെരുമാറ്റവും ഓര്‍മിക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മലയാളികളില്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തികള്‍ മലബാര്‍ മുസ്‌ലിംകളാണ്. – മലയാളി കാക്കാമാര്‍. മറുനാടുകളില്‍ മലയാളഭാഷയെ ഇത്രയേറെ സ്‌നേഹിക്കുന്ന മറ്റൊരു കേരളീയവര്‍ഗ്ഗം മലയാളി കാക്കാമാരെപ്പോലെ ഉണ്ടെന്ന് തോന്നുന്നില്ല. സിലോണിലായാലും, സിങ്കപ്പൂരിലായാലും, ബര്‍മ്മയിലായാലും, ഇന്തോനേഷ്യയിലായാലും മലയാളം മറക്കാതെ പെരുമാറുന്ന കൂട്ടര്‍ മലബാര്‍ മുസ്‌ലിംകളാണെന്നതാണ് പരമാര്‍ഥം.

ബര്‍മ്മയിലുണ്ടായിരുന്ന എന്റെ  സഹപാഠി മാധവമേനോന്‍ പറഞ്ഞ ഒരു കഥ ഓര്‍മ്മ വരുന്നു. അദ്ദേഹം എസ്റ്റേറ്റിലേക്ക്  ഒരു കുറുക്കുവഴിക്കാണ് പോയത്. ദാഹിച്ചപ്പോള്‍ ഒരു ചായപ്പീടികയില്‍ കയറി. ആ കാട്ടുമൂലയിലെ ചായപ്പീടിക ഒരു മലയാളി കാക്കയുടേതായിരുന്നു. മേനോന്‍ ബര്‍മ്മീസ് ഭാഷയില്‍ ചായക്ക് ഓര്‍ഡര്‍കൊടുത്ത് ഗമയില്‍ അവിടെ ഇരുന്നു. മേനോന്‍ ഫുള്‍സൂട്ടിലായിരുന്നുവെങ്കിലും, ആ സൂട്ടിനുള്ളിലെ മലയാളിയെ ചായക്കടക്കാരന്‍ കാക്ക മണത്തറിഞ്ഞു. എന്നാല്‍ ചോദിക്കാന്‍ ഒരു ഭയം – ഒരു സങ്കോചം – .  കാക്കായ്ക്ക് ഉള്ളില്‍ വല്ലാത്ത ഒരു പൊറുതിമുട്ട്. മൗനംപൂണ്ട് ഗൗരവത്തില്‍ ഇരിക്കുന്ന മേനോനെ കാക്ക ഇടങ്കണ്ണിട്ടൊന്ന് നോക്കും. സംശയം ബലമായി വര്‍ദ്ധിക്കും…….. ഒടുവില്‍ ആ മാട്ടൂല്‍ക്കാരന്‍ മമ്മദ്ക്കാക്ക കരണ്ടികൊണ്ട് ഗ്ലാസ്സില്‍ ചായ ഇളക്കിക്കൊണ്ട്  ഉറക്കെ മലയാളത്തില്‍ ഒരാത്മഗതം:  ”മലയാളിയാണെങ്കില് ഞമ്മളോട് ഒന്നു മുണ്ടോന്ന് നോക്കട്ടെ.”

അത്‌കേട്ട് മേനോന്‍ പൊട്ടിച്ചിരിച്ചുപോയി.. പിന്നത്തെ ബഹളവും സല്‍ക്കാരങ്ങളുമൊന്നും പറയണ്ടാ. നെയ്‌ച്ചോറും കോഴിയിറച്ചിയും സല്‍ക്കരിച്ചിട്ടേ മമ്മദ്ക്കാക്ക മാധവമേനോനെ പറഞ്ഞയച്ചുള്ളു.

മലയാളി കാക്കാമാരുടെ ഭാഷാസ്‌നേഹം 35 കൊല്ലം മുമ്പ് ഞാന്‍ ബോംബെയിലായിരുന്ന കാലം മുതല്‍ക്കേ എനിക്കനുഭവമുള്ളതാണ് – ഞങ്ങള്‍ അന്ന് ബോമ്പെയിലാരംഭിച്ച മലയാളിസമാജത്തിന്റെ സഹായികളില്‍ നല്ലൊരുഭാഗം മാപ്പിളസഹോദരന്മാരായിരുന്നു – ഇളനീര്‍ വില്‍പനക്കാരും, പായക്കച്ചവടക്കാരും വഴിവാണിഭക്കാരുമായ നിത്യജീവനക്കാര്‍. ഞാറാഴ്ചകളില്‍ ഞങ്ങള്‍ അവരെ സന്ദര്‍ശിച്ച് അവരുടെ ആദിഥ്യം ആസ്വദിക്കുക പതിവായിരുന്നു. മലയാളഭാഷയുമായുള്ള ബന്ധമാണ് അവരെ ഞങ്ങളുമായി അടുപ്പിച്ചത്. ഞാന്‍ മലായയിലും, ഇന്‍ന്തോനേഷ്യയിലും, സിലോണിലും മറ്റും സഞ്ചരിച്ചപ്പോഴും കേരളമുസ്‌ലിംകളില്‍നിന്ന് ഭാഷാപരമായ ഇതേ അനുഭവം തന്നേയാണുണ്ടായത്. മറുനാടുകളിലെ മുസ്‌ലിമേതരരായ  മലയാളികളുടെ വീട്ടില്‍ ചെന്നാല്‍ സംസാരിച്ചുകേള്‍ക്കുന്നത് മിക്കവാറും ഇംഗ്ലീഷായിരിക്കും. അവിടെ അച്ഛനും അമ്മയും ബാപ്പയും ഉമ്മയുമുണ്ടായിരിക്കില്ല. ‘ഡാഡി’യും ‘മമ്മി’യും മാത്രമായിരിക്കും – നാടന്‍ ഫലിതങ്ങളും ജനകീയപ്രയോഗങ്ങളും കലര്‍ന്ന ഗ്രാമീണമലയാളസംഭാഷണങ്ങള്‍ കേട്ടു രസിക്കണമെങ്കില്‍ മലയാളി കാക്കാമാരുടെ താവളങ്ങളില്‍ത്തന്നെ പോകണം.

ഒരിക്കല്‍ ഞാന്‍ സിങ്കപ്പൂരിന് സമീപമുള്ള ജോഹര്‍ബാറുവിലെ സാമാന്യം വലിയൊരു റസ്റ്റോറന്റില്‍ പ്രാതല്‍ കഴിക്കാന്‍ കയറി. അതൊരു മലബാര്‍ കാക്കാന്റെ ഹോട്ടലാണെന്ന് മനസ്സിലായി. പരിഹാസമോ, ശകാരമോ, അസഭ്യമോ എന്തുതന്നെ ആയാലും മറുനാട്ടില്‍വെച്ച് അത് മലയാളഭാഷയിലൂടെ കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക രസം തോന്നുമെന്ന് അന്നാണ് എനക്കനുഭവപ്പെട്ടത്. ചായ പലഹാരങ്ങള്‍ കഴിച്ച് എഴുന്നേറ്റ്‌പോകുന്ന കക്ഷികളുടെ – അവരില്‍ മലായക്കാരും, ചീനക്കാരും, ഇന്ത്യക്കാരുമൊക്കെയുണ്ടായിരുന്നു – ബില്ലിന്റെ തുക, കേഷ്യറെ അകത്തുനിന്ന് ഹോട്ടല്‍ബോയി മലയാളത്തില്‍ ഉറക്കെ വിളിച്ചറിയിക്കുകയാണ്.: ”തലയില്‍ കോളാമ്പി കമഴ്ത്തിയ കിഴവന്‍ ഒന്നര വെള്ളി;”  ”മഞ്ഞക്കുപ്പായമിട്ട പന്നി (ഒരു ചീനന്‍) അറുപത് കാശ്.”;  ” കഴുത്തില്‍ കൊണംകെട്ടിയ ഹമുക്ക് മുപ്പത് കാശ്”; ഞാന്‍ ഫുള്‍ സൂട്ടിലായിരുന്നു. എനിക്ക് എന്ത് വിശേഷണമാണ് കിട്ടാന്‍പോകുന്നതെന്ന ഉല്‍കണ്ഠയോടെ ഞാന്‍ കേഷ്യറുടെ മുമ്പിലത്തിയപ്പോള്‍ കേട്ടു എന്റെ ബില്‍വിളി ”പിന്നിലത്തെ  ആള്‍ ഒന്നര വെള്ളി ..” ഞാന്‍ ഒരു മലയാളിയാണെന്ന് കാക്ക എങ്ങനെയോ മണത്തറിഞ്ഞിട്ടുണ്ടായിരിക്കണം.

മതമൈത്രിയുടേയും സൗഹാര്‍ദ്ദത്തിന്റേയും പര്യായമായിരുന്ന പൊറ്റെക്കാട്. എവിടേയും പഠിപ്പും പത്രാസുമില്ലാത്ത സാധാരണക്കാരായ മലയാളികളുമായായിരുന്നു എന്നും ഇടപഴകിയിരുന്നത്. അവരുടെ ജാടകളില്ലാത്ത നിസ്വാര്‍ഥമായ നാടന്‍ പെരുമാറ്റരീതി അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. പൊറ്റെക്കാട് നിരീക്ഷിക്കുന്നു.: അമുസ്‌ലിം കേരളീയര്‍ അവരുടെ സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗണപതി വിലാസം ഹോട്ടല്‍, ദുര്‍ഗ ബേക്കറി, കൈലാസ് ഭവന്‍ ലോഡ്ജ്, എന്നിങ്ങിനെ  പേരിടുമ്പോള്‍ മലബാര്‍ കാക്കാമാര്‍ അവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന പട്ടണത്തിന്റേയോ നാട്ടിന്റെയോ പേരായിരിക്കും – അവയില്‍ പലതും ഇപ്പോള്‍ നാമാവശേഷമായിപ്പോയിട്ടുണ്ടാവും-  അവരുടെ കച്ചവടത്തിനും സ്ഥാപനങ്ങള്‍ക്കും കൊടുക്കുന്ന പേര്. റങ്കൂണ്‍ റസ്റ്റോറന്റ്, ബോംബെ ടീസ്റ്റാള്‍, കാലിക്കറ്റ് ബേക്കറി, മലബാര്‍ ടൈലേഴ്‌സ്, ഹൈദരാബാദ് ലോഡ്ജ് എന്നിങ്ങിനെ കണ്ടാല്‍ അത് മലബാര്‍ കാക്കാമാരുടെ സ്ഥാപനമാണെന്നുറപ്പിക്കാം.

വിവിധ നാടുകളിലെ പോക്കറ്റടിക്കാരുടേയും പിടിച്ചുപറിക്കാരുടേയും കഥ വിവരിക്കുന്ന കൂട്ടത്തില്‍ പഴയ കാക്കാമാര്‍ അരയില്‍ കെട്ടുന്ന – ഇന്നത്തെ മലയാളസിനിമകളിലെ ഹാജിയാര്‍ വേഷം അണിയുന്ന – വീതികൂടിയ സിങ്കപ്പൂര്‍ ബെല്‍റ്റ് എന്ന് അറയപ്പെടുന്ന പച്ചബെല്‍റ്റാണ് ലോകത്തില്‍ ഏറ്റവും ഭദ്രമായ മടിശ്ശീല എന്നാണദ്ദേഹം പറയുന്നത്. ആ ബെല്‍റ്റ് ധരിച്ച മനുഷ്യന്‍ അറിയാതെ അതിനകത്തുള്ള ഒരു വസ്തുവും തൊടാന്‍ പോലും പറ്റില്ല എന്ന് അദ്ദേഹം ഉറപ്പായി പറയുന്നു.

Related Articles