Current Date

Search
Close this search box.
Search
Close this search box.

മതില്‍

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.

ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകളെ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു.

ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി.

പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..

Related Articles