Current Date

Search
Close this search box.
Search
Close this search box.

പാപിയുടെ സ്വപ്‌നം

വയ്യ നാഥാ…..
അശാന്തിയുടെ നൗകയില്‍ ദിശയറിയാതിങ്ങനെ…..
നിറഞ്ഞ വയറിന് എന്റെ ആത്മാവിന്റെ പശിയടക്കാനായില്ലൊരിക്കലും….
പണക്കൊഴുപ്പും ആരവങ്ങളും വര്‍ണ്ണപകിട്ടും
മനസ്സാക്ഷിയുടെ വിങ്ങലിന് ആശ്വാസമായതുമില്ല…
താങ്ങാനാവാത്ത പാപഭാരം ചുമലിലേറ്റി
കിതച്ചു തളര്‍ന്നു ഞാന്‍..
കുറ്റബോധത്തിന്റെ തീച്ചൂളയില്‍ മനസ്സ് വെന്തെരിയുമ്പോള്‍
ഹൃദയത്തിന്റെ അഗാധതയില്‍ നിന്നാരോ
‘അല്ലാഹു.. അല്ലാഹു’ എന്ന് മന്ത്രിക്കുന്നു
ആഞ്ഞു പതിക്കട്ടെ നിന്നിലേക്ക് ഞാന്‍
നിന്റെ കാരുണ്യത്തിനല്ലാതെ
ഇനിയുമെന്നെ സ്‌നേഹിക്കാനാവില്ല…
നീ മാത്രമഭയം
നീ മാത്രമഭയം
റബ്ബേ…

എനിക്ക് ഉറക്കമില്ലാത്ത രാത്രികളെ തരൂ..
താലോലിക്കപ്പെടാന്‍ വിധിച്ചിട്ടില്ലാത്ത സ്വപ്‌നങ്ങളെ തരൂ..
സ്‌നേഹിക്കുന്നവരുടെ മുമ്പില്‍ നിരന്തരം എരിഞ്ഞു
മരിക്കുന്ന അഹംബോധത്തെ തരൂ….
വിശക്കുന്ന വയര്‍..
വിയര്‍പ്പില്‍ കുളിച്ച ശരീരം…
അടക്കി നിര്‍ത്തിയ തേങ്ങല്‍..
ഒടുവില്‍ നാഥാ,
അന്ത്യനാളില്‍, പോറലുകള്‍ മൂടിയ ഹൃദയവും
രക്തമൊലിക്കുന്ന ശരീരവും പേറി,
മുടന്തി, ഇഴഞ്ഞ്, കിതച്ച് ഞാന്‍ നിന്നിലേക്കണയും,
ഒരു കയ്യില്‍ വിയര്‍പ്പിന്റെ നിറഞ്ഞ കുടം.
മറുകയ്യില്‍ തകര്‍ന്ന സ്വപ്‌നങ്ങളും തളരാത്ത മനസ്സും,
നിര്‍ത്താതെയൊഴുകുമെന്‍ തേങ്ങലിനുള്ളിലെ സംഗീതം
അന്ന് നീ മാത്രം തിരിച്ചറിയും..
അന്തര്‍മുഖരായ എന്റെ വാക്കുകളെ
നീ പെറുക്കിയെടുത്ത് ചുംബിക്കും..
എന്റെ സൗന്ദര്യം അന്നാദ്യമായ് അംഗീകരിക്കപ്പെടും,
ആ നിമിഷം
സ്വര്‍ഗം തല കുനിച്ചിരിക്കും….

Related Articles