Current Date

Search
Close this search box.
Search
Close this search box.

‘നേറ്റീവ് ബാപ്പ’: ആദ്യ മാപ്പിള ഹിപ് ഹോപ് ആല്‍ബം

മലബാറിലെ ആദ്യ മാപ്പിള ഹിപ് ഹോപ് ആല്‍ബമായ ‘നേറ്റീവ് ബാപ്പ’ ഇന്റര്‍നെറ്റ് ഇടങ്ങളില്‍ ശ്രദ്ധേയമാവുന്നു. കേരളീയ ജനപ്രിയ സംഗീതത്തിന്റെ പതിവ് ചേരുവകളില്ലാതെ ഹിപ് ഹോപ് ശൈലിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും യൂട്യൂബിലും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എഴുപതിനായിരം പേരാണ് യൂട്യൂബ് വീഡിയോ സന്ദര്‍ശിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും യൂട്യൂബിലും നിരവധി  സാമൂഹിക-രാഷ്ട്രീയഉള്ളടക്കത്തോടെ ജനകീയസംഗീതം അവതരിപ്പിക്കുന്ന മാപ്പിള ലഹള എന്ന മ്യൂസിക് ബാന്‍ഡിന്റെ ആദ്യ പ്രോജക്ടാണ് മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പ.

മറ്റെല്ലായിടത്തും എന്ന പോലെ കേരളത്തിലും മുസ്‌ലിം ജീവിതങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയമാക്കിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. തീവ്രവാദ-ഭീകരവാദ വേട്ടയുടെ ഇരയായിത്തീര്‍ന്ന യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളാണ് റാപ്പിന്റെ അകമ്പടിയോടൊപ്പം നേറ്റീവ് ബാപ്പ അവതരിപ്പിക്കുന്നത്. സ്വതസിദ്ധമായ കോഴിക്കോടന്‍ ശൈലിയില്‍ നേറ്റീവ് ബാപ്പക്ക് ശബ്ദവും മുഖവും നല്‍കുന്നത് മാമുക്കോയയാണ്. ഒപ്പം റാപ്പര്‍ ഹാരിസും മുഖ്യവേഷത്തിലെത്തുന്നു. രാജ്യദ്രോഹിയാണെങ്കില്‍ മകന്റെ മയ്യത്ത് കാണണ്ട എന്ന മാതാവിന്റെ പ്രസ്താവനയാണ് ആല്‍ബത്തിന്റെ പ്രധാന തന്തു.

ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം വേട്ടയ്ക്ക് നിറം പിടിപ്പിച്ച കഥകള്‍ മെനയുന്ന മാധ്യമങ്ങളോടു കൂടിയാണ് നേറ്റീവ് ബാപ്പ ചോദ്യങ്ങളുയര്‍ത്തുന്നത്. മഅ്ദനിയുള്‍പ്പെടെ നീതി നിഷേധത്തിന്റെ ഇരകളായവര്‍ക്കു വേണ്ടിയും ആല്‍ബം ശബ്ദിക്കുന്നു. പശ്ചാത്തലത്തില്‍ കാണുന്ന സമാധാനചിഹ്നങ്ങളും മഅ്ദനി ചിത്രങ്ങളും ഗാനത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.  

മാപ്പിള ലഹള മ്യൂസിക് ബാന്റിന്റെ ബാനറിലാണ് മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും ഹാരിസുമാണ്. മുഹ്‌സിന്‍ പരാരി തന്നെയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം റോയ്. ജിജോ എബ്രഹാം ക്യാമറയും ജയമോഹല്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജേ് കേന്ദ്രീകരിച്ച് പ്രവര്‍ത്തി്ക്കുന്ന സ്ട്രീറ്റ് അക്കാഡമിക്‌സ് എന്ന ബാന്‍ഡുമായി സഹകരിച്ചാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

Related Articles