Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ സംസ്‌കാരത്തിന്റെ ചരമ വാര്‍ഷികം

ഒരു പാവപ്പെട്ടവനായി ജനിച്ച് എളിയ ജീവിതത്തിലൂടെ സ്വന്തം സര്‍ഗ്ഗശക്തിയാല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച് സമ്പന്നനായിത്തീര്‍ന്ന മനുഷ്യനെ, സഹൃദയരും സംസ്‌കൃതരും കലാപ്രേമികളുമെന്ന് നടിക്കുന്ന നാം പിറന്ന മണ്ണില്‍നിന്നോടിക്കുകയാണ് ചെയ്തത്. 1950 കളില്‍ ബോമ്പെയിലെ ക്രാഫോര്‍ഡ്മാര്‍ക്കറ്റിന്റെ ഫുട്പാത്തില്‍ കുടകള്‍ക്ക് പേരെഴുതിയും, പരസ്യബോര്‍ഡുകളും, സിനിമാ പോസ്റ്ററുകളും എഴുതിയും ഉപജീവനം നടത്തിയിരുന്ന 22 കാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന്‍ ജനിച്ചത് പൂനെക്കടുത്തുള്ള പത്താര്‍പൂരിലായിരുന്നു. ഒന്നര വയസ്സില്‍ മാതാവന്റെ മരണത്തെതുടര്‍ന്ന് പിതാവിന്റെ കൂടെ ഇന്‍ഡോറിലാണ് ഹുസൈന്‍ വളര്‍ന്നത്. പിതാവിന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് ഹുസൈന്‍ ബോംബെയില്‍ അഭയംതേടിയത്. അന്ന് ഒരു ചതുരശ്ര അടി പെയിന്റിങ്ങിന് നാലണ പ്രതിഫലം വാങ്ങിയ എം.എഫ്. ഹുസൈന്റെ രചന പിന്നീട് 10 ലക്ഷം ഡോളറിനായിരുന്നു ലേലത്തില്‍ പോയിരുന്നത്.

1915ല്‍ ജനിച്ച ഹുസൈന്‍ ചെറുപ്പത്തില്‍ പഠനകാര്യങ്ങളില്‍ ഉദാസീനനായിരുന്നെങ്കിലും എപ്പോഴും എന്തെങ്കിലും വരച്ചുകൊണ്ടിരിക്കുന്നതില്‍ തല്‍പരനായിരുന്നു. ചിത്രകലയില്‍ ശോഭിച്ചേക്കുമെന്ന് കരുതി പിതാവ് മകനെ ഇന്‍ഡോറിലെ ഒരു കലാപഠനകേന്ദ്രത്തിലും പിന്നീട് ബോംബെയിലെ പ്രസിദ്ധമായ ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലും ചേര്‍ത്തു. സാമ്പത്തിക പരാധീനതകളാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചില കമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റുകളുമായി പരിചയപ്പെട്ട ഹുസൈന്‍ മൂന്ന് പേരെക്കൂടി ചേര്‍ത്ത് ഒരു കലാസംഘം രൂപീകരിച്ചു. അവരില്‍ രണ്ടുപേര്‍ പിന്നീട് ആഗോളപ്രശസ്തിനേടിയ – ലണ്ടനില്‍ ന്യൂട്ടന്‍ സൂസയും, പാരീസില്‍ എസ്.എച്ച് റാസയും – കലാകാരന്മാരായി വളര്‍ന്നു. പ്രാചീന ഭാരതീയ ചരിത്രത്തില്‍നിന്ന് വിഷയങ്ങള്‍ കണ്ടെത്തിയ ഹുസൈന്‍ സ്പാനിഷ് കലാകാരന്‍ പിക്കാസോയുടെ രചനാശൈലിയില്‍ പുരാണകഥാപാത്രങ്ങളായ ഹനുമാന്‍, ഗണപതി, ദുര്‍ഗ, സരസ്വതി മുതലായവരെ ഇതിവൃത്തമാക്കി ചിത്രപരമ്പരകള്‍ രചിച്ചുകൊണ്ട് പ്രശസ്തിയിലേക്കുയര്‍ന്നു. അവയില്‍ ചിലത് നഗ്നരായിട്ടാണ് അവതരിക്കപ്പെട്ടത്. ഇത് വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചു. ഒരു മുസ്‌ലിം ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നു എന്നും മറ്റും വാദിച്ചുകൊണ്ട് ഹുസൈന്റെ വാസസ്ഥലം കയ്യേറി അനേകം വിലപിടിപ്പുള്ള ചിത്രങ്ങള്‍ അവര്‍ നശിപ്പിച്ചു. 1974ല്‍ ഗജാനന്‍ മുക്തിബോധി എന്ന ഹിന്ദി കവിയോടുള്ള ആധരസൂചകമായി ചെരിപ്പ് ഉപേക്ഷിച്ചു. പിന്നീട് മരണംവരെ അദ്ദേഹം നഗ്നപാദനായാണ് ജീവിച്ചത്. 1990 കളില്‍ മഹരാഷ്ട്രയിലും കേന്ദ്രത്തിലും സംഘ്പരിവാര്‍ അധികാരത്തിലെത്തിയതോടെ അതിക്രമങ്ങള്‍ അതിരുകടന്നു. 1970ല്‍ വരച്ച ചിത്രങ്ങള്‍ വിവാദമാക്കി കലാപമുണ്ടാക്കിയത് ഇരുപത് വര്‍ഷം കഴിഞ്ഞ് 1990 ലായിരുന്നു.

പ്രലോഭനങ്ങളുണ്ടായിട്ടും നാട്ടിനോടുള്ള കൂറുവിടാതെനിന്ന ഹുസൈന്‍ സംഘ്പരിവാറിന്റെ ആക്രമണങ്ങളില്‍നിന്നും വധഭീഷണിയിനിന്നും 2006ല്‍ ഖത്തറില്‍ അഭയംതേടുമ്പോള്‍ അദ്ദേഹത്തനെതിരായി 900 ല്‍ പരം ഹരജികളും വക്കീല്‍ നോട്ടീസുകളും നിലവിലുണ്ടായിരുന്നു. ഖത്തര്‍ പൗരത്വം സ്വീകരിച്ച ഹുസൈന്‍ പിന്നീട് ലണ്ടനിലേക്ക് താമസം മാറ്റി. എം.എഫ് ഹുസൈന്‍ 96-ാം വയസുവരെ പൂര്‍ത്തിയാക്കിയത് പതിനായരത്തിലെറെ ചിത്രങ്ങളാണ്. പൂര്‍ത്തിയാക്കാത്തവയും ഉപേക്ഷിച്ചവയും എതിരാളികള്‍ നശിപ്പിച്ചവയും ആയിരത്തില്‍ അധികമുണ്ട്. 1994ല്‍ കോഴിക്കോട് കടപ്പുറത്ത് ഉസ്താദ് സക്കീര്‍ഹുസൈനുമായി ചേര്‍ന്ന് അദ്ദേഹം ചിത്രകലയും സംഗീതവും യോജിപ്പിച്ച് ജുഗല്‍ബന്തി അവതരിപ്പിക്കുകയുണ്ടായി. മലയാളത്തേയും കേരളസൗന്ദര്യത്തേയും ക്യാന്‍വാസില്‍ പകര്‍ത്തിയ ഹുസൈന്‍ മലയാളത്തില്‍ പേരെഴുതി ഒപ്പിടാന്‍ ശീലിച്ചിരുന്നു.

കേരളസര്‍ക്കാര്‍ 2007ല്‍ രാജാരവിവര്‍മ്മ പുരസ്‌കാരത്തിന് ഹുസൈനെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. പക്ഷെ അത് ഏറ്റുവാങ്ങാന്‍ കേസുകളും ഭീഷണികളും നിലനില്‍ക്കുന്നതിനാല്‍ ഹുസൈന്‍ വന്നില്ല. എപ്പോള്‍ വേണമെങ്കിലും ഹുസൈന്ന് തിരിച്ചുവരാം എന്ന് ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനകള്‍ക്കപ്പുറം ഭരണകക്ഷിയോ സര്‍ക്കാറോ ഈ അനശ്വരകലാകാരനെതിരായ കേസുകള്‍ പിന്‍ലിച്ച് തിരിച്ചുകോണ്ടുവരാനോ സംരക്ഷണം നല്‍കാനോ ആത്മാര്‍ഥമായിട്ടൊന്നും തന്നെ ചെയ്തിരുന്നില്ല.

വധഭീഷണികളും, കോടതിനോട്ടീസുകളും, നിയമനടപടികളും കാത്തിരുന്ന ജന്മനാട്ടില്‍നിന്നും അകലെ ഖത്തര്‍പൗരനായി ലണ്ടനിലെ റോയല്‍ബ്രോംടന്‍ ഹോസ്പിറ്റലില്‍ തൊണ്ണൂറ്റിഅഞ്ചാം വയസ്സില്‍ 2011 ജൂണ്‍ 9ന് ഹുസൈന്‍ നിര്യാതനായി. അന്ത്യസമയത്ത് അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരും പുത്രിയും ഒപ്പമുണ്ടായിരുന്നു. അവിടെ ബ്രൂക്‌വുഡ് സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കിയത്.

Related Articles