Current Date

Search
Close this search box.
Search
Close this search box.

നക്ഷത്രക്കണ്ണുള്ള രാജകുമാരി

SepidehReaching-for-the-Stars.jpg

സെപിദെ, ഒരു ബഹിരാകാശ സഞ്ചാരി ആവണം എന്ന് സ്വപ്‌നം കാണാന്‍ ധൈര്യം കാണിച്ച ഇറാനിയന്‍ പെണ്‍കുട്ടി. ബഹിരാകാശത്തെ കുറിച്ച് അധ്യാപകന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ അവള്‍ ആകാശത്തേക്ക് നോക്കുകയായിരുന്നു. വീട്ടിലെത്തിയാലുടന്‍ വലിയ പ്രതീക്ഷയോടെ ഇറാനിയന്‍ ബഹിരാകാശ യാത്രിക അനൗഷ അന്‍സാരിയുടെ വീഡിയോകള്‍ കാണും. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് സെപിദെയുടെ ഉപ്പ മരിച്ചപ്പോള്‍  നക്ഷത്രങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍ ഉപ്പയുടെ സാമീപ്യവും ലഭിക്കുമല്ലോ എന്നവള്‍ക്ക് തോന്നി. അങ്ങനെ അവളുടെ സ്വപ്‌നവും പിറന്നു. എന്നാല്‍ അവളെ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

യൂണിവേഴ്‌സിറ്റിയിലെ ഫീസ് അടക്കാനാവാതെ ഉമ്മയും എളാപ്പയും അവളുടെ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയായിരുന്നു. പാചകം ചെയ്യാന്‍ പഠിക്കണം എന്ന ആഗ്രഹമൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. കുടുംബവീടുകള്‍ സന്ദര്‍ശിക്കുന്നത് തന്നെ വളരെ അപൂര്‍വമായി മാത്രം. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. Sepideh: Reaching for the Stars എന്ന സിനിമയില്‍ നമ്മള്‍ കാണുന്നത് ഈ ധീരയായ യുവതിയെയാണ്. അവള്‍ നക്ഷത്രങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ വീട്ടിലും കോളേജിലും പള്ളിയിലുമെല്ലാം ചര്‍ച്ചാ വിഷയമാവുകയാണ്. അവളുടെ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ചുറ്റുമുള്ളവരുടെ പ്രതീക്ഷയും എത്രത്തോളം വൈരുധ്യം പുലര്‍ത്തിയിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ തന്റെ സ്വപ്‌നങ്ങളും ആശയങ്ങളും വിവരിച്ച് തന്റെ ഹീറോ ആയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ഒരു കത്തെഴുതാന്‍ അവള്‍ക്ക് സാധിച്ചു.

സംവിധായികയുടെ കണ്ണില്‍
ബെറിത് മാഡ്‌സെന്‍ എന്ന ഈ ചിത്രത്തിന്റെ സംവിധായിക നമ്മോട് മനസ്സുതുറക്കുന്നു…
ഈ സിനിമയിലുടനീളം സാര്‍വജനീയമായ ഒരു ഭാവം പ്രകടമാകും. ഒരു പെണ്‍കുട്ടി ബാല്യത്തിനും യുവത്വത്തിനും ഇടയിലെ വഴിത്തിരിവിലാണ്. എന്നാല്‍ സാമ്പ്രദായിക രീതികളെയും ശീലങ്ങളെയും പൊട്ടിച്ചെറിഞ്ഞ് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. താന്‍ നേരിടുന്ന വെല്ലുവിളികളെയൊക്കെ സെപിദെ തരണം ചെയ്യുന്ന രീതിയാണ് തീര്‍ച്ചയായും ഈ സിനിമയെ ഒരു മികച്ച കാഴ്ചാനുഭവമാക്കുന്നത്. ഇറാനി സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്താന്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും സംഘര്‍ഷങ്ങളും ഈ സിനിമയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വന്തം ജീവിതരീതിയും ചിന്തകളും തീരുമാനിക്കുന്നിടത്ത് യുവസമൂഹം അപക്വരാണ് എന്ന ഇറാനിയന്‍ പൊതുബോധത്തിന്റെ നേര്‍ഛേദമാണ് സെപിദെയുടെ ഉമ്മയും എളാപ്പമാരും. സമൂഹത്തില്‍ ഉണ്ടാവുന്ന ചെറിയ ദിശാവ്യതിയാനം പോലും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും എന്നാണ് എളാപ്പ ഹാദിയുടെ ജീവിതം തെളിയിക്കുന്നത്.

നിയന്ത്രിതവും യാഥാസ്ഥിതികവുമായ ഒരു ചുറ്റുപാടില്‍ നിന്ന് മുക്തി നേടാന്‍ അസാമാന്യമായ ഇഛാശക്തിയും ആര്‍വവും വേണമെന്ന് സെപിദെ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. നക്ഷത്രങ്ങളോടും പ്രപഞ്ചത്തിന്റെ അഭൗമിക സൗന്ദര്യത്തോടും അവള്‍ക്കുള്ള അടങ്ങാത്ത ആവേശം സിനിമയില്‍ തനിമ ചോരാതെ പകര്‍ത്തിയിട്ടുണ്ട്. സ്വന്തം ഭാഗദേയം സ്വകരങ്ങള്‍ തന്നെ നിര്‍ണയിക്കണമെന്ന് തീരുമാനിക്കുന്നിടത്താണ് ആര്‍ജവം, നമ്മളേറെ സ്‌നേഹിക്കുന്നവര്‍ അതിന്റെ പേരില്‍ വേദനിക്കപ്പെടുമെങ്കിലും. സ്വന്തം നഷ്ടങ്ങളെ വിസ്മരിച്ച്, പ്രതികൂല അന്തരീക്ഷത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി, തന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ.

അവലംബം: aljazeera.net

വിവ: അനസ് പടന്ന

Related Articles