Current Date

Search
Close this search box.
Search
Close this search box.

തെക്ക് നിന്ന് വടക്കോട്ട്….

ഒരു സുഹൃത്തിനെ തേടിയാണ് ഞാന്‍ ആ നാട്ടിലെത്തിയത് മണിക്കൂറുകള്‍ നീണ്ട യാത്രക്കുശേഷം ആ വലിയ കവലയില്‍ ബസിറങ്ങുമ്പോള്‍ ഞാനാകെ ചകിതനായി. കാരണം ആ നാട്ടിലുള്ളവര്‍ക്കൊന്നും തലകളുണ്ടായിരുന്നില്ല.

തലകളില്ലാത്തവര്‍ ഓടിച്ചു പോകുന്ന ഒട്ടോറിക്ഷകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കാറുകള്‍….കാല്‍നടക്കാര്‍ക്കും തലകളില്ല!
ഞാന്‍ എന്റെ തല തപ്പി.

ആ വലിയ കവലയില്‍ തലയുള്ളവനായി ഞാന്‍ മാത്രം.
‘എന്താ ഈ നാട്ടിലിങ്ങനെ ?’ എന്റെ സന്ദേഹം ദൂരികരിക്കാന്‍ ഒരു തലയുള്ളവനെ കാണണ്ടേ?
അപ്പോഴാണ് കവലയിലൂടെ ഒരു കൂറ്റന്‍പ്രകടനം ഒഴുകിവരുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രകടനം നയിക്കുന്ന നേതാക്കളെല്ലാം തലകളുള്ളവരായിരുന്നു. അവര്‍ ഉറക്കെ എന്തോ വിളിച്ചു പറയുന്നുണ്ട്. നേതാക്കള്‍ക്കു പിറകെ പരശ്ശതം അനുയായികള്‍ തലകളില്ലാതെ നടന്നു നീങ്ങുന്നു. അവര്‍ ഉയര്‍ത്തിപ്പിടിച്ച കൊടികളില്‍ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആദ്യത്തെ പ്രകടനത്തിന്റെ കോലാഹലം അവസാനിക്കും മുമ്പെ എത്തി മറ്റൊരു കൂട്ടര്‍. അവരിലും നേതാക്കള്‍ക്ക് മാത്രമെ തലകളുണ്ടായിരുന്നുള്ളു. അനുയായികള്‍ തലയില്ലാത്തവര്‍ തന്നെ. അവരുടെ വസ്ത്രങ്ങളില്‍ അങ്ങിങ്ങായി ചോരപ്പാടുകള്‍ ഉണ്ടായിരുന്നു.
അനന്തരം ഒരു പ്രകടനം കൂടി കടന്നുപോയി. അവര്‍ ഉയര്‍ത്തിപ്പിടിച്ച കൊടികള്‍ കെട്ടിയ വടികള്‍ക്ക് ശൂലത്തിന്റെ ആകൃതിയായിരുന്നു.
പാതയോരങ്ങള്‍ വര്‍ണകൊടികളുടെ നിറവിലായിരുന്നു.
മൂന്നു പ്രകടനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഒഴുകിപോയപ്പോള്‍ ഒരു പേമാരി പെയ്തു തീര്‍ന്ന ആശ്വാസം.
കവല ശൂന്യം.
വാഹനങ്ങളില്ല.
കാല്‍നടക്കാരില്ല.
പിന്നീട് ഞാനവിടെ നിന്നില്ല. എന്റെ സുഹൃത്ത് ഒരു നേതാവല്ല എന്ന സത്യം എനിക്കറിയാം. ശിരസ്സില്ലാത്ത സുഹൃത്തിനെതേടി ഞാനെന്തിന് അലയണം? അന്വേഷണത്തിനിടയില്‍ സ്വന്തം തലയും നഷ്ടമായാലോ..? ഞാന്‍ ധൃതിയില്‍ തിരിച്ചു നടന്നു….

Related Articles