Current Date

Search
Close this search box.
Search
Close this search box.

ജ്ഞാനത്തിന്റെ ഭവനം

bavanam.jpg

ഇസ്‌ലാമിക ദര്‍ശനത്തിന്റെ മാനവികതയോടുള്ള അഭിസംബോധനത്തിലെ പ്രഥമഭാവം ധര്‍മശാസ്ത്ര സംബന്ധിയാണ്. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത കോണുകളിലേക്ക് വെളിച്ചം വീശുന്ന ധര്‍മതത്വങ്ങള്‍ നിരത്തുന്നു അത്. ധര്‍മശാസ്ത്രത്തിന്റെ സമ്പൂര്‍ണ ആവിഷ്‌കാരം ഇസ്‌ലാമിക ദര്‍ശനത്തിന്റെ പ്രഥമ പരിഗണനയില്‍ വരാന്‍ ഒരു ന്യായമുണ്ട്. ധാര്‍മശാസ്ത്ര സംബന്ധിയായ മനുഷ്യബുദ്ധിയുടെ ഏതൊരു ആലോചനയും അപൂര്‍ണമായിരിക്കും എന്നതാണത്. എന്നിരുന്നാലും, ഇസ്‌ലാമിക ദര്‍ശനത്തിന്റെ വൈജ്ഞാനിക ചക്രവാളം ധര്‍മശാസ്ത്രത്തില്‍ മാത്രം പരിമിതമല്ല അതിന്റെ ഭൂമികയില്‍ നിന്ന് ഉയിര്‍കൊണ്ട മറ്റു വൈജ്ഞാനികമണ്ഡലങ്ങളും ശാസ്ത്രശാഖകളും അനേകവും വിഭിന്നവുമാണ്.

ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഭൂമികയില്‍ നിന്ന് വികാസം പ്രാപിച്ച വൈജ്ഞാനിക വിപ്ലവത്തിന്റെ ഉദാഹരണങ്ങളാണ് അമവി-അബ്ബാസി യുഗങ്ങള്‍. അമവി-അബ്ബാസി ഭരണകാലത്ത് വികാസം പ്രാപിക്കാത്ത ശാസ്ത്രശാഖകളോ വൈജ്ഞാനിക സംരംഭങ്ങളോ ഇല്ലായിരുന്നു. ഒരു പക്ഷെ, ഈ വൈജ്ഞാനിക മുന്നേറ്റത്തില്‍ സൈദ്ധാന്ധികമായും ആശയപരമായും വിയോജിപ്പ് പുലര്‍ത്തുന്ന വിജ്ഞാനങ്ങള്‍ ഉള്‍പ്പെടുമെങ്കിലും അന്ന് നടന്ന വൈജ്ഞാനിക സംവാദത്തിന്റെ മുഖ്യ പ്രചോദകം ഇസ്‌ലാമിക ദര്‍ശനമായിരുന്നുവെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. വിജ്ഞാനവിപ്ലവം നടന്നുവെന്ന് മാത്രമല്ല, അത് ഇസ്‌ലാമേതര സംസ്‌കാരങ്ങളെയും നാഗരികതളെയും അത്യഗാധമായി സ്വാധീനിക്കുകയും ചെയ്തു.

പാശ്ചാത്യനാഗരികതയില്‍ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ചെലുത്തിയ സ്വാധീനം ബൃഹത്തായ ഒരു പഠനം തന്നെയാണ്. ഈ വിഷയത്തെ പുരസ്‌കരിച്ച് അറബി-ഇഗ്ലീഷ് ഭാഷകളിലായി ധാരാളം കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. മലയാള ഭാഷയിലും ഈ വിഷയത്തെ അധികരിച്ച പുസ്തകങ്ങള്‍ ഇല്ലാതില്ല. പക്ഷെ, ശുഷ്‌കമാണ്. ഈ രംഗത്ത് വെളിച്ചംകണ്ട ശ്രദ്ധേയമായൊരു കൃതിയായിരുന്നു അരിഫലി കൊളത്തക്കാട് രചിച്ച ‘അറിയപ്പെടാത്ത പൗരസ്ത്യലോകം’. അവസാനമായി പുറത്തുവന്ന മറ്റൊരു കൃതിയാണ് ജോനാതന്‍ ലിയണ്‍സ് രചിച്ച് ഡോ അബൂബക്കര്‍ കാപ്പാട് വിവര്‍ത്തനം ചെയ്ത് ഒലീവ് പ്രസിദ്ധീകരിച്ച ‘ജ്ഞാനത്തിന്റെ ഭവനം’. വിവര്‍ത്തന സാഹിത്യമാണിതെന്ന പ്രശ്‌നം ഒഴിച്ചു നിര്‍ത്തിയാല്‍ മലയാള ഭാഷയിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണിത്.

പാശ്ചാത്യ നാഗരികതയുടെ രൂപീകരണത്തിലെ ഇസ്‌ലാം-അറബ് സ്വാധീനത്തെ വെളിപ്പെടുത്തുന്നു ‘ജ്ഞാനത്തിന്റെ ഭവനം’. അറേബ്യന്‍ ജ്ഞാനശാസ്ത്രവും വിജ്ഞാനവും പാശ്ചാത്യ നാഗരികതയെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്ന് കാണിച്ചുതരുന്നു ഈ വിഖ്യാത കൃതി. അറേബ്യന്‍ വൈജ്ഞാനിക പ്രാഭാവത്തിന്റെ ചരിത്രം കൂടിയായ ഈ പുസ്തകം പാശ്ചാത്യസംസ്‌കാരത്തിന്റെ വേരുകള്‍ അന്വേഷിക്കുന്നതിനോടൊപ്പം സമഗ്രമായ വൈജ്ഞാനിക തുറസ്സ് സാധ്യമാക്കുകയും ചെയ്യുന്നു. മണ്‍മറഞ്ഞ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു അറേബ്യന്‍ ഭാഷ്യം.

വിജ്ഞാനത്തോടും പ്രബുദ്ധതയയോടുമുള്ള പാശ്ചാത്യ കാഴ്ചപ്പാട് എന്നും നിഷേധാത്മകമായിരുന്നു. ഈ പുറംതിരിഞ്ഞ് നില്‍ക്കല്‍ നയത്തിന് പ്രത്യേകമായൊരു കാരണവുമുണ്ടായിരുന്നു. ശാസ്ത്രവും മറ്റു വൈജ്ഞാനിക മുന്നേറ്റങ്ങളും തങ്ങള്‍ നെയ്‌തെടുത്ത ദൈവത്തിന്റെ അധികാരമണ്ഡലത്തിലേക്ക് കടന്നു കയറുമെന്നും ദൈവത്തിന്റെ അസ്തിത്വത്തെ വെല്ലുവിളിക്കുമെന്നും പാശ്ചാത്യ ക്രൈസ്തവലോകം കരുതി. ഈയൊരു നിഷേധാത്മക നിലപാടുമൂലം, അതുല്യ പ്രതിഭകളോടുള്ള പീഡന പര്‍വങ്ങള്‍കൊണ്ടും രക്തക്കറകള്‍കൊണ്ടും പാപപങ്കിലമാണ് പാശ്ചാത്യ ക്രൈസ്തവ ചരിത്രം. സുദീര്‍ഘമായ ഇരുണ്ട യുഗങ്ങള്‍ പിന്നിട്ടശേഷം പാശ്ചാത്യ ലോകത്ത് ജ്ഞാനോദയമുണ്ടാവുന്നത് 16,17 നൂറ്റാണ്ടുകളില്‍ ഉടലെടുത്ത നവേത്ഥാന (Renaisance) പ്രക്രിയയിലൂടെയാണ്. ഈ നവോത്ഥാന പ്രക്രിയക്ക് നിമിത്തമായതാവട്ടെ, മുസ്‌ലിം ലോകത്ത് നേരത്തെതന്നെ കത്തിച്ചുവെച്ച വൈജ്ഞാനിക വിളക്കുകളും. ഈ വിളക്കുകളില്‍ നിന്നുള്ള തിരിനാളം പാശ്ചാത്യ ലോകത്ത് പ്രാഥമികമായി കൊളുത്തിയത് അദിലാഡ് എന്ന ബ്രിട്ടീഷ് യാത്രികനായിരുന്നു.

‘ജ്ഞാനത്തിന്റെ ഭവനം’ വായിക്കുമ്പോള്‍ മുസ്‌ലിം ലോകത്ത് ഉടലെടുത്ത വ്യത്യസ്ത വൈജ്ഞാനിക ശാഖകളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അതുല്യ പ്രതിഭകളെയും നേരിട്ട് അനുഭവിക്കാവുന്നതാണ്. ആള്‍ജിബ്രയില്‍ അല്‍ഖവാരിസ്മിയെയും വൈദ്യശാസ്ത്രത്തില്‍ ഇബ്‌നുസീനയെയും ഭൂമിശാസ്ത്രത്തില്‍ അല്‍ഇദ്‌രീസിയെയും തത്വചിന്തയില്‍ അല്‍കിന്ദിയെയും ഫാറാബിയെയും ഇബ്‌നുറുഷ്ദിനെയും കാണാവുന്നതാണ്. ഈ പട്ടിക ദീര്‍ഘിച്ചതും അറ്റമില്ലാത്തതുമാണ്. ഭൗതികഗണത്തില്‍ ഉള്‍പ്പെടുന്ന ഈ ശാസ്ത്രശാഖകള്‍ കൂടാതെ തികച്ചും മതപരമെന്ന് വ്യവഹരിക്കപ്പെടുന്ന ശാസ്ത്രങ്ങളും അക്കാലത്ത് പുഷ്‌കലമായിരുന്നു. ഉദാ: വിശുദ്ധവേദശാസ്ത്രം, തിരുചര്യാശാസ്ത്രം, കര്‍മശാസ്ത്രം, ദൈവശാസ്ത്രം… എന്നാല്‍ മുന്‍ചൊന്ന കൃതിയുടെ പരിഗണനയില്‍ വരുന്നത് ഭൗതികശാസ്ത്ര ശാഖകള്‍ മാത്രമാണ്.
കൃതിയുടെ വിഷയക്രമീകരണം നൂതനവും എന്നാല്‍ അകര്‍ഷണീയവുമാണ്. ഗ്രന്ഥകാരന്‍ തന്നെ മുഖവുരയില്‍ അത് വ്യക്തമാക്കുന്നുണ്ട്: ‘എന്റെ പുസ്തകം ആരംഭിക്കുന്നത് സൂര്യാസ്തമയ(മഗ്‌രിബ)ത്തോടെയാണ്. മധ്യപൂര്‍വ്വദേശത്തെ പാരമ്പര്യമനുസരിച്ച് ഒരു ദിവസം ആരംഭിക്കുന്നത് സൂര്യാസ്തമയത്തോടെയാണല്ലോ? പിന്നെയത് രാത്രി(ഇശാഅ്)യിലേക്ക് അഥവാ ക്രിസ്ത്യന്‍ മധ്യയുഗത്തിലേക്ക് കടന്ന ശേഷം മഹത്തായ അറേബ്യന്‍ വിജ്ഞാനത്തിന്റെ പ്രഭാതത്തിലേക്ക് (അല്‍ഫജ്ര്‍) മടങ്ങിയെത്തുന്നു. തുടര്‍ന്ന്, നമ്മുടെ മുഖ്യകഥാനായകനായ, സമീപ പൗരസ്ത്യദേശത്തില്‍പ്പെട്ട ബാത്ത് സ്വദേശി അദിലാഡിനൊപ്പം മഹത്തായ ഉച്ചയിലേക്ക് (ളുഹ്ര്‍) നീങ്ങിയശേഷം, സായാഹ്നത്തിന്റെ വര്‍ണ ശബളതയില്‍ (അസര്‍) സമാപിക്കുന്നു. അസ്തമയം പാശ്ചാത്യ ദേശത്ത് സംഭവിച്ച വിശ്വാസയുഗത്തിന്റെ അന്ത്യവും യുക്തിബോധത്തിന്റെ അജയ്യതയുടെ തുടക്കവുമാണ് സൂചിപ്പിക്കുന്നത്.’

അവസാന അധ്യായമായ ‘അല്‍അസ്ര്‍’ അഥവാ സായാഹ്നമാണ് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെടുന്നത്. ഈ ഭാഗത്താണ് തത്വചിന്താപഠനം കടന്നുവരുന്നത്. അല്‍കിന്ദി മുതല്‍ ആധുനിക കാലത്ത് ജീവിച്ച ഇഖ്ബാല്‍ വരെയുള്ള അതികായന്മാരെയാണ് ഇസ്‌ലാമിക ലോകം തത്വചിന്താ രംഗത്ത് നല്‍കിയത്. ഈ ശാസ്ത്ര ശാഖയില്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട തത്വചിന്തയും ഗ്രീക്ക് ഫിലോസഫിയുടെ രൂപംകൊണ്ട തത്വചിന്തയും ഉണ്ടായിരുന്നു. ഖണ്ഡന-മണ്ഡനങ്ങളും വാദപ്രതിവാദങ്ങളും ഈ രംഗത്ത് വേണ്ടുവോളം നടന്നു. ഗ്രീക്ക് ഫിലോസഫിയോട് അനുഭാവം പ്രകടിപ്പിച്ച ഇബ്‌നുസീനയെ ഖണ്ഡിച്ചുക്കൊണ്ട് അബൂഹാമിദില്‍ ഗസ്സാലി ‘തഹാഫത്തുല്‍ ഫലാസിഫയും’ (തത്വചിന്തകരുടെ വൈരുദ്ധ്യങ്ങള്‍), ഈ കൃതിയെ ഖണ്ഡിച്ചുക്കൊണ്ട് ഇബ്‌നുറുശ്ദ് ‘തഹാഫുത്തു തഹാഫുത്തും’ (വൈരുദ്ധ്യങ്ങളുടെ വൈരുദ്ധ്യം) രചിക്കുകയുണ്ടായി. ഇസ്‌ലാമിക ദര്‍ശന ദൃഷ്ട്ര്യാ ഒരുപാട് വിയോജിപ്പുകള്‍ അനുഭവപ്പെടുമെങ്കിലും അക്കാലത്ത് നടന്ന ബുദ്ധിപരമായ ചര്‍ച്ചകള്‍ക്ക് അടിവരയിടുന്നു തത്വശാസ്ത്രം.
‘തത്വശാസ്ത്രം മുസ്‌ലിംകളില്‍ നിന്ന് ലഭിച്ചതാണ്’ എന്ന റോജര്‍ ബേക്കണിന്റെ വാക്കിന് അതിനാല്‍ തന്നെ ഏറെ പ്രസക്തിയും ആധികാരികതയുമുണ്ട്.  

Related Articles