Current Date

Search
Close this search box.
Search
Close this search box.

ഗസ്സ : മുട്ടുമടക്കാന്‍ ഒരുക്കമല്ലാത്തവരുടെ മണ്ണ്

വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍ ഉപരോധത്തിനിടയിലും ഇല്ലായ്മകളെ അതിജീവിച്ച് ആത്മാഭിമാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഗസ്സയിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് Gaza Lives On. 2011 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഷ്‌റഫ് മശ്‌റാവിയാണ്. ഈ മാസം 9 ന് അമേരിക്കയിലെ ഹാമില്‍ട്ടണ്‍ ഹൗസില്‍ നടക്കുന്ന അല്‍ജസീറയുടെ ഫലസ്തീന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേല്‍ ഉപരോധം അക്ഷരാര്‍ഥത്തില്‍ ഗസ്സയിലെ ജീവിതം ദുസ്സഹമാക്കി തീര്‍ത്തിട്ടുണ്ടെങ്കിലും അതു സമ്മതിച്ചു തരുവാന്‍ ഗസ്സയിലെ ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്ത ഒരാളും സന്നദ്ധമാകുകയില്ല. നീതിക്കും സ്വാതന്ത്ര്യത്തിനും ജന്മനാടിന്റെ വിമോചനത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെ ആഹ്ലാദദായകവും ആനന്ദകരവുമായ സമരമാക്കി മാറ്റുന്ന അത്യപൂര്‍വവ കാഴ്ച്ചയാണ് യഥാര്‍ഥത്തില്‍ ഓരോ ഫലസ്തീന്‍ ജീവിതവും. Gaza Lives On എന്ന തന്റെ ഡോക്യുമെന്റിയിലൂടെ ഗസ്സയിലെ ജനങ്ങളുടെ അതിജീവിനത്തിന്റെ ചിത്രം ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കാനാണ് സംവിധായകന്‍ അഷ്‌റഫ് മശ്‌റാവി ശ്രമിക്കുന്നത്. ഗസ്സയിലെ കൃഷി, അവിടത്തെ കയറ്റുമതി, പത്രപ്രവര്‍ത്തനം, ജീവിതത്തെ സംബന്ധിച്ച് ഗസ്സാ നിവാസികളുടെ പ്രതീക്ഷാ നിര്‍ഭരമായ വര്‍ത്തമാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം തന്റെ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.
2007 ല്‍ ഇസ്രയേല്‍ ഗസ്സക്കുമേല്‍ നടത്തിയ അക്രമണത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നിര്‍മാണ തൊഴിലാളിയായ കമാല്‍ ഖലാഫിന്റെ ചരിത്രം ഡോക്യുമെന്ററിയില്‍ വിവരിക്കുന്നുണ്ട്. ഇസ്രയേല്‍ അക്രമണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചെങ്കിലും കടലിലും കരയിലും ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍ ഗസ്സയിലേക്കുള്ള സകല സാധനങ്ങളുടെയും വരവ് തടഞ്ഞതോടെ സിമന്റും കമ്പിയും മറ്റു നിര്‍മാണ സാധനസാമഗ്രികളും കിട്ടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് സ്തംഭിച്ച അസ്ഥയിലാണ്. അതുമൂലം കമാല്‍ ഖലാഫിന് ജോലിയും നഷ്ടമായിരിക്കുന്നു. നിര്‍മാണ സാമഗ്രികളുടെ അപര്യാപ്തതയിലും ഗസ്സയിലെ ജനങ്ങള്‍ മണ്ണുകൊണ്ടുള്ള വീടുകള്‍ നിര്‍മ്മിച്ചു അതിജീവനത്തിന്റെ പുത്തന്‍ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. അതോടൊപ്പം 2008-09 ലെ യുദ്ധത്തില്‍ അവരുടെ കിടപ്പാടങ്ങള്‍ വീണ്ടും തകര്‍ക്കപ്പെട്ടെങ്കിലും പൊളിഞ്ഞു വീണ വീടുകളുടെ അവശിഷ്ടങ്ങള്‍ പൊടിച്ചെടുത്ത് അതുകൊണ്ടു തന്നെ പുതിയ വീടുകള്‍ നിര്‍മ്മിച്ച് കീഴടങ്ങാന്‍ ഒരുക്കമല്ലാത്തവരുടെ ആത്മവീര്യം അവര്‍ പ്രകടിപ്പിച്ചു. നിര്‍മാണ തൊഴിലാളിയായ കമാല്‍ ഖലാഫ് താന്‍ പണിതു കൊണ്ടിരിക്കുന്ന വീടിന്റെ ഉടമസ്ഥനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ഇസ്രയേല്‍ സൈന്യം താങ്കളുടെ വീട് വീണ്ടും ബോംബിട്ടു തകര്‍ത്താല്‍ താങ്കള്‍ എന്തു ചെയ്യും? അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ് ‘ഓരോ മണിക്കൂര്‍ കൂടുംമ്പോഴും അവരെന്റെ വീട് തകര്‍ത്താലും ഞാന്‍ വീണ്ടും വീണ്ടും നിര്‍മ്മിച്ചു കൊണ്ടിരിക്കും’. 2008 ഡിസംബര്‍ മുതല്‍ 09 ജനുവരി വരെ നീണ്ടു നിന്ന യുദ്ധത്തില്‍ ഗസ്സയിലെ 60,000 വീടുകള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു കളഞ്ഞതായി യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍ ഉപരോധത്തെ മറികടക്കാന്‍ ഗസ്സാ നിവാസികള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഈജിപ്ത് – ഗസ്സ അതിര്‍ത്തിയിലെ തുരങ്കങ്ങളാണ്. ഭക്ഷണവും മരുന്നും നിര്‍മാണ സാമഗ്രികളും ഗസ്സയിലെത്തിക്കാന്‍ അവര്‍ ആശ്രയിക്കുന്നത് ഈ തുരങ്കങ്ങളെയാണ്. സാധന സാമഗ്രികള്‍ കടത്തി കൊണ്ടു വരുന്നതിനുള്ള മാര്‍ഗം മാത്രമല്ല അവര്‍ക്ക് തുരങ്കങ്ങള്‍. അതോടൊപ്പം പുതിയ കുടുംബങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിയാണ്. ഈജിപ്തില്‍ നിന്നും മറ്റിതര രാജ്യങ്ങളില്‍ നിന്നുമുള്ളവരുമായ ഗസ്സക്കാര്‍ വിവാഹ ബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെ ഗസ്സയിലെത്തിക്കാന്‍ തുരങ്കങ്ങളെ അവലംബിക്കുകയല്ലാതെ അവര്‍ക്ക് വേറെ വഴിയില്ല. വദീഹ എന്ന റാമല്ലയില്‍ നിന്നുമുള്ള പെണ്‍കുട്ടിക്ക് പോലും ഗസ്സയിലുള്ള തന്റെ വരനെ സമീപിക്കാന്‍ ഇസ്രയേല്‍ സൈന്യം അനുമതി നല്‍കിയില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ എതിര്‍പ്പുമൂലം ഫലസ്തീനിലെ തന്നെ മറ്റൊരു പ്രദേശമായ റാമല്ലയില്‍ നിന്നും ഗസ്സയിലേക്കെത്താന്‍ വദീഹക്ക് ആദ്യം ജോര്‍ദാനിലേക്കും പിന്നീട് അവിടെ നിന്ന് ഈജിപ്തിലേക്കും പോകേണ്ടി വന്നു. ഈജിപ്തില്‍ നിന്നും തുരങ്കം വഴി ഗസ്സയിലെത്തുകയായിരുന്നു അവര്‍. ഇന്നവര്‍ തന്റെ വരന്‍ മുഹമ്മദിനൊപ്പം ഗസ്സയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ സുഖമായി കഴിയുന്നു.
അബൂ അന്‍വര്‍ ജാജൂഹ് ഗസ്സയിലെ ശാത്വിഅ് അഭയാര്‍ഥി ക്യാമ്പില്‍ ധാന്യം വിറ്റ് ജീവിക്കുന്നയാളാണ്. മുമ്പ് ഗസ്സയില്‍ നിന്നും ഓറഞ്ചും നാരങ്ങയും കയറ്റുമതി ചെയ്തിരുന്നതായും എന്നാല്‍ 1967 ലെ ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തോടെ കപ്പലുകള്‍ ഗസ്സ തീരത്തേക്ക് വരാതെയായതായും അതുമൂലം കയറ്റുമതി നിലച്ചതായും അബൂ അന്‍വര്‍ വിശദീകരിക്കുന്നു. ‘ഇസ്രയേല്‍ ഞങ്ങളുടെ ഭൂമി അധികമായി കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ്, ഞങ്ങള്‍ അതിജീവനത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലും’ അദ്ദേഹം പറയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേല്‍ കുടിയേറ്റങ്ങളും അതിക്രമങ്ങളും അതിനു പുറമെ ഇപ്പോഴത്തെ ഉപരോധവുമെല്ലാം ഗസ്സയിലെ ജനതക്ക് നല്‍കിയത് ലോകത്ത് ആരും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം കൈപ്പേറിയ അനുഭവങ്ങളാണ്. എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതിലും മുന്നേറ്റത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുന്നതിലും ഗസ്സ ലോകത്തിനു തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ്.
 
കടപ്പാട് : മിഡില്‍ഈസ്റ്റ് മോണിറ്റര്‍

Related Articles