Current Date

Search
Close this search box.
Search
Close this search box.

എന്ത് കൊണ്ട് മാധവേട്ടനെന്നെ തീവ്രവാദിയെന്ന് വിളിച്ചു

ഉമ്മയുടെ വിളി അസഹ്യമായപ്പോള്‍ റിയാസ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റു. പതിവുപോലെ മാധവേട്ടന്റെ കടയിലേക്ക് നടന്നു. അങ്ങാടിയില്‍ നിന്ന് മാധവേട്ടന്റെ കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുത്തും, കടയില്‍ നിന്ന് അടുത്ത വീടുകളിലേക്ക് ചാക്കരികള്‍ ചുമടെടുത്തും കിട്ടുന്ന ചില്ലറകാശ് കീശയിലാക്കി ബാക്കിയുള്ള സമയം പന്ത് കളിച്ചും, ബസ് സ്റ്റോപ്പിലിരുന്ന് സ്‌ക്കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ കമന്റടിച്ചും നടന്ന കൗമാര കാലം. പക്ഷെ പതിവില്‍ നിന്ന് വിപരീതമായി മാധവേട്ടന്‍ റിയാസിനെ തുറിച്ചു നോക്കി. ദേഷ്യത്തോടെ പച്ചക്കറിത്തട്ടുകള്‍ എടുത്തു വെച്ചു.
റിയാസ് നിഷ്ങ്കളങ്കമായി ചോദിച്ചു. എന്താ മാധവേട്ടാ?
അയാള്‍ ദേഷ്യത്തോടെ പറഞ്ഞു. ‘നിന്റെ പറ്റ് പുസ്തകത്തിലെ ആയിരത്തി നാനൂറ് രൂപ എനിക്ക് ഇപ്പം കിട്ടണം’.
ആശ്ചര്യത്തോടെ റിയാസ് ചോദിച്ചു. ‘അതിന് മാസം തികഞ്ഞില്ലല്ലോ?’.
അതൊന്നും എനിക്കറിയേണ്ട. നിന്റെ പൈസ എനിക്ക് ഇപ്പം തന്നെ കിട്ടണം.
റിയാസ് സങ്കടത്തോടെ ആലോചിച്ചു.
മാധവേട്ടനെന്ത് പറ്റി. എന്തൊരു സ്‌നേഹമായിരുന്നു എന്നോട്. വിശ്വസ്ഥന്‍, സഹായി, വീട്ടില്‍ വരെ കയറി ചെല്ലാന്‍ സ്വാതന്ത്ര്യമുള്ളവന്‍: മണ്ഡലം കാലത്ത് കറുപ്പുടുത്ത മാധവേട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുപ്പുടുത്ത ആ ദിവസം അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം. അദ്ദേഹത്തിന്റെ പാര്‍ട്ടി ആദ്യമായി കേന്ദ്രം ഭരിച്ചപ്പോള്‍ ഇരുപത്തി അഞ്ച് രൂപ വാങ്ങാതെ തന്നെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് കീറിത്തന്ന മഹാന്‍. അങ്ങനെയങ്ങനെ ഒരുപാട് ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍ റിയാസിന്റെ മനസ്സിലേക്ക് തള്ളിക്കയറി. റിയാസിന്റെ ആലോചനകളെ മുറിച്ച് കളഞ്ഞും, അവന്റെ മനസ്സില്‍ ഇടിത്തീയായും മാധവേട്ടന്റെ ആ ചോദ്യം വന്നു.
‘നീ തീവ്രവാദിയായി അല്ലേ?’.
റിയാസ് ചോദിച്ചു ‘ഞാനോ!’.
‘അതെ. നിന്നെ ഇന്നലെ അവരുടെ കൂടെ കണ്ടല്ലോ?’.
മാധവേട്ടന്റെ ആ ഉത്തരത്തില്‍ നിന്നും റിയാസിന് കാര്യം മനസ്സിലായി. ഇന്നലെ മഹല്ലില്‍ സകാത്ത് കമ്മറ്റിയുടെ കലക്ഷനില്‍ ആദ്യമായി അവന്‍ പങ്കെടുത്തിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ മഹല്ലിലെ സകാത്ത് കമ്മറ്റിയംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് മഹല്ലിലെ സകാത്ത് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ ശ്രമിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം. അവന്‍ അവനോട് തന്നെ ചോദിച്ചു. മദ്രസാ കാലത്തിന് ശേഷം ജീവിതത്തില്‍ ഇതുവരെ നമസ്‌കരിക്കാത്ത, എന്തിന് വെള്ളിയാഴ്ച്ചപ്പോലും ജുമുഅക്ക് പോകാത്ത ഞാന്‍ എത്ര നല്ലവനായിരുന്നു ആളുകള്‍ക്ക്. ഇപ്പോഴിതാ ഒരു നല്ല കാര്യത്തിന് ഇറങ്ങിയപ്പോള്‍ ലഭിച്ച പേര് തീവ്രവാദി. റിയാസിന്റെ മനസ്സ് ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരംത്തേടി. അവന്റെ കണ്ണുകളില്‍ ഇരുട്ട് കയറി. കാതുകളില്‍ മാധവേട്ടന്റെ ചോദ്യങ്ങള്‍ മുഴങ്ങി കൊണ്ടേയിരുന്നു. ‘നീ തീവ്രവാദിയായി അല്ലേ?’.
റിയാസ് പതുക്കെ അവിടെ നിന്നിറങ്ങി നടന്നു. അവന്റെ നടത്തത്തിന് വേഗത വര്‍ദ്ധിച്ചു. അവന്റെ ഓരോ ചുവടിനും ജീവിതത്തില്‍ അതുവരെയില്ലാത്ത ഉറപ്പുണ്ടായിരുന്നു. മനസ്സില്‍ പുതിയ നിശ്ചയങ്ങളും.
എങ്കിലും അവന്റെ ആത്മാവ് അവനോട് ചോദിച്ചു.
‘എന്ത് കൊണ്ട് മാധവേട്ടനെന്നെ തീവ്രവാദിയെന്ന് വിളിച്ചു’.

Related Articles