Current Date

Search
Close this search box.
Search
Close this search box.

അപകടകാരിയായ തടവുകാരന്‍

രണ്ടു പട്ടാളക്കാര്‍ അയാളുടെ കൈകളില്‍ പിടിച്ചിട്ടുണ്ടായിരുന്നു. കാലിലിട്ടിരിക്കുന്ന തടവറച്ചങ്ങലയുടെ മുഴക്കം കേള്‍പ്പിച്ച് കൊണ്ട് അവര്‍ ചോദ്യം ചെയ്യാനുള്ള മുറിയിലേക്ക് പ്രവേശിച്ചു. മുറിയുടെ നടുവിലുണ്ടായിരുന്ന മരം കൊണ്ടുള്ള  മേശയുടെ  ഓരോ അറ്റങ്ങളിലും കസേരകള്‍ ഇട്ടിരുന്നു. മേശയുടെ വലതു ഭാഗത്തുള്ള കസേരയില്‍ തടിച്ചു ചുവന്ന ഒരു അമേരിക്കക്കാരനുണ്ട്. മാസം മുറ്റിയ അയാളുടെ കവിളുകള്‍ താഴേക്ക് തൂങ്ങിയിരിക്കുന്നു.
അവനെ അയാള്‍ക്കഭിമുഖമായി അവര്‍ ഇരുത്തി, തങ്ങളുടെ കയ്യിലുണ്ടായിരുന്ന വിലങ്ങ്  മേശയുടെ താഴെയുണ്ടായിരുന്ന ഇരുമ്പ് കുറ്റിയിലും  കൈകള്‍ കസേരയുടെ പിന്നിലും ബന്ധിച്ചു. കണ്ണട പോലുള്ള ഒരു ഉപകരണം കൊണ്ട്  അയാളുടെ കണ്ണുകള്‍ മൂടി, ബന്ധി തന്റെ കണ്ണുകള്‍ ചലിപ്പിച്ച്  മുറിക്ക് ചുറ്റും നോക്കി, തന്റെ കൂടെയുള്ള രണ്ട് സൈനികരെ കൂടാതെ മൂന്നാമതൊരാള്‍ കൂടി മുറിയിലുണ്ടെന്നയാള്‍ കണ്ടു.

അയാള്‍ക്കരികെ വേറൊരാള്‍ കുറേ വെള്ള കടലാസില്‍ എന്തൊക്കെയോ എഴുതുകയാണ്, എഴുത്തിനിടയില്‍ അയാള്‍ ബന്ധിയെ രൂക്ഷമായി  നോക്കുന്നുണ്ടായിരുന്നു. ഏതാനും നിമഷങ്ങള്‍ കടന്ന് പോയി, അമേരിക്കക്കാരനെന്ന് തോന്നിക്കുന്ന ഒരാള്‍ മുറിക്കകത്തേക്ക്  വന്നു. അയാള്‍ ബന്ധിക്കഭിമുഖമായിരിക്കുന്ന അമേരിക്കക്കാരന്റെ അടുത്ത് ഇരുന്നു.

കണ്ണില്‍തറക്കുന്ന വെളിച്ചമുണ്ടായിരുന്നതിനാല്‍ ബന്ധിക്ക് കണ്ണു തുറക്കാനും മുറി മുഴുവാനായി കാണാനും കഴിഞ്ഞിരുന്നില്ല . പുതുതായി വന്നയാള്‍ ബന്ധിയുടെ തലമുടിക്ക് പിടിച്ച് തനിക്കഭിമുഖമാക്കി നിര്‍ത്തി, അയാളായിരുന്നു കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍, തന്റെയടുത്തുണ്ടായിരുന്ന ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനിടെ വീഴുന്ന ഓരോ വാക്കും നഷ്ടപ്പെടാതെ രണ്ടാമത്തെയാള്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ : ഈസ്ഥലം ഏതാണെന്ന് നിനക്കറിയാമോ ?
ബന്ധി   : അറിയില്ല, ബാഗ്രാമായിരിക്കും (അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളം)
ചോദ്യം : ഞാന്‍ ആരാണെന്നറിയാമോ ?
ഉത്തരം  : എനിക്ക് നിങ്ങളെ അറിയില്ല,
ചോദ്യം : നല്ലത്, നിനക്കിപ്പോ എന്നെ മനസിലാകും പക്ഷെ നമ്മുടെ കണ്ണുകള്‍ വിദൂരമായിപ്പോകുന്നത് നീ സൂക്ഷിക്കണം എന്റെ ചോദ്യങ്ങള്‍ക്ക് നീ മറുപടി പറയണം, ഉം തല നല്ലവണ്ണം ഉയര്‍ത്തിപ്പിടിക്ക് നിന്റെ എല്ലാ ഇന്ദ്രിയങ്ങളും എനിക്ക് നേരെ തിരിയണം. കേട്ടല്ലോ, ചോദ്യം ചെയ്യുന്നതിനിടയില്‍ നിന്റെ കണ്ണുകള്‍ മറ്റൊരിടത്തേക്ക് തെറ്റാതെ നോക്കണം.
അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അയാളുടെ കസേര നീക്കിയിട്ടു ചുമല്‍കുലുക്കി കൈകള്‍ രണ്ടും മേശയിലൂന്നി നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ചോദ്യം : നിന്റെ പേര് ?

മറുപടി : മുഹമ്മദ് നൂര്‍

ചോദ്യം : നിന്റെ നാട് ? (നിന്റെ നാട് ?)

മറുപടി : ഹല്‍മന്ത്

ചോദ്യം : ഹല്‍മന്ദില്‍ എവിടെയാണ് ?

മറുപടി  : സന്‍ഗീനില്‍ നിന്ന്
തന്റെ വാചകങ്ങള്‍ മറ്റൊരിടത്ത് പരിഭാഷകനില്‍നിന്ന് ചോദിച്ച് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് മനസിലായ ബന്ധി കൂടുതല്‍ സൂക്ഷമമായ ഉത്തരങ്ങള്‍ പറയാന്‍ തയ്യാറാവുന്നു.

ചോദ്യം : നിന്നെ എന്തിനാണ് ഇവിടെപിടിച്ച് കൊണ്ട് വന്നിരിക്കുന്നത് എന്നറിയുമോ?

മറുപടി : എനിക്കറിയില്ല എന്നെ പിടിച്ചവരോട് ചോദിക്കൂ, അതാണല്ലോ ഏറ്റവും ഉചിതമായത്.

ചോദ്യം : നിന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ നീ എന്ത് ചെയ്യുകയായിരുന്നു ?

മറുപടി : ഞാന്‍ പോര്‍മുഖത്തുള്ളപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
 
ചോദ്യം:  നല്ലത്, ആര്‍ക്കെതിരെയായിരുന്നു യുദ്ധം ?

മറുപടി : ബ്രിട്ടനെതിരെ

ചോദ്യം : അപ്പോള്‍ നീ ബ്രിട്ടനെതിരെ യുദ്ധം ചെയ്യുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്.

മറുപടി : അതെ ശരിയാണ്.

ചോദ്യ ം : എന്തിനായിരുന്നു നീ ബ്രിട്ടനെതിരെ യുദ്ധം ചെയ്ത ?

മറുപടി  : ഈ ചോദ്യം നിങ്ങളുടെ പിതാവിനോട് ചോദിച്ചാല്‍ എങ്ങനെയിരിക്കും ?

ഉദ്യോഗസ്ഥന്‍ : ഹേ! വിഡ്ഢി സൂക്ഷിച്ച് സംസാരിക്കണം,  അന്വേഷണോദ്യോഗസ്ഥന് മൊഴി നല്‍കുകയാണെന്ന ബോധ്യം നിനക്കുണ്ടോ? എന്താ നീ അയാളോട് പറയുന്നത്?

മറുപടി :  ഞാനയളോട് പറഞ്ഞത് ശരിയാണ് നിങ്ങള്‍ അമേരിക്കക്കാര്‍ നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോട് ചോദിക്ക്, അവരെന്തിനായിരുന്നു ബ്രിട്ടനോട് പോരാടിയിരുന്നതെന്ന്? ചോദിച്ച് നോക്ക്, ക്രിസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍  അവരെന്തിനാണ് ബ്രിട്ടനെതിരെ യുദ്ധം ചെയ്തത് ?

ഉദ്യോഗസ്ഥന്‍ : 1770 ലെ സ്വാതന്ത്ര സമരമാണോ നീ ഉദ്ദേശിക്കുന്നത് ?

മറുപടി  : അതെ അതു തന്നെയാണ് ഞാനുദ്ദേശിക്കുന്നത്, അമേരിക്കന്‍ ജനത അധിനിവേശകരായ ബ്രിട്ടനെതിരെ പോരാടിയത്……

അന്വേഷണോദ്യോഗസ്ഥന്‍ ചിന്തയിലാണ്ടു. അയാള്‍ തന്റെ മുന്‍പല്ലുകള്‍ ചുണ്ടിലേക്ക് കടിച്ച് പിടിച്ചിരുന്നു. തന്റെ ദൃഷടി ഏതോ അജ്ഞാത ദിശയിലേക്ക് തിരിച്ചായിരുന്നു ആ ഇരിപ്പ്, ഈ തടവ് പുള്ളി ശ്രദ്ധയില്‍ കൊണ്ട് വന്ന എന്തോ ഗൗരവപരമായ കാര്യമാണ് അയാള്‍ ചിന്തിക്കുന്നതെന്ന് അയാളെക്കണ്ടാല്‍ തോന്നും.

ഉദ്യോഗസ്ഥന്‍ : അതു ശരി അവന്റെ കണ്ണുകളെ എന്റെ കണ്ണില്‍ നിന്ന് തെറ്റിച്ചവന്‍ നീയാണല്ലേ, നിനക്കെന്റെ ചോദ്യം മനസിലായില്ലെന്ന് തോന്നുന്നു ?

മറുപടി : നിങ്ങളുടെ ചോദ്യമൊക്കെ എനിക്ക് മനസിലായി (മുറിഞ്ഞ ശബ്ദത്തില്‍ ദു:ഖത്തോടെ) നിങ്ങളെന്നെ പറയാനനുവദിക്ക് ഞങ്ങളുടെ പൂര്‍വ്വ പിതാക്കള്‍ അധിനിവേശ ബ്രിട്ടനെതിരെ പോരാടിയത് ഞങ്ങള്‍ സ്വാതന്ത്ര്യ സമരം എന്നാണ് പറയുന്നത്. അവരെ അഭിമാനത്തോടെയാണ് ഞങ്ങള്‍ ഓര്‍ക്കുന്നത്. കാരണം ബ്രിട്ടന്‍ ഞങ്ങളുടെ ഭൂമി അധിനിവേശം നടത്തിയവരായിരുന്നു.  ബ്രിട്ടന്‍ ഞങ്ങളുടെ ഭൂമി അധിനിവേഷം നടത്തിയിട്ടില്ലെന്നും ഹല്‍മന്ദ് ഞങ്ങളുടെ ഭൂമിയല്ലെന്നുമാണോ നിങ്ങള്‍ പറയുന്നത്?

ഉദ്യോഗസ്ഥന്‍ : സഹായവും അധിനിവേശവും വേറിട്ട് മനസിലാക്കണം, ഞങ്ങളും ബ്രിട്ടീഷുകാരും, മറ്റു ശക്തികളും ഇവിടെ വന്നത് നിങ്ങളെ സഹായിക്കാനാണ്, നിങ്ങള്‍ക്ക് സമാധാനമുണ്ടാക്കാനാണ് ഞങ്ങള്‍ വന്നത്. ഞങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പുനര്‍ നിര്‍മിക്കും നിങ്ങളെ സ്വയം സംസ്‌കരിക്കാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും.

മറുപടി : സഹായം, നിര്‍മാണം, സംസ്‌കാരം, നഗരവല്‍ക്കരണം ഹ!ഹ!ഹ! ഇതു പഴയ ഭാഷയല്ലേ? 250 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷ് കോളനികളുടെ അഡൈ്വസറി മന്ത്രാലയം ഉണ്ടാക്കിയ പേരുകളല്ലേ ഇത്? നിങ്ങളുടെ ദേശീയ നേതാക്കളായ ജോര്‍ജ് വാഷിങ്ടണും, തോമസ് ജഫേഴ്‌സണും ബ്രിട്ടന്റെ ഈ ഭാഷ മനസിലായിട്ടില്ലെന്നാണോ ? അതല്ലേ അവര്‍ അധിനിവേശത്തിനെതിരെ ആയുധമെടുത്തത്. നിങ്ങളുടെ പൂര്‍വ്വ സൂരികളായ നേതാക്കള്‍ നിങ്ങള്‍ക്ക് കാണിച്ച് തന്ന മാതൃകയില്‍ നിന്ന് നിങ്ങള്‍ തെറ്റിപ്പോയെന്നെല്ലേ ഇങ്ങനെയുള്ള വികലമായ പ്രയോഗങ്ങളിലൂടെ തെളിയുന്നത് ?

ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ കണ്ണുകള്‍ മഞ്ഞളിച്ചു, അദ്ദേഹത്തിന്റെ സെക്രട്ടറി എഴുത്ത് നിര്‍ത്തി. പരിഭാഷകന്‍ ഞെട്ടിപ്പോയി, മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്നത് കണ്ടു നില്‍ക്കുന്ന കുട്ടിയെപ്പോലെ അയാള്‍ വിരണ്ടു പോയിരുന്നു.

താന്‍ ഉപരോധിക്കപ്പെട്ടുവെന്ന് അന്വേണ ഉദ്യോഗസ്ഥന് മനസിലായി. താന്‍ പെട്ടിരിക്കുന്ന പ്രശ്‌നത്തില്‍ നിന്ന തലയൂരാനെന്നോണം അയാള്‍ ആ തടവ് പുള്ളിയെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു.

ഉദ്യോഗസ്ഥന്‍: എനിക്ക് തോന്നുന്നത് അവര്‍ നിങ്ങളെ ആള് മാറി പിടികൂടിയതാണെന്നാണ്, അതാണ് നിങ്ങള്‍ക്കിത്ര ദേഷ്യം അല്ലേ ?

മറുപടി : ഹേയ് അങ്ങനെയല്ലല്ലോ, ബ്രിട്ടനെതിരെ യുദ്ധം ചെയ്യുന്നതിനിടയിലാണ് അയാളെന്നെ തടവുകാരനായി പിടിച്ചതെന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമ്മതിച്ചതാണല്ലോ.

ഉദ്യോഗസ്ഥന്‍ : ഓഹോ, കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ പിന്നെ സ്ഥിരീകരിക്കണ്ട കാര്യമില്ലല്ലോ, നിങ്ങളില്‍ ആരോപിക്കപ്പെട്ട ആരോപണം ശരിയാണെന്ന നിങ്ങള്‍ തന്നെ തിരിച്ചറിഞ്ഞല്ലോ ?

മറുപടി : സ്വാതന്ത്ര്യത്തിനായുള്ള പരിശ്രമങ്ങള്‍ കുറ്റകൃത്യമാണെങ്കില്‍ നിങ്ങളുടെ മുന്‍ഗാമികളും (അമേരിക്കന്‍ ദേശീയ നേതാക്കള്‍) ഞാന്‍ ചെയ്ത ഈ കുറ്റത്തില്‍ പങ്കെടുത്തിട്ടുണ്ടല്ലോ ?

ഉദ്യോഗസ്ഥന്‍ : നിങ്ങളൊരു ചരിത്രാധ്യാപകനാണെന്ന് എനിക്ക് മനസിലായായി.

മറുപടി : പക്ഷെ നിങ്ങള്‍ കേവല ചരിത്ര വിദ്യാര്‍ത്ഥിയാകാന്‍ പോലും  ആഗ്രഹിക്കുന്നില്ല.

ഉദ്യോഗസ്ഥന്‍ : അതെന്താ അങ്ങനെ ?

മറുപടി : നിങ്ങള്‍ അല്‍പമെങ്കിലും ചരിത്രമറിയുന്നവരാണെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വരേണ്ടതില്ലായിരുന്നു. നിങ്ങള്‍ക്ക് മുമ്പ് ഇവിടെ വന്നവരും ചരിത്രമറിയുന്നവരായിരുന്നില്ല അവര്‍ കേവല ഭൂമിശാസ്ത്ര വിദ്യാര്‍ത്ഥികളായിരുന്നു.

ഉദ്യോഗസ്ഥന്‍ : മതി, മതി വായടക്ക് അല്ലെങ്കില്‍ എനിക്കത് അടപ്പിക്കേണ്ടി വരും.

മറുപടി : നിങ്ങളെന്റെ വായടക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു, പക്ഷെ നിങ്ങള്‍ക്ക് എന്റെ ജനതയുടെ വായടപ്പിക്കാനാകില്ല.

ഉദ്യോഗസ്ഥന്‍ : നിന്റെ ജനത നിന്നെപ്പോലെ വിഢികളായിരിക്കുന്ന കാലത്തോളം എനിക്കത് സാധ്യമല്ല, അവര്‍ കേട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു കാര്യം സ്വാതന്ത്ര്യമാണ് ലോകം ശൂന്യാകാശത്ത് വരെ എത്തി, നിങ്ങള്‍ ഇപ്പോഴും സ്വാതന്ത്യത്തിനായി മരണത്തെയാണ് തെരെഞ്ഞടുക്കുന്നത.്

മറുപടി:  ഞനൊറ്റക്കല്ലല്ലോ, നിങ്ങളുടെ പൂര്‍വ്വികരായ വിഢികളും അങ്ങനെയല്ലേ? നിങ്ങളുടെ സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന പാട്രിക് ഹെന്‍ട്രി 1775ലെ വിര്‍ജീനിയ പ്രഭാഷണത്തിന്റെ വരികള്‍ പ്രസിദ്ധമാണല്ലോ, അദ്ദേഹം പറഞ്ഞു വല്ലോ ‘നിങ്ങള്‍ രണ്ടിലൊന്ന് എനിക്ക് നല്‍കണം ഒന്നുകില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം.’

അന്വേഷണ ഉദ്യോഗസ്ഥന്റെ തൊണ്ട വരണ്ടു, അയാള്‍ ഒരു പട്ടാളക്കാരനോട് ആ തടവ് കാരനെ പുറത്ത് കൊണ്ട് വരാന്‍ കല്‍പിച്ചു. പിന്നെ സിഗരറ്റ് കൊളുത്തി സെക്രട്ടറിയോട് ചോദിച്ചു: നീയെന്തൊക്കെയാണ് എഴുതിയത് ?

സെക്രട്ടറി : തടവ് പുള്ളിയുടെ പേരും അഡ്രസും മാത്രം.

ഉദ്യോഗസ്ഥന്‍ : അതു മാത്രമോ ?

സെക്രട്ടറി : ബാക്കിയൊന്നും എഴുതാന്‍  പറ്റിയതല്ല.

ഉദ്യോഗസ്ഥന്‍ : അയാള്‍ വലിയ വായാടിയായിരുന്നു, അല്ലെങ്കില്‍ നമ്മളോടൊത്തുള്ള ഈ ഇടപാടില്‍ നമുക്കയാളെ അല്‍ഭുതപ്പെടുത്താമായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്ന് പുകയൂതി, കണ്ണു കൊണ്ടൊഗ്യം കാണിച്ച് പരിഭാഷകന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി, ഉദ്യോഗസ്ഥന്‍ ഏതാനും നിമിഷങ്ങള്‍ ചിന്തയിലാണ്ടു പിന്നെ സെക്രട്ടറിയോട് ഇന്‍വസ്റ്റിഗേഷന്‍ മിനുട്‌സ് കളയാന്‍ പറഞ്ഞു, നീതിന്യായ വകുപ്പിലേക്കായി ഔദ്യോഗിക ലെറ്റര്‍പാഡില്‍ അദ്ദേഹം എഴുതി :
അപകടകാരിയായ ഈ തടവുകാരനെ / മുഹമ്മദ് നൂര്‍ വിഷമുപയോഗിച്ച് വധശിക്ഷ നല്‍കുന്നില്ലെങ്കില്‍ ബാഗ്രാമില്‍ നിന്ന് ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്ന സമയത്ത് ഇയാള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
അന്നു തന്നെ വിധിയെ പിന്താങ്ങിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെയും ജഡ്ജിമാരുടെയും വിധിയുണ്ടായി. നൂര്‍മുഹമ്മദ് എന്നെഴുതിയ ആ ഫയലിന് മുകളില്‍ അതീവ രഹസ്യം എന്ന് എഴുതിയിട്ടുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന വിഭാഗത്തിന് ഫയല്‍ കൈമാറി. ഈ യോഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സന്നിഹിതനായിരുന്നു. നൂര്‍ മുഹമ്മദിന്റെ വിഷയം വിശദീകരിച്ചു കൊടുക്കുന്നതിന് വരുത്തിയതായിരുന്നു അദ്ദേഹത്തെ. ജഡ്ജിയുടെ അരികിലായി ഇരുന്ന അദ്ദേഹത്തിന്‍ അഭിമുഖമായി ചുമരില്‍ മനോഹരമായ ഒരു ഫലകമുണ്ടായിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുഖ്യശില്‍പിയായ തോമസ് ജഫേഴ്‌സന്റെ ചിത്രമായിരുന്നു അതില്‍. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രസ്താവനയും അതിന് താഴെ കുറിച്ചിട്ടിരുന്നു. ‘എല്ലാ മനുഷ്യര്‍ക്കും മനുഷ്യ സമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യം ആസ്വദിക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും അവകാശമുണ്ട്.’

വിവ : അബ്ദുല്‍ മജീദ് കോഡൂര്‍

Related Articles