വായനശാലകളില്‍ നിന്നും
പുസ്തകഷോപ്പുകളില്‍ നിന്നും
അക്ഷര ഭോഗികളില്‍ നിന്നും
പിടിച്ചെടുത്ത് നിങ്ങള്‍ക്കവ
ഓടകളില്‍ നിറയ്ക്കാന്‍ കഴിഞ്ഞേക്കും!
പെട്രോളൊഴിച്ച് തെരുവിലിട്ട്
പച്ചയ്ക്കു കൊളുത്തുവാനായേക്കും!
പക്ഷെ, അതിന്റെ നാവുരുക്കാനോ,
ആത്മാവ് മലിനപ്പെടുത്താനോ,
നിങ്ങളുടെ ഓടകള്‍ക്കും
തീ നാളങ്ങള്‍ക്കും കഴിയില്ല!
അതിന്റെ വിപ്ലവം ചാരമാകുന്നില്ല!
അതിന്റെ ചൂണ്ടു വിരലുകള്‍
തളരുകില്ല താഴുകില്ല!
അതിന്റെ കീശയില്‍
കോടികള്‍ തിരുകിയാലോ
പെണ്ണുടല്‍ സമര്‍പ്പിച്ചാലോ
നിങ്ങള്‍ക്ക് വശപ്പെടില്ല!
അതിന്റെ പുറംചട്ടകള്‍
അമ്മയുടെ മടിത്തട്ടാണ്,
ഉള്ളകങ്ങള്‍ ഗര്‍ഭാശയവും!
അതില്‍ തീ പടര്‍ത്താന്‍
തുടങ്ങുമ്പോള്‍ ഓര്‍ക്കുക;
അമ്മയുടെ പൊക്കിള്‍-
ക്കൊടിയിലാണ് തീ പടരുന്നതെന്ന്!
Facebook Comments