Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തില്‍ ഭൂപടം കൊത്തുന്നവര്‍

ഒരു ഭൂപടമെടുത്ത് അതില്‍ കുര്‍ദിസ്ഥാനെ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമല്ല. നിങ്ങള്‍ക്ക് മാത്രമായിരിക്കില്ല അതിന് സാധിക്കാത്തത്; കാരണം അതൊരു സ്വതന്ത്രരാഷ്ട്രമല്ല. എന്നാല്‍ 30 ദശലക്ഷത്തോളം ജനങ്ങളുള്ള ഒരു വംശ സമൂഹമായ കുര്‍ദുകളെ സംബന്ധിച്ചിടത്തോളം അതൊരു യാഥാര്‍ത്ഥ്യമാണ്. തുര്‍ക്കി, അര്‍മേനിയ, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ അതിരുകളിലായി സ്ഥിതി ചെയ്യുന്ന കുര്‍ദിസ്ഥാന്‍, ഭൂമിയിലെ ഏറ്റവും അസ്ഥിരമായ പ്രദേശങ്ങളിലൊന്നാണ്. അതിലെ ജനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര രഹിത ജനവിഭാഗവും.

കുര്‍ദുകളുടെ സ്വദേശം മിഡില്‍ ഈസ്റ്റാണ്, എന്നാല്‍ പണ്ഡിതന്മാരും കുര്‍ദ് ജനതയും ഒരു പോലെ അവരുടെ ഉത്ഭവത്തെ കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കുര്‍ദുകള്‍ മുഴുവന്‍ ഒരു മതസ്വത്വം പങ്കിടുന്നില്ല എങ്കിലും അവരില്‍ ഭൂരിഭാഗവും സുന്നീ മുസ്‌ലിംകളാണ്. മറ്റ് മതങ്ങള്‍ ആചരിക്കുന്നവരും അവരിലുണ്ട്. കുര്‍ദുകളെ കുറിച്ച് ഏറ്റവും വ്യക്തതയുള്ളത് അവരുടെ കുര്‍ദ് വംശീയ സ്വത്വത്തെയും(ethnic identtiy) പൊതുവായുള്ള ഭാഷയെയും കുറിച്ച് മാത്രം. മധ്യ കാലഘട്ടത്തില്‍ രൂപപ്പെട്ടതാണ് ഈ സാമ്യതകള്‍. അന്ന് മുതല്‍, ഇന്നത്തെ ഇറാന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നിവയുടെ ചരിത്രത്തില്‍ അവര്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

എന്നാല്‍, 1500 കളില്‍ ഓട്ടോമന്‍ സാമ്രാജ്യം പ്രദേശത്ത് വ്യാപിക്കുകയും സ്വാധീനം ചെലുത്തുകയും, ഭൂരിഭാഗം കുര്‍ദ് അധീന മേഖലകള്‍ പിടിച്ചടക്കുകയും ചെയ്തപ്പോള്‍, കുര്‍ദുകള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിലെ സാമ്രാജ്യത്തിന്റെ പരാജയം കുര്‍ദുകള്‍ക്കും തിരിച്ചടിയായി. ഓട്ടോമന്‍ സാമ്രാജ്യം പിരിച്ച് വിട്ട 1920ലെ സേവ്രസ് ഉടമ്പടിയില്‍ കുര്‍ദിസ്ഥാനെ സ്വയംഭരണ മേഖലയാക്കാന്‍ സഖ്യകക്ഷികള്‍ തീരുമാനിച്ചു. വളര്‍ന്ന് വരുന്ന കുര്‍ദ് ദേശീയ പ്രസ്ഥാനത്തിന്റെ വിജയമായിരുന്നു ഇത്. എങ്കിലും ഉടമ്പടി പരാജയപ്പെട്ടു. ഒരിക്കലും അത് അംഗീകരിക്കപ്പെട്ടില്ല. സഖ്യകക്ഷികളോടുള്ള ചര്‍ച്ചകള്‍ തുര്‍ക്കി പുനരാരംഭിക്കുകയും, 1923 ലെ പുതുക്കിയ ലോസാന്‍ ഉടമ്പടി സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടിയുള്ള പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. അന്ന് മുതല്‍ സ്വന്തം രാജ്യം സ്ഥാപിക്കാന്‍ വേണ്ടിയുള്ള നിരവധി ശ്രമങ്ങള്‍ അവര്‍ നടത്തിയെങ്കിലും അവ വെറുതെയാവുകയാണ് ഉണ്ടായത്.

ഇറാഖി കുര്‍ദുകള്‍ പതിറ്റാണ്ടുകളുടെ സംഘട്ടനവും രക്തച്ചൊരിച്ചിലും സഹിച്ചിട്ടുണ്ട്. 1980കളിലെ ഇറാന്‍ഇറാഖ് യുദ്ധവേളയില്‍ കുര്‍ദ് സിവിലിയന്മരെ ഇറാഖ് രാസായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും, ഒരു കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. സംഘട്ടനത്തില്‍ പതിനായിരത്തോളം കുര്‍ദുകള്‍ കൊല്ലപ്പെടുകയും, ലക്ഷത്തോളം പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 1990-91 ലെ ഗള്‍ഫ് യുദ്ധത്തില്‍ 1.5 ദശലക്ഷത്തിലധികം കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. മറുപടിയായി, തുര്‍ക്കി അതിര്‍ത്തികള്‍ അടക്കുകയും സഖ്യസേന ഒരു സുരക്ഷിത സങ്കേതം തയ്യാറാക്കുന്നതുവരെ കുര്‍ദിഷ് അഭയാര്‍ഥികള്‍ ഒറ്റപ്പെടുകയും ചെയ്തു. കുര്‍ദുകള്‍ക്ക് യു.എന്‍ സുരക്ഷ ഉറപ്പ് നല്‍കിയതോടെ, രാജ്യത്തിന്റെ ഒരു ഭാഗം ഭരിക്കാന്‍ കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാറിന് ഇറാഖ് അനുമതി നല്‍കി.

ഇറാനിലെ ഏറ്റവും വലിയ വംശ സമൂഹമെന്ന നിലക്ക്, കുര്‍ദുകള്‍ തുടക്കത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണച്ചിരുന്നു. എന്നാല്‍, 1980കളിലെയും 1990കളിലെയും കുര്‍ദ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണകൂട അടിച്ചമര്‍ത്തലിന് അവര്‍ വിധേയമായി. മിഡില്‍ ഈസ്റ്റ് ഗവേഷകനായ ഷഹ്‌റാം അക്ബര്‍സാദ പറയുന്നതനുസരിച്ച് ഇന്ന് കുര്‍ദുകള്‍ ഇറാനില്‍ ‘വിലക്കേര്‍പ്പെടുത്തപ്പെട്ടവരും പുറന്തള്ളപ്പെട്ടവരും ‘ ആണ്. തുര്‍ക്കിയില്‍ കുര്‍ദുകള്‍ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമാണെങ്കിലും(ethnic minortiy), ദീര്‍ഘകാലമായി കുര്‍ദിഷ് ഭാഷാ നിരോധനമടക്കം നിരവധി ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടുന്നു. ഇത് കാരണം, ഒരു തീവ്ര വിഘടനവാദ പ്രസ്ഥാനം ഇപ്പോഴും തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്നു. 1984-99 ലെ കുര്‍ദ്തുര്‍ക്കി പോരാട്ടത്തില്‍ 40,000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും കുര്‍ദ് സിവിലിയന്മാരായിരുന്നു. കുര്‍ദിഷ് പോരാളികളെ കീഴ്‌പ്പെടുത്താനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍ കുര്‍ദുകള്‍ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമായിട്ടുള്ള സിറിയയിലേക്കും വ്യാപിച്ചു. കുര്‍ദ് ജനത ദീര്‍ഘകാലമായി അവിടെയും ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്, എങ്കിലും ആഭ്യന്തര യുദ്ധത്തില്‍ വടക്കന്‍ സിറിയയിലെ വലിയൊരു ഭാഗം പിടിച്ചെടുത്തു. അടുത്തിടെ, സിറിയന്‍ അതിര്‍ത്തക്കുള്ളിലെ കുര്‍ദ് വിഘടനവാദികളെ ആക്രമിക്കുമെന്ന് തുര്‍ക്കി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അമേരിക്ക രംഗത്ത് വരികയും കുര്‍ദ് പോരാളികളെ സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒതുക്കുന്ന ഒരു സുരക്ഷിത മേഖല സ്ഥാപിക്കുകയും ചെയ്തു. പുതിയ നീക്കം മുഖേന പിരിമുറുക്കങ്ങള്‍ തണുക്കുമോ അതോ തുര്‍ക്കി ഭരണകൂടത്തിനും രാഷ്ട്രരഹിതരായ കുര്‍ദുകള്‍ക്കുമിടയില്‍ വീണ്ടുമൊരു സംഘര്‍ഷത്തിന് കാരണമാകുമോ? ഉറപ്പുള്ളത് ഒരു കാര്യത്തിന് മാത്രം , സ്വന്തമായ ഒരു രാജ്യത്തിന് വേണ്ടിയുള്ള തുടര്‍ച്ചയായ പോരാട്ടമാണത്.

കടപ്പാട്: National Geographic

Related Articles