Current Date

Search
Close this search box.
Search
Close this search box.

ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

ഇസ്ഫഹാൻ ഇറാനിലെ ഏറ്റവും പ്രവിശാലമായ മൂന്നാമത്തെ നഗരം. അതിമനോഹരമായ വാസ്തു വിദ്യയിൽ പണികഴിപ്പിച്ച പൗരാണിക നഗരം. ഒരുകാലത്ത് ഇസ്‌ഫഹാൻ നിസ് ഫെ ജഹാൻ (ലോകത്തിന്റെ നേർ പകുതി) എന്ന് വിളിക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ പ്രസിദ്ധമായ ഈ പട്ടണം രണ്ടുതവണ ഇറാന്റെ തലസ്ഥാന നഗരിയായി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇസ്ഫഹാനിലെ ചരിത്ര നിർമ്മിതികൾ ഓരോ ലോക സഞ്ചാരിയുടെയും മനസ്സു കുളിർക്കുന്ന കാഴ്ചയാണ്. ബ്രിട്ടീഷ് ലോക സഞ്ചാരിയായ റോബർട്ട് ബൈറൻ (Robert Byron) പ്രാചീന ഗ്രീക്കോ റോമൻ നഗരങ്ങളായ ഏഥൻസിന്റെയും റോമിന്റെയും കൂടെയാണ് മധ്യകാലഘട്ടത്തിലെ പ്രസിദ്ധമായ ഈ ചരിത്ര നഗരത്തെയും ഉൾപ്പെടുത്തിരിക്കുന്നത്. “ഇറാനിലെ മറഞ്ഞു കിടക്കുന്ന നിധി” ( Hidden Jewel of Iran ) എന്നാണ് റോബർട്ട് ഈ ചരിത്ര നഗരത്തെ വിശേഷിപ്പിച്ചത്. അക്കാമനിഡ് സാമ്രാജ്യം മുതൽ ഖാജർ സാമ്രാജ്യം വരെ നീണ്ടു നിൽക്കുന്ന ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്രം നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ചെറുതും വലുതുമായ പതിനാലോളം സാമ്രാജ്യങ്ങൾ ഈ കാലയളവിൽ ഈ കൊച്ചു നഗരത്തിന്റെ ഭരണചക്രം തിരിച്ചു.

അക്കമനിഡ് സാമ്രാജ്യം മുതൽ സെൽജുക്ക് സാമ്രാജ്യം വരെ

എ.ഡി 651 നും 1220 നും ഇടയിൽ അറബ് രാജ്യങ്ങളുടെ വളർച്ചക്ക് സമാനമായി ഇറാനിൽ ഒരു പേർഷ്യൻ ഇസ്ലാമിക്ക് സംസ്കാരം രൂപപ്പെട്ടു. പുരാതന പേർഷ്യൻ സംസ്കാരവും ,ഇസ്ലാമിക് സംസ്ക്കാരവും, ഇഴ ചേർന്ന് രൂപപ്പെട്ട ഈ പുതിയ സംസ്കാരം വാസ്തുവിദ്യകളിലും, പൗരാണിക നിർമ്മിതികളിലും പ്രതിഫലിച്ചു. മധ്യ ഏഷ്യയിലെ ഏറ്റവും മനോഹരമായ നിർമിതികളിൽ പലതും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. അതിൽ ഏറ്റവും പ്രസിദ്ധമായ നിർമ്മിതി ‘മസ്ജിദ് ജുമുഅ ഇസ്ഫഹാൻ’ എന്ന ‘ഫ്രെഡേ മോസ്‌ക്കാണ് (Friday Mosque). നിസാം-ഉൽ- മുൽക്ക് പണികഴിപ്പിച്ച ഈ മുസ്ലിം ദേവാലയത്തിന്റെ ശ്രദ്ധേയമായ ഭാഗം അതി മനോഹരമായ താഴിക കുടമാണ് (Single Domb). നിസാമുൽ മുൽക്കിന് ശേഷം വന്ന പല ഭരണാധികാരികളും ഈ ആരാധനാലയത്തിന്റെ നിർമിതിയിൽ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ ഇതിന്റെ മിനുക്കു പണികൾ പുരോഗമിച്ചു.

Also read: ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡനിലൂടെ ഒരു ദിനം

ഇൽ ഖാൻ സാമ്രാജ്യം മുതൽ സഫാവിദ് സാമ്രാജ്യം വരെ

വാസ്തുശില്പകലക്ക് വളരെ പ്രധാന്യം നൽകിയ മറ്റൊരു കാലഘട്ടമായിരുന്നു ഇൽ ഖാൻ ഭരണ കാലഘട്ടം. ‘ഒൽജത്ത് ഖാൻ’ ( Oljitu khan) ആയിരുന്നു ഈ സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി. “ഇൽ ഖാൻ” ലോകത്തിന്റെ ഭരണാധികാരി എന്ന പേരിനെ അന്വർത്ഥമാക്കുന്ന ഇദ്ദേഹത്തിന്റെ ഭരണം, സാമ്രാജ്യ വ്യാപനത്തിനപ്പുറം കലയുടെ നിഖില മേഖലയിലും പ്രതിഫലിച്ചു. വാസ്തു ശില്പകലയിലും, ചിത്രകലയിലും, കാലിഗ്രാഫി യിലുമെല്ലാം (കൈ എഴുത്ത് ശാസ്ത്രം) ഈ കാലഘട്ടത്തിന്റെ കൈയൊപ്പ് പതിഞ്ഞു. ജുമുഅ മസ്ജിദിന്റെ ഓരോ നിച്ചേജിലും (niche) കാണപ്പെടുന്ന അർധ സ്ഫടിക ഫലകത്തിൽ കൊത്തിവച്ച ജാമിതീയ രൂപങ്ങൾ ( Quasicrystal Geometry) ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സംഭാവനയാണ്. പാശ്ചാത്യ ലോകത്ത് ഇത്തരം ക്ഷേത്ര ഗണിത രൂപങ്ങൾ (Geometry) രൂപപ്പെടുന്നതിന്റെ ഏകദേശം അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപാണ് ഇസ്ഫഹാനിലെ വാസ്തു വിദ്യയിൽ മനോഹരമായ ഈ രൂപങ്ങൾ കൊത്തിവച്ചതെന്ന് മധ്യേഷ്യയിലെ ചരിത്ര പണ്ഡിതർ അവകാശപ്പെടുന്നു. ഇൽ ഖാൻ ഭരണത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന ഖ്യാതി നേടിയ ‘ഒൽജത്ത് ഖാൻ’ തന്നെയാണ് ആദ്യമായി ഷിയാ മുസ്ലിം വിശ്വാസം സ്വീകരിച്ച ഇറാനിയൻ ഭരണാധികാരി. ഇൽ ഖാൻ മുതൽ സഫാവിദ് വരെ യുള്ള ഈ കാലഘട്ടം ഷാഹിരികൾക്ക് (കവികൾക്ക്) പ്രസിദ്ധമായ ഒരു കാലം കൂടെയായിരുന്നു. മുസഫരിദ് രാജവംശത്തിന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന അറിയപ്പെട്ട ഇറാനിയൻ കൊട്ടാരം കവിയാണ് ഹാഫിസ് (Hafez).ഇദ്ദേഹത്തിന്റെ കവിതകൾ ഇന്നും ശ്രദ്ധേയമാണ്. എന്നാൽ ഈ കാലഘട്ടം അതികം നീണ്ടുനിന്നില്ല. തൈമൂർ സാമ്രാജ്യത്തിന്റെയും തുടർന്നു വന്ന ഖാർ ഖൈനൂൽ സാമ്രാജ്യത്തിന്റെയും നിരന്തരമായ അക്രമണത്തെ തുടർന്ന് ഈ കാലഘട്ടവും അവസാനിച്ചു. ഖാർ ഖൈനൂൽ സാമ്രാജ്യത്തിന്റെ മനോഹരമായ നിർമിതിയാണ് ദർ-ബെ-ഈമാൻ ( Darb-e-Iman ). വ്യത്യസ്ഥമായ വാസ്തു ശിൽപ കലയുടെ സമ്മിശ്ര രൂപങ്ങളിൽ തീർത്ത മനോഹരമായ ഈ ശവകുടീര സമുച്ചയം പണികഴിപ്പിച്ചത് ഖാർ ഖൈനൂൽ സാമ്രാജ്യത്തിലെ ഭരണാധികാരിയായ ജലാലുദ്ധീൻ സഫർ ഷായാണ്. 1453 ലാണ് ഇതിന്റെ പണിപൂർത്തീകരിച്ചത്.

സഫാവിദ് സാമ്രാജ്യമായിരുന്നു ഈ ചരിത്ര കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പ്രബല ശക്തികൾ. “ഇസ് ഫഹാൻ നഗരത്തിന്റെ സുവർണ്ണ കാലഘട്ടം” എന്നാണ് സഫാവിദ് കാലത്തെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ഇഷ്ഫഹാൻ നഗരത്തിന്റെ കീർത്തി ലോകമെങ്ങും വിളിച്ചോതുന്ന ഒട്ടനവതി വാസ്തു ശിൽപ നിർമിതികൾ ഈ കാലത്ത് പിറന്നു. ഇസ്‌ഫഹാനിലെ പ്രസിദ്ധമായ ഖാജൗ പാലം, (The Khajau Bridge) മസ്ജിദ് ഹാഖിം, തലാർ റെ അഷ്‌റഫ്, ചഹൽ സതൗൻ കൊട്ടാരം (Palace of Chanal Working) തുടങ്ങിയവ ഈ കാലത്തിന്റെ സംഭാവനയാണ്.

Also read: നെൽസൺ മണ്ടേലയുടെ പൈതൃകവും ഇസ്രായേലി ലോബിയിസ്റ്റുകളുടെ നുണകളും

ഇടക്കാല അഫ്ഗാൻ ഭരണം മുതൽ അവസാന ഖാജർ സാമ്രാജ്യം വരെ

അഫ്ഗാൻ അധിനിവേശത്തെ തുടർന്ന് ഇസ്ഫഹാൻ പ്രദേശത്തിന്റെ ഭരണം ഇടക്കാലത്ത് ഇറാനിലെ ഭരണാധികാരികൾക്ക് നഷ്ടമായി. എന്നാൽ ഈ കൊച്ചു കാലയളവിനുള്ളിൽ തന്നെ അഫ്ഗാൻ ഭരണാധികാരികളുടെ കരവിരുത് ഇസ്ഫാഹാനിൽ പ്രതിഫലിച്ചു. മസ്ജിദ് ജുമുഅ ഇസ്‌ഫഹാൻ (friday Mosque) ന്റെ “മിഹ്റാബ് ” ആയ(മുസ്ലിം പള്ളികളിലെ പ്രധാന നമസ്കാര സ്ഥലം) “പോർച്ച് ഓഫ് ഉമർ” (Porch of Omar) അഫ്ഗാൻ അധിനിവേശത്തിന്റെ സംഭാവനയാണ്. എന്നാൽ 1753 ൽ “കരീം ഖാൻ” ഈ പ്രദേശം പിടിച്ചടക്കുകയും ഖാജർ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന്, ഇസ്ഫഹാനിൽ നിന്ന് തലസ്ഥാനം ശൈറാസിലേക്കും പിന്നീട് തെഹ്റാനിലേക്കും ഇദ്ദേഹം മാറ്റി. അതോടെ ഈ പ്രദേശത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടമായി. മാത്രമല്ല സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇസ്‌ഫഹാനിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചു കൊണ്ടുള്ള ‘കരീം ഖാൻ’ രാജാവിന്റെ ‘രാജശാസന’ ഇസ്ഫാഹൻ എന്ന പൗരാണിക നഗരത്തിന്റെ വളർച്ചയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു. ഈ കാലഘട്ടത്തിൽ ആകെ നിർമ്മിച്ചത് മസ്ജിദ്-എ-സയ്യദ് മാത്രമായിരുന്നു.
ഇസ്ഫഹാൻ ഇന്ന് ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രല്ല അനേകം പൗരാണിക നിർമ്മിതികളുടെ അതിമനോഹരമായ സംഗമസ്ഥാനം കൂടിയാണ്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇവിടത്തെ ഓരോ നിർമ്മിതികളെ കുറിച്ച് പഠിക്കാനും, ഗവേഷണം നടത്താനും ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികൾ ഇന്നും ഇറാനിലേക്കെത്തുന്നു.

വിവ- ജഹ്ഫർ തുവ്വക്കാട്

Related Articles