Current Date

Search
Close this search box.
Search
Close this search box.

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

സംസ്കാരം നമ്മുടെ ജീവിതത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ്. സാമൂഹിക ജീവിതത്തെ പരിശോധിക്കുകയും ഭക്ഷണം,വസ്ത്രം,സംഗീതം, ഭാഷ, സാഹിത്യം, വാസ്തുവിദ്യ, മതം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ വിവിധ വശങ്ങൾ നിരീക്ഷിക്കുകയും ചെയ്യുമ്പോഴാണ് സംസ്കാരങ്ങളെ മനസിലാക്കാനും അനുഭവിക്കാനും കഴിയുന്നത്. നമ്മുടേത് പോലുള്ള ബഹുസ്വര രാജ്യത്ത് സങ്കീർണ്ണമെങ്കിലും വൈവിദ്ധ്യങ്ങളുടെ ഒരു മനോഹാരിത നമ്മുടെ സംസ്കാരങ്ങളിൽ കാണാനാവും. വിവിധ മതങ്ങളും വിഭാഗങ്ങളും സംഭാവന ചെയ്ത സാംസ്‌കാരികമുഖമുദ്രകളുടെ സംയോജനമാണ് ഇന്ത്യയെ സമ്പൂർണമാക്കുന്നത്.

വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്.ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് ഇന്ത്യൻ ദേശീയവാദികൾക്കുള്ളത്. ഇക്കാലമത്രയും സംയോജിത സംസ്‌കാരത്തിലുള്ള ഈ വിശ്വാസമാണ് അധികാരസ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ അവരുടെ പ്രവർത്തനങ്ങളെ നയിച്ചിരുന്നത്.

പതിറ്റാണ്ടുകളായി തുടരുന്നതും കഴിഞ്ഞ മൂന്ന് വർഷങ്ങളോടെ വ്യാപകമാവുകയും ചെയ്ത ഹിന്ദു ദേശീയവാദികൾ നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള ഈ ബഹുസ്വര ധാരണയെ വിഭാഗീയവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ബ്രാഹ്മണിക്കൽ അല്ലാത്ത എല്ലാ കാര്യങ്ങളും വഴിതിരിച്ചുവിടുകയും തുരങ്കംവെക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിൽ നമുക്ക് കാണാനാവുന്നത്. താജ്മഹലിന്റെ രൂപം സമ്മാനമായി നൽകിയ സമയത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിനെ വിമർശിച്ച സംഭവം നടന്നത് അടുത്തിടെയാണ്. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും വിശുദ്ധ ഗ്രന്ഥമായ ഗീത സമ്മാനിക്കുന്ന രീതിയാണ് കൊണ്ടുവരേണ്ടതെന്നുമായിരുന്നു യോഗി അഭിപ്രായപ്പെട്ടത്.

ലോകാത്ഭുതങ്ങളിൽ സ്ഥാനം പിടിക്കുകയും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുമായ താജ്മഹലിനു സംരക്ഷണം നൽകൽ അനിവാര്യമാണ്. ഒരു ആഗോള വിനോദസഞ്ചാര ആകർഷണ കേന്ദ്രം എന്നതിലുപരി ഇന്ത്യയുടെ മഹത്തായ വാസ്തുവിദ്യാവിസ്മയങ്ങളുടെ പ്രധാന ഭാഗം കൂടിയാണ് താജ് മഹൽ. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച ഈ മഹത്തായ സ്മാരകത്തെക്കുറിച്ച് വ്യാജവാർത്തകൾ വ്യാപകമാണ്. ശിവക്ഷേത്രം മഖ്ബറയാക്കി മാറ്റിയതാണെന്നും മറ്റുമുള്ള പ്രചാരണങ്ങൾ തികച്ചും വസ്തുതവിരുദ്ധവും ചരിത്ര രേഖകകൾക്കെതിരുമാണ്.

താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ബാദ്ശാഹ്‌നാമയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. തന്റെ പ്രിയപത്നിയുടെ വേർപ്പാടിൽ ഷാജഹാൻ ചക്രവർത്തി അതീവ ദുഃഖിതനായെന്നും അവളുടെ സ്മരണയ്ക്കായി ശ്രദ്ധേയമായ ഒരു ശവകുടീരം നിർമ്മിക്കുകയാണെന്നും പ്രസിദ്ധ യൂറോപ്യൻ സഞ്ചാരിയായ പീറ്റർ മണ്ടി എഴുതിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് വ്യാപാരിയായ ടവർണിയർ ഇത് സ്ഥിരീകരിക്കുന്നുണ്ട്.ഷാജഹാന്റെ ദൈനംദിന അക്കൗണ്ട് ബുക്കുകൾ, മാർബിളിനായി ചിലവഴിച്ച പണം, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെയുള്ള ചെലവുകളുടെ വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശിവക്ഷേത്രമാണെന്ന (തേജോ മഹാലയ) തെറ്റിദ്ധാരണയുടെ ഏക അടിസ്ഥാനമായി പറയുന്നത് രാജാ ജയ്‌സിംഗിൽ നിന്ന് ഭൂമി വാങ്ങിയെന്നതാണ്. യഥാർത്ഥ ഉടമസ്ഥനെന്ന് പറയപ്പെടുന്ന ജയ്‌സിംഗ് ഒരു വൈഷ്ണവനായിരുന്നു.ഒരു വൈഷ്‌ണവ രാജാവ് ശിവക്ഷേത്രം പണിയാൻ സാധ്യതയില്ല എന്നതും ചേർത്തുവായിക്കേണ്ടതാണ്.

ആദ്യം ശിവക്ഷേത്രമായി കണക്കാക്കപ്പെട്ട ഇത് ഇപ്പോൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ഉറപ്പിച്ചുപറയുന്നത് രസകരമായ കാര്യമാണ്.എന്തിനാണ് ഗീതയ്ക്ക് ഇത്രയും പ്രാധാന്യം നൽകുന്നത് എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.മുമ്പ് പലപ്പോഴും നമ്മുടെ നേതാക്കളുടെ സന്ദർശനസമയങ്ങളിൽ അവരുടെ ആതിഥേയർക്ക് ഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യ പരീക്ഷണങ്ങൾ’ സമ്മാനിച്ചിരുന്നത് ഓർക്കേണ്ടതാണ്. ബ്രാഹ്മണ്യത്തിന്റെ കാതലായ മനുസ്മൃതിയുടെ ചുരുക്കരൂപമാണ് ഗീതയെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം മനുസ്മൃതി മൂല്യങ്ങൾക്കെതിരെ പോരാടുക എന്നതായിരുന്നു അംബേദ്കറുടെ കേന്ദ്ര ദൗത്യം. ഈയിടെയായി പ്രചരിക്കുന്ന മറ്റൊരു പ്രതീകം വിശുദ്ധ പശുവാണ്. ഇവ രണ്ടും ബ്രാഹ്മണ്യത്തിന്റെ പ്രതീകങ്ങളാണ്.ഹിന്ദുത്വത്തിന്റെ വേഷമണിഞ്ഞ് ബ്രാഹ്മണ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്.

എല്ലാ മതങ്ങളുടെയും പ്രദേശങ്ങളുടെയും ഭാഷകളുടെയും പ്രതീകങ്ങളെ ഇന്ത്യയായി കണക്കാക്കുന്നതാണ് നമ്മുടെ നേതാക്കൾ പകർന്ന സംസ്കാരം. അതനുസരിച്ച് ബുദ്ധ, ജൈന, ക്രിസ്ത്യ,മുസ്‌ലിം,സിഖുകാർ തുടങ്ങിയ സർവ്വരുടെയും സംഭാവനകൾ ഇന്ത്യൻ പൈതൃകത്തിന്റെ ഭാഗമാണ്. ഈ വൈവിദ്ധ്യം നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതുപോലെ എല്ലാ മതങ്ങളും യാതൊരു വിവേചനവുമില്ലാതെ തഴച്ചുവളർന്ന സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. നൂറ്റാണ്ടുകളായി ആളുകൾ ഈ മതങ്ങളെ പിന്തുടരുന്നുണ്ട്. ഇവരിൽ ചിലത് ഇവിടെ രൂപപ്പെടുകയും ചിലത് സന്യാസിമാർ, സൂഫികൾ, മിഷനറിമാർ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കടന്നുവന്ന് പ്രചരിച്ചതുമാണ്.ഇസ്ലാം പ്രധാനമായും പ്രചരിച്ചത് സൂഫി സന്യാസിമാരുടെ അധ്യാപനങ്ങളിലൂടെയും ക്രിസ്തുമതം വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ചാരിറ്റിക്കായി പ്രവർത്തിക്കുന്ന മിഷനറിമാരിലൂടെയുമാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ എല്ലാ മേഖലകളിലും വിവിധ മതസ്ഥരുടെ സമൃദ്ധമായ സംഭാവനകളുണ്ടെന്ന് നാം തിരിച്ചറിയണം.

നമ്മുടെ ഭക്ഷണ ശീലങ്ങൾ,വസ്ത്രധാരണം, വാസ്തുവിദ്യ തുടങ്ങിയവയിയെല്ലാം പശ്ചിമേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സംസ്കാരങ്ങളുടെ ആഴത്തിലുള്ള സ്വാധീനമുണ്ട്. ഭക്തി- സൂഫി പാരസ്പര്യത്തിന്റെ രീതികൾ ഇന്നും ആളുകളുടെ വിവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാണാനാവും. മുസ്ലീങ്ങൾക്കിടയിൽ ഭക്തി സന്യാസിമാർക്ക് അനുയായികളുണ്ടായിരുന്നത് പോലെത്തന്നെ നിരവധി ഹിന്ദുക്കൾ സൂഫി സന്യാസിമാരുടെ ദർഗകൾ സന്ദർശിക്കുന്നവരായിരുന്നു.

ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഏറ്റവും മികച്ച വ്യാഖ്യാതാവായിരുന്നു മഹാത്മാഗാന്ധി.മതങ്ങളിൽ ഗാന്ധി വിരോധമോ വിവേചനമോ കണ്ടില്ല. ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തിൽ ഗാന്ധി എഴുതുന്നു, “ഹിന്ദുക്കൾ മുസ്ലീം പരമാധികാരികൾക്ക് കീഴിലും മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് കീഴിലും തഴച്ചുവളർന്നു. പരസ്പരം പോരടിക്കുന്നത് ആത്മഹത്യാപരമാണെന്നും ആയുധബലത്താൽ ഒരു വിഭാഗവും തങ്ങളുടെ മതം ഉപേക്ഷിക്കില്ലെന്നും സർവ്വരും തിരിച്ചറിഞ്ഞു. അതിനാൽ സമാധാനത്തോടെ ജീവിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു. ഇംഗ്ലീഷുകാരുടെ വരവോടെ കലഹങ്ങൾ വീണ്ടും തുടങ്ങി… പല ഹിന്ദുക്കൾക്കും മുഹമ്മദീയർക്കും ഒരേ പൂർവ്വികർ ഉണ്ടെന്നും അവരുടെ സിരകളിലൂടെ ഒരേ രക്തമാണ് ഒഴുകുന്നുവെന്നതെന്നും നമ്മൾ ഓർക്കേണ്ടതല്ലേ?”

വിവിധ മതസ്ഥരുടെ ആചാരങ്ങളും സംഭാവനകളും സമന്വയിച്ച് രൂപപ്പെടുന്ന മനോഹരമായ ഭാരതീയ സംസ്കാരത്തിൽ നിന്ന് വിപരീതമായി ബ്രാഹ്മണിക്കൽ ചിഹ്നങ്ങൾ മാത്രം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ കാലത്ത് അതിനെ പ്രോത്സാഹിപ്പിക്കുകയാണ് യോഗി ആദിത്യനാഥ്‌ ചെയ്യുന്നത്.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles