Current Date

Search
Close this search box.
Search
Close this search box.

കൊറോണക്കാലത്തെ ‘ഖല്ദൂനിയൻ’ വിചാരങ്ങൾ

അബ്ദുറഹ്‌മാൻ ഇബ്നു ഖൽദൂൻ ഒരു Polymath ആയിരുന്നു – ചരിത്രകാരൻ, ചിന്തകൻ, ദാർശനികൻ, സാമൂഹികശാസ്ത്രജ്ഞൻ, രാഷ്ട്രതന്ത്രജ്ഞൻ, സാഹിത്യകാരൻ, ജഡ്ജി. ഇബ്നു ഖൽദൂന് 17 വയസുളളപ്പോഴാണ് യൂറോപ്പ്-ഏഷ്യ-ഉത്തരാഫ്രിക്കൻ ഭൂഖണ്ഡങ്ങളെ എട്ടു വർഷത്തോളം പിടിച്ചു കുലുക്കിയ പ്ലേഗ്ബാധ (Black Death:1346-1353) പൊട്ടിപ്പുറപ്പെട്ടത്. മഹാമാരി മൂലം യൂറോപ്പിലെ ജനസംഖ്യയുടെ 30-60% ഇടിവുണ്ടായി. പതിനാലാം നൂറ്റാണ്ടിലെ ലോകജനസംഖ്യ 45 കോടിയായിരുന്നത് 35-37½ കോടിയായി താഴ്ന്നു. ഇബ്നു ഖൽദൂന്റെ മാതാവിനെയും പല അധ്യാപകരെയും സുഹൃത്തുക്കളെയും1348-49കളിൽ പ്ലേഗ് തട്ടിയെടുത്തു.

അൽജീരിയൻ നഗരമായ തിലിംസാനിലെ ഇബ്നു സലാമ: കോട്ടയിൽ താമസിച്ച് മൂന്നു വർഷമെടുത്താണ് ഇബ്നുഖൽദൂൻ ‘മുഖദ്ദിമ’ 1377 നവംബറിൽ പൂർത്തിയാക്കിയത്. 30 വർഷങ്ങൾക്കു മുമ്പ് തന്റെ ജീവിതത്തെ ദുരന്തപൂർണമാക്കിയ പ്ലേഗ്ബാധയെപ്പറ്റി ‘മുഖദ്ദിമ’ യിൽ ഇങ്ങനെ എഴുതി:

“AD.14-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമില്ലാതെ മനുഷ്യവാസകേന്ദ്രങ്ങളെല്ലാം വിനാശകരമായ ഒരു മഹാവ്യാധിക്കിരയാകുകയും മനുഷ്യസമൂഹങ്ങളെ നശിപ്പിച്ചുകൊണ്ട് അതു നാഗരികതയെ തുടച്ചുനീക്കുകയും ചെയ്തു. മാനവസംസ്കാരത്തിന്റെ പല ഉത്തമനേട്ടങ്ങളെയും അതു പാടേ നിർമാർജ്ജനം ചെയ്തുകളഞ്ഞു. അന്നത്തെ ഭരണവർഗ്ഗങ്ങളെ അവയുടെ ക്ഷയോന്മുഖഘട്ടത്തിലാണ് മഹാമാരി നേരിട്ടത്. അവയുടെ കാലം ഏതാണ്ട് അവസാനിക്കാറായപ്പോൾ. അതുകാരണം അവയുടെ ശക്തി കുറഞ്ഞു. അവരുടെ ഭരണശേഷിയെത്തന്നെ അത് ഇല്ലാതാക്കി. അവർ തകർച്ചയിലേക്കും ഉന്മൂലനാശത്തിലേക്കും എത്തി. ഭൂമുഖത്ത് വളർന്നു പൊന്തിയ ആ നാഗരികത അവരുടെ തകർച്ചയോടെ തരിപ്പണമായി. നഗരങ്ങളും സൗധങ്ങളും നശിച്ചു. വഴികളും വഴിയടയാളങ്ങളും മറഞ്ഞു. പാർപ്പിടങ്ങളും മാളികകളും ഒഴിഞ്ഞു. വംശവും ഗോത്രവും ക്ഷയിച്ചു. ലോകം തന്നെ മാറിമറിഞ്ഞു. പടിഞ്ഞാറു സംഭവിച്ചതു തന്നെ കിഴക്കും സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ വ്യാപ്തിയും ജനസംഖ്യയും അനുസരിച്ചായിരുന്നു ആ നാശനഷ്ടങ്ങൾ എന്നുമാത്രം.”

പകര്‍ച്ചവ്യാധിയെക്കുറിച്ച് ഒരു ഗ്രന്ഥം

ഇബ്നുഖൽദൂന്റെ സമകാലികനും സുഹൃത്തുമായിരുന്ന പ്രസിദ്ധ അന്ദലുസീയൻ ചരിത്രകാരൻ ഇബ്നുൽ ഖത്വീബ് പകർച്ചാവ്യാധിയെക്കുറിച്ച് 1362ൽ ഒരു ഗ്രന്ഥം രചിച്ചു. مقنعة السائل عن المرض الهائل (മുഖ്നിഇതു സ്സാഇൽ അനിൽ മറളിൽ ഹാഇൽ). ‘ബ്ലാക്ക് ഡെത്തി’ന്റെ പശ്ചാത്തലത്തിൽ പകർച്ചാവ്യാധിയെപ്പറ്റി പ്രസ്തുത കൃതിയിൽ പറയുന്നു: “The existence of contagion is established by experience [and] by trustworthy reports on transmission by garments, vessels, ear-rings; by the spread of it by persons from one house, by infection of a healthy sea-port by an arrival from an infected land [and] by the immunity of isolated individuals.”

നാഗരികതയുടെ തകർച്ചയിൽ മഹാമാരികളുടെ പങ്ക്

നാഗരികതയുടെ നാശത്തിനുതന്നെ നിദാനമാവുന്ന പകർച്ചാവ്യാധികളുടെ മുഖ്യകാരണങ്ങളായി ഇബ്നു ഖൽദൂൻ ചൂണ്ടിക്കാട്ടുന്നത് നഗരങ്ങളിലെ അശാസ്ത്രീയമായ കെട്ടിടനിർമാണം, അമിതജനസാന്ദ്രത, തന്മൂലം സംഭവിക്കുന്ന വായുമലിനീകരണം, അമിതഭക്ഷണാസക്തി, വ്യായാമക്കുറവ്, ആഡംബരജീവിതം, ഭക്ഷണ-ലൈംഗികവൈവിധ്യങ്ങളോടുള്ള താത്പര്യം തുടങ്ങിയവയാണ്.

‘മുഖദ്ദിമ’യിലെ ഏതാനും വരികളിലൂടെ കടന്നു പോവാം:

A) ഭരണമാറ്റവും പകർച്ചാവ്യാധികളും. “ഒരു ഭരണവംശത്തിന്റെ അവസാനകാലത്ത് ജനസംഖ്യാവർദ്ധന ഉണ്ടായിരിക്കും; അപ്പോൾ പകർച്ചവ്യാധികളും ക്ഷാമവും അടിക്കടി ഉണ്ടാകുന്നു.”(Page:408)

B) ജനസാന്ദ്രത, അന്തരീക്ഷമലിനീകരണം. “പകർച്ചവ്യാധികളുടെ മുഖ്യകാരണം അമിതമായ ജനസാന്ദ്രത നിമിത്തമുള്ള വായുമലീനികരണമാണ്. ഇത് വായുവിൽ ദുഷിപ്പും ഈർപ്പവും വർദ്ധിപ്പിക്കുന്നു. ഇതുകൊണ്ടാണ് നാം കെട്ടിടങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇടങ്ങളിൽ തുറസ്സായ സ്ഥലങ്ങൾ ആവശ്യമായിവരുന്നതിന്റെ യുക്തി പരാമർശിച്ചത്. തുറന്ന സ്ഥലം വായുസഞ്ചാരം എളുപ്പമാക്കുന്നു. കെട്ടിടങ്ങൾക്കിടയിൽ തുറസ്സായ സ്ഥലങ്ങൾ ഇല്ലാതിരുന്നതു കൊണ്ടാണ് കെയ്റോയിലേയും ഫെസിലെയും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ മരണനിരക്ക് ഉയരുന്നത്…..”

കോവിഡ്-19ന്റെ പ്രഭവകേന്ദ്രമായ വുഹാൻ സിറ്റിയിൽ, അമിതമായ ജനസാന്ദ്രതയും കെട്ടിട്ടസാന്ദ്രതയും മൂലം വായുമലിനീകരത്തിന്റെ തോത് ഉയർന്നതാണ്. തുടക്കത്തിൽ നഗരത്തിലെമ്പാടും പിന്നീട് പുറം ലോകത്തേക്കും വൈറസ് അതിവേഗം പടരുന്നതിന് ഇത് കാരണമായി. ഇവിടെ ഇബ്നു ഖൽദൂന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാവുന്നു. രോഗവ്യാപനത്തിന് തടയിടാൻ Social Distancing മാത്രം പോരാ Building Distance ഉം വേണമെന്ന് നഗരസംവിധാനവും ആസൂത്രണവുമായി ബന്ധപെട്ട് ഇബ്നു ഖൽദൂൻ നിർദേശിക്കുന്നു.

C) നാഗരികജീവിതത്തിലെ അനാരോഗ്യകരമായ ഭക്ഷണസംസ്കാരം. “രോഗങ്ങൾ നഗരങ്ങളിലാണ് കൂടുതലായി ബാധിക്കുന്നത്. കാരണം ജനങ്ങൾ അവിടെ സമൃദ്ധമായ ജീവിതം നയിക്കുന്നുവെന്നതുതന്നെ. വളരെ അധികം ഭക്ഷണം അവർ കഴിക്കുകയും ഒരേതരം ഭക്ഷണം കൊണ്ടു തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിൽ ഒരു മുൻകരുതലും അവർ കൈക്കൊള്ളുന്നില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ, ധാരാളം കറിസാധനങ്ങൾ കൂട്ടിച്ചേർത്ത് അവയുണ്ടാക്കുന്നു. മസാലപ്പൊടികളും ഇലക്കറികളും പഴങ്ങൾ ഉണക്കിയും പച്ചയായും എല്ലാം ചേർത്തു പാകപ്പെടുത്തുന്നു. ഇവയിൽ ഏതെങ്കിലും ഒന്നോ, ഏതാനുമോ ഇനങ്ങൾ മാത്രം കൊണ്ട് അവർ തൃപ്തരല്ല. ഒരൊറ്റ കറിയിൽ മാത്രം നാല്പതു തരം പച്ചക്കറികളും മാംസങ്ങളും ചേർത്തതായി കാണാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഇത് ആ പോഷകപദാർത്ഥത്തിനു വിചിത്രമായ ഒരു രൂക്ഷത ഉണ്ടാക്കുകയും മിക്കപ്പോഴും ശരീരത്തിനും അതിന്റെ വിവിധ ഭാഗങ്ങൾക്കും യോജിക്കാതെ വരുകയും ചെയ്യുന്നു.”

D) നഗരവത്കരണം മൂലം സംഭവിക്കുന്ന , അശാസ്ത്രീമായ മാലിന്യനിർമാർജനസംവിധാനം. “നഗരങ്ങളിലെ വായു, ദുഷിച്ച വാതകങ്ങളും ആവികളും മൂലം ഹാനികരമായി മാറുന്നു. അവിടെ ധാരാളം അധികപ്പറ്റു സാധനങ്ങൾ കുമിഞ്ഞു കൂടുന്നതാണ് കാരണം. അന്തരീക്ഷവായുവാണ് വാസ്തവത്തിൽ ജീവന് ഊർജ്ജം നല്കുന്നത്. അങ്ങനെ ദഹനപ്രക്രിയയ്ക്ക് വേണ്ട പ്രകൃതിപരമായ ഊഷ്മാവിന്റെ സ്വാധീനം ഇതിലൂടെയാണ് ശക്തിപ്പെടുന്നത്.”

E) അനാരോഗ്യകരമായ ജീവിതശൈലി മരണനിരക്ക് വർധിപ്പിക്കുന്നു. “പട്ടണവാസികൾക്ക് ശരിയായ വ്യായാമം ലഭിക്കുന്നില്ല. അവർ സദാ വിശ്രമത്തിലും സ്വസ്ഥതയിലും കഴിയുന്നു. വ്യായാമത്തിന് അവരുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല. വ്യായാമം അവരിൽ കാര്യമായ സ്വാധീനവും ചെലുത്തുന്നില്ല. ഇതുകാരണം, നഗരങ്ങളിൽ രോഗബാധയുടെ നിരക്ക് ഏറിനില്ക്കുന്നു. അതുമൂലം പട്ടണവാസികൾക്കു ധാരാളം ഔഷധങ്ങളും ആവശ്യമാണ്.”

F) ഇന്ദ്രിയാസക്തി, ഭക്ഷണസമൃദ്ധി, ലൈംഗികവൈവിദ്ധ്യങ്ങളൊടുള്ള ആഭിമുഖ്യം, സ്വവർഗഭോഗം, വ്യഭിചാരം ഇവയൊക്കെ ഒരു നാഗരികതയുടെ തകർച്ചയുടെ വക്കിൽ സ്വാഭാവികമായും ഉരുവം കൊളളുന്ന സാമൂഹിക-മനോരോഗങ്ങളാണെന്ന് ഇബ്നു ഖൽദൂൻ പ്രവചിക്കുന്നു. (നവനാസ്തികരും ‘സ്വതന്ത്ര’ചിന്തകരും ഇപ്പോൾ ഉയർത്തുന്ന മുഴുവൻ വാദങ്ങളെയും അവരുടെ life attitudeനെയും ഈയൊരു context ൽ വിശകലനം ചെയ്യേണ്ടതുണ്ട്.)

“സ്ഥിരവാസനാഗരികതയെ താറുമാറാക്കുന്ന വസ്തുതകളുടെ കൂട്ടത്തിൽ സുഖങ്ങളുടെ ആധിക്യവും അതിനോടുള്ള അവരുടെ മനോഭാവവും ഒരു കാരണമാണ്. ആസ്വാദ്യകരമായ ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹങ്ങളിലും വൈവിദ്ധ്യം ഏറിവരുന്നു. ലൈംഗികസുഖങ്ങളിലുള്ള വൈവിധ്യവും സ്വവർഗ്ഗസംഭോഗവും വ്യഭിചാരവും തുടങ്ങി മറ്റ് അസാന്മാർഗ്ഗിക പ്രവൃത്തികളും ഇതേ തുടർന്നു വരുന്നു. ഇത് മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുന്നു. അത് പ്രത്യക്ഷമായി, മനുഷ്യവ്യക്തികളുടെ പൈതൃകത്തിൽ കുഴപ്പവും സംശയവും ഉണ്ടാക്കിത്തീർക്കുന്നു. ഒരാൾക്കും തന്റെ മകനെ അറിയാൻ കഴിയുന്നില്ല എന്ന് വരുന്നു. കാരണം അവൻ വ്യഭിചാരത്തിൽ ജനിച്ചതാണ്; ചാരിത്ര്യം സൂക്ഷിക്കപ്പെടാതെ വരുന്നതുകൊണ്ട് ഈ പൈതൃകം കുഴഞ്ഞുമറിഞ്ഞുപോകും. മനുഷ്യന് സ്വാഭാവികമായും തന്റെ മക്കളോട് ഉണ്ടാകേണ്ട കൃപയും അവരെക്കുറിച്ച് വേണ്ട ഉത്തരവാദിത്വബോധവും നഷ്ടപ്പെടുന്നു. അങ്ങനെ തലമുറ നശിക്കുന്നു. മനുഷ്യവംശത്തിന്റെ തന്നെ നാശത്തിന് അതു വഴിവയ്ക്കുന്നു.” (മുഖദ്ദിമ, പേജ്: 461)

G) നാഗരികജീവിതത്തിന്റെ അനിവാര്യതയായ ജീവിതശൈലീരോഗങ്ങൾക്കുള്ള ചികിത്സയായി ഇബ്നു ഖൽദൂൻ ഡയറ്റിങ്ങ് നിർദേശിക്കുന്നു.. “എല്ലാ രോഗങ്ങൾക്കും മൂലകാരണം ഭക്ഷണമാണ് എന്ന് നാം മനസ്സിലാക്കണം. ഔഷധവിദ്യയെക്കുറിച്ചു നബിതിരുമേനി പ്രസ്താവിച്ച ബൃഹത്തായ ഒരു വചനമുണ്ട്; ഈ നബിവചനത്തെക്കുറിച്ച് മതപണ്ഡിതന്മാർ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. തിരുമേനി പറഞ്ഞു: “രോഗങ്ങളുടെ അടിസ്ഥാനം ആമാശയമാണ്. ഭക്ഷണനിയന്ത്രണമാണ് ഫലപ്രദമായ ചികിത്സ. ഏതൊരു രോഗത്തിനും തുടക്കം ദഹനക്കുറവുമാണ്. രോഗത്തിന്റെ അടിത്തറ ആമാശയമാണെന്ന വസ്തുത സ്വയം വ്യക്തമാണ്. ഭക്ഷണനിയന്ത്രണമാണ് പ്രധാന ചികിത്സയെന്ന വസ്തുത നാം ഗ്രഹിക്കേണ്ടത്. ആ നിയന്ത്രണം (ഹിംയത്) എന്നാൽ വിശക്കുക എന്ന അർത്ഥത്തിലാണ്. ഭക്ഷണത്തെ വിട്ടൊഴിഞ്ഞു നില്ക്കുക'(ഇഹ്തിമാഅ്)യാണല്ലോ വിശപ്പ്. ഇതിന്റെ അർത്ഥമാകട്ടെ, “വിശപ്പാണ് ഏറ്റവും വലിയ ഔഷധം” എന്നാകുന്നു; എല്ലാ ഔഷധങ്ങളുടെയും മൂലകം അതാണ്. “ദഹനക്കുറവാണ് രോഗങ്ങളുടെയെല്ലാം തുടക്കം” എന്ന പദപ്രയോഗത്തിന്റെ അർത്ഥം നാം ഗ്രഹിക്കേണ്ടത്, ആമാശയത്തിലുള്ള ഭക്ഷണം ദഹിക്കുന്നതിനുമുമ്പ് പുതിയ ഭക്ഷണം അതിനോട് ചേരുകയെന്നതാണ്. ഇതാണ് ദഹനക്കുറവ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്.”

“ഇതിന്റെ അംഗീകൃതപ്രയോജനം കാരണം നഗരങ്ങളിൽ ഈ ചികിത്സാരീതി ആവശ്യമാണ്. (മരുഭൂജീവിതം നയിക്കുന്നവർക്ക് ഇതിന്റെ ആവശ്യമില്ല) ആരോഗ്യം പരിരക്ഷിക്കുന്നതിനും രോഗം ശമിപ്പിക്കുന്നതിനുമാണ് ഇതു പ്രയോജനപ്പെടുന്നത്. ഇതിന് ഔഷധപ്രയോഗം മൂലമുള്ള ചികിത്സ ആവശ്യമാണ്. അങ്ങനെ രോഗശമനം സാധ്യമാകുന്നു.” (Page:506)

കോവിഡാനന്തരകാലത്തെ നവലോകക്രമവും സാമൂഹികജീവിതവും സമ്പദ്ഘടനയും ചികിത്സാസമ്പ്രദായങ്ങളും ജീവിതശൈലിയും എങ്ങനെയായിരിക്കുമെന്ന ചർച്ചകളും വിശകലനങ്ങളും ലോകമെമ്പാടും സജീവമാകുമ്പോൾ,
‘മുഖദ്ദിമ’ മുന്നോട്ടു വെക്കുന്ന ഖൽദൂനിയൻ ചിന്തകൾക്ക് പ്രസക്തിയേറുന്നു.

Related Articles