Current Date

Search
Close this search box.
Search
Close this search box.

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

തിക്രീതിലെ കൊട്ടാര സമാനമായ വീട്ടിൽ നജ്മുദ്ദീൻ രാജകുമാരൻ ഒറ്റക്കാണ്. പിതാവ് ശാദി മരിച്ചിട്ട് വർഷങ്ങളായി. മൂത്ത സഹോദരൻ അസദുദ്ദീൻ പെണ്ണുകെട്ടി ഈജിപ്റ്റിന്റെ ഭാഗത്തേക്ക് മാറിത്താമസമാക്കി. ഉപ്പ പേരകുട്ടികളോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ച തറവാടാവട്ടെ കുട്ടികളുടെ കലപിലകളില്ലാതെ , ആളനക്കമില്ലാതെ അസദ് ഇതുവരെ കണ്ടിട്ടില്ല. പെങ്ങന്മാരുടെയും ജേഷ്ഠന്മാരുടെയും മക്കൾ വളർന്ന് വലുതായി അവരവരുടെ വീടുകളിലേക്ക് മാറിയപ്പോഴേക്കും ഉപ്പ മരിക്കുകയും ചെയ്തു. പേരക്കുട്ടികളെ കളിപ്പിക്കുന്ന വല്ലിപ്പയില്ലാത്ത വീട്ടിലേക്ക് ഒരു കുഞ്ഞിക്കാല് കൂടി കാണണം എന്ന ചെറിയ ആഗ്രഹം മാത്രമാണ് അസദിന് . അങ്ങനെ വീട് പഴയ പ്രതാപത്തിലേക്കും സന്തോഷത്തിലേക്കും വരട്ടെ എന്ന പൂതിക്ക് അനുജനോട് ചോദിച്ചു: നജ്മു , നിനക്കെന്താ ഒരു പെണ്ണ് കെട്ടിയാൽ , പറ്റിയ കുട്ടികളെ ഞാൻ തന്നെ അന്വേഷിച്ച് കണ്ടെത്തി തരാം.
അനുജൻ രണ്ടും കല്പിച്ച് പറഞ്ഞ മറുപടിയാണ് നമ്മുടെ തലവാചകം : എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക.
അസദ് വിടാൻ ഭാവമുണ്ടായിരുന്നില്ല :
മാലിക് ഷായുടെ മകൾ, അതുമല്ലെങ്കിൽ മന്ത്രി പുത്രി
ആരെ വേണമെങ്കിലും നിനക്കു വേണ്ടി ഞാൻ ആലോചിക്കാം.
നജ്മുദ്ദീൻ അസദിനോട് തുറന്നുപറഞ്ഞു: “അവരൊന്നും എനിക്ക് അനുയോജ്യരല്ല ”
അസദിന് കൗതുകമായി ;നാട്ടിലെ സൗന്ദര്യ റാണികളെയാണ് താൻ അനുജനായി നിർദ്ദേശിക്കുന്നത്.
അവനാണെങ്കിൽ അവരെയൊന്നും പറ്റുന്നുമില്ല.
അസദ് ചോദിച്ചു: എന്നാ പിന്നെ ഏത് രാജാത്തിയാണ്
നിനക്ക് അനുയോജ്യ ?
നജ്മുദ്ദീൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: ‘സ്വർഗത്തിലേക്ക് എന്റെ കൈപിടിച്ച് കൊണ്ടു പോവുന്ന ഒരു മോനെ പ്രസവിക്കുന്ന നീതിമതിയായ ഒരു പെണ്ണിനെ മാത്രമേ എനിക്ക് വേണ്ടൂ. അവളിലൂടെ എനിക്ക് ഒരു പോരാളിയായ മോൻ പിറക്കണമെന്നും
അവൻ വളർന്ന് വലുതായി നമുക്ക് നഷ്ടപ്പെട്ട ഖുദ്സ് തിരിച്ചു പിടിച്ചു കൊണ്ട് വന്നു തരുന്നതും എന്റെ സ്വപ്നത്തിലുണ്ട്.’
മകൻ പിറക്കുന്നതിനും എത്രയോ മുമ്പ് വാപ്പ കണ്ടിരുന്ന സ്വപ്നം മൂത്താപ്പയോട് പങ്കുവെച്ചു. അസദ് ആകെ തിരിച്ച് പറഞ്ഞത് : അതൊക്കെ എപ്പോ നടക്കാനാണ്?

അനുജൻ നജ്മുദ്ദീൻ മറുപടി കൊടുത്തു: ആര് റബ്ബിനോട് ആത്മാർത്ഥത പുലർത്തുന്നോ, അവന്റെ ഉദ്ദേശ്യം റബ്ബ് അവന് നൽകും.

ഒരു ദിവസം നജ്മുദ്ദീൻ ഒരു പണ്ഡിതന്റെ കൂടെ തിക്രിത്തിലെ വലിയ പള്ളിയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.
തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ശൈഖിന് സലാം ചൊല്ലി ഒരു പെൺകുട്ടി വന്നു. ശൈഖ് പെൺകുട്ടിയോട് സംസാരിക്കാനായി രാജപുത്രനോട് അനുവാദം ചോദിച്ചു. ശൈഖ് അവളോട് പറയുന്നത് നജ്മുദ്ദീൻ കുമാരൻ കേൾക്കുന്നുണ്ടായിരുന്നു.
ശൈഖ് : നിന്നെ വിവാഹം ആലോചിക്കാൻ ഞാൻ നിന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ചെക്കനെ നീ എന്തിന് മടക്കി വിട്ടു ?
പെൺകുട്ടി ശൈഖിനോട് : അതെ , ചെക്കന് ഭംഗിയും ഉയരവും ഉണ്ട്, പക്ഷേ എനിക്ക് അനുയോജ്യനല്ല എന്നെനിക്ക് തോന്നി.
ശൈഖ് അവളോട് : നിനക്ക് പിന്നെ ഏത് ചെക്കനെയാണ് വേണ്ടത്?
അവൾ ശൈഖിനോട് : ശൈഖ് , എന്റെ കൈപിടിച്ച് സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന ഒരു പുതിയാപ്ലയെ ആണ് ഞാനാഗ്രഹിക്കുന്നത്. അദ്ദേഹത്തിലൊരു മകൻ ഉണ്ടാവണമെന്നും അവൻ നാളെ നമ്മുടെ അഭിമാനമായ ബൈതുൽ മഖ്ദിസ് പുനഃസ്ഥാപിക്കുന്നതുമാണ് എന്റെ സ്വപ്നം .
രാജകുമാരൻ അത്ഭുതപ്പെട്ടു; താൻ തന്റെ സഹോദരനോട് പങ്കുവെച്ച അതേ സ്വപ്നം .
പദവിയും സൗന്ദര്യവും പണവുമുള്ള ആലോചനകളെ താൻ തിരസ്കരിച്ചത് പോലെ അത്തരം സൗന്ദര്യ സങ്കല്പങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ച ഒരു പാവപ്പെട്ട ഗ്രാമീണ പെൺകുട്ടി . ഉടൻ നജ്മുദ്ദീൻ രാജകുമാരൻ തന്റെ സ്വപ്നത്തിലെ പെൺകുട്ടിയാണിവൾ എന്നും ഇവളെയാണ് ഞാൻ തേടിക്കൊണ്ട് നടന്നിരുന്നതെന്നും ശൈഖിനോട് വ്യക്തമാക്കി.
ശൈഖ് പറഞ്ഞു: ഇവളിവിടത്തെ അയൽപക്കത്തെ ദരിദ്രരിൽ ദരിദ്രനായ ഒരാളുടെ മകളാണ്.
നജ്മുദ്ദീൻ പറഞ്ഞു: അതെ , അതാണ് എനിക്ക് വേണ്ടത്.
നജ്മുദ്ദീൻ അയ്യൂബ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു. സിത്തുൽ മുൽക് ഖാത്തൂൻ എന്നായിരുന്നു അവരുടെ പേര്. ആ ഉമ്മയും ഉപ്പയും യുവത്വത്തിലേ കണ്ട സ്വപ്നം അല്ലാഹു ഒരുമിച്ച് സഫലമാക്കി.
അവർക്കവരാഗ്രഹിച്ചത് പോലെ ഒരു കുഞ്ഞു പിറന്നു.
അവരവന് സ്വലാഹ് എന്ന് പേര് വിളിച്ചു. ഉപ്പാന്റെ പേര് പോലെ സ്വലാഹുദ്ദീൻ അയ്യൂബ് ആണ് ഖുദ്സിന്റെ വിമോചകനായ സ്വലാഹുദ്ദീൻ അയ്യൂബി ആയത്.
കുഞ്ഞു സ്വലാഹു മുലപ്പാലിന് വേണ്ടി കരയുമ്പോൾ ഉമ്മ സിത്തുൽ മുൽക് വുദു ചെയ്തിട്ടേ പാൽ കൊടുക്കാറുണ്ടായിരുന്നുള്ളൂ. ചെറുപ്പത്തിൽ സ്വലാഹുദ്ദീൻ പൊട്ടിച്ചിരിക്കുമ്പോഴെല്ലാം ആ ഉമ്മ കുഞ്ഞിനോട് പറയും : മോനേ സ്വലാഹു, ഖുദ്സ് ശത്രുക്കളുടെ കൈകളിലായിരിക്കുമ്പോഴും നിനക്കെങ്ങിനെ ചിരിക്കാനാവുന്നു??!
ആ മകൻ പിന്നീട് ഗൗരവത്തിലാണ് വളർന്നത്. പിന്നീട്
25 റബീഉൽ ആഖിർ 583 ൽ (4/7/1187 CE) ന് ഖുദ്സ് വിമോചിപ്പിക്കുന്നത് വരെ ആ പുത്രൻ പൊട്ടിച്ചിരിച്ചിട്ടില്ല. വിജയത്തിന് ശേഷവും മുമ്പും സ്വയം മറന്നുകൊണ്ടുള്ള സന്തോഷവും ആഘോഷങ്ങളും അദ്ദേഹത്തിനുണ്ടായിട്ടില്ല. 57-ാം വയസ്സിൽ ഇറാഖിൽ വ്യാപകമായി പിടിപെട്ട ടൈഫോയ്ഡ് ബാധിച്ചാണദ്ദേഹം മരിച്ചത്. (D 589 AH/1193 CE)

ഇതാണ് കല്യാണ ആലോചനകളിൽ നമ്മുടെ പാരമ്പര്യം.
നമ്മുടെ മക്കളുടെ സ്വപ്നങ്ങൾ ഇങ്ങനെയുള്ളതാവാനാണ് നാം വുദു ചെയ്യേണ്ടത്.
അവരുടെ ശൈശവത്തിലേ നാം കാണുന്ന സ്വപ്നത്തിലേക്ക് പടിപടിയായി അവരെ വളർത്തണം.

1 – المصور في التاريخ لشفيق جحا 36 / 6
2 – وفيات الأعيان لابن خلكان/ 152/ 7

Related Articles