Current Date

Search
Close this search box.
Search
Close this search box.

പുസ്തകങ്ങൾക്ക് വേണ്ടി വിവാഹം

ഇമാം ഇസ്ഹാഖ് ബിൻ റാഹവൈഹി (Ishaq ibn Rahwayh) ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. മരിച്ചുപോയ അവരുടെ ഭർത്താവിന്റെ പേരിൽ ഇമാം ശാഫിഈ (Imam Shafi) (റഹ്)യുടെ മുഴുവൻ കിതാബുകളുമുണ്ടായിരുന്നു എന്നതാണതിന് കാരണം. അദ്ദേഹത്തോട് ചിലരത് ചോദിക്കുകയും ചെയ്തു: എന്താണ് നിങ്ങളെ ഈ വിവാഹത്തിന് പ്രേരിപ്പിച്ചത്?

അദ്ദേഹം പറഞ്ഞു: സ്ത്രീ തന്റെ പുസ്തകങ്ങൾക്ക് വേണ്ടിയും വിവാഹം കഴിക്കപ്പെടും ….
അഥവാ ധനവും പ്രശസ്തിയും സൗന്ദര്യവും മതവും പോലെ പുസ്തകങ്ങളും ചിലർക്ക് ലക്ഷ്യമാവാമെന്ന് സാരം. അക്ഷരാർഥത്തിൽ ഗ്രന്ഥങ്ങളെ വേളി കഴിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

ഇസ്ഹാഖ് ബിൻ റാഹവൈഹി മർവസി ഹൻസലി തമീമി ( 161 – 238AH / 778-853 CE), മഹാനായ ഇമാമും കിഴക്കിന്റെ ശൈഖും അക്കാലത്തെ ഹാഫിളുകളുടെ നേതാവുമായിരുന്നു. അദ്ദേഹം ഇമാം ശാഫിഈയുടെ ശിഷ്യനും ഇമാം ബുഖാരിയുടെ ഗുരുവുമായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. തന്റെ സ്വഹീഹിന്റെ മുഖ്യ പ്രേരകം ഗുരുവായ ഇബ്നു റാഹവൈഹി ആണെന്ന് ബുഖാരി തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവ് അബുൽ ഹസൻ ഇബ്‌റാഹീം യാത്രാമദ്ധ്യേ ആണ് ജനിച്ചത്. അതിനാൽ ‘വഴിയിൽ വെച്ചുണ്ടായ കുട്ടി’ എന്നർഥം വരുന്ന ഫാരിസീ നാമം റാഹവൈഹി എന്ന് വ്യാപകമായി വിളിക്കപ്പെടുകയായിരുന്നു. കറകളഞ്ഞ ദൈവഭക്തിയും വിശ്വസ്തതയും സമ്മേളിച്ച വ്യക്തിത്വത്തിനുടമകളായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ പുത്രനും . കർമശാസ്ത്ര വിഷയങ്ങളിൽ പലപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്തിയിരുന്ന പണ്ഡിതനായിരുന്നു ഇസ്ഹാഖു ബ്‌നു റാഹവൈഹി. ഉദാ: നമസ്കരിക്കുന്നതിനു മുമ്പുള്ള പല്ലു തേക്കൽ വാജിബാണ് എന്നിങ്ങനെയുള്ള ചില പ്രത്യേക മസ്അലകൾ നോക്കുക.

അദ്ദേഹത്തിന്റെ കർമശാസ്ത്ര വീക്ഷണങ്ങൾ ഒരു പ്രത്യേക മദ്ഹബായി അക്കാലത്ത് രൂപപ്പെട്ടിരുന്നു. ജനകീയത ലഭിക്കാത്തതിനാൽ കാലക്രമേണ ശോഷണം വന്നു പോയ ഒരു മദ്ഹബ് ആയിരുന്നുവത്.

ഇമാം ശാഫിഈയും ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹിയും സമകാലികരായിരുന്നു. മക്കയിൽ വെച്ചാണ് ഇബ്‌നു റാഹവൈഹി ഇമാം ശാഫിഈയെ ആദ്യമായി പരിചയപ്പെടുന്നത്. ഇരുവർക്കുമിടയിൽ പഠനാർഹമായ നിരവധി സ്നേഹ സംവാദങ്ങൾ തുടർന്ന് നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മക്കയിൽ സ്ഥിതിചെയ്യുന്ന വീടുകളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് ഇവർക്കിയിൽ നടന്ന ചർച്ച ഏറെ പ്രസിദ്ധമാണ്. മൃഗങ്ങളുടെ തോൽ ഊറക്കിട്ടാൽ ശുദ്ധമാവുമെന്ന ഇമാം ശാഫിഈ(റ)യുടെ അഭിപ്രായത്തെ ആദ്യ ഘട്ടത്തിൽ ഖണ്ഡിച്ച ഇബ്‌നു റാഹവൈഹി, പിന്നീട് ദീർഘമായ ചർച്ചകൾക്കൊടുവിൽ ഇമാം ശാഫിഈയുടെ അഭിപ്രായത്തെ മാനിച്ച് ശരിവെക്കുകയും തുടർന്ന് ഇമാം ശാഫിഈയുടെ അഭിപ്രായമാണ് എനിക്കുള്ളത് എന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഇമാം ബൈഹഖി (റഹ്) പറയുന്നു: ഇമാം ശാഫിഈയുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി. ഇമാം ശാഫിഈയുടെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിയ ഇബ്‌നു റാഹവൈഹി, അദ്ദേഹത്തിന്റെ മുഴുവൻ ഗ്രന്ഥങ്ങളും പകർത്തിയെഴുതുകയുണ്ടായി എന്ന് പറയപ്പെടുന്നു.

വിജ്ഞാന സമ്പാദനത്തിനും ഹദീസ് സമാഹരണത്തിനുമായി വ്യത്യസ്ത നാടുകൾ ചുറ്റി സഞ്ചരിച്ച ഇബ്‌നു റാഹവൈഹി ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ സ്വദേശമായ മർവിലേക്ക് മടങ്ങുകയായിരുന്നു. തന്റെ അവസാന നാളുകൾ നൈസാബൂരിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അൽ മുസ്‌നദ്, കിതാബുത്തഫ്‌സീർ, കിതാബുൽ ഇൽമ് എന്നിവയാണ് പ്രധാന കൃതികൾ. ഹിജ്‌റ 238-ൽ, 75-ാമത്തെ വയസ്സിൽ അദ്ദേഹം ഈലോകത്തോട് വിടപറഞ്ഞു.

Ref :
سير أعلام النبلاء: الذهبي (10/70)
تدريب الراوي : السيوطي (92/1)

Related Articles