Current Date

Search
Close this search box.
Search
Close this search box.

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

ഖുദ്‌സ് കീഴടക്കിയ ശേഷം, തദ്ദേശീയരായ ക്രിസ്ത്യാനികൾക്ക് ഖലീഫ പ്രഖ്യാപിച്ച ‘അമാൻ= സുരക്ഷിത ജീവിതാവസര’ ത്തിന് നന്ദിയായി ക്രിസ്ത്യാനികൾ സ്നേഹപൂർവ്വം സമ്മാനിച്ച ‘അനശ്വര’ നാമമാണ് ‘ഫാറൂഖ്’ =രക്ഷകൻ. ഇസ്ലാമിന്റെ സഹിഷ്ണുതയും ഇസ്‌ലാമിലെ ജനപക്ഷ രാഷ്ട്രീയവും വ്യക്തമാക്കുന്ന മായാത്ത മുദ്രയാണ് ‘ഫാറൂഖ്’.

ത്വബ് രി രേഖപ്പെടുത്തുന്നു. ‘ഉമറിന് ഫാറൂഖ് എന്ന നാമം നൽകിയത് ആരെന്ന കാര്യത്തിൽ സലഫുകൾ ഭിന്ന വീക്ഷണം പുലർത്തുന്നുണ്ട്’. ‘നബി (സ) നൽകിയ പേരാകുന്നു’ എന്ന അഭിപ്രായമുള്ളവർ മഹതി ആഇശയിൽ നിന്നുള്ള ഒരു റിപ്പോർട്ട് തെളിവായി സമർപ്പിക്കുന്നു; അതുപോലെ , إنّ الله جَعَل الحقّ على لسان عمر وقلبه وهو ‌الفاروق فرق الله به بين الحقّ والباطل എന്നൊരു പരാമര്ശമടങ്ങുന്ന റിപ്പോർട്ടും അവർ തെളിവായി ഉന്നയിക്കാറുണ്ട്.

എന്നാൽ, ആദ്യമായി ആ പേര് വിളിക്കുന്നത് വേദക്കാരാകുന്നു’. എന്ന വീക്ഷണം പണ്ടേ ഉണ്ട്. ഇബ്നു ശിഹാബ് സുഹ്‌രിയുടെ വാക്കുകളാണ് ഇവരുടെ തെളിവ്. “ഉമറിനെ ഫാറൂഖ് എന്ന് വിളിച്ചത് വേദക്കാരാണെന്നാണ് നമുക്ക് ലഭിച്ച വിവരം. മുസ്‌ലിംകൾ പിന്നീട് അതേറ്റെടുക്കുകയായിരുന്നു. നബി (സ) അങ്ങനെ പേര് നൽകിയതായി നമുക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല’.

ഹിജ്‌റ 230 ൽ മരണപ്പെട്ട ഇബ്നു സഈദ് സുഹ്‌രി യുടെ ‘ത്വബഖാത്തുൽ കബീറിലും പിന്നീട് ത്വബ് രിയും മറ്റും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

വേദക്കാരിൽ ആര്, എപ്പോൾ, എന്തർത്ഥത്തിൽ, ഏത് സാഹചര്യത്തിൽ ഖലീഫാ ഉമറിനെ ഫാറൂഖ് എന്ന് വിളിച്ചു എന്ന ചോദ്യം പ്രസക്തമായിരുന്നു. അതിനുള്ള കൃത്യമായ ഉത്തരം നൽകുന്നത് സിറിയൻ ഓർത്തോഡോക്സ് സഭയുടെ രേഖകളാണ്.

അന്ത്യോഖ്യായിലെ സഭാ നേതൃത്വത്തെ അംഗീകരിച്ചു ജീവിച്ചുപോന്ന സിറിയൻ ഓർത്തോഡോക്സ് ക്രിസ്ത്യാനികൾക്ക്, പുണ്യ കേന്ദ്രമായ ഖുദ്‌സ് കീഴടക്കിയ ജേതാവായ ഖലീഫാ ഉമർ, ‘നിർഭയത്വ വാഗ്ദാനം’=’അമാൻ’ നൽകുകയുണ്ടായി. ഖുദ്സ് ബിഷപ്പായിരുന്ന സോഫ്‌റോണിയോസ്‌ ആയിരുന്നു ഖലീഫാ ഉമറിനെ സ്വീകരിക്കുന്നത്. ബൈസാന്റിയൻ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ ക്രൂരമായ അടിച്ചമർത്തൽ സഹിച്ച് കഴിയുകയായിരുന്നു അവർ. ഇസ്‌ലാമിക സന്ദേശവാഹകർ പുണ്യഭൂമി കീഴ്‌പ്പെടുത്തിയതിനെ തുടർന്നാണ് അവരുടെ നെടുവീർപ്പും കണ്ണീരും അവസാനിച്ചത്. അതിനുള്ള നന്ദിയായിട്ടായിരുന്നു, യേശുക്രിസ്തുവിനെ വിശേഷിപ്പിക്കാറുള്ള ‘രക്ഷകൻ/ വിമോചകൻ’ എന്ന അർത്ഥമുള്ള സുറിയാനി പദമായ ‘ഫാറോഖ്’ എന്ന മഹത്തായ പേരിട്ട് അവർ ഖലീഫയെ ബഹുമാനിക്കുന്നത്.

2011 ൽ മരണപ്പെട്ട പ്രമുഖ സിറിയൻ ഓർത്തോഡോക്സ് പണ്ഡിതനും ഗ്രന്ഥരചയിതാവും ഉപ പാത്രിയർക്കീസുമായിരുന്ന മെത്രാൻ മാർസുവേറിയോസ്‌ ഇസ്ഹാഖ് സാകാ യുടെ ‘കനീസത്തിസ്സുറിയാനിയ്യ’ (എൻ്റെ സുറീയാനീ സഭ’) എന്ന പുസ്തകത്തിന്റെ, പുറം 78, 79 ലും, ‘അസ്സുറിയാൻ : ഈമാൻ, വ ഹളാറ’ (സുറിയാനികൾ: വിശ്വാസം, സംസ്കാരം) എന്ന നാലുവാള്യങ്ങളുള്ള കൃതിയുടെ ഒന്നാം വോള്യത്തിലും രണ്ടാം വോള്യത്തിലും ഫാറോഖ് എന്ന നാമകരണത്തിന്റെ പശ്ചാത്തലം അനുസ്മരിക്കുന്നതു കാണാം.

“സുറിയാനി ക്രിസ്ത്യാനികൾ ബൈസാന്റിയൻ അധികാരികളുടെ പീഡനം അനുഭവിക്കുന്ന അതെ സമയത്ത്, അതാ, ദൈവത്തിന്റെ കാരുണ്യപൂർവ്വമായ ഇടപെടൽ സംഭവിക്കുന്നു, പുണ്യ നഗരം മോചിപ്പിക്കാൻ അറബ് നാട്ടിൽ നിന്നും ഇസ്‌ലാമിക വീരസേന കടന്നുവരുന്നു. രൂക്ഷമായ നിരവധി ചെറുത്തുനില്പുകളെത്തുടർന്ന് റോമൻ പേർഷ്യൻ സൈന്യങ്ങൾ തകർന്നടിയുകയും, സത്യം- സമത്വം- സമഭാവനകളിൽ അധിഷ്ഠിതമായ ‘അറബികളുടെ നീതിഭരണം’ കടന്നുവരികയും ചെയ്തു. ചരിത്രത്തിലെ ഈ വഴിത്തിരിവ് നാളിൽ സുറിയാനി ക്രിസ്ത്യാനികൾ അത്യാഹ്ലാദ ചിത്തരായിത്തീർന്നു; അതിനാലവർ, ‘വിമോചകൻ/ രക്ഷകൻ’ എന്നർത്ഥമുള്ള സുറിയാനി പദമായ ‘ഫാറോഖ്’ എന്ന് ഖലീഫ ഉമറിനെ വാഴ്ത്തുകയുണ്ടായി.. ”

“ക്രിസ്ത്യൻ സഭയ്ക്ക് നന്മയുടെയും അഭിവൃദ്ധിയുടെയും സമാധാനത്തിന്റെയും കാലഘട്ടമായിരുന്നു ഇത്. സഭയുടെ ഭരണസംബന്ധമായും ആത്മീയമായും സാമൂഹികവുമായുള്ള കാര്യങ്ങളെല്ലാം വ്യവസ്ഥാപിതമായി സഭ നടത്താൻ ആരംഭിച്ചു. വൈജ്ഞാനികവും ബൗദ്ധികവുമായിട്ടുള്ള ഉയർന്ന ഉണർവ്വ് സാധ്യമായി. ഭൂരിഭാഗം ക്രിസ്ത്യൻ വിശ്വാസികളും സമാധാനത്തോടെ തങ്ങളുടെ തൊഴിലുകളിൽ ഏർപ്പെട്ടു; കാരണം, ഇസ്‌ലാം അവർക്ക് സമഗ്രമായ സുരക്ഷിതത്വം ഉറപ്പുനൽകിയിരുന്നു. കരാറുകളിലൂടെയും പരസ്പര ധാരണകളിലൂടെയും സകല അവകാശങ്ങളും സംരക്ഷിക്കുകയും ചെയ്തിരുന്നു.

AD ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയിൽ ഇസ്‌ലാമിക നാടുകളിലൂടെ സഞ്ചാരം നടത്തിയ പ്രമുഖ സുറീയാനീ സഭാ ചരിത്രകാരൻ പാത്രിയാർക്കീസ് ​​ഡയോനിഷ്യസ് തൽമഹ്‌രിയുടെ യാത്രാകുറിപ്പുകളിൽ സുറിയാനി ക്രിസ്ത്യാനികൾ മുസ്‌ലിം നാടുകളിൽ അനുഭവിച്ച സ്വർഗ്ഗീയ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്നുണ്ട്.

ഇസ്ഹാഖ് സാകാ ‘എൻ്റെ സുറീയാനീ സഭ’ യിൽ രേഖപ്പെടുത്തുന്നു: “അറേബ്യായിലെ ഇസ്‌ലാമിന്റെ വിജയത്തോടെ ആരംഭിച്ചതാണ് സുറിയാനി- അറബി ബന്ധം; ഫാറൂഖ് എന്ന അഭിധാനത്തിൽ അറിയപ്പെട്ട രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ആ ബന്ധം കൂടുതൽ വിശാലമായി. വിമോചകൻ, രക്ഷകൻ എന്നർത്ഥമുള്ള ഫാറൂഖ് എന്ന പദം സുറിയാനികൾ ഖലീഫയെ ആദരിച്ചു വിളിച്ചതാണ്. ക്രിസ്ത്യാനികൾക്കിടയിലെ ഉപയോഗത്തിലും വേദപുസ്തക ഭാഷയിലും യേശുക്രിസ്തുവിനെ വിശേഷിപ്പിക്കുന്ന പദമാണ് ഫാറോഖ്. സുറിയാനികൾ ഉമറിന് ഇപ്പേര് നൽകിയതിന്റെ പശ്ചാത്തലമിതാണ്: വിശ്വാസപമായി വിയോജിപ്പുള്ളതിനാൽ റോമൻ -പേർഷ്യൻ സാമ്രാജ്യത്വ ശക്തികളിൽ നിന്നുള്ള കഠിന പീഡനം അനുഭവിച്ചുകൊണ്ടായിരുന്നു , സിറിയയിലും ഇറാഖിലും മറ്റു രാജ്യങ്ങളിലും ക്രിസ്ത്യാനികൾ ജീവിച്ചിരുന്നത്. അവർ നിരവധി ബിഷപ്പുമാരെ നാടുകടത്തുകയും മെത്രാന്മാരെ ജയിലിലടക്കുകയും പാത്രിയാർക്കീസുമാരെ ദ്രോഹിക്കുകയും ചെയ്തു. ആയിരക്കണക്കിന് വിശ്വാസികൾ ബലിയർപ്പിക്കപ്പെട്ടു. ഖലീഫ ഉമറിന്റെ നേതൃത്വത്തിൽ ഇസ്‌ലാമിക ഭരണം നിലവിൽ വന്നപ്പോൾ, ക്രിസ്ത്യാനികൾ ആഹ്ലാദം പ്രകടിപ്പിച്ചു.. ..”

ഖുദ്സ് കീഴടക്കിയ ഉമർ, ക്രിസ്ത്യാനികളോട് വളരെ മൃഗീയമായും നീതിരഹിതമായും പെരുമാറിയെന്ന ദുരാരോപണം വേസ്റ്റ് ബക്കറ്റിലേക്കെറിയാൻ, ‘ഫാറൂഖ് ഉമർ’ എന്ന നാമകരണത്തിന്റെ സുറിയാനി ക്രിസ്ത്യാനികൾ എഴുതിയ ചരിത്രം മാത്രം മതിയാകും.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles