Current Date

Search
Close this search box.
Search
Close this search box.

മതിലുചാടി മക്കത്തേക്ക്

ഖുറാസാനിലെ താന്തോന്നിയായ ആ ചെറുപ്പക്കാരൻ വളരെ ഉയരമുള്ള ആ മതിൽ ചാടിക്കടന്നത് നല്ല ഉദ്ദേശത്തിലായിരുന്നില്ല.
ഒരു കച്ചവട സംഘത്തിൽ നിന്നും തട്ടിപ്പറിച്ച ആഭരണങ്ങളിലൊന്ന് തന്റെ കാമുകിക്ക് പാരിതോഷികമായി നല്കാനായിരുന്നു ഈ ചാട്ടം. ഫുദൈൽ മതിൽ ചാടിക്കടന്നാൽ പിന്നെ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ രായ്ക്കുരാമാനം ആ നാടു മുഴുവൻ പരക്കാറുണ്ടായിരുന്നു. കൊള്ള, ഭവനഭേദനം എന്നിവ തൊഴിലാക്കിയ ആ ചെറുപ്പക്കാരനെ കുറിച്ച് പലകഥകളും ഖുറാസാന്റെ തൊട്ടടുത്ത നാടുകളായ സമർഖന്ദ്, മർവ്, മൗസ്വിൽ , ബൽഖ് പ്രദേശങ്ങളിലും അത്തരം ഗോസിപ്പുകൾ പരന്നിരുന്നു.

എന്നാൽ ഇത്തവണത്തെ ചാട്ടം ഒരു കൂരയുടെ മുന്നിലാണെത്തിപ്പെട്ടത്. വീടെന്ന് പറയാൻ മാത്രമൊന്നുമില്ലാത്ത ഒരഞ്ചടി ഷെഡ്. അരണ്ട വെളിച്ചത്തിൽ ഒരു വൃദ്ധന്റെ ഖുർആൻ പാരായണം : أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِنْهُمْ فَاسِقُونَ വിശ്വസിച്ചവർക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാർത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങൾ വിനയപ്പെടുവാൻ സമയമായില്ലേ?! മുമ്പ്‌ വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ അവർ ആകാതിരിക്കുവാനും സമയമായില്ലേ?! എന്നിട്ട് അവരിൽ കാലം ദീർഘിച്ചു; അങ്ങനെ, ഹൃദയങ്ങൾ കടുത്തുപോയി; അവരിൽ അധികമാളുകളും ദുർന്നടപ്പുകാരുമാകുന്നു. (അൽ ഹദീദ് : 16 )

ഫുദൈൽ താൻ മതിലുചാടിയ കാര്യം മറന്ന് അവിടെ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും വ്യാപൃതനായിരുന്ന വൃദ്ധനെ ചെന്ന് കണ്ട് ആത്മാർഥമായി ഖേദിച്ചു മടങ്ങി. പുതിയൊരു ജീവിതം നയിക്കാനുള്ള ആഗ്രഹവുമായി ഫുദൈൽ തന്റെ അക്രമ വഴികൾ ഉപേക്ഷിച്ച് മരുഭൂമിയിലൂടെ നടന്നു. അവിടെ ഒരു കാരവൻ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു . കൊള്ളക്കാരനായ ഫുദൈൽ ബിൻ ഇയാദിനെ കണ്ട അവർ പരസ്പരം ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകുന്നത് അദ്ദേഹം തന്നെ കേട്ടു. താൻ പഴയ ഫുദൈലല്ലെന്നും മക്കത്തേക്ക് പോവുന്ന വഴിയിലാണ് ഇവിടെ എത്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞത് ഏറെ ആശ്ചര്യത്തോടെയാണ് അവർ കേട്ടു നിന്നത്. കച്ചവട സംഘങ്ങളുടെ പേടിസ്വപ്നമായിരുന്ന ഫുദൈലിതാ മാനസാന്തരപ്പെട്ടു തങ്ങളുടെ മുമ്പിൽ ; എല്ലാവരും ഒരു പോലെ ആഗ്രഹിച്ചിരുന്ന രംഗം . തീർത്തും പരിവ്രാജകനായി കഅ്ബയിലും മദീനതുമായി തന്റെ ശിഷ്ട ജീവിതം നയിച്ച ഫുദൈൽ ബിൻ ഇയാദ് (റ)’ആബിദുൽ ഹറമൈൻ’ എന്ന പേരിലാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

സുലൈമാൻ ബിൻ മിഹ്‌റാൻ , അഅ്മശ്, ജഅ്ഫർ സാദിഖ് എന്നീ ഇമാമുരുടെ ശിഷ്യത്വം സ്വീകരിച്ചു മക്കയിലും മദീനയിലും ഏറെ കാലം തങ്ങിയ ഇമാം ഫുദൈലിൽ നിന്നും വിദ്യ അഭ്യസിച്ചവരിൽ ഥൗരി,ഇബ്നു ഉയയ്ന, ശാഫിഈ, ഇബ്നുൽ മുബാറക്, എന്നീ പ്രമുഖരായ ഇമാമുരടക്കമുണ്ട്. മക്കത്ത് ഹറമിന്റെ ചാരെയുള്ള അൽ മുഅല്ലയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഇമാം ഫുദൈൽ ഖലീഫ ഹാറൂൻ റശീദിന്റെ റഫറൻസും ഗുരുസമാനനുമായിരുന്നു.

“വിശ്വസനീയനും സുരക്ഷിതനും നീതിമാനുമായ മനുഷ്യൻ ” എന്ന് ഹദീസ് നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഈ ഇമാമിന്റെ പരിണാമം വിശ്വാസം വരുത്തിയ മാറ്റത്തിന്റെ ഉദാഹരണമായി ചരിത്ര ഗ്രന്ഥങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു. (ജനനം 107 – മരണം 187 ഹി)

References:
طبقات الصوفية: أبو عبد الرحمن السلمي، ص22-27، .
الرسالة القشيرية: أبو القاسم القشيري، ص15،
تاريخ الإسلام: الذهبي ، 5/ 124

Related Articles