Current Date

Search
Close this search box.
Search
Close this search box.

ഹദീസുകളെ ജീവിതമാക്കിയ അബൂ ഹുറൈറ(റ)

സ്വഹാബികളുടെ കൂട്ടത്തിൽ പ്രധാനിയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തവരും ഹിജാസിലെ പ്രമുഖ ഖുർആൻ പാരായണ വിദഗ്ധനുമാണ് അബൂ ഹുറൈറ(റ). ഒരേസമയം ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിദഗ്ധൻ, നബിയുടെ ഹദീസുകൾ മനഃപാഠമാക്കിയവർ, അത് ജീവിതത്തിൽ അനുവർത്തിക്കുന്നവർ എന്നിങ്ങനെ പലതുമാണദ്ദേഹം. നബി തങ്ങളിൽ നിന്ന് ഖുർആൻ നേരിട്ടു പഠിച്ച അദ്ദേഹം ഖലീഫ ഉമറുബ്‌നുൽ ഖത്താബി(റ)ന്റെ കാലത്ത് ബഹ്‌റൈനിന്റെ ഗവർണർ സ്ഥാനവും തുടർന്ന് മദീനത്തുൽ മുനവ്വറയുടെ അമീർ സ്ഥാനവും വഹിച്ചു. മദീനയിൽ തന്നെ ഹിജ്‌റ 59 ൽ അദ്ദേഹത്തിന്റെ വഫാത്തുവരെ ജനങ്ങൾക്ക് ഹദീസ് അധ്യാപനങ്ങൾ പകർന്നുകൊടുത്തും ഫത്‌വകൾ നൽകിയും കഴിഞ്ഞുകൂടുകയും ചെയ്തു.

യമനിലെ അസ്ദ് പ്രദേശത്തെ ‘ദൗസ്’ ഗോത്രത്തിൽ അനാഥനായി വളർന്ന അദ്ദേഹം, ത്വുഫൈൽ ബിൻ അംറുദ്ദൗസിയുടെ ക്ഷണത്തിലാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. തുടർന്ന് ഹിജ്‌റ ഏഴാം വർഷത്തിന്റെ ആരംഭത്തിൽ തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ ദൗസ് ഗോത്രിത്തിൽ നിന്ന് മദീന മുനവ്വറയിലേക്ക് ഖൈബർ യുദ്ധസമയത്ത് യാത്രപോവുകയും ചെയ്തു. പക്ഷെ, അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തിരുന്നോയെന്ന വിഷയത്തിൽ ചരിത്രത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്‌നു അബ്ദുൽ ബർറ് പറയുന്നു: ഖൈബർ നടന്ന അതേവർഷമാണ് അബൂ ഹുറൈറ(റ) ഇസ്‌ലാം സ്വകരിച്ചത്. റസൂലിനൊപ്പം ഖൈബർ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

പേരും വിളിപ്പേരും
അബൂ ഹുറൈറ അദ്ദൗസി അൽ അസ്ദി അൽ യമാമി എന്നാണ് പൂർണനാമം. ദൗസ് ബിൻ അദ്‌നാൻ ബിൻ അബ്ദുല്ലാ ബിൻ സുഹ്‌റാൻ ഗോത്രത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പേരിന്റെ വിഷയത്തിൽ ചരിത്രത്തിന് ഭിന്നപക്ഷമാണുള്ളത്. അബ്ദുറഹ്‌മാൻ ബിൻ സ്വഖ്‌റ് എന്നും അബ്ദുശംസ് എന്നും അബ്ദു അംറെന്നും അഭിപ്രായങ്ങളുണ്ട്. ജാഹിലിയ്യ കാലത്ത് അദ്ദേഹത്തിന്റെ പേര് അബ്ദുശംസ് എന്നാണെന്നും ഇസ്‌ലാമിൽ അബ്ദുല്ലാ എന്നാണെന്നും അഭിപ്രായമുണ്ട്. എങ്കിലും പ്രബലമായ അഭിപ്രായം അബ്ദുറഹ്‌മാൻ ബിൻ സ്വഖ്‌റ് അദ്ദൗസി എന്നതു തന്നെയാണ്. അദ്ദേഹം തന്നെ പറയുന്നു:’ജാഹിലിയ്യ കാലത്ത് എന്റെ പേര് അബ്ദുശംസെന്നും റസൂൽ(സ്വ) എനിക്ക് അബ്ദുറഹ്‌മാനെന്ന് പേരുവെക്കുകയും ചെയ്തു.’

സ്വഹാബികളാണ് അദ്ദേഹത്തിന് അബൂഹുറൈറയെന്ന് വിളിപ്പേരിട്ടത്. ഈ പേരിനു പിന്നിൽ രസകരമായൊരു കാരണമുണ്ട്. ജന്തുജാലങ്ങളോട് കാണിച്ചിരുന്ന കാരുണ്യത്തിന്റെ പേരിൽ പ്രസിദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഒരു പൂച്ചക്കുട്ടിയുണ്ടായിരുന്നു. എന്നും അദ്ദേഹത്തിന്റെ കൂടെ നടക്കുകയും അദ്ദേഹമതിനെ പരിപാലിക്കുകയും ഭക്ഷണം നൽകുകയും ചെയ്യും. അങ്ങനെയാണ് ‘കുട്ടിപ്പൂച്ചയുടെ പിതാവ്’ എന്നയർഥത്തിലുള്ള അബൂ ഹുറൈറ എന്ന പേര് അദ്ദേഹത്തിന് നൽകപ്പെട്ടത്. നബി തങ്ങളും അദ്ദേഹത്തെ അങ്ങനെതന്നെ വിളിച്ചുപോന്നു.

വിശേഷണങ്ങൾ
അബൂ ഹുറൈറ(റ)യുടെ വളർച്ചയിലും തർബിയത്തിലും റസൂലിന്റെ വലിയ സ്വാധീനം കാണാവുന്നതാണ്. നബി തങ്ങളെ കണ്ടുമുട്ടിയ നിമിഷം മുതൽ തങ്ങളെ വിട്ടുപിരിഞ്ഞിരുന്നില്ല. നബി തങ്ങളുടെ ഹദീസ് ഏറ്റവും കൂടുതൽ മനഃപാഠമാക്കിയിരുന്നവരും അദ്ദേഹമാണ്. നിഴൽ പോലെ നബി തങ്ങളെ പിന്തുടർന്നു. ചെറിയ വർഷങ്ങൾ കൊണ്ടുതന്നെ മറ്റു സ്വഹാബികൾക്കൊന്നും ലഭിച്ചിട്ടില്ലാത്തത്ര അറിവുകൾ അദ്ദേഹം സ്വായത്തമാക്കുകയും ചെയ്തു. സ്വഹാബികൾക്ക് അറിവുകൾ പകർന്നുകൊടുക്കുന്ന സമയത്ത് ഇടക്കിടെ അദ്ദേഹത്തിലേക്ക് തിരിഞ്ഞ്,ഓ അബൂഹുറൈറാ എന്ന് പേരുവിളിച്ചു സംസാരിക്കുന്നശീലം നബി തങ്ങൾക്കുണ്ടായിരുന്നു.

അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിനെ ഇഷ്ടപ്പെടുന്ന, യുദ്ധങ്ങളിൽ വിശ്വാസികൾക്കൊപ്പം പുറപ്പെടുന്ന ഒരു പോരാളിയെയും അദ്ദേഹത്തിൽ നമുക്ക് കാണാം. സ്വഹാബികൾ അദ്ദേഹത്തെക്കുറിച്ച് പറയുന്നു:’ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തത് അദ്ദേഹമാണ്. മുഹാജിറുകളിലോ അൻസാറുകളിലോ അദ്ദേഹത്തെപ്പോലെ ഹദീസ് റിപ്പോർട്ട് ചെയ്ത ആരുമില്ല.’ ‘അൻസാറുകളായ എന്റെ സഹോദരങ്ങൾ ഭൂപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരാണ്. മുഹാജിറുകളായ എന്റെ സഹോദരങ്ങൾ അങ്ങാടികളിൽ കച്ചവടം ചെയ്യുന്നവരുമാണ്. അതേസമയം ഞാൻ മുഴുസമയവും നബി തങ്ങളെ സഹവസിച്ചിരുന്നു’ എന്നാണ് അപ്പോഴദ്ദേഹം പ്രതികരിച്ചത്.

ഒരുദിവസം നബിതങ്ങൾ പ്രതിവചിച്ചു:’ഈ നിമിഷം ആര് തന്റെ വസ്ത്രം നിലത്ത് വിരിക്കുന്നുവോ അവൻ എന്നിൽ നിന്ന് കേൾക്കുന്ന ഒന്നും തന്നെ മറക്കുന്നതല്ല. ഇത് കേട്ടയുടനെ ഞാൻ എന്റെ വസ്ത്രം വിരിക്കുകയുണ്ടായി. നബി തങ്ങളുടെ സംസാരം അവസാനിച്ചതോടെ ആ വസ്ത്രം നെഞ്ചോടു ചേർക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ നബി തങ്ങളിൽ കേട്ടതൊന്നും മറന്നിട്ടില്ല.’ അല്ലാഹു വിശുദ്ധ ഖുർആനിൽ അവതരിപ്പിച്ച രണ്ടു സൂക്തങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഹദീസ് എഴുതുകയില്ലായിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ‘നാമവതരിപ്പിച്ച പ്രസ്പഷ്ട ദൃഷ്ടാന്തങ്ങളും മാർഗദർശനവും വേദത്തിലൂടെ മനുഷ്യർക്ക് വ്യക്തമാക്കിയ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹുവും മറ്റെല്ലാ ശാപകന്മാരും ശപിക്കുന്നതാകുന്നു. എന്നാൽ പശ്ചാത്തപിക്കുകയും നടപടികൾ നന്നാക്കുകയും പൂഴ്ത്തിവെച്ചത് വ്യക്തമാക്കുകയും ചെയ്യുന്നവരാരോ അവർക്കു ഞാൻ മാപ്പുചെയ്യും. ഞാൻ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനുമാകുന്നു.'(സൂറത്തുൽ ബഖറ-159,160).

അതീവ വേഗതയുള്ള ഗ്രാഹ്യശക്തിയും മനഃപാഠമാക്കിയ കാര്യങ്ങൾ മറന്നുപോവാതിരിക്കാനുള്ള ശേഷിയും അദ്ദേഹത്തിന് വേണ്ടുവോളമുണ്ടായിരുന്നു. ഇമാം ശാഫി(റ) അദ്ദേഹത്തെക്കുറിച്ചു പറയുന്നു:’അക്കാലത്ത് ഏറ്റവും കൂടുതൽ മനഃപാഠമാക്കിയിരുന്നത് അദ്ദേഹമായിരുന്നു.’ അബൂ ഹുറൈറ(റ) തന്നെ സ്വന്തത്തെക്കുറിച്ച് പറഞ്ഞത് ‘സ്വഹാബികളിൽ ഏറ്റവുമധികം ഹദീസുകൾ കൈവശമുള്ളത് എനിക്കാണ്. അബ്ദുല്ലാഹിബിൻ അംറുബ്‌നുൽ ആസ്(റ) മാത്രമാണ് ഇതിനൊരപദാവം. കാരണം, അദ്ദേഹം കേൾക്കുന്ന ഹദീസുകൾ എഴുതിവെക്കാറുണ്ടായിരുന്നു. ഞാനാണെങ്കിൽ എഴുതിവെക്കാറുണ്ടായിരുന്നുമില്ല.’വിജ്ഞാനത്തെ അതിയായി സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഭവനം പലപ്പോഴും അറിവുതേടിവന്ന വിജ്ഞാനദാഹികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.

മാതാവ് മുസ്‌ലിമായ കഥ
ഇസ്‌ലാം മതം സ്വീകരിച്ചയുടനെ തന്നെ മാതാവിനെക്കൂടി ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ ശ്രമിച്ചിരുന്നു അദ്ദേഹം. അപ്പോഴൊക്കെ മാതാവ് ക്ഷണം നിരസിക്കുകയും ചെയ്തു. അങ്ങനെയൊരു ദിവസം മാതാവിന് ഇസ്‌ലാം പരിചയപ്പെടുത്തി കൊടുക്കുന്നതിനിടെ മാതാവ് നിരസിക്കുകയും റസൂലിനെക്കുറിച്ച് മോശം സംസാരിക്കുകയും ചെയ്തു. ഒടുങ്ങാത്ത ദുഃഖഭാരവുമായി കരഞ്ഞുകൊണ്ട് നബി തങ്ങളുടെയടുക്കൽ ചെന്ന് അദ്ദേഹം കാര്യം ബോധിപ്പിച്ചു. പ്രിയ മാതാവ് ഇസ്‌ലാം സ്വീകരിക്കാൻ വേണ്ടി അങ്ങ് ദുആ ചെയ്യണമെന്ന് അഭ്യർഥിക്കുകയും നബി തങ്ങൾ ദുആ ചെയ്യുകയും ചെയ്തു. തിരിച്ച് സന്തോഷവാനായി വീട്ടിലേക്കു ചെന്നപ്പോൾ വാതിൽ അടക്കപ്പെട്ട നിലയിലായിരുന്നു. അകത്തുനിന്ന് വെള്ളമൊഴിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു. അകത്തുകയറരുതെന്ന് ഉമ്മ അകത്തുനിന്ന് പറയുകയും ചെയ്തു. അൽപനേരം കഴിഞ്ഞപ്പോൾ അദ്ദേഹം കണ്ടത് വാതിൽ തുറന്ന് ‘അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത്തിന്റെ വചനം ഉച്ചരിച്ചുകൊണ്ട് പുറത്തുവരുന്ന ഉമ്മയെയായിരുന്നു. സന്തോഷക്കണ്ണീരുമായി അദ്ദേഹം നബിയുടെ പക്കലേക്കു തന്നെ മടങ്ങിപ്പോവുകയും നന്ദിവാക്കുകളർപ്പിക്കുകയും ചെയ്തു.

ദാരിദ്ര്യവും പട്ടിണിയും
ശക്തമായ ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരാളായിരുന്നു മഹാനായ അബൂ ഹുറൈറ(റ). പലപ്പോഴും വിശപ്പിന്റെ കാഠിന്യത്താൽ വയറ്റിൽ കല്ലുവെച്ചു കെട്ടിയാണ് നടന്നിരുന്നതു പോലും. ഒരുദിവസം, വിശന്നൊട്ടിയ വയറുമായി ഇങ്ങനെ നടക്കുന്നതിനിടെ അബൂ ബക്‌റി(റ)നെ കണ്ടുമുട്ടുകയും അദ്ദേഹത്തോട് ഖുർആനിലെ ഒരു ആയത്തിന്റെ വിശദീകരണം ചോദിക്കുകയും ചെയ്തു. അബൂ ഹുറൈറ(റ)ക്ക് അർഥമറിയുന്ന സൂക്തമാണ് അതെങ്കിലും അദ്ദേഹത്തിന്റെ കൂടെ പതിയെ വീട്ടിൽ ചെന്നാൽ വല്ലതും ഭക്ഷിക്കാമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അങ്ങനെ ചോദിച്ചത്. ഇത് തിരിച്ചറിയാത്ത അബൂബ്ക്ർ(റ) അവിടെ നിന്ന് തന്നെ ചോദ്യത്തിന് ഉത്തരം നൽകുകയും പിരിഞ്ഞുപോവുകയും ചെയ്തു. തുടർന്ന് ഉമർ(റ) ആ വഴി കടന്നുപോവുകയും സമാനസംഭവം നടക്കുകയും ചെയ്തു.

അവസാനമായി നബി തങ്ങൾ ആ വഴി കടന്നുപോയപ്പോഴാണ് അബൂ ഹുറൈറ(റ)യുടെ മനസ്സുവായിച്ചത്. നബി വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. സന്തോഷം ആ മുഖത്ത് നിറഞ്ഞുതുളുമ്പി. നബിയുടെ വീട്ടിലെത്തിയ ഉടനെ ഒരു പാത്രത്തിൽ പാൽ നിറച്ചുവെച്ചത് അദ്ദേഹം കാണാനിടയായി. തന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ പാൽ കൊണ്ടു കഴിയുമെന്ന് ആ മനസ്സ് മന്ത്രിച്ചു. അപ്പോഴാണ് മദീനാ പള്ളിയിൽ അറിവുസമ്പാദനത്തിനായി കഴിഞ്ഞുകൂടിയിരുന്ന പാവങ്ങളായ സ്വഹാബികളായ അഹ്‌ലുസ്സുഫ്ഫക്കാരെ ക്ഷണിച്ചുവരുത്താൻ നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്. അദ്ദേഹം വീണ്ടും ഖിന്നനായി. അവരൊക്കെ കുടിച്ചു കഴിഞ്ഞാൽ തനിക്കെന്താണ് ബാക്കിയുണ്ടാവുക എന്ന വെപ്രാളമായിരുന്നു. ആഹ്വാനപ്രകാരം അവരെയൊക്കെ ക്ഷണിച്ചുവരുത്തുകയും അവർക്കെല്ലാവർക്കും അബൂ ഹുറൈറ(റ) തന്നെ മതിയാവോളം പാൽ പകർന്നുകൊടുക്കുകയും ചെയ്തു. അവസാനത്തെയാളും കുടിച്ചുകഴിഞ്ഞപ്പോൾ വളരെ കുറച്ചു മാത്രമായിരുന്നു ബാക്കിയായത്. നബി തങ്ങൾ പറയുകയും ചെയ്തു: ‘അബൂ ഹുറൈറാ… ഇനി നമ്മൾ രണ്ടുപേര് മാത്രമാണ് കുടിക്കാൻ ബാക്കിയുള്ളത്. ഇരുന്ന് മതിയാവോളം കുടിച്ചോളൂ.’ അദ്ദേഹം മതിയാവോളം കുടിച്ചിട്ടും പാത്രത്തിലെ പാൽ അപ്രകാരം തന്നെ നിലനിന്നു. ശേഷം നബി തങ്ങൾ അദ്ദേഹത്തിൽ നിന്ന് പാത്രം വാങ്ങുകയും ബാക്കിവന്നത് കുടിക്കുകയും ചെയ്തു.(ബുഖാരി)

നബി തങ്ങൾക്കു ചെയ്ത സേവനവും ഹദീസ് നിവേദനവും
നബി തങ്ങൾക്കും അഹ്‌ലുബൈത്തിനും സേവനം ചെയ്യുന്ന വിഷയത്തിൽ എന്നും മുന്നിൽ നിന്നിരുന്നു അബൂഹുറൈറ(റ). ഹിജ്‌റ ഏഴാം വർഷം ഇസ് ലാം സ്വീകരിച്ചതു മുതൽ നബി തങ്ങളെ വിടാതെ പിന്തുടർന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിശാലമായ ഗ്രാഹ്യശക്തിയുടെ ഫലമായി നബി തങ്ങളിൽ നിന്ന് ഒത്തിരി ഹദീസുകൾ മനഃപാഠമാക്കാനും സാധിച്ചു. ഇമാം ദഹബി തന്റെ സിയറു അഅ്‌ലാമിന്നുബലാഇൽ പറയുന്നു: ‘മുസ്‌നദു ബഖിയ്യുബ്‌നു മുഖ്‌ലദിലെ അബൂ ഹുറൈറ(റ)യുടെ ഹദീസുകൾ 5374 എണ്ണമുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഇതിൽ 326 ഹദീസുകളുടെ മേൽ ഏകോപിച്ചിട്ടുണ്ട്. ഇമാം ബുഖാരി 93ഉം ഇമാം മുസ്‌ലിം 98ഉം സ്വന്തമായി നിവേദനം ചെയ്തിട്ടുണ്ട്. മുഹഖിഖ് ശുഐബുൽ അൻനാത്വ് മുസ്‌നദ് അഹ് മദിന് അദ്ദേഹം ചെയ്ത തഹ്ഖീഖിൽ അബൂ ഹുറൈറ(റ)ുടേതായി 3870 ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം അബൂ ഇസ്ഹാഖ് ഇബ്‌റാഹിം ബിൻ ഹർബുൽ അസ്‌കരി ഹിജ്‌റ മൂന്നാം നൂറ്റാണ്ടിൽ മുസ്‌നദു അബൂ ഹുറൈറ എന്ന ഗ്രന്ഥം ക്രോഡീകരിക്കുകയുണ്ടായി. അതിന്റെ ഒരു പതിപ്പ് തുർക്കിയിലെ കോബ്രേലി ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇമാം ത്വബ്‌റാനിയും തന്റെ മുസ്വന്നഫിൽ അബൂ ഹുറൈറ(റ)യുടെ മുസ്‌നദ് വിശദീകരിച്ചിട്ടുണ്ട്.’

സ്വഹീഹായ ഹദീസുകളിൽ അബൂ ഹുറൈറ(റ) നിവേദനം ചെയ്ത ഹദീസുകൾ അദ്ദേഹം മാത്രം ചെയ്തതല്ല, മറ്റു സ്വഹാബികളും ചെയ്തിട്ടുള്ളതാണ്. സ്വഹീഹായ ഹദീസുകളിൽ അദ്ദേഹം മാത്രം നിവേദനം ചെയ്തിട്ടുള്ളവ 110 ഓളം ഹദീസുകൾ മാത്രമാണ്. അതിൽ തന്നെ മിക്കതും സ്വഭാവഗുണങ്ങൾ, ചരിത്രസംഭവങ്ങൾ, തർഗീബ്(അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷ), തർഹീബ്(അല്ലാഹുവിന്റെ ശിക്ഷയിലുള്ള മുന്നറിയിപ്പ്) എന്നിവയാണ്.
അദ്ദേഹത്തിനു ചുറ്റും ഹദീസ് പഠിതാക്കളായി ഒരുപാടാളുകൾ ഒരുമിച്ചു കൂടിയിരുന്നു. എണ്ണൂറിലേറെ പുരുഷന്മാരും സ്ത്രീകളും അദ്ദേഹത്തിൽ നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തുവെന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സമകാലികരെല്ലാം അദ്ദേഹത്തിന്റെ ഗ്രാഹ്യശക്തിയെക്കുറിച്ച് വാചാലമായിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ഹദീസുകൾ മനഃപാഠമാക്കുന്നതോടൊപ്പം എഴുതിവെക്കുകയും ചെയ്തിരുന്ന അബ്ദുല്ലാഹി ബ്‌നി അംറിബിനിൽ ആസാ(റ)യിരുന്നു ഏറ്റവും കൂടുതൽ ഹദീസുകൾ മനഃപാഠമുള്ള വ്യക്തി. ഹദീസുകൾ പോലെത്തന്നെ വിശുദ്ധ ഖുർആനും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. ഒരിക്കൽ മർവാനുബ്‌നുൽ ഹകം അദ്ദേഹത്തിന്റെ ഗ്രാഹ്യശക്തി പരീക്ഷിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. മർവാൻ മദീനയിൽ ഗവർണറായിരിക്കുന്ന സമയത്ത് അബൂ ഹുറൈറ(റ)യെ വിളിക്കുകയും ഹദീസ് പറഞ്ഞുതരാൻ പറയുകയും ചെയ്തു. അതേസമയം തന്റെ എഴുത്തുകാരനോട് മറക്കപ്പുറത്തു നിന്ന് പറയുന്ന കാര്യങ്ങൾ എഴുതിവെക്കാനും ആഹ്വാനം ചെയ്തിരുന്നു. കുറച്ചുകാലത്തിനു ശേഷം അദ്ദേഹത്തെ വിളിച്ച് വീണ്ടും ഹദീസ് പറയാൻ അഭ്യർഥിക്കുകയും തന്റെ എഴുത്തുകാരനോട് രണ്ടും തമ്മിൽ തുലനം ചെയ്തുനോക്കാൻ പറയുകയും ചെയ്തു. ഒരക്ഷരം പോലും വ്യത്യാസമുണ്ടായിരുന്നില്ല!

വ്യക്തിത്വം
ഹദീസുകൾ ആവാഹിച്ചവിധം: നബി തങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയെന്ന ഖ്യാതി എന്തുകൊണ്ടും അദ്ദേഹത്തിന് സ്വന്തമാണ്. അദ്ദേഹത്തിൽ നിന്ന് എണ്ണൂറോളം പേർ ഹദീസ് നിവേദനം ചെയ്തതായും അദ്ദേഹം 5374 ഹദീസുകൾ റിപ്പോർട്ട് ചെയ്തതായും ഇമാം ശാഫിഈ(റ) പറയുന്നു.

ആരാധന: സ്വഹാബികളുടെ കൂട്ടത്തിൽ ആരാധനകളുടെ വിഷയത്തിൽ അതീവശ്രദ്ധ ചെലുത്തിയിരുന്ന ആളുകൂടിയായിരുന്നു അദ്ദേഹം. നിസ്‌കാരവും നോമ്പും ദിക്‌റുകളും രാത്രിനിസ്‌കാരവും ഒരുപാട് വർധിപ്പിച്ചു. അദ്ദേഹം തന്നെ പറയുന്നു: ഞാൻ രാത്രിയെ മൂന്നായി ഭാഗിച്ചു. ഒന്നിൽ ഞാനുറങ്ങുകയും മറ്റൊന്നിൽ നിസ്‌കരിക്കുകയും മറ്റൊന്നിൽ റസൂലിന്റെ ഹദീസുകളുമായി ബന്ധപ്പെടുകയും ചെയ്യും. അദ്ദേഹവും ഭാര്യയും മകളും ഈ മൂന്നു പകുതികളിലായി രാത്രി നിസ്‌കാരം നിർവഹിച്ചു. അബൂ ഉസ്മാൻ എന്നവർ പറയുന്നു: ഞാൻ ഏഴുതവണ അബൂ ഹുറൈറ(റ)യുടെ അതിഥിയായിട്ടുണ്ട്. അദ്ദേഹവും ഭാര്യയും സേവകയും രാത്രിയെ മൂന്നായി ഭാഗിച്ചിരുന്നു. ഒരാൾ ഉറങ്ങുമ്പോൾ മറ്റൊരാൾ നിസ്‌കരിക്കുകയും അതു കഴിഞ്ഞാൽ ഉറങ്ങുന്നയാളെ ഉണർത്തുകയും ചെയ്യും. എല്ലാ വ്യാഴാഴ്ചയും തിങ്കളാഴ്ചയും നോമ്പനുഷ്ഠിക്കുകയും ആരാധനകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന ദിവസമാണതെന്ന് പറയുകയും ചെയ്തിരുന്നു അദ്ദേഹം. എല്ലാ ദിവസവും 12000 തവണ തസ്ബീഹ് ചൊല്ലിയിരുന്നു അദ്ദേഹം! എന്റെ ദോഷങ്ങളുടെ കണക്കിനാണ് ഞാൻ തസ്ബീഹ് ചൊല്ലുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിനയം: അപാരമായ വിനയം കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. സഅ്‌ലബ ബിൻ അബീമാലിക് അൽ ഖർളി നിവേദനം ചെയ്യുന്നു: അബൂ ഹുറൈറ(റ) ഖലീഫ മർവാന്റെ സഹായിയായിരുന്ന കാലത്ത് അങ്ങാടിയിൽ വിറകുകെട്ട് ചുമന്നു വന്നിരുന്നു.

ഭയഭക്തി: അല്ലാഹുവിന്റെ വിഷയത്തിലുള്ള ഭയഭക്തിയിലും അദ്ദേഹം അങ്ങേയറ്റം ശ്രദ്ധചെലുത്തിയിരുന്നു. അബുൽ മുതവക്കിൽ പറയുന്നു: ‘അദ്ദേഹത്തിന് നീഗ്രോക്കാരിയായൊരു അടിമസ്ത്രീയുണ്ടായിരുന്നു. ഒരുദിവസം അവർക്കു നേരെ ചാട്ടവാറുയർത്തി അദ്ദേഹം പറഞ്ഞു: ഖിസാസ് ഇല്ലായിരുന്നെങ്കിൽ ഈ ചാട്ട കൊണ്ട് ഞാൻ നിന്നെ ബോധം കെടുത്തിയേനെ. നിന്റെ വില മുഴുവനായി തന്നുവീട്ടുന്ന ഒരാൾക്ക് ഞാൻ നിന്നെ വിൽക്കും. പോയ്‌ക്കോളൂ, ഇനിമുതൽ നീ അല്ലാഹുവിനുള്ളതാണ്(സ്വതന്ത്ര്യയാണ്).’

സ്വഭാവവും സൃഷ്ടിപ്പും
വെളുത്ത നിറമുള്ള, മെലിഞ്ഞ, ചുവന്ന താടിയുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് ഇബ്‌നു സീരീൻ രേഖപ്പെടുത്തുന്നുണ്ട്. അബ്ദുറഹ്‌മാൻ ബിൻ ലുബൈന അത്ത്വാഇഫി അദ്ദേഹം തവിട്ടുനിറമുള്ള ആളാണെന്നും പറയുന്നുണ്ട്.

അത്യുന്നതമായ സ്വഭാവവൈശിഷ്ട്യമുള്ള ആളായിരുന്നു അദ്ദേഹം. നമ്മൾ അബൂ ഹുറൈറ(റ)യോടൊപ്പം യാത്രചെയ്തപ്പോൾ നിരന്തരം അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം പങ്കിടാൻ ക്ഷണിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് അബ്ദുല്ലാഹിബിൻ റബാഹ്(റ) പറയുന്നു. അബൂ റാഫിഅ് എന്നവർ പറയുന്നു:’ഖലീഫ മർവാൻ ചിലപ്പോൾ അബൂ ഹുറൈറ(റ)യെ മദീനയിൽ പകരക്കാരനായി നിറുത്താറുണ്ടായിരുന്നു. ഒരു സാധാരണക്കാരനെ പോലെ അപ്പോഴും തന്റെ കഴുതപ്പുറത്തേറി അദ്ദേഹം സഞ്ചരിക്കും. ആരെങ്കിലും കണ്ടാൽ അതാ, അമീർ പോവുന്നുവെന്ന് പറഞ്ഞ് വഴി മാറിക്കൊടുക്കും. രാത്രിയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അവർക്കിടയിൽ ചെന്ന് ഒരുപാട് നേരം പങ്കിടും. ഏറെനേരം കഴിഞ്ഞ് അദ്ദേഹം സ്വന്തം വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ചിലപ്പോൾ അവർ അദ്ദേഹത്തെ തിരിച്ചറിയുക.’
വീട്ടിൽച്ചെന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദ്യേശിക്കുമ്പോൾ കഴിക്കാൻ ഒന്നുമില്ലെന്നറിഞ്ഞാൽ എന്നാൽ ഞാനിന്ന് നോമ്പുകാരനാണെന്ന് പറയുമായിരുന്നു അദ്ദേഹം. എല്ലാ രാത്രിയിലും പകലിലുമായി രണ്ടുതവണ അദ്ദേഹം അല്ലാഹുവെ ഓർത്ത് അട്ടഹസിക്കുമായിരുന്നുവെന്ന് മൈമൂൻ ബിൻ മൈസറ നിവേദനം ചെയ്യുന്നു.

വഫാത്ത്
അബൂ ഹുറൈറ(റ)യുടെ വഫാത്തിന്റെ വിഷയത്തിലും വ്യത്യസ്തങ്ങളായ നിവേദനങ്ങൾ കാണാം. അദ്ദേഹവും ആഇശാ ബീവി(റ)യും ഹിജ്‌റ 57നാണ് വഫാത്തായതെന്ന് ഹിശാം ബിൻ ഉർവ പറയുന്നു. ഇതേയഭിപ്രായത്തെ പിന്തുണച്ചവരാണ് അലിയ്യുബ്‌നുൽ മദീനി, യഹ് യ ബിൻ ബുകൈർ, ഖലീഫ ബിൻ ഖയ്യാത്വ് എന്നിവർ. പറ്റു പല പണ്ഡിതർക്കുമായി ഹിജ്‌റ വർഷം 58, 59 എന്നിങ്ങനെയും അഭിപ്രായങ്ങൾ കാണാം.

വാദിൽ അഖീഖിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജന്നത്തുൽ ബഖീഇൽ മറവുചെയ്യപ്പെടുകയും ചെയ്തു. ഞാൻ മരണപ്പെട്ടാൽ എന്റെ മേൽ കരയുകയോ മറ്റോ ചെയ്യരുതെന്നും എത്രയും പെട്ടെന്ന് മറവുചെയ്യണമെന്നും അദ്ദേഹം വസ്വിയ്യത് ചെയ്തിരുന്നു. ബുസ്‌റ ബിൻത് ഗസ് വാൻ എന്ന പേരിലുള്ള ഭാര്യയും മുഹർറർ, അബ്ദുറഹ്‌മാൻ, ബിലാൽ, പ്രമുഖ താബിഈ സഈദ് ബ്‌നിൽ മുസയ്യബിന്റെ ഭാര്യയായ ഒരു മകൾ ഇങ്ങനെ മൂന്നു മക്കളുമുണ്ടെന്നതുമാണ് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചു ലഭ്യമായ വിവരം.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles