Current Date

Search
Close this search box.
Search
Close this search box.

സ്വർഗത്തിന് വേണ്ടിയുള്ള കെഞ്ചൽ

“വയസ്സനായ എന്നെ യുദ്ധത്തിന് പോകാനുള്ള മുൻഗണന നൽകി നീ വീട്ടുകാരോടൊപ്പം നിക്കടോ മോനേ ; ഞാൻ നിന്റെ ഉപ്പയല്ലേ ?!”
ഇസ്ലാമിക ചരിത്രത്തിലെ ഒരു പിതാവിന്റെ മകനോടുള്ള അപേക്ഷയാണിത്. ഈ കെഞ്ചലിനോട് സ്വന്തം മകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു :

” ഉപ്പ ക്ഷമിക്കണം , അത് സ്വർഗ്ഗമല്ലാതെ മറ്റെന്തെങ്കിലുമായിരുന്നുങ്കിൽ, ഞാൻ നിങ്ങൾക്ക് എന്നേക്കാൾ മുൻഗണന നൽകിയേനേ!”

ഹിജ്റ രണ്ടാം വർഷം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ആദ്യ സംഘർഷ രണാങ്കണമായ ബദറിലേക്ക് പോകുവാൻ നറുക്കെടുപ്പ് നടത്തിയ ഒരു മുസ്ലിം വീടകത്തിനുള്ളിൽ നടന്ന പിതൃ-പുത്ര സംഭാഷണമാണിപ്പോൾ നമ്മൾ വായിച്ചത്.

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ സഹായികളായി മുന്നോട്ട് വന്ന ഔസ് ഗോത്രത്തിലെ ബനൂ ഗനം ബിൻ സലം തറവാട്ടിലെ കാരണവർ ഖൈസമ(റ)യും മകൻ സഅദും (റ) തമ്മിലുള്ള സ്വർഗത്തിനു വേണ്ടിയുള്ള സ്നേഹ സംവാദത്തിന്റെ സർഗാത്മകത അനാവരണം ചെയ്യുന്ന ഒരു സംഭവമാണിത്. ഉപ്പക്ക് അക്കൊല്ലം അവസരം നല്കാതെ സഅദ് നേരത്തെ സ്വർഗത്തിലേക്ക് പോയി. അധികം താമസിയാതെ ഉപ്പയും മകന്റെ സ്വീകരണം ഏറ്റുവാങ്ങാൻ അങ്ങോടെത്തി.അതെ , തൊട്ടടുത്ത വർഷം നടന്ന ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം തേടി നടന്ന ലക്ഷ്യം അദ്ദേഹം പൊരുതി നേടിയെടുക്കുക തന്നെ ചെയ്തു.

രണ്ടാം അഖബ ഉടമ്പടിക്കുള്ള ഭൂമിക ഒരുക്കിയ കുടുംബമായിരുന്നു ഖൈസമ കുടുംബം .ഉടമ്പടിക്കു ശേഷം യസ്‌രിബിലേക്ക് നിയോഗിച്ച പന്ത്രണ്ട് നഖീബ് (നിരീക്ഷകൻ) മാരിൽ ഒരാളായിരുന്നു മകൻ സഅദ് . മദീനയിലെത്തിയ പ്രവാചകൻ ചെറുപ്പക്കാർക്ക് അധ്യാപനം നടത്തിയിരുന്നത് സഅദിന്റെ വീട്ടിലായിരുന്നു.

“ബാച്ചലേഴ്സ് ഹോം” (അവിവാഹിതരുടെ ഗേഹം )എന്ന നിലയിൽ അറിയപ്പെട്ട വിജ്ഞാന കേന്ദ്രമായിരുന്നു സഅദിന്റേത്. നുഅ്മാനു ബ്നു സാബിതും സഅദും ഒരേ ഉമ്മയുടെ മക്കളായിരുന്നു. ഹിന്ദ് ബിന്ത് ഔസ് എന്നായിരുന്നു അവരുടെ പേര്. അദ്ദേഹത്തിന്റെ ഭാര്യ ജമീലയും പുത്രൻ അബ്ദുല്ലയും സഅദിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി ജീവിച്ച് ചരിത്രത്തിൽ ബാച്ചലേഴ്സ് ഹോമിന്റെ സേവകരായി സഅദി (റ) ന്റെയും ആ വീടിന്റെയും നാമം അനശ്വരമാക്കിയവരാണ്.

അവലംബം :
الطبقات الكبرى, سير أعلام النبلاء, الإصابة في تمييز الصحابة , أسد الغابة في معرفة الصحابة

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles