മനുഷ്യ വൈവിധ്യത്തിൻറെ ആധാരശിലയാണ് ബഹുസ്വരത. ഒരേ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിവധ വിശ്വാസ,ആചാര, ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്ന സമന്വയത്തിൻറെ സംസ്കാരമാണ് ബഹുസ്വരത. മനുഷ്യൻറെ ഇഛാസ്വാതന്ത്ര്യവും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അംഗീകരിക്കലാണ് ബഹുസ്വരതയുടെ കാതൽ. അത് സംരക്ഷിക്കേണ്ടത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ്.
മനുഷ്യ പ്രകൃതിക്കിണങ്ങിയ ജീവിത വ്യവസ്ഥയായ ഇസ്ലാം ബഹുസ്വരത അംഗീകരിക്കുകയും വിവിധ മത-സാംസകാരിക ജനവിഭാഗങ്ങളെ ഉൾകൊള്ളുകയും ആദരിക്കുകയും അവരുടെ നിലനിൽപ് ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിൽ ജൂതരും ക്രൈസ്തവരും മുസ്ലിംങ്ങളും ഒന്നിച്ച് ജീവിച്ചതിൻറെയും പരസ്പരം ആദരിച്ചതിൻറെയും ധാരളം ഉദാത്ത മാതൃകകൾ ചരിത്രത്തിൽ കാണാം. അത്തരമൊരു ചരിത്രത്തിൻറെ മഹത്തായ ഏടുകളിൽ നിന്ന് ഒരു ചീന്ത് ഇവിടെ ഉദ്ധരിക്കാം.
ഖലീഫ അലി സൃഷ്ടിച്ച മാതൃക
ഇറാഖിലെ കൂഫ ഇസ്ലാമിക ഖിലാഫത്തിൻറെ ആസ്ഥാനമായിരുന്ന പഴയ കാലം. അന്ന് മാർഗ്ഗ നിർദ്ദേശങ്ങൾക്കായി മുസ്ലിം ലോകം ഉറ്റ് നോക്കിയിരുന്നത് കൂഫയിലേക്കായിരുന്നു. അതിനാൽ കൂഫയിലേക്ക് സഞ്ചരിക്കുക അക്കാലത്ത്·പതിവായിരുന്നു. അങ്ങനെ പരസ്പരം സഹകാരികളായി രണ്ട് പേർ ഒന്നിച്ച് കൂഫയിലേക്ക് യാത്ര തിരിച്ചു. അവരിൽ ഒരാൾ മുസ്ലിമും അപരൻ അന്യമതസ്ഥരിൽപെട്ടവനുമായിരുന്നു.
പരസ്പരം പരിചയപ്പെടലിന് ശേഷം യാത്രക്കിടെ അന്യമതസ്ഥനായ യാത്രക്കാരൻ തൻറെ മുസ്ലിം സുഹൃത്തിനോട് ചോദിച്ചു:
കൂഫക്ക് അപ്പുറമുള്ള ഇടവഴിയിലൂടെയാണ് എനിക്ക് പോവാനുള്ളത്. ഞാൻ താമസിക്കുന്ന എൻറെ ഗ്രാമത്തിലേക്ക്. താങ്ങൾക്ക് എവിടെയാണ് പോവേണ്ടത്?
മുസ്ലിം സുഹൃത്ത് പറഞ്ഞു: എനിക്ക് കൂഫയിലേക്കാണ് പോവേണ്ടത്. ഞാൻ അവിടെയാണ് താമസം.
പല കാര്യങ്ങളും ചർച്ച ചെയ്തും പരസ്പരം സഹായിച്ചും സഹകരിച്ചും ദീർഘ സമയം അവർ യാത്ര തുടർന്നു. അവർ കൂഫയിലേക്ക് എത്താറായപ്പോൾ അന്യ മതസുഹൃത്ത് അദ്ദേഹത്തിൻറെ ഗ്രാമത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു. വിടചോദിക്കാൻ ഒരുങ്ങവെ മുസ്ലിം സുഹൃത്ത് തൻറെ അടുക്കലേക്ക് വരുന്നതായി അദ്ദേഹം ശ്രദ്ധിച്ചു.
കൂഫയിലാണ് താങ്ങൾ താമസിക്കുന്നതെന്നും അവിടക്കാണ് പോവുന്നതെന്നുമാണല്ലോ താങ്കൾ പറഞ്ഞത്. അന്യ മത സുഹൃത്ത് ആരാഞ്ഞു.
അതെ.തീർച്ചയായും. മുസ്ലിം സുഹൃത്ത് പ്രതിവചിച്ചു.
ഇത് കേട്ടപ്പോൾ അമുസ്ലിം സുഹൃത്തിൻറെ ആകാംക്ഷ വർധിച്ചു. എങ്കിൽ പിന്നെ എന്തിനാണ് താങ്ങൾ എന്നെ പിന്തുടർന്ന് ഈ വഴിക്ക് വരുന്നതിൻറെ ലക്ഷ്യം? മറ്റൊരു വഴിക്കാണല്ലോ കൂഫയിലേക്ക് പോവേണ്ടത്?
‘അത് എനിക്ക് അറിയാം.’ മുസ്ലിം സുഹൃത്ത് ഉറച്ച സ്വരത്തിൽ പറഞ്ഞു. ‘ദീർഘ സമയം നമ്മൾ ഒന്നിച്ച് യാത്ര ചെയ്യുകയും സുഹൃത്തുക്കളുമായിരുന്നുവല്ലോ? രണ്ട് സുഹൃത്തുക്കൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ അവർക്ക് പരസ്പരം ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ടെന്ന് എൻറെ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. താങ്കൾ എന്നെ ഇത് വരെ അനുഗമിച്ചല്ലോ? അത്കൊണ്ട് അൽപം കൂടി ഞാൻ താങ്ങളെ പിന്തുടർന്ന് അകമ്പടി സേവിക്കേണ്ടത് എൻറെ ബാധ്യതതയാണ്.’
ഇത് കേട്ട അമുസ്ലിം സുഹൃത്തിൻറെ പ്രതികരണം അൽഭുതാവാഹമായിരുന്നു: പ്രവാചകൻറെ വിശ്വാസ സംഹിത വളരെ വേഗത്തിൽ പ്രചരിക്കാൻ ഇടയായതിൽ ഇപ്പോൾ എനിക്ക് യാതൊരു അമ്പരപ്പും തോന്നുന്നില്ല. തീർച്ചയായും അദ്ദേഹത്തിൻറെ അധ്യാപനങ്ങൾ മഹത്തരംതന്നെ!
കാലം പിന്നേയും കുറേ മുന്നോട്ട് സഞ്ചരിച്ചു. ദീർഘകാലത്തിന് ശേഷം ഒരിക്കൽ അന്യമത സുഹൃത്ത് വീണ്ടും കൂഫയിലേക്ക് പ്രവേശിച്ചപ്പോൾ അത് സംഭവിക്കുക തന്നെ ചെയ്തു. തൻറെ ആ പഴയ കാല മുസ്ലിം സുഹൃത്ത് അവിടത്തെ·ഭരണാധികാരിയായ അലി (റ) വല്ലതെ മറ്റാരുമായിരുന്നില്ലന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീടദ്ദേഹം ഇസ്ലാം ആശ്ളേഷിക്കുകയും വിശ്വസ്ത അനുയായി തുടരുകയും ചെയ്തതായി ചരിത്രം.