Current Date

Search
Close this search box.
Search
Close this search box.

ആമിന: ഭരണമികവിന്റെ ആഫ്രിക്കൻ പെൺഗാഥ

പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്കയിലെ സാരിയാ പ്രദേശത്ത് ഭരണം നടത്തിയ ആദ്യ വനിതാ ഭരണാധികാരിയാണ് ആമിന സാരിയ. ഏകദേശം മുപ്പതു വർഷത്തിലധികം ഈ പ്രദേശം ഈ ധീര വനിതയുടെ നിയന്ത്രണത്തിലായിരുന്നു. ഒരു ആഫ്രിക്കൻ രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച വനിത എന്ന നിലയിൽ “സരൗനിയ ” (രാജ്ഞി) എന്ന വിശിഷ്ട ബഹുമതി ഇതിലൂടെ ഇവർക്ക് ലഭിച്ചു. 1533 ൽ നൈജീരിയയുടെ വടക്കുഭാഗത്ത് സസാവു (ഇന്നത്തെ സാരിയ) പ്രദേശത്താണ് ആമിന സാരിയ ജനിക്കുന്നത്. സസാവു ഭരണത്തിന്റെ സ്ഥാപകനും ഈ പ്രദേശത്തെ ഇരുപത്തിരണ്ടാമത്തെ ഭരണാധികാരിയുമായ ഭഖ്- വാ-തുർനുഖ് ആണ് ഇവരുടെ പിതാവ്. ഭഖ്- വാ-തുർനുഖിന്റെ മൂന്ന് മക്കളിൽ ഏറ്റവും മൂത്ത പുത്രിയാണ് ആമിനാ സാരിയ ഇവർക്ക് ‘ഖരാമ’ എന്ന സഹോദരനു സാരിയാ എന്ന സഹോദരിയും, മുണ്ടായിരുന്നു.

വളരെ ചെറിയ പ്രായത്തിൽ തന്നെ ആമിനയിലുള്ള അസാധാരണമായ കഴിയും, പ്രാഗൽഭ്യവും തിരിച്ചറിഞ്ഞ പിതാമഹൻ ആയോധനകലകൾ ഇവരെ പരിശീലിപ്പിച്ചു. തുടർന്ന് തന്ത്ര പ്രധാനമായ രാജ്യ സഭാ യോഗങ്ങളിൽ പങ്കെടുപ്പിക്കുകവഴി രാജ്യ തന്ത്രത്തിൽ അഗ്രഗണ്യയായി. പതിനാറാമത്തെ വയസ്സിൽ തന്നെ രാജ്യത്തെ പ്രഥമ വനിതയും, രാജ്ഞിയുമായ തന്റെ മാതാവിനു ശേഷം രണ്ടാമത്തെ വിശിഷ്ട വനിത എന്ന ഖ്യാതി നേടാൻ ഈ കൊച്ചു പെൺകുട്ടിക്ക് സാധിച്ചു.

1566 ൽ തന്റെ പ്രിയ പിതാവിന്റെ മരണത്തെ തുടർന്ന് സഹോദരൻ ഖരാമ രാജാധികാരം ഏറ്റെടുത്തു.തുടർന്ന് സൈന്യത്തിന്റെ ചുമതല ആമിനയിൽ അർപിതമായി. തന്റെ കഴിവും ആയോധന കലയിലെ മൈ വഴക്കവും കൊണ്ട് അശ്വ- സൈന്യത്തിന്റെ മുഖ്യ സൈന്യാധിപയായി. യുദ്ധ തന്ത്രത്തിലുള്ള മഹതിയുടെ വൈഭവം സഹ സൈന്യധിപരിൽ നിന്ന് ബഹുമാനവും ആദരവും പിടിച്ചു പറ്റി. ഇത് കൂടുതൽ സൈനിക പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രചോദനമായി. പിതാവിന്റെ മരണ ശേഷം പത്തു വർഷം തികയുന്നതിനു മുൻപ് സഹോദരനും മരിച്ചതോടെ രാജ- ഭാരം ആമിനയുടെ ചുമലിലായി.

Also read: മനുഷ്യരുടെ വഴിവെളിച്ചം

സസാവു പ്രദേശത്തിന്റെ ഭരണാധികാരിയായി മൂന്ന് മാസങ്ങൾക്ക് ശേഷം തന്നെ തന്റെ ആദ്യ യുദ്ധ പോരാട്ടം ആരംഭിച്ചു. തുടർച്ചയായ സൈനിക പര്യടനത്തിലൂടെ എല്ലാവിധ പ്രതിസന്ധികളും മറികടന്ന് അറ്റ്ലാൻറിക് തീരും വരെ സസാവു രാജ്യത്തിന്റെ അതിർത്തികൾ വ്യാപിപ്പിച്ചു. ഇത് സമുദ്ര വാണിജ്യത്തിലും പ്രാദേശിക കച്ചവടത്തിലും ഒരുപോലെ പ്രതിഫലിച്ചു. മാത്രമല്ല ഹൗസ (Hausa) കച്ചവട സംഘങ്ങൾക്ക് സഹാറ മരുഭൂമി പ്രദേശത്തിലൂടെയുള്ള സുരക്ഷിതമായ സഞ്ചാരവും സാരിയ ഉറപ്പു നൽകി.

കച്ചവടമായിരുന്നു സസാവു രാജവംശത്തിന്റെ സാമ്പത്തിക അടിത്തറ. തുകൽ നിർമ്മിത വസ്തുക്കൾ, തുണിത്തരങ്ങൾ, ഉപ്പ്, അമൂല്യ രത്നങ്ങൾ കുതിരകൾ തുടങ്ങിയവ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവർ കയറ്റിയയച്ചു. ഇതിലൂടെ സുരക്ഷിതമായ സാമ്പത്തിക അഭിവൃതി കൈ വരിക്കാൻ മരുഭൂമിയിലെ ഈ കൊച്ചു രാജ്യത്തിന് സാധിച്ചു.

സൈന്യത്തിൽ സുപ്രധാനമായ പല പരിഷ്കാരങ്ങളും ആമിന സാരിയ കൊണ്ടുവന്നു. ഇരുമ്പ് കൊണ്ടുള്ള പടച്ചട്ടയും പട തൊപ്പിയും ആദ്യമായി സൈന്യത്തിൽ അവതരിപ്പിച്ചത് ഇവരുടെ കാലത്തായിരുന്നു. ഇക്കാലത്തെ ഏറ്റവും സുപ്രധാനമായ പരിഷ്‌കാരം രാജ്യാതൃത്തിക്ക് ചുറ്റും സുരക്ഷാ മതിൽ നിർമിച്ചതാണ്. ഈ മതിലുകൾ സമ്പത്തിന്റെയും സൈനിക ശക്തിയുടെയും മാത്രം പ്രതീകമായിരുന്നില്ല മറിച്ച് രാജ്യത്തിന്റെ സുരക്ഷ മുൻ നിർത്തിയുള്ള സൈനിക തന്ത്രത്തിന്റെ കൂടി ഭാഗമായിരുന്നു. സുരക്ഷാ മതിലിനു തൊട്ടു പിന്നിലായി പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ സൈനിക പാളയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സസാവു പ്രദേശത്ത് ഇന്നും നില നിൽക്കുന്ന ഈ സൈനിക പാളയങ്ങൾ ഗൻനുവർ ആമിന (Ganuwar Amina) അല്ലെങ്കിൽ ആമിനയുടെ സുരക്ഷാ മതിൽ (Amina’s Defence Wall) എന്നും അറിയപ്പെടുന്നു. പട്ടണ പ്രദേശങ്ങൾക്കും ഗ്രാമങ്ങൾക്കും ഒരുപോലെ സംരക്ഷണം നൽകുന്ന ഇത്തരം സുരക്ഷാ കവചങ്ങൾ അതിനു മുൻപ് നിർമിക്കപ്പെട്ടിട്ടില്ല. ഇത്തരം സുരക്ഷാ മതിലുകൾ എല്ലാം ആമിനാ സാരിയയുടെ സുരക്ഷാ മതിലായി അറിയപ്പെടുന്നു. അതിൽ പലതും പണി പൂർത്തിയാക്കിയത് മഹതിയുടെ മരണ ശേഷ മായിരുന്നു.

Also read: ശമ്പളത്തിന്റെ സകാത്

അധികാരത്തിലേറി മുപ്പത്തി നാലു വർഷങ്ങൾക്ക് ശേഷം ആമിന സാരിയ ലോകത്തോട് വിടപറഞ്ഞു. ഒരു ആഫ്രിക്കൻ രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച ധീരയായ വനിതയായി അവരിന്നും വാഴ്ത്തപ്പെടുന്നു. മരണാനന്തര ബഹുമതിയായി നൈജീരിയയിലെ നാഷണൽ ആർട്ട് ഗ്യാലറിയിൽ ഇവരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യത്തെ പല സാംസ്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ധീര വനിതയുടെ പേര് നൽകി രാജ്യം ആദരിച്ചു.

വിവ: ജഅ്ഫർ തുവ്വക്കാട്

Related Articles