Current Date

Search
Close this search box.
Search
Close this search box.

അബ്ബാസീ ഖിലാഫത്തിലെ ഉമർ ബിൻ അബ്ദുൽ അസീസ്

അബ്ബാസി ഖലീഫകളിൽ പലതരം രാജാക്കന്മാർ ഉണ്ടായിരുന്നു. അവരിലെ ചുരുക്കം ചിലരുടെ കർമ്മങ്ങളുടെ സുഗന്ധം ചരിത്രത്തിന്റെ പേജുകളിൽ ഇപ്പോഴും ആസ്വദിക്കാൻ കഴിയും. അവരിൽ പലരും ആഢംബര പൂർവ്വമായിരുന്നു ജീവിച്ചിരുന്നത് എന്നത് ശരിയാണ്. പൊങ്ങച്ചത്തിന്റെ ജീവിതത്തെ തലകീഴായി മറിച്ച് ദാരിദ്ര്യം സ്വയം തെരെഞ്ഞെടുത്ത ചിലരുമുണ്ടായിരുന്നു അക്കൂട്ടത്തിൽ . അബ്ബാസി ഖലീഫമാരുടെ പരമ്പരാഗത ആഡംബര ഭവനം ഒരു പരിവ്രാജക സന്യാസിയുടെ മഠത്തെ ഓർമിപ്പിക്കുന്ന തലത്തിലേക്ക് പരിവർത്തിപ്പിച്ച ഇബ്നു വാസിഖിനെ നാം മറക്കാവതല്ല . മുഴുവൻ പേര് : أبو إسحاق محمد المهتدي بالله بن الواثق (ت 256هـ/870م) അബ്ബാസീ ചരിത്രത്തിലെ പേരും പൊരുളും ഒരുമിച്ച പരിവ്രാജക ജീവിതം നയിച്ച മുഹ്തദീ ബില്ലാഹ് എന്ന പേരിലാണ് പൊതുവെ അദ്ദേഹം അറിയപ്പെടുന്നത് .

255 AH നും 256 AH നുമിടയിൽ ആകെ പതിനൊന്ന് മാസം നീണ്ടുനിന്ന മാതൃകാ ഭരണ കാലഘട്ടമായിരുന്നു മുഹ്തദിയുടേത്. അബ്ബാസിയ ഖലീഫകൾക്ക് ജന മനസ്സിൽ അന്തസ്സും ബഹുമാനവും ആദരവും നഷ്ടപ്പെട്ടു തുടങ്ങിയ കാലത്താണ് മുഹ്തദി ഖലീഫയാവുന്നത്. തുർക്കി കിങ്കരന്മാർ തങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഖിലാഫത്ത് പട്ടം നൽകുന്ന അവസ്ഥയിലായിരുന്നു അറബി നാട് . തുർക്കികളാണ് ” കിങ് മേക്കേഴ്സ്” എന്ന് ആളുകൾക്കിടയിൽ പ്രസിദ്ധമായിരുന്നു. മുഹ്തദിക്ക് മുമ്പ് തുർക്കികൾ സ്വന്തം നേട്ടത്തിനായി നിരവധി ഖലീഫമാരെ കൊല്ലുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ മുഅ്തസ്സ് ആയിരുന്നു അദ്ദേഹത്തിന് മുമ്പ് ഖലീഫ . തുർക്കി ജയിലർമാരുടെ ക്രൂരമായ മർദ്ദനം കാരണം ജയിലിലായിരുന്നു ദാരുണാന്ത്യം.

മുഹ്തദി ഖലീഫയായി പ്രഖ്യാപിക്കപ്പെട്ട ഉടനെ ഹാറൂനു റശീദിനെപ്പോലുള്ള മഹത്വവും ഉമർ ബിൻ ഖത്താബിനെപ്പോലുള്ള നീതിയും സ്ഥാപിക്കുമെന്ന് സ്വയം തീരുമാനിച്ചു അത് ജനസ്സമക്ഷം പ്രഖ്യാപിക്കുക കൂടി ചെയ്തു. ആദ്യമായി ചെയ്തത് രാത്രികാല മദ്യ / ചരസ് / നർത്തകി സേവാ സദസ്സുകൾ നിർത്തലാക്കി എന്നുള്ളതാണ് . അതോടൊപ്പം മദ്യവും വ്യഭിചാരവും നിയമം മൂലം നിരോധിച്ചു. ദർബാറിലെ ഭക്ഷണത്തിന് മാത്രം ദിനേന ആയിരം ദിർഹം ചെലവാക്കിയിരുന്നത് മുഹ്തദി യുദ്ധകാലാടിസ്ഥാനത്തിൽ നൂറു ദിർഹമായി ചുരുക്കി. അദ്ദേഹം മിക്കവാറും ദിവസങ്ങളിൽ നോമ്പെടുക്കലായിരുന്നു പതിവ്. അബുൽ അബ്ബാസ് ബ്നു ഹാശിം ഒരിക്കൽ റമദാനിൽ നോമ്പ് തുറക്കാൻ മുഹ്തദിയുടെ ഭക്ഷണത്തളികയിലെത്തിപെട്ട സംഭവം വിവരിക്കുന്നുണ്ട്. സുപ്രയിൽ രണ്ട് അപ്പം, അല്പം ഉപ്പ്, ഒരു കുപ്പി വിനാഗിരി, ലേശം ഒലിവ് ഓയിൽ എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മുഹ്തദി വിളിച്ചിട്ടാണ് അദ്ദേഹം സുപ്രയിലെത്തുന്നത്. ഇതു ചെറു നോമ്പുതുറയാവും എന്ന് കരുതി അല്പം മാത്രംകഴിച്ച് അദ്ദേഹം കൈ പിൻവലിച്ചു, മുഹ്തദി ചോദിച്ചു: “എന്തുകൊണ്ടാണ് നിങ്ങൾ കഴിക്കാത്തത്? നോമ്പില്ലായിരുന്നോ ? നാളെ നോമ്പെടുക്കണ്ടേ ? അബുൽ അബ്ബാസ് പറഞ്ഞു: “അതെ , നോമ്പായിരുന്നു ; നാളെയും നോമ്പ് തന്നെ ” . അപ്പോൾ മുഹ്തദി: എങ്കിൽ വയർ നിറയും വരെ തിന്നോളൂ, ഇവിടെ നിങ്ങളുടെ മുന്നിലുള്ളത് അല്ലാതെ മറ്റൊന്നുമില്ല.” അബുൽ അബ്ബാസ് പറയുന്നു:അത് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: “അമീറുൽ മുഅ്മിനീൻ, ദൈവം താങ്കളെ ഭൗതികമായി ഒരു പാട് അനുഗ്രഹിച്ചിരിക്കുന്നു. എന്നിട്ടും താങ്കൾ ഭക്ഷണ വിഷയത്തിൽ ഇത്രമാത്രം ലാളിത്യം പാലിക്കുകയോ ? അപ്പോൾ മുഹ്തദി: “ബനൂ ഉമയ്യയിൽ ഉമറു ബ്നു അബ്ദിൽ അസീസ് പോലെ ബനൂ ഹാശിമിലും വേണ്ടേ ?”

ഉമറുബ്നു അബ്ദിൽ അസീസിന്റെ ജീവിതത്തിലെ ലാളിത്യം മുഹ്തദി തന്റെ പ്രവൃത്തികളിൽ പ്രകടമായിരുന്നു. തന്റെ പ്രജകളുടെ പരാതികേൾക്കാൻ അദ്ദേഹം ഖുബ്ബതുൽ മളാലിം സ്ഥാപിച്ചു. നീതിയുടെ വഴിയിൽ ആരെയും പരിഗണിച്ചില്ല, കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരിക്കൽ സ്വന്തം മകനെ വിചാരണ ചെയ്തു. മകന്റെ നിലവിളി കേട്ടു പരാതിക്കാരൻ സ്വയം പിന്മാറുകയായിരുന്നു. മുഹ്തദിയുടെ വസ്ത്രധാരണം വളരെ ലളിതമായിരുന്നു, അബ്ബാസി ഖലീഫകളുടെ വസ്ത്ര രീതിയെ കുറിച്ച് യഅ്ഖൂബി പറയുന്നു: “ഒരിക്കൽ ധരിച്ചത് പിന്നീട് ധരിക്കാതിരുന്ന രാജാക്കന്മാർക്കിടയിലാണ് പിന്നുംവരെ ഒരേ വസ്ത്രം ധരിക്കുന്ന മുഹ്തദി എന്ന അമീറുണ്ടാവുന്നത് ”

ഖിലാഫത്ത് സമ്പ്രദായം പരിഷ്കരിക്കാനും ഖുലഫാഉ റാശിദയുടെ പാതയിൽ അത് പുന: സ്ഥാപിക്കാനും അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചു. എന്നാൽ വിവരമില്ലാത്തവരും അപരാധികളുമായ തുർക്കി കാപാലികർ മുഹ്തദിയെ വെറും പതിനൊന്ന് മാസത്തിനുള്ളിൽ തടവിലാക്കി. അവർ ജയിലിൽ വെച്ച് കഴുത്തിലേല്പിച്ച മുറിവിൽ നിന്ന് രക്തം വാർന്നാണ് ഈ മാതൃകാ ഭരണാധികാരി രക്തസാക്ഷിയാവുന്നത്.

NB : അബ്ബാസിയ ഖിലാഫത്തിന്റെ ആദ്യ നാളുകളിൽ, ഇറാനി വംശജരായ ബറാമികക്കായിരുന്നു സൈന്യത്തിൽ സ്വാധീനം . അറിവും പാണ്ഡിത്യവും നീതിയുമെല്ലാമൊത്ത അവരെ സുഖിയന്മാരായ അബ്ബാസീ രാജാക്കന്മാരുടെ കാലത്ത് പുറത്താക്കുകയും തുടർന്ന് അങ്ങേയറ്റം തീക്ഷ്ണതയുള്ള തുർക്കികളെ വെച്ച് സൈന്യത്തെ ശാക്തീകരിക്കുകയായിരുന്നു . പിൽകാലത്ത് അബ്ബാസികളുടെ അന്തകരായത് വിവരമില്ലാത്ത ഈ യുവതുർക്കികളായിരുന്നു.

(എർതുഗ്രലിന്റെ ഫാൻസിനോട് ക്ഷമാപണത്തോടെ)

അവലംബം :
താരീഖുൽ ഖുലഫാ – സുയൂത്വി
താരീഖുൽ ഖത്വീബ് അൽബഗ്ദാദി
താരീഖുൽ യഅ്ഖൂബി

Related Articles