Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ ഭരിച്ച നാല് ആഫ്രിക്കക്കാർ

“കറുത്തവരായ ആളുകൾക്ക് ഇവിടെ അത്ര തന്നെ കറുത്തവരല്ലാത്ത ആളുകളെക്കാൾ കൂടുതൽ പരിഗണനയും സ്ഥാനമാനങ്ങളുമാണ് ലഭിക്കുന്നത്. ഇക്കൂട്ടർ അവരുടെ ദൈവങ്ങളെയും ആരാധനാമൂർത്തികളെയും കറുത്തവരായും ദൈവത്തിന്റെ എതിരാളികളിൽ പലരെയും മഞ്ഞു പോലെ വെളുത്തവരായും ആണ് ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് ഏറെ രസകരം.” പ്രശസ്ത യൂറോപ്യൻ പര്യവേക്ഷകനായിരുന്ന മാർക്കോ പോളോ 1288-ൽ പാണ്ഡ്യ സാമ്രാജ്യം സന്ദർശിച്ചപ്പോൾ എഴുതിയ വരികളാണിത്. ഗ്രീക്ക് റോമൻ സാമ്രാജ്യങ്ങൾക്ക് തറക്കല്ലിടുന്നതിന്റെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സിന്ധു നദീതടത്തിൽ ദ്രാവിഡർ എന്നറിയപ്പെടുന്ന കറുത്ത മനുഷ്യർ സമ്പന്നമായൊരു സംസ്കാരം കെട്ടിപ്പടുത്തിരുന്നു. അതിനുശേഷം, അതേ പാത പിന്തുടർന്ന് ഇന്ത്യയിലെ ആഫ്രിക്കൻ രാജാക്കന്മാരും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സാംസ്കാരിക മേഖലകളിൽ കാര്യമായ സംഭാവനകൾ അർപ്പിക്കുകയുണ്ടായി.

അക്കാദമിക പണ്ഡിതനായ ഡോ. ക്ലിഡ് വിന്റേഴ്സ് എഴുതുന്നു: “ഇന്ത്യക്കാരുമായി എത്യോപ്യക്കാർക്ക് ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു. വാസ്തവത്തിൽ, പുരാതന കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളും ഭരിച്ചിരുന്നത് അവരായിരുന്നു. നാഗന്മാർ എന്നായിരുന്നു അവരുടെ വിളിപ്പേര്. നാഗന്മാരാണ് സംസ്കൃതത്തിന് അസ്തിവാരമിട്ടതും. ബിസി 5000-ത്തിലെ ചില ചരിത്രരേഖകൾ നാഗന്മാരെപ്പറ്റി ഗണ്യമായ വിവരങ്ങൾ നൽകുന്നുണ്ട്. വില്ലവർ, മിനവർ തുടങ്ങിയവരിൽ നിന്നും നാഗൻമാർ ഇന്ത്യയുടെ മധ്യ ഭാഗങ്ങൾ പിടിച്ചടക്കുകയുണ്ടായി. ”
ശ്രീലങ്ക, ബർമ, ഇന്ത്യ എന്നിവിടങ്ങളിൽ ഒരുമിച്ച് ഭരണം നടത്താൻ മാത്രം നാവിക ശക്തി നാഗന്മാർക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം എഴുതുന്നുണ്ട്. നാഗന്മാരെപ്പറ്റിയുള്ള ഏറ്റവും പുരാതനമായ പരാമർശങ്ങൾ ഉള്ളത് രാമായണത്തിലും മഹാഭരതത്തിലുമാണ്. ബിസി 1300 കാലഘട്ടങ്ങളിൽ വരെ ഗംഗയ്ക്കും ജുംനക്കുമിടയിൽ ഒട്ടേറെ പട്ടണങ്ങൾ നാഗന്മാർ പണിതിരുന്നുവെന്നും ഡെക്കാൻ അവരുടെ തലസ്ഥാന നഗരമായിരുന്നുവെന്നും മഹാഭാരതത്തിൽ പരാമർശങ്ങൾ കാണാം. ദ്രാവിഡ ക്ലാസ്സിക് ആയ ചിലപ്പതികരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി നാഗനാടിനെ എണ്ണുന്നുണ്ട്.

Also read: ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

പുരാതന കാലത്തെ വമ്പൻ നാവികരായിരുന്ന എത്യോപ്യയിലെ പുന്തുകളിൽ നിന്നാണ് നാഗന്മാരുടെ ഉത്ഭവം എന്നാണ് അനുമാനിക്കപ്പെടുന്നത്‌. മാത്രവുമല്ല, കെമറ്റിക് രേഖകളിൽ ഔട്ട്ക്ലിറ്റ്, ഹമേസു, ടെകാറു, എന്നീ പുന്ത് തുറമുഖങ്ങൾക്ക് അദുളിസ്, ഹമാസെൻ തുടങ്ങിയ നഗരങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നു എന്ന പരാമർശവും കാണാം. ഇന്ത്യയിലെ തങ്ങളുടെ സംസ്കാരത്തിന് അടിത്തറയിട്ട കറുത്ത വംശത്തെ ഇന്ത്യയിലെ പുരാതനേതിഹാസങ്ങളും ആരാധനയോടെയാണ് കണ്ടത്. എത്യോപ്യയിൽ നിന്നാണ് സംസ്കാരം കടന്നുവന്നതെന്ന് പുണ്യഗ്രന്ഥങ്ങളും പറയുന്നു. ആദ്യത്തെ ദൈവം ചുരുണ്ട തലമുടിയുള്ള കറുത്ത ദേഹമുള്ള പരമശിവനായിരുന്നുവെന്നത് ഇതിന്റെ ഒരു ഉത്തമ നിദർശനമാണ്.

1- മലിക് അൻദിൽ ഖാൻ സുൽത്താൻ (893-895)

1487 ൽ ബംഗാൾ സാമ്രാജ്യം കീഴടക്കി ഹബ്ശി സാമ്രാജ്യം സ്ഥാപിച്ച എത്യോപ്യക്കാരനായ ശാഹ്സാദ ഖോജ ബർബകിനെക്കുറിച്ച് അദ്ദേഹം ഒരു സിദ്ദി ആയിരുന്നു എന്നതല്ലാതെ മറ്റു ചരിത്ര രേഖകളൊന്നും ലഭ്യമല്ല. ഇന്ത്യയിലും പാകിസ്താനിലുമായി അധിവസിച്ചിരുന്ന സിദ്ദി വംശത്തിന് ശീദി, സ്വാഹിലി, ഹബ്‌ഷി എന്നൊക്കെ പേരുകളുണ്ടായിരുന്നു. കിഴക്കൻ ആഫ്രിക്കയിലെ ബൻതൂ വിഭാഗത്തിന്റെ പിന്മുറക്കാറായിരുന്നു ഇവർ.

അധികാരമേറ്റ് അല്പകാലം കഴിയും മുമ്പ് തന്നെ സ്വന്തം ആളുകളാൽ അദ്ദേഹം വധിക്കപ്പെട്ടു. അതിനുശേഷം ഭരണം കയ്യാളിയത് മലിക് അൻദിൽ ഖാൻ സുൽത്താനായിരുന്നു. അധികാരമേറ്റ ശേഷം രാജാവ് തന്റെ പേര് സൈഫുദ്ദീൻ അബ്ദുൽ മുസഫർ ഫിറോസ് ഷാ എന്നാക്കുകയും സൽഭരണം കാഴ്ചവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേര് ഉല്ലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ പ്രകാരം 1487 മുതൽ 1490 വരെയാണ് അദ്ദേഹം ഭരിച്ചത്. തന്റെ പ്രജകളിൽ അദ്ദേഹം ക്ഷേമവും ശാന്തിയും ഉറപ്പുവരുത്തുകയും ഖജനാവ് മുഴുവൻ പാവങ്ങളെ സഹായിക്കുന്നതിനായി നീക്കിവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ പാരമ്യം വ്യക്തമാകുന്ന ഒരു കഥയുണ്ട്:

Also read: അല്ലാഹുവിൻ്റെ വർണത്തേക്കാൾ സുന്ദരമായ വർണം മറ്റേതുണ്ട്

ഭരണ രംഗത്തെ പല കാര്യസ്ഥൻമാർക്കും അദ്ദേഹത്തിന്റെ ഔദാര്യം ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല ഒരു അധ്വാനവുമില്ലാതെ തന്റെ കയ്യിലെത്തിയ പണം ചിലവഴിക്കുന്നതിൽ അദ്ദേഹത്തിന് ഒരു ശ്രദ്ധയുമില്ലെന്ന് അവർ പറഞ്ഞുപരത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പണത്തോടുള്ള മനോഭാവം പരീക്ഷിക്കാനായി അവർ ഒരു തീരുമാനമെടുത്തു: ഖജനാവിലെ പണം തറയിൽ വിതറുക. എന്നാൽ അതുവഴി വന്ന രാജാവ് അവരെ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹം ചോദിച്ചു: ഇതെന്താണ് ഇവിടെ ഇട്ടിരിക്കുന്നത്? അപ്പോൾ അവർ പറഞ്ഞു: ഇത് പാവങ്ങൾക്ക് വേണ്ടി നീക്കിവെച്ച പണമാണ്. അതുകേട്ട് അദ്ദേഹം പ്രതിവചിച്ചു: “ഇതൊന്നും അതിന് മതിയാകില്ല. അല്പം കൂടി ഇതിലേക്ക് ചേർത്തേക്കൂ.” ഗൗറിൽ അദ്ദേഹം പണി കഴിപ്പിച്ച പള്ളിയും ഗോപുരവുമെല്ലാം ഇന്നും നിലവിലുണ്ട്.

2- ജമാലുദ്ദീൻ യാഖൂത്ത്

Jamal al-Din Yaqut (ca 1200)

കിഴക്കനാഫ്രിക്കൻ വംശജരായ അടിമകളെ കൊട്ടാരങ്ങളിലും മറ്റു സമ്പന്ന കുടുംബങ്ങളിലും രാജകീയ സുരക്ഷക്കായി ജോലിക്ക് നിർത്തുന്നത് പതിവായിരുന്നു. അങ്ങനെയാണ് ഹബ്‌ഷിയായ ജമാലുദ്ദീൻ ഡൽഹിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ആകൃഷ്ടയായ അന്നത്തെ രാജ്ഞി റസിയ ബീഗം (1236-1240) രാജസേവകനായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് സ്ഥാനമാനങ്ങൾ അദ്ദേഹത്തെ നിരന്തരം തേടിവരികയും അദ്ദേഹം കൊട്ടാരത്തിലെ കുതിരാലയത്തിന്റെ മേൽനോട്ടക്കാരനായി മാറുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി രാജ്ഞി അമീറുൽ ഖൈൽ, അമീറുൽ ഉമറാ തുടങ്ങിയ പദവികൾ അദ്ദേഹത്തിന് നൽകുകയും ചെയ്തു. എന്നാൽ ഇതൊക്കെയും അന്ന് രാജകീയ തലത്തിൽ വലിയ പിടിപാടുണ്ടായിരുന്ന ടർക്കിഷ് വരേണ്യ വിഭാഗത്തെ ഏറെ ആശങ്കപ്പെടുത്തി. ഒരു സ്ത്രീ ഭരണാധികാരിയായതിന്റെ പേരിൽ ആദ്യമേ കടുത്ത അമർഷമുണ്ടായിരുന്ന കൊട്ടാരത്തിലെ വരേണ്യ വിഭാഗവും മതപുരോഹിതൻമാരുമെല്ലാം തങ്ങൾക്ക് വീണുകിട്ടിയ ഈ അവസരം സമർത്ഥമായി ഉപയോഗപ്പെടുത്തി. വൈകാതെ അദ്ദേഹത്തിനെതിരെ ഗൂഢാലോചനകളും കലാപങ്ങളും അരങ്ങേറുകയും തന്റെ ശത്രുക്കളുടെ കരങ്ങളാൽ ജമാലുദ്ദീൻ വധിക്കപ്പെടുകയും ചെയ്തു.

Also read: സൂര്യപ്രകാശം പോലെ ജീവവായു പോലെ

3- മലിക് സർവർ (1394-1403)

ഡൽഹിക്ക് അടുത്തുള്ള പ്രവിശ്യയായ ജോൻപൂരിലെ ഗവർണറായിരുന്നു ഹബ്‌ഷിയായ മലിക് സർവർ. മലികുശ്ശർഖ്‌ എന്ന് വിളിപ്പേരുണ്ടായിരുന്ന അദ്ദേഹം പിന്നീട് ജോൻപൂർ പിടിച്ചടക്കുകയുണ്ടായി. History of Medieval India എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെ: 1389-ൽ മലിക് സർവറിന് ഖാജയെ ജഹാൻ എന്ന പട്ടം ലഭിക്കുകയുണ്ടായി. 1394-ല്‍‌ അദ്ദേഹം ജോൻപൂരിലെ ഗവർണറായി നിയമിക്കപ്പെടുകയും സുൽത്താൻ നാസിറുദ്ദീൻ മഹ്മൂദ് ഷാ തുഗ്ലക്കിൽ (1394-1413) നിന്നും മലികുശ്ശർഖ് എന്ന ബഹുമതി നേടുകയും ചെയ്തു. ഒട്ടും താമസിയാതെ അദ്ദേഹം തന്നെ സ്വതന്ത്ര ഭരണാധികാരിയായി പ്രഖ്യാപിച്ചു. കൊയ്ൽ, കനൗജ്‌ എന്നിവിടങ്ങളിൽ തലപൊക്കിയ കലാപങ്ങൾ അദ്ദേഹം അടിച്ചമർത്തുകയും അവധ്, ബിഹാർ, തിർഹുത് തുടങ്ങിയ ഇടങ്ങൾ തന്റെ വരുതിയിലാക്കുകയും ചെയ്തു. ജാജ് നഗർ, ലഖ്നോ എന്നിവിടങ്ങളിലെ ഭരണാധികാരികൾ അദ്ദേഹത്തിന് വിധേയപ്പെടുകയും സമ്മാനമായി ആനകളെ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ദത്തുപുത്രനായ മലിക് ഖറൻഫാലും മുബാറക് ഷാ എന്ന പേരിൽ അധികാരം കയ്യാളുകയുണ്ടായി. മലിക് സർവറും അദ്ദേഹത്തിന്റെ അഞ്ച് പിന്തുടർച്ചക്കാരുമുൾപ്പെടുന്ന ശർഖി രാജാക്കന്മാർ ഒരു നൂറ്റാണ്ടോളം കാലം ജോൻപൂർ സാമ്രാജ്യം ഭരിക്കുകയുണ്ടായി. ജോൻപൂരിന്റെ ചരിത്രത്തിലെ സമ്പന്നമായ ഏടായ ഇക്കാലത്ത് കല, വാസ്തുവിദ്യ, കച്ചവടം എന്നീ മേഖലകളിൽ ജോൻപൂർ ഏറെ മികവ് തെളിയിക്കുകയും ചെയ്തു.

4- മലിക് അമ്പർ (1550-1626)

Malik Ambar (1550 – ?)

ഇൻഡോ-ആഫ്രിക്കക്കാരിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പേരാണ് മലിക് അമ്പറിന്റെത്. 1550-ൽ എത്യോപ്യയിലെ ഹാരാരിൽ ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ശംഭു എന്നായിരുന്നു. ഇന്ത്യയിലേക്ക് വന്നതിനു ശേഷം സൈനിക രംഗത്ത് അനിഷേധ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അഹ്മദ്‌നഗർ സാമ്രാജ്യത്തെ ശക്തമായ സൈനിക ശക്തിയായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു നല്ല ഭരണകർത്താവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. 1590-ൽ ബിജാപൂർ സാമ്രാജ്യത്തിൽ നിന്നും പിരിഞ്ഞ അദ്ദേഹം 1500 ആഫ്രിക്കൻ, അറബ്, ഡെക്കാൻ പടയാളികളടങ്ങുന്ന ഒരു സായുധ സേനയെത്തന്നെ സജ്ജീകരിക്കുകയുണ്ടായി.
അനന്തരം അഹ്മദ് നഗർ ഭരണകൂടവുമായി ചേർന്ന അദ്ദേഹം പിന്നീട് രാജാവായ മുർതസ രണ്ടാമനെ തടവിലിടുകയും രാജപ്രതിനിധിയായി സ്വയം അവരോധിക്കുകയും ചെയ്തു. അമ്പർ വ്യത്യസ്ത വംശ വിഭാഗങ്ങളിലെ ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരെ രാജ്യത്തിന്റെ നിർണായകമായ പദവികൾ ഏൽപിക്കുകയും കാർഷിക, സാമ്പത്തിക, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമകാലികനായ അറബ് ചരിത്രകാരൻ ഫെരിശ്ത എഴുതുന്നതിന് ഇങ്ങനെ: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പരിഷ്കർത്താവ് എന്ന് വിളിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്.
അറുപതിനായിരം പേരടങ്ങിയ അശ്വസേനയെ സജ്ജമാക്കിയ അദ്ദേഹം അടുത്ത ഇരുപത് വർഷത്തേക്ക് മുഗളൻമാരെ തുരത്തിയോടിച്ചു. അദ്ദേഹത്തിന്റെ മരണം വരേയ്ക്കും അവർക്ക് ഡെക്കാൻ കീഴടക്കാൻ കഴിഞ്ഞില്ല.

Also read: ഉപവാസം നമ്മെ ശാക്തീകരിക്കുന്നത് ?

പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയുടെ മറ്റനേകം ഭാഗങ്ങളിൽ ഹബ്ശികൾ രാഷ്ട്രീയരംഗത്തെ നിയന്ത്രിക്കുകയുണ്ടായി. 1575-ൽ അഹ്മദ് നഗർ ഭരിച്ച മുർതസ രണ്ടാമന്റെ പ്രധാനമന്ത്രി ആഫ്രിക്കൻ വേരുകളുള്ള അഭാനഗർ ഖാൻ ആയിരുന്നു. മറ്റു മുസ്ലിംകളോടുള്ള മിശ്ര വിവാഹങ്ങൾ കാരണം വ്യാപകമായുണ്ടായിരുന്ന ഹബ്ശി സമൂഹങ്ങളുടെ അംഗസംഖ്യ പറ്റെ കുറഞ്ഞിട്ടുണ്ടിപ്പോൾ. ഒരു കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയത്തിൽ നിർണായക പങ്കു വഹിച്ചവരാണ് അബ്സീനിയൻ, എത്യോപ്യൻ, വേരുകളുള്ള രാജാക്കന്മാരും ദ്രാവിഡ രാജാക്കന്മാരുമെല്ലാം. അവർ കൊണ്ടുവന്ന സംസ്കാരത്തിന്റെ വെളിച്ചത്തെപ്പറ്റി നമ്മെ കൂടുതൽ ഉൽബുദ്ധരാക്കുന്ന ഗവേഷണ പഠനങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

വിവ. അഫ്സൽ പിടി മുഹമ്മദ്

Related Articles