Current Date

Search
Close this search box.
Search
Close this search box.

ഹാജര്‍ ദാസിയോ രാജകുമാരിയോ?

camel-desert.jpg

ഇബ്‌റാഹീം നബിയുടെ ചരിത്രം പറയുമ്പോള്‍ ചര്‍വിത ചര്‍വണം നടത്താറുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹത്തിന്റെ പത്‌നി ഹാജര്‍ തൊലികറുത്ത അടിമപ്പെണ്ണായിരുന്നു എന്നത്. എന്നാല്‍ ഹാജര്‍ ദാസിയല്ല, രാജകുമാരിയായിരുന്നു എന്ന നിലക്കുള്ള ഗവേഷണങ്ങളെ എന്തുകൊണ്ട് നാം ഗൗരപൂര്‍വം പഠിക്കുന്നില്ല. ഇബ്‌റാഹീമിന്റെ(അ) ഈജിപ്ത് സന്ദര്‍ശനവേളയിലാണല്ലോ ഹാജര്‍  അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ഇബ്‌റാഹീം നബിയുടെ ഈജിപ്ഷ്യന്‍ യാത്രയുമായി ബന്ധപ്പെട്ട് സ്വഹീഹുല്‍ ബുഖാരിയിലുള്ള വിവരണം ഇങ്ങനെ വായിക്കാം: അബൂഹുറൈറയില്‍ നിന്ന്. നബി(സ) അരുളി: ഇബ്‌റാഹീം മൂന്ന് നുണകള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. …………….. ഒരു ദിവസം അദ്ദേഹവും സാറയും ഒരു സ്വേഛാധിപതിയുടെ നാട്ടിലെത്തി. അപ്പോള്‍ സ്വേഛാധിപതിയോട് ഒരാള്‍ പറഞ്ഞു: ഇവിടെ ഒരാള്‍ എത്തിയിട്ടുണ്ട്. കൂടെ അതിസുന്ദരിയായ ഒരു സ്ത്രീയും. അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ആളെ അയച്ചു. അദ്ദേഹത്തോട് അയാള്‍ ചോദിച്ചു: ഇവള്‍ ആരാണ്? ഇബ്‌റാഹീം പറഞ്ഞു: ‘എന്റെ സഹോദരി’………… അയാള്‍ ഹാജറിനെ അവര്‍ക്ക് ഭൃത്യയായി സംഭാവന ചെയ്തു……. (ബൂഖാരി)

ഈ ഹദീസിനെ നിരൂപണം ചെയ്തുകൊണ്ട് സയ്യിദ് മൗദൂദി എഴുതുന്നു: ഹദീസ് ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാല്‍, ഒരു റിപ്പോര്‍ട്ടിന്റെ നിവേദന പരമ്പര ഭദ്രമാണ് എന്നത് ആ റിപ്പോര്‍ട്ടിന്റെ മൂലം എത്രതന്നെ വിമര്‍ശനവിധേയമാണെങ്കിലും സ്വഹീഹായി സ്വീകരിക്കേണ്ടത് അനിവാര്യമാക്കുന്നില്ല. ശക്തവും അവലംബനീയവുമായ നിവേദനപരമ്പകളുള്ളതോടൊപ്പം ഒരു ഹദീസ് തിരസ്‌കരിക്കപ്പെടുവാന്‍ മൂലം തെറ്റായ രൂപത്തില്‍ ഉദ്ദരിക്കപ്പെടുക, മൂലത്തില്‍ നബി(സ) അരുളിയിരിക്കാന്‍ സാധ്യതയില്ലാത്ത പ്രകടമായ അബദ്ധങ്ങളുള്‍ക്കൊളളുക തുടങ്ങി ഒട്ടുവളരെ കാരണങ്ങളുണ്ടാകാവുന്നതാണ്. അതിനാല്‍ നിവേദന പരമ്പരയോടൊപ്പം മൂലവും പരിശോധിക്കേണ്ടത് അനിവാര്യമാണ്. മൂലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദൂഷ്യമുണ്ടെങ്കില്‍ ആ ഹദീസിനെ അപ്പടി സ്വഹീഹായി അംഗീകരിക്കാവതല്ല

…………… ഭാര്യയെ സഹോദരി എന്നു പറഞ്ഞ സംഭവത്തിലേക്ക് കടക്കുക. തികഞ്ഞ ഒരബദ്ധമാണിത്. അതുകേള്‍ക്കുന്ന മാത്രയില്‍ തന്നെ അങ്ങനെ സംഭവിക്കുക സാധ്യമല്ലെന്നായിരിക്കും ഒരാള്‍ പറയുക. ഹസ്രത്ത് ഇബ്‌റാഹീം(അ) തന്റെ പത്‌നി സാറയുമായി ഈജിപ്തിലേക്ക് പോകുമ്പോഴാണ് കഥ നടക്കുന്നത്. ബൈബിളിന്റെ വെളിച്ചത്തില്‍ ഇബ്‌റാഹീമിന് 75 വയസ്സും സാറക്ക് 65 വയസില്‍ അല്പം കൂടുതലുമാണ് പ്രായം. ‘സുന്ദരിയായ’ ഈ സ്ത്രീയെ തട്ടിയെടുക്കാന്‍ വേണ്ടി ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി തന്നെ കൊന്നുകളയുമെന്ന് ഇബ്‌റാഹീമിന് ഭയമുണ്ടാകുന്നത് ഈ വാര്‍ധക്യവേളയിലാണ്. അങ്ങനെ അദ്ദേഹം പത്‌നിയോട് പറയുന്നു: ഈജിപ്തുകാര്‍ നിന്നെ പിടിച്ച് രാജാവിന്റെ മുമ്പില്‍ ചെല്ലുമ്പോള്‍, ഞാന്‍ നിന്റെ സഹോദരനാണെന്ന് പറയണം. നീ എന്റെ സഹോദരിയാണെന്ന് ഞാന്‍ പറയാം. അങ്ങനെ എന്റെ ജീവന്‍ രക്ഷപ്പെടട്ടെ. (ഉല്‍പത്തി അധ്യായം: 12) ഹദീസിലെ മൂന്നാമത്തെ കളവിന്റെ അടിസ്ഥാനം ഇത്തരത്തിലുള്ള നിരര്‍ഥകവും അസംബന്ധ ജടിലവുമായ ഇസ്രായേലി റിപ്പോര്‍ട്ടാണ്. മൂലത്തില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളെ അതിന്റെ നിവേദന പരമ്പര ക്ഷതമില്ലാത്തതാണ് എന്ന കാരണത്താല്‍ മാത്രം നബി(സ)യിലേക്ക് ചേര്‍ക്കപ്പെടാന്‍ വാശിപിടിക്കുന്നത് അംഗീകരിക്കാവുന്ന കാര്യമാണോ? (തഫ്ഹീമുല്‍ ഖുര്‍ആന്‍. അല്‍ അമ്പിയാഅ്. കുറിപ്പ്:60)

ഈജിപ്തിലെ ഫറോവമാരെ കുറിച്ച പഠനത്തില്‍ സൗന്ദര്യമുള്ള സ്ത്രീകളെ കണ്ടാല്‍ അവരെയെല്ലാം സ്വന്തമാക്കുന്ന സ്ത്രീലമ്പടനായ ഫറോവയെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. പ്രചാരത്തിലുള്ള കഥകളുമായി ചരിത്രത്തിന് യാതൊരു ബന്ധവുമില്ല. ഇബ്‌റാഹീം നബിയുടെ ഈജിപ്ഷ്യന്‍ പര്യടനം നടന്നത് ഫറോവയുടെ ക്ഷണമനുസരിച്ചായിരുന്നുവെന്നതിന് ഏറ്റവും നല്ല തെളിവ് അദ്ദേഹം പത്‌നി സാറയുമൊന്നിച്ചാണ് അവിടെ പോയത് എന്നതുതന്നെയാണ്. അയാള്‍ അപകടകാരിയായിരുന്നുവെങ്കില്‍, സാറയെ കൊണ്ടുപോവുകയില്ലായിരുന്നു. ഇബ്‌റാഹീം നബിയും അന്നത്തെ ഫറോവയും വംശബന്ധമുള്ളവരായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും അത് നന്നായി അറിയാമായിരുന്നു.

യഥാര്‍ഥത്തില്‍ അടിമത്ത നുകം ചരിത്രത്താളുകളിലൂടെ ഹാജറിന്റെ പിരടിയില്‍ കെട്ടിവെച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. അവര്‍ അടിമയായിരുന്നുവെന്നത് സര്‍വസമ്മതമായ ചരിത്ര വസ്തുതയൊന്നുമല്ല. മര്‍ഹും ടി. മുഹമ്മദ് സാഹിബ് എഴുതുന്നു:

ഹാഗാര്‍ സാറയുടെ അടിമയാണെന്നും അതിനാല്‍ അവരുടെ മകനായ ഇസ്മാഈലും സാറയുടെ മകനായ ഇസ്ഹാഖും സമന്‍മാരല്ലെന്നും ഇസ്‌റാഈല്യര്‍ വാദിക്കുന്നു. ഇത് അബദ്ധ ജടിലമായ പ്രസ്താവനയാണ്. ഒന്നാമത്, ഹാജര്‍ ഒരടിപ്പെണ്ണായിരുന്നുവെന്നത് തന്നെ തര്‍ക്കമറ്റ കാര്യമല്ല. രണ്ടാമത്, ഒരടിമയില്‍ ജനിച്ചവനും സ്വതന്ത്രയില്‍ ജനിച്ചവനും തമ്മില്‍ പദവിയില്‍ വ്യത്യാസമുണ്ടെന്ന തത്വം ന്യായീകരിക്കത്തക്കതല്ല. മറ്റൊരു സംഗതി, ഈയവസരത്തില്‍ ഈജിപ്ത് ഭരണാധികാരി സെമിറ്റിക് വര്‍ഗത്തില്‍ പെട്ട അറബിയായിരുന്നു. ഹസ്രത്ത് ഇബ്‌റാഹീം അവരും തമ്മില്‍ അടുത്ത ബന്ധുത്വമുണ്ടായിരുന്നു. ഹാഗാര്‍ എന്ന ഹീബ്രു ശബ്ദം തന്നെ ഇതിലേക്ക് ഉപോല്‍ബലകമായ തെളിവാണ്. അതിനാല്‍ ഇബ്‌റാഹീമിന്റെ കയ്യില്‍ ഫറോവ ഹാഗാറിനെ ഏല്‍പിച്ചിട്ടുണ്ടെങ്കില്‍, അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവര്‍ തമ്മിലള്ള ദാമ്പത്യബന്ധമായിരിക്കണം. ജൂതപുരാണങ്ങളില്‍ നിന്ന് ഈ സംഗതി തെളിയുന്നുണ്ട്. അവരുടെ പ്രാമാണിക ഗ്രന്ഥമായ സിഫ്‌റുല്‍ യശാറില്‍ ഇബ്‌റാഹീമിന്റെ കാലത്തെ ഈജിപ്ത് രാജാവ് അദ്ദേഹത്തിന്റെ നാട്ടുകാരനായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. തൗറാത്തിന്റെ ഒരു വ്യാഖാതാവായ ദിബിസലിം തന്റെ വ്യാഖ്യാനത്തില്‍ എഴുതിയിരിക്കുന്നു: ഹാഗാര്‍ ഫറോവയുടെ പുത്രിയായിരുന്നു. സാറയുടെ അദ്ഭുത കൃത്യങ്ങള്‍ കണ്ടപ്പോള്‍ ഫറോവ പറഞ്ഞു: ഇവരുടെ വീട്ടില്‍ ദാസിയായി പാര്‍ക്കല്‍ മറ്റുള്ളവരുടെ വീട്ടില്‍ യജമാനത്തിയായി പാര്‍ക്കുന്നതിനേക്കാള്‍ നല്ലതാണ്. (ഉല്‍പത്തി വ്യാഖ്യാനം:1016). സ്വതന്ത്ര എന്ന നിലയില്‍ തന്നെയാണ് സാറായുടെ സന്നിധിയില്‍ ഹാജര്‍ അര്‍പ്പിക്കപ്പെട്ടതെന്ന് അതില്‍ വ്യക്തമാക്കുന്നു. (പ്രബോധനം പ്രതിപക്ഷപത്രം 1959 ജൂണ്‍ 15)

‘ഇവരുടെ വീട്ടില്‍ ദാസിയായി പാര്‍ക്കല്‍ മറ്റുള്ളവരുടെ വീട്ടില്‍ യജമാനത്തിയായി പാര്‍ക്കുന്നതിനേക്കാള്‍ നല്ലതാണ’് എന്ന ഹാജറിനോടുള്ള യാത്രമൊഴി ലോകത്തിലെ ഏറ്റവും മഹാനായ ഒരാള്‍ക്കാണ് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുന്നതെന്ന് ധ്വനിപ്പിക്കുന്നു.

‘……………. ഇതെല്ലാമനുസരിച്ച് ചരിത്രത്തെ ക്രോഡീകരിക്കുമ്പോള്‍ സംഭവം ഇങ്ങനെ വായിക്കാം. ഫറോവയുടെ ക്ഷണമനുസരിച്ച് ഈജിപ്തില്‍ വന്ന ഇബ്‌റാഹീമും പത്‌നി സാറയും അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ താമസിച്ചു. അവിടെ സാറ ഹാജറുമായി പരിചയപ്പെട്ടു. അവര്‍ പരസ്പരം ഇടപെടുകയും മനസ്സ് തുറക്കുകയും ചെയ്തു. ഹാജറിന് പ്രവാചക കുടുംബത്തോട് കൂടുതല്‍ അടുപ്പമുണ്ടായി. ഇബ്‌റാഹീം കുടുംബത്തെ അനന്തരമെടുക്കുന്നതിന് കുഞ്ഞിന് ജന്മം നല്‍കാന്‍ ഹാജറിന് കഴിയുമെന്ന ആശയം സാറക്ക് തോന്നുകയും അവരെ പ്രവാചക കുടുംബത്തോട് ചേര്‍ക്കാന്‍ ആവശ്യമായ കൂടിയാലോചന വേണ്ടപ്പെട്ടവരോട് നടത്തുകയും ചെയ്തു. എല്ലാവരും അത് സന്തോഷത്തോടെ സമ്മതിച്ചു. ഇബ്‌റാഹീം നബിയും ഹാജറും തമ്മിലുള്ള വിവാഹം ഈജിപ്തില്‍ വെച്ച് നടന്നു. പിന്നീട് അവര്‍ ഹിബ്രൂണിലേക്ക് മടങ്ങി. അവിടെ സാറയോടൊത്ത് പത്ത് വര്‍ഷം ഹാജര്‍ ഇബ്‌റാഹീം നബിയുടെ നേരിട്ടുള്ള ശിക്ഷണത്തില്‍ കഴിഞ്ഞുകൂടി. ഫറോവയുടെ മകളെന്ന നിലയില്‍ രാജകൊട്ടാരത്തിലെ ജീവിതത്തില്‍ വല്ല ദൂഷ്യവും ഉണ്ടാവാനിടയുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കഴിഞ്ഞു. അല്ലാഹുവിലുള്ള വിശ്വാസം കൂടുതല്‍ ദൃഢമാക്കാന്‍ ആ കാലത്ത് അവര്‍ക്ക് സാധിച്ചു. ജീവിതത്തില്‍ അങ്ങേയറ്റം ലാളിത്യം പാലിക്കാന്‍ അവര്‍ ശീലിച്ചു. പ്രവാചക കുടുംബത്തിലെ അംഗമായി അവര്‍ അടിമുടി മാറ്റപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് ഹാജര്‍ ഗര്‍ഭം ധരിക്കുന്നത്….. (ബോധനം 2008)

ചുരുക്കത്തില്‍ ഹാജര്‍ കറുകറുത്ത  ദാസിയായിരുന്നു എന്ന അലസമായ പ്രയോഗത്തില്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. അതുപോലെ, ഹാജറയില്‍ ‘പലായനം ചെയ്തവള്‍’ എന്നൊരു ധ്വനിയുണ്ടല്ലോ എന്ന് ചിലര്‍ പറയാറുണ്ട്. യഥാര്‍ഥത്തില്‍ അങ്ങനെയൊരു ധ്വനിയില്ല. കാരണം, ഹാജറ എന്നത് അറബി പദമല്ല.  ഹീബ്രുപദമാണ്.                                                                                          

Related Articles