Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

ഹമാസിനെ സംബന്ധിച്ചിടത്തോളം ചെറുത്ത്‌നില്‍പ്പ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ആശയമാണ്. അതിന്റെ പേരില്‍ തന്നെ ഇത് മുഴച്ച് നില്‍ക്കുന്നുണ്ട്. ഹമാസ് രൂപീകരിക്കപ്പെട്ട സമയത്ത് വലിയൊരു രാഷ്ട്രീയപ്രതിസന്ധിയായിരുന്നു ഫലസ്തീന്‍ അഭിമുഖീകരിച്ചിരുന്നത്. ഈജിപ്ത് ഇസ്‌റയേലിനെ അംഗീഗരിക്കുകയും ആ രാഷ്ട്രത്തിന്റെ കീഴില്‍ ഒരു സമാധാനസന്ധിക്ക് രൂപം നല്‍കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. പോരാട്ടത്തിന് പകരം സമാധാനമായിരുന്നു അന്ന് കൊളോണിയല്‍ രാഷ്ട്രങ്ങള്‍ ഫലസ്തീന് വേണ്ടി മുന്നോട്ട് വെച്ച നിര്‍ദേശം. ആ സമയത്ത് തന്നെയാണ് പി എല്‍ ഒ ഇസ്രായീലിന് മുമ്പില്‍ അടിയറവ് പറയുന്നത്. അന്ന് ആയിരക്കണക്കിന് വരുന്ന ഗറില്ല പോരാളികള്‍ക്ക് തുനീഷ്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അതോട് കൂടി പി എല്‍ ഒ മിലിട്ടറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും സമാധാനശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

എന്നാല്‍ അതേസമയം രൂപീകരണകാലം മുതല്‍ തന്നെ മിലിട്ടറിപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഹമാസ് ചെയ്തത്. മാത്രമല്ല, ഏകപക്ഷീയമായ സമാധാനശ്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇസ്രായീലിന്റെ കൊളോണിയലിസത്തെ ചെറുക്കാനുള്ള ഏകമാര്‍ഗ്ഗം സായുധപോരാട്ടമാണെന്ന് അവര്‍ പ്രഖ്യപിച്ചു. എവിടെയെല്ലാം കൊളോണിയല്‍ അധിനിവേശം നിലനില്‍ക്കുന്നുണ്ടോ അവിടെയെല്ലാം സായുധപോരാട്ടം ഒരു പ്രധാന മാര്‍ഗ്ഗമായി സ്വീകരിക്കണമെന്ന് ലോകത്തുടനീളമുള്ള ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. എന്ന് അധിനിവേശം അവസാനിക്കുന്നുവോ അന്ന് മാത്രമേ പോരാട്ടം അവസാനിക്കൂ എന്നതായിരുന്നു ഹമാസിന്റെ നിലപാട്. ഹമാസിന്റെ പോളിസികളും പ്രവര്‍ത്തനങ്ങളുമെല്ലാം ഈ അടിസ്ഥാന നിലപാടിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് രൂപീകരിക്കപ്പെടുന്നത്. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ നിലപാട് എക്കാലത്തും വന്‍വിജയമായിരുന്നു. ഹമാസിന്റെ ജനകീയാടിത്തറ വികസിക്കുവാനുള്ള പ്രധാന കാരണവും ഇതായിരുന്നു.

ഹമാസിന്റെ മിലിട്ടറി പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം ഇസ്‌റായേലിന്റെ സമ്പൂര്‍ണ്ണമായ പിന്‍മാറ്റമാണ്. ഫലസ്തീനില്‍ രൂപീകരിക്കപ്പെട്ട മുഴുവന്‍ ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനങ്ങളുടെയും ലക്ഷ്യം ഇത് തന്നെയായിരുന്നു. എന്നാല്‍ ഉപാധികളില്ലാത്ത പിന്‍മാറ്റമാണ് ഹമാസ് ആവശ്യപ്പെടുന്നത്. മാത്രമല്ല, ഇസ്‌റായേലിന്റെ നിലനില്‍പ്പ് തങ്ങള്‍ അംഗീകരിക്കുകയില്ല എന്നവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ഗസ്സയില്‍ നിന്നുള്ള 2004 ലെ ഇസ്‌റായേലിന്റെ പിന്‍മാറ്റം തങ്ങളുടെ മിലിട്ടറി പ്രവര്‍ത്തനങ്ങളുടെ വിജയമായാണ് ഹമാസ് കാണുന്നത്. വര്‍ഷങ്ങളായി തുടര്‍ന്ന്‌പോന്ന ചെറുത്ത്‌നില്‍പ്പിന്റെ സ്വാഭാവിക ഫലമാണതെന്നാണ് അവര്‍ പറയുന്നത്. അത് പോലെ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 2006 ലെ ഇസ്‌റായേലിന്റെ പിന്‍മാറ്റവും തങ്ങളുടെ വിജയമായാണ് ഹമാസ് മനസ്സിലാക്കുന്നത്. ഇങ്ങനെയുള്ള ചുവടുറച്ച മിലിട്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി ഹമാസ് കാണുന്നത് ഹിസ്ബുല്ലയെയാണ്. 2000-ത്തില്‍ ലബനാനില്‍ നിന്ന് ഇസ്‌റയേലിനെ ഹിസ്ബുല്ല തുരത്തിയിരുന്നു. ഈ സംഭവമാണ് ഹമാസിന് പ്രചോദനമായിത്തീര്‍ന്നത്.

ലോകത്തുടനീളമുള്ള കൊളോണിയല്‍ ശക്തികളെ അലോസരപ്പെടുത്തിയ ഫലസ്തീന്‍ മുന്നേറ്റമായിരുന്നു ഇന്‍തിഫാദ. ഫലസ്തീനികളുടെ വിമോചനപ്പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അത്. 1987 ലും 2000 ത്തിലുമാണ് ഇന്‍തിഫാദ ഒരു കൊടുങ്കാറ്റായി ഇസ്‌റയേലിന് മേല്‍ ആഞ്ഞടിക്കുന്നത്. 1987 ല്‍ ഗസ്സയില്‍ ചെറിയ തോതില്‍ തുടങ്ങിയ ഇന്‍തിഫാദ പിന്നീട് വെസ്റ്റ്ബാങ്കിലും ഇസ്‌റായീല്‍ അധീനപ്പെടുത്തിയ ഓരോ പ്രദാശങ്ങളിലും ആളിപ്പടരുകയായിരുന്നു. ഇന്‍തിഫാദ രൂപപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായി ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നത് ഇസ്‌ലാമിസ്റ്റുകളുടെ ഉപാധികളില്ലാത്ത പോരാട്ട രീതിയാണ്.

1987 ലെ ഇന്‍തിഫാദ പൊതുവെ ആയുധരഹിതമായിരുന്നു. വലിയ തോതിലുള്ള ജനകീയ റാലികള്‍ സംഘടിപ്പിക്കുന്നതിലായിരുന്നു ഇസ്‌ലാമിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. stone revolution എന്നാണ് ഇതറിയപ്പെട്ടത്. 1993 വരെ ഈ ഒന്നാംഘട്ട ഇന്‍തിഫാദ നീണ്ടുനിന്നു. വെസ്റ്റ്ബാങ്കിന്റെയും ഗസ്സയുടെയും സമ്പൂര്‍ണ്ണമായ അധികാരമാണ് ഇതോട് കൂടി ഫലസ്തീന് കൈവന്നത്. 2000 ത്തിലാണ് രണ്ടാം ഇന്‍തിഫാദ അലയടിക്കുന്നത്. 1999 തോട് കൂടി ഫലസ്തീന്‍ സമ്പൂര്‍ണ്ണമായി വിട്ട് തരുമെന്ന ഇസ്‌റയേലിന്റെ വാഗ്ദാനം അവര്‍ ലംഘിച്ചതിന്റെ പ്രതിഷേധമായായിരുന്നു രണ്ടാം ഇന്‍തിഫാദ അലയടിച്ചത്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഓസ്‌ലോ കരാറിന് ശേഷം ഇസ്‌റയേല്‍ തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കുകയായിരുന്നു. മാതമല്ല, ജറൂസലേം പൂര്‍ണ്ണമായി അവര്‍ അധിനിവേശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ഇന്‍തിഫാദ പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം ഏരിയല്‍ ഷാരോണിന്റെ മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശനമായിരുന്നു. തങ്ങള്‍ പുണ്യസ്ഥലമായി കരുതുന്ന മസ്ജിദ് ഷാരോണ്‍ മലിനപ്പെടുത്തി എന്ന് ഫലസ്തീനികള്‍ വിശ്വസിച്ചു. അതിനാല്‍ തന്നെ ഈ ധിക്കാരത്തിന് മറുപടി നല്‍കേണ്ടത് തങ്ങളുടെ വിശ്വാസപരമായ ബാധ്യതയാണെന്ന് അവര്‍ മനസ്സിലാക്കി.

വിവ : സഅദ് സല്‍മി

സയണിസവും ജൂതമതവും
ഹമാസും മുസ്‌ലിം രാഷ്ട്രങ്ങളും

Related Articles