Current Date

Search
Close this search box.
Search
Close this search box.

ഹമാസിന്റെ തെരെഞ്ഞെടുപ്പ് വിജയം

ഹമാസ് തുടക്കം മുതല്‍ മിലിറ്ററി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ചിരുന്നത് ചാവേറാക്രമണങ്ങളെയായിരുന്നു. ഹെബ്രോണിലെ ഒരു മസ്ജിദില്‍ പ്രാര്‍ഥനയിലായിരുന്ന ഫലസ്തീനികളെ കൂട്ടകൊല ചെയ്തതിന് പ്രതികാരമായി 1994-ലാണ് ഹമാസിന്റെ നേതൃത്വത്തില്‍ ആദ്യമായി ചാവേറാക്രമണം നടന്നത്. അന്ന് മുതല്‍ ഇസ്രയേല്‍ നടത്തുന്ന ഓരോ ആക്രമണങ്ങള്‍ക്കും തിരിച്ചടിയെന്നോണം ചാവേറാക്രമണങ്ങളായിരുന്നു ഹമാസ് അവലംബിച്ചിരുന്നത്.

തങ്ങള്‍ ചാവേറാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നത് ഇസ്രയേല്‍ ആക്രമണം നടത്തുമ്പോള്‍ മാത്രമാണെന്നാണ് പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഹമാസ് പറയുന്നത്. ഇസ്രയേല്‍ പട്ടാളത്തിന്റെ കൊളോണിയല്‍ അധിനിവേശത്തിനെതിരായ സ്വാഭാവിക പ്രതികരണം മാത്രമാണിത്. മാത്രമല്ല, ഇരുഭാഗത്തുമുള്ള സിവിലിയന്‍മാര്‍ ആക്രമിക്കപ്പെടരുതെന്ന ഹമാസിന്റെ ആവശ്യവും ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ല. അതുപോലെ മുഴുവന്‍ ഇസ്രയേലി പൗരന്‍മാരും ഫലസ്തീന്‍ അധിനിവേശത്തിന് ഉത്തരവാദികളാണെന്നാണ് ഹമാസിന്റെ ന്യായം.

ഫലസ്തീനിലുടനീളം നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഹമാസിന് ജനകീയാടിത്തറ നല്‍കിയത്. തെരെഞ്ഞെടുപ്പില്‍ നേടിയ വിജയം ഇത്തരത്തില്‍ നേടിയ ജനകീയാടിത്തറയുടെ വിജയമായിരുന്നു. എന്നാല്‍ ഇസ്‌ലാമിക വല്‍കരണമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നാണ് അവിടത്തെ സെക്യുലറിസ്റ്റുകളുടെ ആരോപണം. ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പോരാട്ടം തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ അതൊരു ഇസ്‌ലാമിക പ്രവര്‍ത്തനം തന്നെയാണെന്നുമുള്ള ഉശിരന്‍ മറുപടിയാണ് ഹമാസ് ഇത്തരം സെക്യുലറിസ്റ്റുകള്‍ക്ക് നല്‍കുന്നത്.

ഹമാസ് അധികാരത്തില്‍
2006-ലെ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം സൂക്ഷമ പരിശോധന അര്‍ഹിക്കുന്നതാണ്. ഹമാസിന്റെ വിജയത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു അവരുടെ വിജയം. ഹമാസിന്റെ വോട്ടര്‍മാര്‍ ഇക്കാര്യം സൂക്ഷമമായി പരിഗണിച്ചിരുന്നു. ഫത്ഹിന്റെ നേതൃത്വത്തില്‍ ഇസ്രയേലുമായി നടന്ന നിരവധി സമാധാന ഉടമ്പടി ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുള്ള നിരാശ അവരെ ഹമാസില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിച്ചു.

എല്ലാ മേഖലകളിലുമുള്ള ഫത്ഹ് പാര്‍ട്ടിയുടെ പരാജയവും ഹമാസിന്റെ വിജയത്തിന് കാരണമാവുകയായിരുന്നു. ഫലസ്തീനികളുടെ ആഭ്യന്തരമായ സുരക്ഷക്കും ക്ഷേമത്തിനും ഫത്ഹ് കാര്യമായി ഒന്നും ചെയ്തിരുന്നില്ല. ഫത്ഹിന്റെ മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയില്‍ മുങ്ങികുളിച്ചവരുമായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും അങ്ങേയറ്റം രൂക്ഷമായിരുന്നു. എന്നാല്‍ ഫത്ഹ് നേതാക്കന്‍മാരുടെ ജീവിതം വളരെ ആഢംബരത്തോടെയായിരുന്നു. ഈ ജനദ്രോഹ നയങ്ങള്‍ക്കുള്ള ചുട്ടമറുപടിയാണ് തെരെഞ്ഞെടുപ്പില്‍ ജനം നല്‍കിയത്.

ഫലസ്തീനിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും ഹമാസിന് ലഭിച്ചു. ഹമാസ് മന്ത്രിസഭയിലെ ടൂറിസം വകുപ്പ് മന്ത്രിയായി ഒരു ക്രിസ്തുമത വിശ്വാസിയെയാണ് നിയമിച്ചിരുന്നത്. ഹമാസിനെ സംബന്ധിച്ചടത്തോളം തെരെഞ്ഞെടുപ്പ് വിജയം വലിയൊരു വെല്ലുവിളിയായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ചിരുന്ന നയങ്ങളിലും നിലപാടുകളിലും അവര്‍ മാറ്റങ്ങള്‍ വരുത്തി. ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഹമാസിന്റെ വിജയത്തില്‍ സന്തോഷിക്കുകയും തങ്ങളുടെ രാഷ്ട്രീയ രംഗത്തുള്ള മാതൃകയായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ അറബ് ഭരണാധികാരികള്‍ ഹമാസിന്റെ വിജയത്തെ സംശയത്തോടെയും ആകാംക്ഷയോടെയുമാണ് കണ്ടത്. തങ്ങളുടെ നാടുകളിലുള്ള ഇസ്‌ലാമിസ്റ്റുകള്‍ ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുമെന്ന് അവര്‍ ഭയന്നു. എന്നാല്‍ അറബ് രാജ്യങ്ങളിലെ സെക്യുലറിസ്റ്റുകള്‍ ഹമാസിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണക്കുന്നതോടൊപ്പം തന്നെ അവരുടെ മതസ്വഭാവത്തെ എതിര്‍ക്കുകയും ചെയ്തു.

ജനാധിപത്യത്തെ കുറിച്ച് നിരന്തരമായി സംസാരിച്ച് കൊണ്ടിരുന്ന അന്താരാഷ്ട്ര സമൂഹത്തിന് ഫലസ്തീനില്‍ ഒരു ഇസ്‌ലാമിസ്റ്റ് ഭരണകൂടം ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അത് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ വലിയൊരു ആശയക്കുഴപ്പത്തിലാണ് എത്തിച്ചത്. ഒന്നുകില്‍ ജനാധിപത്യത്തെ കുറിച്ച തങ്ങളുടെ വര്‍ത്തമാനങ്ങള്‍ സത്യസന്ധമാണെന്ന് തെളിയിക്കണം. അല്ലെങ്കില്‍ ഇസ്രയേലിനെ പരസ്യമായി പിന്തുണച്ച് ലോകമുസ്‌ലിംകള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തണം. രണ്ടാമത്തെ മാര്‍ഗമാണ് അവര്‍ തെരെഞ്ഞെടുത്തത്. മാത്രമല്ല, ഹമാസിനെ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തു. ഇസ്രയേലും അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറബ് രാഷ്ട്രങ്ങളും കൂടിചേര്‍ന്ന് അതിനാവശ്യമായ കരുക്കള്‍ നീക്കുകയും ചെയ്തു. (തുടരും)

വിവ : സഅദ് സല്‍മി

ഹമാസിന്റെ രാഷ്ട്രീയ മുന്നേറ്റം
ഇസ്‌ലാമും ഫലസ്തീനിയന്‍ പോരാട്ടവും

Related Articles