Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിന്‍ …ചരിത്രത്തില്‍ നിന്ന് നാം ഒന്നും പഠിച്ചിട്ടില്ല !

യൂറോപ്പില്‍ ഇസ്‌ലാമിക ചരിത്രം വിളങ്ങിനിന്ന കാലത്ത് ഭൂമുഖത്തെ ഉദ്യാനമായിരുന്നു സ്‌പെയിന്‍. ഭൂമുഖത്തെ ഹരിതാഭമാക്കിയ പൂന്തോട്ടങ്ങളും അരുവികളും ജലാശയങ്ങളുമാല്‍ സമ്പന്നമായിരുന്നു പ്രസ്തത നാട്. ഇത് പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ മാത്രമല്ല. ലോകത്തെ വിജ്ഞാന ദാഹികളുടെ ദാഹം ശമിപ്പിച്ച പ്രകാശഗോപുരവുമായിരുന്നു അന്‍ദുലുസ്. ശരീഅ വിജ്ഞാനീയങ്ങള്‍, പ്രകൃതി വിജ്ഞാനം, നിര്‍മാണമേഖല, ഫാക്ടറികള്‍, സൈനിക ഉപകരണങ്ങള്‍ എല്ലാറ്റിലും ബഹുദൂരം മുന്നിലായിരുന്നു സ്‌പെയിന്‍. കാര്‍ഷിക രംഗവും കച്ചവടവും അതിന്റെ ഉത്തുംഗത പ്രാപിച്ചിരുന്നു. ചരിത്രത്തിലെ ഇരുണ്ടയുഗം എന്ന് വിശേഷിപ്പിച്ച സന്ദര്‍ഭത്തില്‍ ലോകത്ത് പ്രഭപരത്തിയത് ഇസ്‌ലാമിക് സ്‌പെയിനാണെന്ന സത്യം ഒരു പക്ഷെ ഇന്നത്തെ തലമുറക്ക് അവിശ്വസനീയമായിരിക്കും.

സ്‌പെയിന്‍ ഉല്‍പാദിപ്പിച്ച വിജ്ഞാന തീരങ്ങളില്‍ നിന്നായിരുന്നു ലോകത്തിന്റെ നാനാഭാഗത്തുള്ള വിജ്ഞാനകുതുകികള്‍ ദാഹംശമിപ്പിച്ചത്. അതിജയിക്കപ്പെട്ട ജനത അതിജയിച്ച സമൂഹത്തെ അനുകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും എന്ന ഇബ്‌നു ഖല്‍ദൂന്റെ പ്രസ്താവനക്ക് നാം അടിവരയിടുകയാണ്. ഇന്നിന്റെ സായാഹ്നങ്ങളെ ഇന്നലത്തെ രാവുകള്‍ക്ക് എന്ത് സാദൃശ്യമാണുള്ളത്! ഇനിയെന്ത് എന്ന് നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ശേഷം എന്ത് എന്ന് നിങ്ങള്‍ ചോദിക്കരുത്, അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടി യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാത്തതാണ്. മുന്‍ഗാമികളുടെ ജീവിതത്തില്‍ നിന്ന് ഗുണപാഠങ്ങള്‍ സ്വീകരിച്ചു കൊണ്ട് വിജയ പാത വെട്ടിത്തെളിയിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം നമുക്ക് വിവരിച്ചുതരുന്നത്. മുസ്‌ലിങ്ങള്‍ പരാജയപ്പെടുകയും പരസ്പരം വിദ്വേഷത്തിലും ചതിയിലുമേര്‍പ്പെടുകയാണെങ്കില്‍ അധപ്പതനം തന്നെയായിരിക്കും അതിന്റെ ഫലം. നമ്മുടെ പാഠശാലകളിലെ പഠനം മുതല്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിനും പരാജയത്തിനും ഹേതുവാകും എന്ന് നാം തിരിച്ചറിയുകയും വേണം.
സ്‌പെയിനിന്റെ ചരിത്രത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഉയര്‍ച്ചയുടെയും ഇടര്‍ച്ചയുടേതുമായ എട്ടുനൂറ്റാണ്ട്. ഇതിനിടയില്‍ സ്‌പെയിനില്‍ നിരവധി ഭരണാധികാരികളും ഗവര്‍ണര്‍മാരും കിരീടാവകാശികളും രാജാക്കന്മാരും വിഭാഗങ്ങളുമുണ്ടായി. ഈ പുരോഗതിയും സമൃദ്ധിയുമെല്ലാം ഉറക്കൊഴിഞ്ഞു നിന്നുകൊണ്ട് അശ്രാന്ത പരിശ്രമം നേടിയ ക്രൈസ്തവര്‍ തങ്ങളുടേതായി മാറ്റിമറിക്കുകയുണ്ടായി. സ്‌പെയിന്‍ പരാജയത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കലല്ല എന്റെ ഉദ്ദേശ്യം. അതിനെ പറ്റിയുള്ള നിരവധി വിശകലനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ തടയപ്പെട്ടതിന് ശേഷം മറ്റുസമൂഹങ്ങളിലൊന്നും കാണപ്പെടാത്തവിധം അല്ലാഹു ഇവരുടെ ഹൃദയങ്ങളില്‍ ഭയം അങ്കുരുപ്പിച്ചത് എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഏത് മുസ്‌ലിമിനെ പോലെയും അന്‍ദുലുസിന്റെ മണ്ണില്‍ ചിന്തപ്പെട്ട മുസ്‌ലിം രക്തങ്ങളുടെ പേരില്‍ ഞാനും വിലപിക്കുന്നുണ്ട്. അവരുടെ സമര്‍പ്പണത്തിന്റെ മഹിതമാതൃകകള്‍ ഞാന്‍ ഇന്നും സ്മരിച്ചുകൊണ്ടേയിരിക്കുന്നു. പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയല്ലാതെ സ്വതാല്‍പര്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ത്തവര്‍ ആണ് പിന്നീട് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് അവിടെ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാനും ഉന്മൂലനത്തിനുമെല്ലാം ധൈര്യം നല്‍കിയത്.

ഈ സംഭവവികാസങ്ങളെല്ലാം ലോകം കണ്ടതും കേട്ടതുമാണ്. എന്നിട്ടും അധികാരം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഭരണാധികാരികള്‍ ഇന്നും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇവരുടെ അധികാരവും സിംഹാസനവുമെല്ലാം തകരാനുള്ളത് തന്നെയാണ്. അതിന് ശേഷം അതിനെ പറ്റി വിലപിക്കാന്‍ ആരുമുണ്ടായിരിക്കുകയില്ല. സ്‌പെയിന്‍ നമ്മില്‍ നിന്നും നഷ്ടപ്പെട്ടുപോയത് ഒന്നോ രണ്ടോ ദിനങ്ങള്‍ കൊണ്ടല്ല, ശത്രുക്കളുടെ നൂറ്റാണ്ടുകളുടെ അശ്രാന്തപരിശ്രമങ്ങളിലൂടെയാണ് അത് സംഭവിച്ചത്. അതിനാല്‍ നാം അവരേക്കാള്‍ ബോധവാന്മാരും ജാഗ്രതയുള്ളവരുമായിരിക്കണം. സാഹചര്യങ്ങളെ നാം നിരന്തരമായി വീക്ഷിച്ചുകൊണ്ടിരിക്കണം. ലോകത്തെ അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ചലിപ്പിക്കാനുള്ള പ്രായോഗിക സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയും വേണം. അതിനാല്‍ കാലഘട്ടം മുസ്‌ലിങ്ങള്‍ എവിടെ എന്ന് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുകയാണ്.!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്.

Related Articles