Current Date

Search
Close this search box.
Search
Close this search box.

രാജ്ഞി സുബൈദ : ജനസേവനത്തിന്റെ മാതൃക

ഹി. 148/ എ. ഡി. 766 ലാണ് സുബൈദ ജനിച്ചത്. അതീവ സുന്ദരിയായിരുന്നതിനാല്‍, പിതൃമഹന്‍ ഖലീഫാ മന്‍സൂര്‍ ഇവരെ ‘സുബൈദ’ എന്ന് വിളിക്കുകയായിരുന്നു. ‘അമതുല്‍ അസീസ്’ എന്നാണ് ശരിയായ പേര്‍. ഖലിഫ മഹ്ദിയുടെ സഹോദരന്‍ ജഅ്ഫര്‍ പിതാവും, മഹ്ദിയുടെ ഭാര്യാസഹോദരി മാതാവുമായിരുന്നു. അതിനാല്‍ ഹാറൂന്‍ റശീദുമായി പിതാവ് വഴിയും മാതാവ് വഴിയും ബന്ധമുണ്ടായിരുന്നു. അതീവ ബുദ്ധിമതിയും സുന്ദരിയും വിജ്ഞാന കുതുകിയുമായ സുബൈദ, വിശുദ്ധ ഖുര്‍ആന്‍, തിരുവചനം, അറബി സാഹിത്യം എന്നിവ വളരെ താല്‍പര്യത്തൊടെ പഠിച്ചു. മാത്രമല്ല, സാഹിത്യത്തിലും ശാസ്ത്രത്തിലും അതീവ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഫണ്ടുകള്‍ നീക്കി വെച്ചു കൊണ്ട്, ദശക്കണക്കില്‍ കവികളെയും ശാസ്ത്രജ്ഞന്മാരെയും സാഹിത്യകാരന്മാരെയും ബഗ്ദാദിലേക്ക് ക്ഷണിച്ചു. അവരുടെ കൊട്ടാരത്തില്‍, രാപകല്‍ ഭേദമന്യേ ഖുര്‍ആന്‍ പാരായണം നടത്തുന്നതിന്നായി, നൂറ് അടിമ സ്ത്രീകള്‍ നിയമിക്കപ്പെട്ടിരുന്നുവത്രെ. കൊട്ടാരത്തില്‍, എവിടെ ചെന്നാലും ഖുര്‍ആനിന്റെ മാറ്റൊലികള്‍ കേട്ടിരുന്നു.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പുരോഗതിക്കായി ഒരു സംഘം പണ്ഡിതന്മാരെ അവര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഇമാം ശാഫിഈയുടെ സമകാലികയായിരുന്നു. അബ്ബാസി ഖലീഫമാരില്‍ അഞ്ചാമനും 23 വര്‍ഷത്തോളം (786 – 809) ഭരണം നടത്തുകയും ചെയ്ത ഹാറൂന്‍ റശീദ്, ഹി. 165 / എ. ഡി. 781 ല്‍, സുബൈദയെ വിവാഹം ചെയ്തു. അതി ഭക്തയായിരുന്ന രാജ്ഞി സുബൈദ ഒരു നമസ്‌കാരം പോലും നഷ്ടപ്പെടുത്തിയിരുന്നില്ല. നിരവധി തവണ ഹജ്ജ് കര്‍മം നടത്തിയ ഇവര്‍, പലപ്പോഴും, ബഗ്ദാദില്‍ നിന്നും മക്ക വരെ, 900  ഓളം മൈലുകള്‍, ഭര്‍ത്താവോടൊപ്പം കാല്‍നടയായി നടാന്നു കൊണ്ടാണത് നിര്‍വഹിച്ചിരുന്നത്.

റശീദ് – സുബൈദ ദമ്പതികള്‍ക്ക് മുഹമ്മദ് അമീന്‍ എന്ന ഒരു പുത്രന്‍ ജനിച്ചു. റശീദിന്റെ, മറജെല്‍ എന്ന വെപ്പാട്ടിയിലുണ്ടായിരുന്ന മകന്‍ അലി മഅ്മൂനേക്കാള്‍ ആറു മാസം ഇളപ്പമായിരുന്നു അമീന്ന്. തന്റെ പുത്രന്‍ അമീനെ കിരീടാവകാശിയാക്കണമെന്ന് ഖലീഫയോട് ഇവര്‍ ആവശ്യപ്പെട്ടു. പക്ഷെ, മഅ്മൂന്റെ ബുദ്ധിയും പാണ്ഡിത്യവും മനസ്സിലാക്കിയ ഖലീഫ, അദ്ദേഹത്തെ കിരീടാവകാശിയാക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍, ഭാര്യയെ പിണക്കേണ്ടെന്നു കരുതി, അമീനെ കിരീടാവകാശിയും, മഅ്മൂനെ കിരീടാവകാശിയുടെ കിരീടാവകാശിയുമാക്കുകയായിരുന്നു. മറ്റൊരു പുത്രനായിരുന്ന അല്‍ ഖാസിമിനെ മൂന്നാമത്തെ കിരീടാവകാശിയുമായി നിശ്ചയിച്ചു.

പ്രതീക്ഷിച്ചത് പോലെ തന്നെ, പിതാവിന്റെ മരണ ശേഷം അധികാരത്തിലേറിയ അമീന്‍, ആദ്യ ദിവസം മുതല്‍ തന്നെ, ഭരണം താറുമാറാക്കാന്‍ തുടങ്ങി. അവസാനമായി, സഹോദരനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുകയും അത് യുദ്ധത്തിലവസാനിക്കുകയുമാണുണ്ടായത്. ഈ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.  തന്റെ ദുഖത്തെയും ദുരന്തത്തെയും അതിജീവിച്ച സുബൈദ ഖലീഫ മഅ്മൂനിന്ന് ഇങ്ങനെ എഴുതി:
‘പുതിയ ഖലീഫ എന്ന നിലയില്‍, താങ്കളെ ഞാന്‍ ആശീര്‍വദിക്കുന്നു. എനിക്ക് ഒരു മകന്‍ നഷ്ടമായെങ്കിലും, തദ്സ്ഥാനത്ത്, ഞാന്‍ ജന്മം നല്‍കാത്ത മറ്റൊരു മകന്‍ അവരോധിക്കപ്പെട്ടിരിക്കുന്നുവല്ലോ’.

പുതിയ ഖലീഫയില്‍, ഈ വാക്കുകള്‍ ഉത്സാഹം സൃഷ്ടിച്ചു. ജനിച്ചു മൂന്നു ദിവസം കഴിഞ്ഞു മാതാവ് നഷ്ടപ്പെട്ട അദ്ദേഹത്തെ വളര്‍ത്തിയത് സുബൈദ തന്നെയായിരുന്നുവല്ലോ. അവരുടെ അടുത്ത് കുതിച്ചെത്തിയ മഅ്മൂന്‍, തന്റെ സഹോദരനെ വധിക്കാന്‍, താന്‍ കല്പന നല്‍കിയിട്ടില്ലെന്ന് ആണയിട്ടു പറഞ്ഞു. ഭര്‍ത്താവിന്റെ മരണ ശേഷം, 22 വര്‍ഷം സുബൈദ ജീവിച്ചിരുന്നു. അവരോട് പൂര്‍ണമായ ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് സുഖസൗകര്യങ്ങള്‍ നല്‍കുകയും ചെയ്ത ഖലീഫ, സുപ്രധാന കാര്യങ്ങളില്‍, അവരോട് ഉപദേശമാരായുകയും ചെയ്തിരുന്നു. ഹി. 216ല്‍, തന്റെ അറുപത്തിയേഴാമത്തെ വയസ്സിലായിരുന്നു മരണം.
ബഗ്ദാദില്‍ നിന്നും മക്കയിലേക്കുള്ള ഒരു റോഡിന്റെ പ്ലാനിംഗും നിര്‍വഹണവുമായിരുന്നു അവരുടെ ഏറ്റവും വലിയ നേട്ടം. മുമ്പ് ഒരു പാത നിലവിലുണ്ടായിരുന്നു. പക്ഷെ, മരുഭൂമിയും മരുക്കാറ്റും കാരണം, അ വഴി സഞ്ചരിച്ചിരുന്ന തീര്‍ത്ഥാടകരില്‍ പലര്‍ക്കും ജീവനാശവും ദാഹവും വഴി ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കിയ അവര്‍, അസ്ഥിര മണലില്‍ നിന്നും മോശമായ കാലാവസ്ഥകളില്‍ നിന്നും, യാത്രക്കരെ രക്ഷിക്കുന്ന മതിലുകളാലും അഭയകേന്ദ്രങ്ങളാലും അതിരുകള്‍ നിര്‍ണയിക്കപ്പെട്ട ഒരു റൂട്ടു നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. അവരുടെ എഞ്ചിനീയര്‍മാര്‍, ഖിബ്‌ലയുടെ ദിശയില്‍ സഞ്ചരിച്ച് 1200 കി. മീ. യിലധികം വരുന്ന ഏരിയയുടെ ഒരു ഭൂപടം തയ്യാറാക്കി. റോഡ് 40 ലധികം ഭാഗങ്ങളായി വിഭജിച്ചു. തീര്‍ഥാടക സംഘങ്ങള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കുകയായിരുന്നു ഉദ്ദേശ്യം. ആഴമുള്ള കിണറുകള്‍, കുളങ്ങള്‍, അതിഥി മന്ദിരങ്ങള്‍, പള്ളികള്‍, പോലീസ് പോസ്റ്റുകള്‍ എന്നിവയും നിര്‍മ്മിക്കപ്പെട്ടു. സ്ഥല നിര്‍ണയാര്‍ത്ഥം ഉയരമുള്ള മിനാരങ്ങള്‍ സ്ഥാപിക്കപ്പെട്ടു. സാര്‍ത്ഥവാഹക സംഘങ്ങള്‍ക്ക് വഴി കാണിക്കാനായി, രാത്രി ടവറുകളില്‍ തീ കത്തിച്ചു.
ഈ കെട്ടിടങ്ങളെല്ലാം വളരെ സുശക്തമായിരുന്നതിനാല്‍, നൂറ്റാണ്ടുകളൊളം അവ കേടു കൂടാതെ നിലനിന്നു. ഇറാഖ്, ഖുറാസാന്‍, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മില്യന്‍ കണക്കിലാളുകള്‍ക്ക് ആയിരത്തിലധികം വര്‍ഷം സേവനം ചെയ്യാന്‍ ‘ദര്‍ബ് സുബൈദ’ക്ക് കഴിഞ്ഞുവെന്നതായിരുന്നു ഫലം. ഏകദേശം 1300 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഈ വഴിയിലെ ചില കിണറുകളും കുളങ്ങളും ഇപ്പോഴും തിരിച്ചറിയാന്‍ കഴിയും.

ബഗ്ദാദില്‍ നിന്നാരംഭിക്കുന്ന ‘ദര്‍ബ് സുബൈദ’ കൂഫ, അജഫ്, ഖാദിസിയ്യ, മുഗിയാഥ്, തലബിയ്യ, ഫീദ്, സാമര്‍റ എന്നിവയിലൂടെ നെക്‌റയിലെത്തി ചേരുന്നു. അവിടെ നിന്ന് അഖാഖിയ വഴി മദീനയിലേക്ക് മറ്റൊരു കൈവഴിയായി പോകുന്നു. മക്കയിലേക്കുള്ള പ്രധാന പാത, മുഗൈഥ്, ബീര്‍ ഗിഫാരി, അല്‍ സലീല, ബിര്‍ക സബ്ദ എന്നിവ കടന്ന് മഹദ് ദഹബിലെത്തുന്നു. പിന്നെ, സഫീന, ഗാമ്ര എന്നിവ മുറിച്ചു കടന്ന് ദാത് ഇര്‍ഖ് എന്ന മീഖാതിലും, അവിടെ നിന്ന് ബുസ്താന്‍ വഴി മക്കയിലും എത്തുന്നു.

പ്രദേശത്തെ സാംസ്‌കാരിക – വാണിജ്യ പ്രവര്‍ത്തനങ്ങളും ദര്‍ബ് സുബൈദ നടത്തിയിരുന്നു. രത്രിയുടെ വിശ്രാന്തിയില്‍, ജനങ്ങള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുകയും, പ്രഭാഷണങ്ങള്‍ നടത്തുകയും ചരിത്ര കഥകള്‍ പറയുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. വര്‍ഷം തോറും ആറ് മാസം ഹജ്ജ് ഗതാഗതത്തിന്നായി സജീവമാകുന്ന ഈ റോഡ്, ബാക്കി കാലങ്ങളില്‍ പ്രദേശവാസികളെയും വ്യാപാരികളെയും സേവിച്ചിരുന്നു. രാജ്ഞി ഈ പദ്ധതിക്കായി 17 ലക്ഷം മിഥ്ഖാല്‍ ചെലവഴിച്ചതായി പറയപ്പെടുന്നു. 5950 കി. ഗ്രാം ശുദ്ധ സ്വര്‍ണത്തിന്നു സമാനമത്രെ ഇത്. ഇതിന്ന് ഇന്നത്തെ ബില്യന്‍ കണക്കില്‍ ഡോളറുകള്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു.

തുര്‍ബത് ഹായിലിന്ന് 20 കി. മീ. വടക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന ബിര്‍ക അല്‍ ബിദ്ദ, 70 കി. മീ. വടക്ക് സ്ഥിതി ചെയ്യുന്ന ബിര്‍ക അല്‍ അരീശ്, റഫ്ഹയുടെ 14 കി. മീ കിഴക്ക് ഭാഗത്തുള്ള ബിര്‍ക അല്‍ ജുമൈമ, ബുഖാഇല്‍ നിന്ന് 50 കി. മീ വടക്ക് കിഴക്കായി നിലകൊള്ളുന്ന ബിര്‍ക സറൂദ് എന്നിവ, അവരുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നവയത്രെ.

ഐന്‍ സുബൈദ എന്നറിയപ്പെടുന്ന ഒരു കനാലാണ് സുബൈദയുടെ സുപ്രധാനമായ മറ്റൊരു നേട്ടം. ഹി. 193 ല്‍, ഭര്‍ത്താവ് മരിച്ച ശേഷം ഹജ്ജിന്നു പോയ അവര്‍, അറഫ, മിന, മക്ക എന്നിവയുടെ ജല ദൗര്‍ഭിക്ഷ്യം മനസ്സിലാക്കി. തീര്‍ഥാടകര്‍ ദാഹത്താല്‍ വലയുകയായിരുന്നു. ഒരു കുപ്പി വെള്ളത്തിന്ന് ഒരു ദീനാര്‍ വരെ വിലയായിരുന്നു. ഇത് കണ്ട് ദുഖവും മനസ്സലിവും തോന്നിയ അവര്‍, ഒരു കനാല്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മക്കയുടെ എല്ലാ ഭാഗത്തേക്കും തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി വെള്ളമെത്തിക്കാനായി അവര്‍ പരിപാടിയിട്ടു. തദാവശ്യാര്‍ത്ഥം, കെല്‍പുറ്റ ഏറ്റവും നല്ല എഞ്ചീനിയര്‍മാരുടെ സഹായം അവര്‍ തേടി. ഇതിന്ന് വേണ്ടി, അടിയന്തിരമായി പഠനം നടത്താന്‍ എഞ്ചീനിയര്‍മാരോട് അവര്‍ ആവശ്യപ്പെട്ടതായി ഇബ്‌നുല്‍ ജൗസി രേഖപ്പെടുത്തുന്നു. സര്‍വെ നടന്നു. പാറക്കൂട്ടങ്ങള്‍ക്ക് താഴെയും, കുന്നുകള്‍ക്ക് മീതെയുമായി, ഏകദേശം, 10 മൈലുകളിലധികം തുരങ്കം നിര്‍മിക്കുക ആവശ്യമാണതിനെന്നും, അതിനാല്‍ തികച്ചും പ്രയാസകരവും ചെലവേറിയതുമായിരിക്കും പദ്ധതിയെന്നുമായിരുന്നു അവരുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

പ്രദേശം മുഴുവന്‍ സര്‍വെ നടത്തിയ ശേഷം, ഹുനൈന്‍ താഴ്‌വരയില്‍ നിന്ന് കനാല്‍ കൊണ്ടുവരാനായിരുന്നു തീരുമാനിക്കപ്പെട്ടത്. അവിടെനിന്ന് ലഭിച്ചിരുന്ന വെള്ളം പ്രദേശവാസികള്‍ക്കും ജലസേചനത്തിന്നുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഈ താഴ്‌വരയില്‍ വെച്ചായിരുന്നു നബി തിരുമേനി(സ) ഹുനൈന്‍ യുദ്ധം വിജയിച്ചത്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം! തരിശ് ഭൂമി! ചൂടു പിടിച്ച കാലാവസ്ഥ! ഭൂമിയുടെ ഉപരിഭാഗം ഒരു കനാലിനെ താങ്ങി നിറുത്തുക പ്രയാസകരം.  അതിനാല്‍, തുരങ്ക രൂപത്തിലുള്ള ഒരു കനാല്‍ നിര്‍മിക്കാനാണ് എഞ്ചിനീയര്‍മാര്‍ പദ്ധതി തയ്യാറാക്കിയത്. ജനങ്ങളുടെ ആവശ്യ നിവൃത്തിക്കായി, ഇടക്കിടെ മീതെ വെള്ള സ്‌റ്റേഷനുകളോട് കൂടിയതായിരുന്നു പദ്ധതി.

സുബൈദയുടെ കല്‍പന പ്രകാരം, അരുവികളും മറ്റു ജലസ്രോതസ്സുകളുമടങ്ങിയ പ്രദേശം മുഴുവന്‍ പൊന്നുവിലക്ക് വാങ്ങുകയായിരുന്നു. മലകളിലൂടെ വെള്ളമെത്തിക്കുന്നതിന്ന് ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വരും. ഭീമമായ മാനവ ശേഷി, ബൃഹത്തായ ഫണ്ടുകള്‍, മലകള്‍ മുറിക്കാനും പാറക്കെട്ടുകള്‍ നിറഞ്ഞതും തരിശായതുമായ മലകള്‍ കുഴിക്കാനും ആവശ്യമായ വിദഗ്ദ്ധര്‍ എന്നിവ ഇതിന്നു വേണ്ടിയിരുന്നു. പക്ഷെ, ഇത് കൊണ്ടൊന്നും ഇളകുന്നതായിരുന്നില്ല സുബൈദയുടെ ഇച്ഛാ ശക്തി. ‘ആവശ്യമെങ്കില്‍, ഒരു മണ്‍ വെട്ടിയുടെ ഓരോ വെട്ടിന്നും ഒരു ദീനാര്‍ കൊടുക്കാന്‍ ഞാന്‍ തയ്യാറാണെ‘ന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെ, ജോലിയാരംഭിച്ചു.

പദ്ധതി പൂര്‍ത്തിയാക്കുന്നതിന്ന് മൂന്നു വര്‍ഷമെടുത്തു. നമ്മുടെ കാലത്തെ ബില്യന്‍ കണക്കില്‍ ഡോളറാണ്, തദാവശ്യാര്‍ത്ഥം ചെലവൊഴിക്കപ്പെട്ടത്. അത് തന്നെ, സുബൈദയുടെ സ്വന്തം സമ്പത്തില്‍ നിന്നുള്ളതുമായിരുന്നു. വര്‍ഷങ്ങളോളം നടന്ന കഠിനാദ്ധ്വോനത്തിന്നു ശേഷം, അറഫയിലെ ജബലുല്‍ റഹ്മ, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കപ്പെട്ടു. താഴ്‌വരയിലെ അരുവികളും, വഴിയിലെ മറ്റു ജല സ്രോതസ്സുകളും ഒരു കനാലില്‍ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. ഈ കനാല്‍ ജല വിതരണം, തീര്‍ത്ഥാടകര്‍ക്കും, മക്കാനിവാസികള്‍ക്കും, ആയിരത്തിലധികം വര്‍ഷങ്ങള്‍ വലിയ ആശ്വാസമാണ് നല്‍കിയത്. ചരിത്രമായി മാറിയ ഈ കനാലിന്റെ അവശിഷ്ടങ്ങള്‍, അറഫാ മലയുടെ ചാരത്ത് ഇപ്പോഴും ദൃശ്യമാണ്.

ഒരു ദിവസം, രാജ്ഞി സുബൈദയുടെ കൊട്ടാരത്തിന്നു വെളിയില്‍ ഒരു മഹാസാഗരം തടിച്ചു കൂടി. അവരുടെ ഔദ്യോഗിക കൂടിക്കാഴ്ച കാത്തിരിക്കുകയാണവര്‍.  ബാല്‍ക്കണിയില്‍ പ്രത്യക്ഷയായ രാജ്ഞി, ദയാവായ്‌പോടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു: മക്കാ കനാലിന്റെ എല്ലാ കണക്കുകളും ഇന്ന് ഞാന്‍ പൂട്ടിവെക്കുകയാണ്. ആരെങ്കിലും എനിക്ക് പണം തരാന്‍ കടപ്പെട്ടവരുണ്ടെങ്കില്‍, അത് തിരിച്ചു തരേണ്ടതില്ല. ആര്‍ക്കെങ്കിലും പണം തരാന്‍ ഞാന്‍ കടപ്പെട്ടിട്ടുണ്ടെങ്കില്‍, ഉടനെ അതും അതിനിരട്ടിയും കൊടുത്തു വീട്ടുന്നതാണ്.’ ഇത് പറഞ്ഞു കൊണ്ട്, കണക്കുബുക്കുകളെല്ലാം പുഴയിലെറിയാന്‍ അവര്‍ ഉത്തരവിടുകയായിരുന്നു. ‘എന്റെ പ്രതിഫലം ദൈവിക സന്നിധിയിലാണ്.’ അവര്‍ പറഞ്ഞു.
‘രാജ്ഞി സുബൈദയെ സ്വപ്നത്തില്‍ ദര്‍ശിച്ച ഞാന്‍, നിങ്ങളെ അല്ലാഹു എന്തു ചെയ്തുവെന്ന് അന്വേഷിച്ചപ്പോള്‍, ‘മക്കാ പാതയിലെ മണ്‍ വെട്ടിയുടെ ആദ്യ വെട്ടില്‍ തന്നെ, എന്റെ നാഥന്‍ എനിക്കു പൊറുത്തു തന്നു’വെന്നായിരുന്നു അവരുടെ മറുപടിയെന്നും, ശൈഖ് അബ്ദുല്ല ബിന്‍ മുബാറക് പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles