Current Date

Search
Close this search box.
Search
Close this search box.

രണ്ട് ഹിജ്‌റയുള്ള കപ്പല്‍യാത്രക്കാര്‍

hijra.jpg

ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബും പത്‌നി അസ്മാ ബിന്‍ത് ഉമൈസും മറ്റ് പല പ്രവാചക സഖാക്കളും പതിനഞ്ച് വര്‍ഷത്തോളം അബ്‌സീനിയയില്‍ മുഹാജിറുകളായി കഴിച്ചു കൂട്ടുകയുണ്ടായി. ദൈവിക മാര്‍ഗത്തിലെ പ്രഥമ ഹിജ്‌റ നിര്‍വ്വഹിച്ചവരായിരുന്നു അഴര്‍. അങ്ങനെയിരിക്കെയാണ് അവര്‍ക്ക് മടങ്ങാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നജ്ജാശി രാജാവിനോട് നിര്‍ദ്ദേശിച്ച് പ്രവാചകന്‍ അംറ് ബിന്‍ ഉമയ്യത്തുദ്ദംരിയെ അയച്ചത്. അപ്രകാരം ഹിജ്‌റ ഏഴാം വര്‍ഷം അവര്‍ കപ്പല്‍ കയറി അവിടെ നിന്ന് മടങ്ങി. പ്രവാചകനും മറ്റ് മുസ്‌ലിംകളും അവരുടെ ആഗമനത്തില്‍ അങ്ങേയറ്റം സന്തോഷിച്ചു. അവര്‍ മദീനയില്‍ വന്നിറങ്ങി. പ്രിയപ്പെട്ട പ്രവാചകനെയും മുഹാജിറുകളെയും അന്‍സാറുകളെയും കണ്‍കുളിര്‍ക്കെ കണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം അസ്മാഅ് ബിന്‍ത് ഉവൈസ് ഉമറിന്റെ മകളും, പ്രവാചക പത്‌നിയുമായ ഹഫ്‌സയെ സന്ദര്‍ശിക്കാന്‍ വന്നു. അവരും മുമ്പ് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. അവര്‍ സംസാരിച്ച് കൊണ്ടിരിക്കെ ഉമര്‍ ബിന്‍ ഖത്താബ്(റ) അവിടേക്ക് കടന്ന് വന്നു. ആരാണ് കൂടെയുള്ളതെന്ന് ഹഫ്‌സയോട് ചോദിച്ചു. അസ്മയാണെന്ന് അവര്‍ മറുപടിയും നല്‍കി. അബ്‌സീനിയയില്‍ നിന്നെത്തിയ സമുദ്രയാത്രക്കാരിയോ? അതെയെന്ന് മറുപടി. അപ്പോള്‍ ഉമര്‍ അവരോട് പറഞ്ഞു. ‘ഞങ്ങള്‍ പ്രവാചകനോടൊത്ത് ഹിജ്‌റ വന്നവരാണ്. അതിനാല്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍ അദ്ദേഹത്തിനോട് അടുത്തവര്‍.’

ഇത് കേട്ട അസ്മാക്ക് കോപം വന്നു. അവര്‍ പറഞ്ഞു ‘അല്ലാഹുവാണ, അപ്രകാരമല്ല, നിങ്ങള്‍ പ്രവാചകനോടൊപ്പമായിരുന്നുവെന്നത് ശരി തന്നെയാണ്. നിങ്ങളില്‍ വിശക്കുന്നവനെ അദ്ദേഹം ഊട്ടുകയും, അവിവേകിയെ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങളാവട്ടെ, അങ്ങകലെ ശത്രുക്കള്‍ക്കിടയില്‍ അബ്‌സീനിയയിലായിരുന്നു. ഞങ്ങള്‍ പീഢിപ്പിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തു. അവയെല്ലാം അല്ലാഹുവിന്റയും അവന്റെ പ്രവാചന്റെയും മാര്‍ഗത്തിലായിരുന്നു. താങ്കള്‍ പറഞ്ഞ കാര്യം പ്രവാചകനെത്തിക്കുന്നത് വരെ ഞാന്‍ ഒരു തുള്ളി വെള്ളം കുടിക്കുകയോ, ഭക്ഷണം കഴിക്കുകയോ ഇല്ല. താങ്കള്‍ പറഞ്ഞത് പോലെ ഞാന്‍ പ്രവാചകനോട് പറയും. അതില്‍ അധികരിപ്പിക്കുകയോ, കളവ് പറയുകയോ ഇല്ല. പിന്നീട് തിരുമേനി(സ) വന്നപ്പോള്‍ അസ്മാഅ് വിഷയമവതരിപ്പിച്ചു. പ്രവാചകന്‍(സ) ചോദിച്ചു. നീയെന്ത് മറുപടിയാണ് ഉമറിന് നല്‍കിയത്? ഞാന്‍ പറഞ്ഞു ‘അല്ലാഹുവാണ, അപ്രകാരമല്ല, നിങ്ങള്‍ പ്രവാചകനോടൊപ്പമായിരുന്നുവെന്നത് ശരി തന്നെയാണ്. നിങ്ങളില്‍ വിശക്കുന്നവനെ അദ്ദേഹം ഊട്ടുകയും, അവിവേകിയെ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങളാവട്ടെ, അങ്ങകലെ ശത്രുക്കള്‍ക്കിടയില്‍ അബ്‌സീനിയയിലായിരുന്നു. ഞങ്ങള്‍ പീഢിപ്പിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തു. അവയെല്ലാം അല്ലാഹുവിന്റയും അവന്റെ പ്രവാചന്റെയും മാര്‍ഗത്തിലായിരുന്നു.’ ഇത് കേട്ട് നബി തിരുമേനി(സ) അവരോട് പറഞ്ഞു ‘അദ്ദേഹം നിങ്ങളേക്കാള്‍ എന്നോടടുത്തവനല്ല. അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ഒരു ഹിജ്‌റ മാത്രമേയുള്ളൂ. നിങ്ങള്‍ക്കും, കപ്പല്‍ യാത്രക്കാര്‍ക്കും രണ്ട് ഹിജ്‌റയുണ്ടല്ലോ(അബ്‌സീനിയയിലേക്കും, മദീനയിലേക്കും). ഇത് കേട്ട അസ്മാഅ്(റ) സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവര്‍ പ്രവാചക സുവിശേഷം മറ്റുള്ളവര്‍ക്ക് അറിയിച്ചു. അബ്‌സീനിയിയില്‍ നിന്നും വന്ന കപ്പല്‍യാത്രക്കാര്‍ വിവരമറിഞ്ഞു. അവര്‍ കൂട്ടംകൂട്ടമായി അവരുടെ അടുത്ത് വന്ന് പ്രവാചകന്‍(സ) പറഞ്ഞതിനെക്കുറിച്ച് അന്വേഷിച്ചു. അവര്‍ക്ക് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി ആ നിമിഷങ്ങള്‍. അസ്മാഅ്(റ) തന്നെ പറയുന്നു ‘അബൂ മൂസല്‍ അശ്അരി പ്രസ്തുത സംഭവം എന്നോട് വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടേയിരുന്നു.’

അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ വളരെ മനോഹരമായ ക്ഷമ പ്രകടിപ്പിച്ചവരാണ് അസ്മാഅ്(റ)യും മറ്റ് വിശ്വാസിനികളും. വളരെ നീണ്ട ഇക്കാലമത്രയും അവര്‍ അപരിചിതമായ ദേശത്ത് താമസിച്ചു. അവിടെയുള്ളവര്‍ അവരുടെ മതക്കാരോ, അവരുടെ ഭാഷ സംസാരിക്കുന്നവരോ ആയിരുന്നില്ല. പ്രവാചകന്റെ(സ) ക്ഷണം അവര്‍ക്കെത്തിയതും അവര്‍ ദ്രുതഗതിയില്‍ യാത്രാസജ്ജരായി. ദീര്‍ഘകാലത്തെ പ്രയാസങ്ങള്‍ക്കൊടുവില്‍ വിശ്രമമാഗ്രഹിച്ചായിരുന്നില്ല മറിച്ച്, ത്യാഗത്തിന്റെയും വിഷമത്തിന്റെയും മറ്റൊരു ഘട്ടം ആരംഭിക്കുന്നതിനായിരുന്നു അത്. അതിനാല്‍ തന്നെ അതേ വര്‍ഷം നടന്ന ജിഹാദുകളില്‍ അവരില്‍ പലരുടെയും ത്യാഗനിര്‍ഭരമായ സാന്നിദ്ധ്യം കാണാവുന്നതാണ്. ഉദാഹരണമായി അബ്‌സീനിയയില്‍ നിന്ന് മദീനയിലെത്തിയ ഹിജ്‌റ ഏഴാം വര്‍ഷമാണ് ജഅ്ഫര്‍(റ) മുഅ്ത യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. അതോടെ ഭാര്യ അസ്മാഅ്(റ)ന് ഏറെ കാലം അബ്‌സീനിയയില്‍ അപരിചിതത്വത്തിന്റെ വേദന അനുഭവിച്ചതിന് ശേഷം, വൈധവ്യത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നു. അല്ലാഹുവിന് വേണ്ടി വഖ്ഫ് ചെയ്ത ജീവിതമായിരുന്നു അത്.

പ്രവാചക സഖാക്കള്‍ ജീവിച്ചിരുന്ന മാനസികമായ ഈ അന്തരീക്ഷം നമ്മെ അല്‍ഭുതപ്പെടുത്തിയേക്കും. ദൈവിക മാര്‍ഗത്തിലെ സമരത്തിലും ത്യാഗത്തിലും പരസ്പരം മത്സരിക്കുന്നവരായിരുന്നു അവര്‍. ‘നിങ്ങളേക്കാള്‍ മുന്നിലാണ് ഞങ്ങള്‍’ എന്ന ഉമറി(റ)ന്റെ വചനം സൂചിപ്പിക്കുന്നത് അതാണ്. ‘ഒരു നന്മയിലും ഞാന്‍ അബൂ ബക്‌റിന്റെ മുന്നില്‍ കടന്നിട്ടില്ല, അദ്ദേഹം എന്റെ മുന്നില്‍ കടന്നിട്ടല്ലാതെ’ എന്ന ഉമറിന്റെ പ്രസ്താവനയും കുറിക്കുന്നത് ഇത് തന്നെയാണ്. മുഹാജിറുകള്‍ പ്രവാചകന്‍(സ)യുടെ അടുത്ത് വന്ന് ബോധിപ്പിച്ച പരാതി സുപ്രസിദ്ധമാണ്. ‘അല്ലാഹുവിന്റെ ദൂതരെ, സമ്പത്തുള്ളവര്‍ പ്രതിഫലവുമായി മുന്നേറിയല്ലോ… ഞങ്ങള്‍ നമസ്‌കരിക്കുന്നത് പോലെ അവരും നമസ്‌കരിക്കുന്നു, ഞങ്ങള്‍ നോമ്പനുഷ്ടിക്കുന്നത് പോലെ അവരും നോമ്പനുഷ്ടിക്കുന്നു, പക്ഷെ അവര്‍ ദാനം ചെയ്യുന്നു, ഞങ്ങള്‍ക്ക് അതിനുള്ള സമ്പത്തില്ല താനും.’ എന്നതായിരുന്നു അവരുടെ പരാതി. കപ്പല്‍ യാത്രക്കാരുടെ മുഖത്ത് പ്രകടമായ സന്തോഷം അസ്മാഅ്(റ) വിശദീകരിക്കുന്നുണ്ട്. ‘പ്രവാചകന്‍(സ)യുടെ ആ വര്‍ത്തമാനത്തെക്കാള്‍ പ്രിയപ്പെട്ടതായി ഇഹലോകത്ത് മറ്റൊന്നും അവര്‍ക്കുണ്ടായിരുന്നില്ല.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles