Current Date

Search
Close this search box.
Search
Close this search box.

യേശു ജനിച്ചത് ഡിസംബര്‍ 25നോ?

ഡിംസബര്‍-25 യേശുവിന്റെ യഥാര്‍ത്ഥ ജന്മദിനം തന്നെയാണോ എന്ന കാര്യത്തില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായാന്തരമുള്ള വിഷയമാണെന്നതിനുള്ള മകുടോദാഹരണമാണ് 24/11/2012-ലെ മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മാര്‍പ്പാപ്പ ബെനഡിക്ട് 16-ാ മന്റെ പ്രസ്താവന. അദ്ദേഹം തന്റെ പുതിയ പുസ്തകമായ ‘ജീസസ് ഓഫ് നസ്‌റേത്-ദി ജന്‍ഫാന്‍സി നരേറ്റീവി’ല്‍ ക്രിസ്തുവിന്റെ ജന്മദിനം ശരിയെല്ലെന്നും നിലവിലുള്ള ക്രിസ്ത്യന്‍ കലണ്ടര്‍ തെറ്റാണെന്നും ആറാം നൂറ്റാണ്ടിലെ ഒരു പുരോഹിതന് തെറ്റ് പിണഞ്ഞതാണെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ രേഖപ്പെടുത്തുന്നു. അതുപോലെ 1993- ഡിസംബര്‍-21-ാം തിയ്യതിയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാരപ്പാപ്പയുടെ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു: ‘നിലവിലെ ക്രിസ്തുമസ് ആഘോഷത്തിന് ബൈബിളില്‍ വേരുകളില്ല’ എന്ന്. ഇന്ന് ലോകാടിസ്ഥാനത്തില്‍ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ക്രിസ്തുമസ് യേശുവിന്റെ ജനനമായി ആഘോഷിക്കപ്പെടുന്ന ഏകദിനമല്ല ഡിംസബര്‍-25 എന്നാണ്.

ഡിസംബര്‍-25; ചില സംശയങ്ങള്‍
യേശുവിന്റെ ജനനസംബന്ധമായ  ചരിത്രം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മാസമോ ദിവസമോ ബൈബിളില്‍നിന്നോ അനുബന്ധഗ്രന്ഥങ്ങളിള്‍നിന്നോ ലഭ്യമല്ല. ആധുനിക പണ്ഡിതമതമനുസരിച്ച് ബി.സി 8-ാം മാണ്ടിലാണ് യേശുവിന്റെ ജനനമെന്ന് അഭിപ്രായമുണ്ട്. വേള്‍ഡ് വൈഡ് ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി 4-ാം വര്‍ഷമായി ഗണിച്ചു. ക്രിസ്തു വര്‍ഷം 17 ശിശിരത്തില്‍ യേശുവിന് ഏതാണ്ട് 30 വയസ്സ് ആയതിനാല്‍ ബി.സി 4-ാം വര്‍ഷം ശിശിരത്തിലാണ് അദ്ദേഹം ജനിച്ചിരിക്കുക. ക്രേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ: കോളിന്‍ ഹംഫ്രിന്റെ ഗണനപ്രകാരം യേശുവിന്റെ ജനനം ബി.സി13 മുതല്‍ 27 വര്‍ഷത്തിനുള്ളില്‍ ഏപ്രില്‍ 5 നായിരുന്നു. ഒരാധുനിക പുതിയ നിയമ പണ്ഡിതന്‍ യേശുവിന്റെ ജനനമാസം ഒരു പ്രത്യേക തരത്തില്‍ ഗണിച്ചിട്ടുണ്ട്. ‘ അബിയയിലേക്കുള്ള യാത്രയുടെ ദിനം (ലൂക്കോസ്-1:5) മുതല്‍ സ്‌നാപകയോഹന്നാന്റെ ജനനം വരെ 9 മാസം എന്നും മറ്റൊരു 6മാസം യേശുവിന്റെ ജനനത്തിനുണ്ടായി എന്നും കണക്കാക്കിയാല്‍ സെപ്റ്റംബര്‍ അവസാനമാണ് നടന്നത് എന്ന് സിദ്ധിക്കും.’ യഹോവാ സാക്ഷികളുടെ വീക്ഷണത്തില്‍ യേശുവിന്റെ ജനനം നടന്നത് ഏതാണ്ട് ഓക്ടോബര്‍-1-നാണ്. ബെത്‌ലഹേം ഇടയന്മാര്‍ തങ്ങളുടെ ആടുകളെ രാത്രികാലങ്ങളില്‍ മേക്കുന്ന സമയമാണത്. (ക്രിസ്തുമസ്:ഉല്‍പത്തി, വളര്‍ച്ച, സന്ദേശം-വി.എ മുഹമ്മദ് അഷ്‌റഫ്)

എന്നാല്‍, ആധുനിക ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ക്രിസ്തുവിന്റെ ജനനം ഡിസംബര്‍-25നാണെന്ന വാദം അദ്ദേഹത്തിന്റെ ജനന പശ്ചാത്തലം പരിശോധിച്ചു നോക്കിയാല്‍ തെറ്റാണെന്ന് ബുദ്ധിയുള്ള ഏത് മനുഷ്യനും നിഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. കാരണം, ബെത്‌ലഹേം വയലുകളില്‍ രാത്രി ആടുകളെ മേക്കുന്ന ഇടയന്മാര്‍ക്ക് യേശുവിന്റെ ജനനത്തെ കുറിച്ച് ദൈവവെളിപാട് ഉണ്ടായതായി ബൈബിള്‍ രേഖപ്പെടുത്തുന്നു. ബെത്‌ലഹേമിനെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ മാസത്തിലെ രാത്രികാലങ്ങളില്‍ അതി കഠിനമായ ശൈത്യം അനുഭവപ്പെടുന്ന ദിനങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. അതിന്റെ ഫലമെന്നോണം തുടര്‍ച്ചയായ മഞ്ഞ് വീഴ്ച്ചയും ഉണ്ടാകാറുണ്ട്. കണക്കുപ്രകാരം ഡിസംബര്‍ പകുതിമുതല്‍ തന്നെ തണുപ്പിന്റെ കാഠിന്യം തുടങ്ങുകയും മാര്‍ച്ച് പകുതിവരെ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. ബെത്‌ലഹേമില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലെ ശരാശരി ഉയര്‍ന്ന താപനില 14 ഡിഗ്രി സെള്‍ഷ്യസും ശരാശരി കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. .wped(enikiia.org/wiki/Bethlehem)

ശാസ്ത്രീയ നിഗമനമനുസരിച്ച് ഈ വര്‍ഷം ഡിസംബര്‍ 25-ന് ഉയര്‍ന്ന അന്തരീക്ഷ താപനില ഏകദേശം 12.777 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ അന്തരീക്ഷ താപനില 5 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
അതുകൊണ്ട് തന്നെ ബെത്‌ലഹേം നിവാസികള്‍ ഒക്ടോബര്‍ അവസാന ദിനങ്ങള്‍ മഴക്കാലത്തിന്റെ ആരംഭമായതിനാല്‍ രാത്രികാലങ്ങളില്‍ ആടുകളെ പുറത്തിറക്കന്നത് നിര്‍ത്തും. ജൂഡിയ പ്രദേശത്തെ ഏറ്റവും വലിയ മഴക്കാലമാണ് ഡിസംബര്‍ മാസമെന്നതിനാല്‍ ആട്ടിടയന്മാരും ആടുകളും ബത്‌ലഹേം വയലുകളില്‍ ഉണ്ടാവില്ല. ആയതിനാല്‍ എന്തടിസ്ഥാനത്തിലാണ് ആട്ടിടയന്മാര്‍ക്ക് ആടുകളെ മേക്കുന്ന സന്ദര്‍ഭത്തില്‍  ദൈവദര്‍ശനമുണ്ടായി എന്ന് വിശ്വസിക്കുക. അതിനാല്‍ ഡിസംബര്‍ 25-നാണ് യേശുവിന്റെ ജന്മദിനമെന്ന വാദം യാഥാര്‍ത്ഥ്യങ്ങളെ മാറ്റിമറിക്കലും ചരിത്രത്തെ വളച്ചൊടിക്കലുമാണ്. യേശുവിനെ ദൈവമായി കാണുന്ന ക്രൈസ്തവ സഹോദരങ്ങള്‍ അദ്ദേഹത്തിന്റെ ചരിത്രം വളച്ചൊടിക്കല്‍ പാപത്തിന് പാത്രമായിത്തീരുന്ന പ്രവൃത്തിയല്ലെ ഇതെന്ന് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കും. മതത്തില്‍ ഇത്തരം കൈകടത്തലുകള്‍ നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് യേശു ശക്തമായ ഭാഷയില്‍ താക്കീതു ചെയ്യുന്നതായി ബൈബിളില്‍ കാണാവുന്നതാണ്. (വെളിപാട്-22:18,19)

ഖുര്‍ആനുമായി താരതമ്യപ്പെടുത്തുമ്പോഴും ക്രിസ്തുജനനം ഡിസംബര്‍ 25 എന്ന വാദം പൊള്ളയാണെന്ന് മനസ്സിലാക്കാം. മറിയമിന് പ്രസവവേദന അനുഭവപ്പെട്ട സന്ദര്‍ഭത്തില്‍ വൈറ്റമിനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഴുത്ത് പാകമായ ഈത്തപ്പഴം കഴിക്കുന്നതിനുവേണ്ടി തൊട്ടടുത്ത് നില്‍ക്കുന്ന ഈത്തപ്പന പിടിച്ചുകുലുക്കുവാനും അതിനു ചാരത്തുള്ള നദിയില്‍ നിന്ന് വെള്ളം കുടിക്കുവാനും കല്‍പിക്കുകയുണ്ടായി (സൂറ:മറിയം-24,25).
    
കൊടും തണുപ്പുള്ള സമയത്ത് തണുത്തവെള്ളം കുടിക്കുക എന്നത് പ്രായോഗികമല്ല. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്. അതുപൊലെതന്നെ ഈത്തപ്പഴം പഴുക്കുന്നത് തണുപ്പ് കാലത്തല്ല, ചൂട് കാലത്താണ്. ബെത്‌ലഹേമില്‍ ചൂട് കാലമാരംഭിക്കുന്നത് മാര്‍ച്ച് പകുതിയോട് കൂടിയാണ്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ്  ബെത്‌ലഹേമില്‍ കഠിനമായ ചൂട് അനുഭവപ്പെടുന്ന മാസങ്ങള്‍. ഖുര്‍ആനിക വായനയില്‍ നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത് യേശുവിന്റെ ജനനം നടന്നത് ഈ മാസങ്ങളിലാകുവാനാണ് കൂടുതല്‍ സാധ്യത.
മുന്‍കാലങ്ങളില്‍ ക്രൈസ്തവര്‍ ജനുവരി ആറിനും മാര്‍ച്ച് 25നും ക്രിസ്തുമസ് ആഘോഷിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നാലാം നൂറ്റാണ്ട് വരെ ജനുവരി ആറിനായിരുന്നു ബഹുഭൂരിപക്ഷ ക്രൈസ്തവ വിശ്വാസികളും ക്രിസ്തുമസ് ആചരിച്ചിരുന്നത്. പില്‍ക്കാലത്ത് ജനു:6-ലെ ആഘോഷം ഡിസം:25-ലേക്ക് മാറ്റുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഡിസം:25 റോമിലെ ഒരു അക്രൈസ്തവ ഉത്സവ ദിവസമായിരുന്നു. മകരസംക്രാന്തി (ദക്ഷിണായനാന്തം) യോടു കൂടി സൂര്യതേജസ്സ് മറ്റു ദിനങ്ങളെ അപേക്ഷിച്ച് കഠിനമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ഒറീലിയന്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ഡിസം:25 സൂര്യന്റെ ജന്മദിനമായി അഘോഷിക്കുവാന്‍ തുടങ്ങി. എന്നാല്‍ ‘മാലാക്കി 4:2’-ലെ നന്മയുടെ സൂര്യന്‍ എന്ന പദപ്രയോഗത്തെ ക്രൈസ്തവര്‍ ക്രിസ്തുവില്‍ ആരോപിച്ചുകൊണ്ട് വിഗ്രഹാരാധകരുടെ ഈ ആഘോഷം കടമെടുക്കുകയും അവരോടൊപ്പം ആഘോഷിത്തില്‍ പങ്കു ചേരുകയും ചെയ്തു. പില്‍ക്കാലത്ത് റോമന്‍ ചര്‍ച്ച് മേലധികാരികള്‍ പരസ്പരം കൂടിയാലോചിച്ച്  എ.ഡി:336-ല്‍ ഡിസം:25-ലെ സൂര്യദേവന്റെ ആഘോഷത്തെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി എല്ലാ ആണ്ടിലും ജനു:6-ാം തിയ്യതി റോമാസാമ്രാജ്യത്തില്‍പെട്ട പൗരസ്ത്യ രാജ്യങ്ങളില്‍ ജനനം, ജ്ഞാനസ്‌നാനം എന്നിവ വഴിയുള്ള ദൈവത്തിന്റെ വെളിപ്പെടലിന്റെ ഓര്‍മ്മക്കായി ആഘോഷിച്ചിരുന്ന പെരുന്നാളിനെ ഡിസം:25-ലേക്ക് മാറ്റുകയാണുണ്ടായത്. അന്നു തൊട്ടാണ് ഡിസം:25 ക്രിസ്തുമസ്സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. അങ്ങിനെ പൗരോഹിത്യത്തില്‍ അടിപ്പെട്ട് കേവലം കളിപ്പാവകളായി മാറിയ ക്രൈസ്തവാനുയായികള്‍ മതത്തിലെ സുപ്രധാനമായ ആഘോഷത്തെ തിരുത്തിയെഴുതുവാന്‍ കൂട്ടുനിന്നു.

റോമന്‍ കത്തോലിക്കക്കാരുടെ ഈ തിരുത്തിയെഴുത്ത് അര്‍മേനിയന്‍ ജനത അംഗീകരിച്ചില്ലന്ന് മാത്രമല്ല, അവര്‍ ഇന്നും പൂര്‍വികരെ പോലെ ജനുവരി ആറിന് തന്നെയാണ് ക്രിസ്തുമസ് ആഘോഷിച്ച് പോരുന്നത്. എന്നാല്‍ ചിലര്‍ ജനുവരി ഏഴിനും ക്രിസ്തുമസ് ആഘോഷിക്കുന്നതായി കാണാന്‍ സാധിക്കും.യേശുവിന്റെ ജന്മ സ്ഥലമായ ബെത്‌ലഹേമിലെ കിഴക്കന്‍ ചര്‍ച്ചുകളും, സെര്‍ബിയ, മാസിഡോണിയ, റഷ്യ തുടങ്ങിയ ചില രാജ്യങ്ങളിലെല്ലാം ജനുവരി ഏഴിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഉക്രൈനില്‍ ഭൂരിപക്ഷ പ്രദേശത്തും വിശുദ്ധ അത്താഴം (Holy supper) എന്ന വിശ്വാസാചാരം നടക്കുന്നത് ജനുവരി ആറിനായതിനാല്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ചില വിശ്വാസികള്‍ ജനുവരി ഏഴിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനും തത്വചിന്തകനുമായ വില്‍ഡ്യൂറന്റ് രേഖപ്പെടുത്തുന്നു.’ നാലാം നൂറ്റാണ്ടു വരെ യേശുവിന്റെ  ജനനമായി പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത് മാര്‍ച്ച് 28, ഏപ്രില്‍ 18, മെയ് 29 എന്നീ തിയ്യതികളിലായിരുന്നു.’ ഒരു പക്ഷേ ഈ ദിനങ്ങളിലായിരിക്കാം യേശുവിന്റെ ജന്മ ദിനം നടന്നിരിക്കുക. കാരണം, ഈ മാസങ്ങളിലാണ് ബെത്‌ലഹേം നിവാസികള്‍ രാത്രി കാലങ്ങളില്‍ ആടുകളെ മേക്കാന്‍ വയലുകളില്‍ പോകാറുള്ളതെന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്.

ചുരുക്കത്തില്‍ യേശുവിന്റെ ജന്മദിനം ഏത് ദിവസമാണെന്ന് ക്ലിപ്തമല്ല. ചരിത്ര പശ്ചാത്തലം പരിശോധിച്ച് നോക്കുമ്പോള്‍ ഡിസംബര്‍ 25 ഒരിക്കലും ആകാന്‍ വഴിയില്ല. ഇനി ഡിസംബര്‍ 25നാണ് ക്രിസ്തുവിന്റെ ജനമെന്ന് വാദിക്കുകയാണെങ്കില്‍ ബൈബിളിലെ ചരിത്രം തിരുത്തപ്പെടേണ്ടത് അനിവാര്യമാണ്. 

Related Articles