Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് നബിയുടെ മഹത്വം

ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മഹാന്‍മാരുടെ നാമങ്ങളുടെ കൂട്ടത്തില്‍ ഒരു നാമം മാത്രമായി മുഹമ്മദിനെ(സ) കാണുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അക്രമവും യാഥാര്‍ത്ഥ്യത്തോടുള്ള അനീതിയുമായിരിക്കും. മഹാന്‍മാരില്‍ വലിയ ബുദ്ധിയുടെ ഉടമകളുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ സംസാര വൈഭവത്തിലും പെരുമാറ്റത്തിലും തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചില്ല. അവരില്‍ വാക്കുകളുടെയും ഭാവനയുടെയും തലത്തില്‍ ഉന്നതരായിരുന്നവരുടെ ചിന്ത സാധാരണക്കാരുടേതായിരുന്നു. അവരില്‍ നേതൃപാടവം തെളിയിച്ചവരുണ്ട്. എന്നാല്‍ അവരുടെ പെരുമാറ്റവും ചര്യകളും അധര്‍മികളുടേതായിരുന്നു.

മഹത്വത്തെ അതിന്റെ എല്ലാ വശങ്ങളോടും കൂടി ഒരുമിച്ച് കൂട്ടിയ നേതാവാണ് മുഹമ്മദ് നബി(സ). നേരത്തെ പരാമര്‍ശിച്ച തരത്തിലുള്ള മഹാന്‍മാര്‍ക്ക് അവര്‍ മറച്ചു വെക്കണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിരുന്നു. ജനങ്ങള്‍ അത് അറിയുന്നത് അവര്‍ ഭയപ്പെട്ടു. അത് തന്റെ ഇച്ഛകളുമായിട്ടോ കുടുംബവുമായിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ന്യൂനതകളെ കുറിക്കുന്നതോ ആയിരിക്കും. എന്നാല്‍ മുഹമ്മദ് നബി(സ) തന്റെ ജീവിതത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു വെക്കുകയാണ് ചെയ്തത്. തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതില്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന പേജുകളില്ല. മായച്ചു കളഞ്ഞ വരികളും അതിലില്ല. വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം അത് വായിക്കാം.

തന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രചരിപ്പിക്കാന്‍ അനുയായികള്‍ക്ക് അനുവാദം നല്‍കിയ ഏക നേതാവും അദ്ദേഹം മാത്രമാണ്. ജീവിതത്തിലെ തെളിഞ്ഞ സമയങ്ങളിലെ അദ്ദേഹത്തിന്റെ അവസ്ഥ അവര്‍ കണ്ടു. ദേഷ്യം, മോഹം പോലുള്ള മാനുഷിക ദൗര്‍ബല്യങ്ങളുടെ സമയത്തെ അവസ്ഥയും അവര്‍ കണ്ടു.

അദ്ദേഹത്തിന്റെ ഭാര്യമാരും അവര്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ വീട്ടിലെ അവസ്ഥയും ഭാര്യമാരോടുള്ള പെരുമാറ്റവുമെല്ലാം അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി തന്നെ ആഇശ(റ) നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ദീനും ശരീഅത്തുമാണ്. ഹദീസ് ഗ്രന്ഥങ്ങളും പ്രവാചക ചരിത്രവും കര്‍മശാസ്ത്രവുമെല്ലാം അത്തരം കാര്യങ്ങളെ കൊണ്ട് നിറഞ്ഞതാണ്.

നിത്യജീവിതത്തിലെ അടിസ്ഥാന കാര്യങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. എങ്ങനെ ഭക്ഷണം കഴിക്കണമെന്നും വസ്ത്രം ധരിക്കണമെന്നും ഉറക്കം എങ്ങനെയായിരിക്കണമെന്നും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കേണ്ടതും ശേഷം ശുദ്ധിയാവേണ്ടതും എങ്ങനെയായിരിക്കണമെന്നും അതിലൂടെ നാം മനസ്സിലാക്കി.

ഇതാ എന്റെ ചരിത്രം, എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുണ്ട് നിങ്ങള്‍ വായിച്ചു നോക്കൂ എന്ന് പറയാന്‍ ധൈര്യപ്പെടുന്ന മറ്റൊരു നേതാവിനെ നിങ്ങള്‍ക്ക് കാണിച്ചു തരാനാകുമോ? മിത്രത്തെയും ശത്രുവിനെയും അത് കാണിച്ച് ഇതില്‍ വല്ല ആക്ഷേപവും ഉന്നയിക്കാനുണ്ടോ എന്ന് ചോദിക്കാനുള്ള ധൈര്യം ആര്‍ക്കുണ്ട്? 1400 വര്‍ഷങ്ങള്‍ക്ക് ശേഷവും നാം അറിയുന്ന പ്രവാചക ചരിത്രം പോലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു മഹാന്റെ ചരിത്രം നിങ്ങള്‍ കാണിച്ചു തരൂ.

മഹത്വം ഒന്നുകില്‍ പ്രകൃതവും സ്വഭാവ ഗുണങ്ങളും വ്യക്തിവിശേഷണങ്ങളും കൊണ്ടാവാം. അല്ലെങ്കില്‍ നിര്‍വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളുടെ പേരിലാവാം. സമൂഹത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തില്‍ അവശേഷിപ്പിച്ച അടയാളങ്ങള്‍ കൊണ്ടുമാവാം അത്. ഈ മാനദണ്ഡങ്ങള്‍ വെച്ച് ഓരോ മഹാന്റെയും മഹത്വം അളക്കാം. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ മഹത്വം മഹത്വത്തിന്റെ എല്ലാ ഘടകങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. സവിശേഷമായ ഗുണങ്ങളും മഹത്തായ പ്രവര്‍ത്തനങ്ങളും ചരിത്രത്തില്‍ ബാക്കിവെച്ച മഹത്തായ ശേഷിപ്പുകളും അദ്ദേഹത്തിനുണ്ട്.

മഹാന്‍മാര്‍ പലപ്പോഴും അവരുടെ സമൂഹത്തില്‍ മാത്രം മഹാന്‍മാരായി പരിമിതപ്പെടാറുണ്ട്. സമൂഹത്തിന് അവരെ ഉപകാരപ്പെട്ടത് പോലെ മറ്റുള്ളവര്‍ക്ക് അവര്‍ ഉപദ്രവമേല്‍പ്പിച്ചിട്ടുള്ളവര്‍. പല ജേതാക്കളും യോദ്ധാക്കളും അത്തരത്തിലുള്ളവരാണെന്ന് കാണാം. ചിലരുടെ മഹത്വം സാര്‍വലൗകികമാണെങ്കിലും അത് പരിമിതമായ മേഖലയില്‍ മാത്രമായി പോകുന്നതും കാണാം. രോഗത്തിനുള്ള മരുന്ന് കണ്ടെത്തല്‍, തത്വചിന്തയില്‍ ഒരു വീക്ഷണം സ്ഥാപിക്കല്‍, ശ്രദ്ധേയമായ ഒരു സാഹിത്യ രചന നിര്‍വഹിക്കല്‍ പോലുള്ള കാര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ മഹത്വം സാര്‍വലൗകികവും സമഗ്രവുമാണെന്ന് കാണാം.

മൊഴിമാറ്റം : നസീഫ്‌

Related Articles