Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് അസദ് എന്ന അചഞ്ചലനായ മുസ്‌ലിം

ഇപ്പോള്‍ പോളണ്ടില്‍ പെട്ട ലോവില്‍ 1900, ജൂലൈയില്‍ ഒരു ജൂതപുരോഹിത കുടുംബത്തില്‍ ജനിച്ച ലിയോപോള്‍ഡ്‌ വൈസ് ഹിബ്രു, അരമായ ഭാഷകളിലും ജൂതവേദങ്ങളിലും ചെറുപ്പത്തില്‍ തന്നെ വ്യല്‍പത്തി നേടി. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുക്കാന്‍ പതിനാലാം വയസ്സില്‍ വീടുവിട്ടോടി. ആസ്ത്രിയന്‍സേനയില്‍ ഭേദപ്പെട്ട പദവി ലഭിച്ചു. പത്തൊമ്പതാം വയസ്സില്‍ ആദ്യകാല സിനിമാനിര്‍മാണ രംഗത്തെ പ്രതിഭകളായിരുന്ന മാക്‌സ് റൈന്‍ഹാര്‍ട്ടിന്റേയും ഡാ: മുനോവിന്റേയും കൂടെ ചേര്‍ന്നു.  പിന്നീട് പതപ്രവര്‍ത്തന രംഗത്തെത്തി. ഇരുപത്തിരണ്ട് വയസ്സായപ്പോഴേക്കും ജര്‍മനിയിലെ എണ്ണപ്പെട്ട ദിനപത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ സൈതോങ്ങിന്റെ മേഖലാ റിപ്പോര്‍ട്ടറാകാന്‍ സാധിച്ചു. സഞ്ചാരവും സാഹസികതയും ഇഷ്ടപ്പെട്ട വൈസ് മധ്യപൗരസ്ത്യ ദേശങ്ങളില്‍ എത്രയോ വര്‍ഷം സഞ്ചരിച്ചു. യാത്രാനുഭവങ്ങളെകുറിച്ചെല്ലാം പുസ്തകങ്ങളെഴുതി. 1926 ല്‍  തന്റെ ഇരുപത്താറാം വയസ്സില്‍ ബര്‍ലിനില്‍വെച്ച്  ഇസ്‌ലാം സ്വീകരച്ച മുഹമ്മദ് അസദ് അറബിഭാഷയിലും ഇസ്‌ലാമിക വിജ്ഞാനങ്ങളിലും അവഗാഹം നേടി. അദ്ദേഹം  തന്റെ ഗൃഹപാഠങ്ങള്‍ ചെയ്തത് മദീനയില്‍ വെച്ചാണ്. ബുഖാരിയുടെ ഹദീസുകള്‍ (സഹീഹുല്‍ ബുഖാരി – ഇസ്‌ലാമിന്റെ പ്രാരംഭ ദശ 1938) വിവര്‍ത്തനം ചെയ്തതും ഖുര്‍ആന്‍ വ്യാഖ്യാനം (ഖുര്‍ആന്‍ സന്ദേശം 1980) രചിച്ചതും ഏറെദശകങ്ങളുടെ പ്രയത്‌ന ഫലമായാണ്.

ഇബ്‌നു സഊദ്, രിസാഷാ പെഹ്‌ലവി, ഫൈസല്‍ എന്നീ ഭരണാധിപന്മാരുടേയും, സയ്യിദ്അഹ്മദ്, ഉമറുല്‍മുഖ്ത്താര്‍ തുടങ്ങിയ നേതാക്കന്മാരുടേയും അല്ലാമാ മഹമ്മദ് ഇഖ്ബാലിനെപോലുള്ള മഹാകവികളുടേയും സുഹൃത്തായിരുന്ന അസദ് 1943 ല്‍ ഗ്രന്ഥരചനക്കുവേണ്ടി കുറച്ചുകാലം കാശ്മീരില്‍ താമസിച്ചിരുന്നപ്പോള്‍ ആത്മീയ ചിന്തകളുമായി നാടു ചുറ്റിക്കൊണ്ടിരുന്ന നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹവുമായി പരിചയിപ്പെട്ട സംഭവം ബഷീര്‍ തന്റെ ‘ ഓര്‍മയുടെ അറകള്‍’ (1973) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്.

രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയിലായിരുന്നു. പാക്കിസ്താന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അവിടെ വിദേശമന്ത്രാലയത്തില്‍ പൂര്‍വ്വമേഖലാ രാഷ്ട്രങ്ങളോട് ബന്ധപ്പോടാനുള്ള അണ്ടര്‍സെക്രട്ടരിയായി നിയമിതനായി. പിന്നീട് പാക്കിസ്താന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയായി അയച്ചതും അദ്ദേഹത്തെയായിരുന്നു.

അദ്ദേഹത്തിന്റെ രചനകളെല്ലാം ഇന്ന് ക്ലാസിക്കുകളായി മാറിയിരിക്കുന്നു. പാശ്ചാത്യന്‍ സാങ്കേതിക മേധാവിത്വത്തിന്റെ കടന്നു കയറ്റത്തില്‍ ഞെരിഞ്ഞമര്‍ന്ന് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമികലോകത്തിന് അന്തസ്സും സാംസ്‌കാരികമായ അത്മവിശ്വാസവും വീണ്ടെടുക്കാന്‍ ‘ഇസ്‌ലാം ഓണ്‍ ദ ക്രോസ്സ്‌റോഡ്‌സ്’ (ഇസ്‌ലാം വഴിത്തിരിവില്‍ 1934) എന്ന അസദിന്റെ  കൃതിസഹായിച്ചു. അറുപതില്‍ പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദല്‍ഹിയില്‍ വെച്ച് അമ്പരപ്പിക്കുന്ന ദൂരക്കാഴ്ചയോടെ അസദ് പ്രവചിക്കുകയുണ്ടായി. ”സാമൂഹ്യവും സാമ്പത്തികവുമായ അസ്വാസ്ത്യങ്ങള്‍ പടരുന്നതോടെ ഇത്രയും കാലം നമുക്ക് അജ്ഞാതമായിരുന്ന വ്യാപ്തിയും ശാസ്ത്രീയ ഭീകരതയുമൊക്കെയുള്ള ഒരു പുതിയ ലോകയുദ്ധങ്ങളുടെ നിരതന്നെ ഉണ്ടാകും. പാശ്ചാത്യ നാഗരികതയെ അത് അതിദാരുണമാം വിധം ആത്മവഞ്ചനയിലേക്ക് നയിക്കും. ജനങ്ങള്‍ വീണ്ടും എളിമയോടെ ആത്മാര്‍ത്ഥതയോടെ ആത്മീയ സത്യങ്ങള്‍ തേടാന്‍ തുടങ്ങും. അതോടെ പടിഞ്ഞാറ് ഇസ്‌ലാമിന്റെ വിജയകരമായ പ്രബോധനത്തിന് വഴി തെളിയും. ”

അസദിന്റെ അത്വുജ്ജലാമായ ആത്മകഥ (മക്കയിലേക്കുള്ള പാത 1954) അദ്ദേഹത്തിന്റെ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തന പ്രക്രിയ പകര്‍ത്തുന്നു. ‘രാജ്യതന്ത്രവും സര്‍ക്കാറും ഇസ്‌ലാമില്‍’ (1961 ) എന്ന കൃതിയില്‍ അസദ് മദീനകേന്ദ്രമാക്കി ഭരിച്ച ആദ്യത്തെ നാല് ഖലീഫമാര്‍ക്ക് ശേഷം യഥാര്‍ത്ഥമായ ഒരു ഇസ്‌ലമിക ഭരണകൂടം ഉണ്ടായിട്ടില്ല എന്ന് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. ഇസ്‌ലാമികസമൂഹത്തിന്റേയും ഭരണത്തിന്റേയു ഘടനയെകുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലും വളരെകുറച്ചുമാത്രമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

”എട്ട് ശതാബ്ദങ്ങളിലൂടെ വികാസം പ്രപിച്ച ഇസ്‌ലാമിക നിയമത്തിന്റെ കേന്ദ്രഭാഗമായ ഫിഖ്ഹ് (കര്‍മശാസ്ത്രം) അതിന്റെ നിബന്ധനകളേക്കാള്‍ (ഖുര്‍ആന്‍ ശരീഅത്ത്) വിപുലമാണ്. ഈ നിയമങ്ങളെ അടിസ്ഥാനമാക്കി ഒരു ഭരണഘടനയുടേയും നിയമനിര്‍മണത്തിന്റേയും ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് പ്രസിഡന്റും സുപ്രീം കോടതിയുമെല്ലാം അടങ്ങുന്ന പാര്‍ലിമെന്ററി ജനാധിപത്യത്തിന്റേയും നിയമവാഴ്ചയുടേയും മുഴുവന്‍ സവിശേഷതകളും പാലിക്കാനാവും. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പുനരുത്ഥാനം ഒരു ഇസ്‌ലാമിക പുരോഹിതരാഷ്ട്രത്തിന്റെ (തിയോക്രസി) പുനസ്ഥാപനമല്ല.” എന്നിങ്ങനെയുള്ള മുഹമ്മദ് അസദിന്റെ നിഗമനങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങല്‍ ഉളവാക്കുന്നവയത്രെ.

മുഹമ്മദ് അസദിന്റെ കണ്ടെത്തലുകളോടും  തീര്‍പ്പുകളോടും സൈദ്ധാന്തികമായി വിയോജിക്കുന്നവര്‍ക്കുപോലും അദ്ദേഹത്തിന്റെ സമീപനരീതി അത്രയെളുപ്പം തള്ളിക്കളയാനാവില്ല. ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവുകയും അവയില്‍ പങ്കാളിയാവുകയും ചെയ്ത കാല്‍പനികത മുറ്റിനില്‍ക്കുന്ന  മനസ്സിന്റെ ഉടമയായ ഒരു രാഷ്ട്രതന്ത്രജ്ഞന്റെ അനുഭവങ്ങളെ ആര്‍ക്ക് അവഗണിക്കാനാവും.?

പടിഞ്ഞാറന്‍ നാടുകളില്‍ ഇസ്‌ലാമിന്റെ പ്രചാരണവും പ്രബോധനവും നടത്തുന്നതില്‍ സ്മരണീയമായ പങ്ക് ആസ്ത്രിയക്കാരനായ മുഹമ്മദ് അസദ് വഹിച്ചിട്ടുണ്ട്.  ജൂതകുടുംബത്തില്‍ ജനിച്ച ലിയോപോള്‍ഡ് വൈസിനെ ഇക്കാര്യത്തില്‍ മറികടക്കാന്‍ കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അചഞ്ചലനായ മുസ്‌ലിം എന്ന നിലയിലുള്ള ധാര്‍മിക യോഗ്യതകള്‍ മാത്രമല്ല അദ്ദേഹത്തിന്റെ വിജയത്തിന്റെ നിദാനം അഗാതമായ അറിവും വൈദഗ്ദ്യവും അദ്ദേഹത്തിന്ന് അംഗീകാരം നേടിക്കൊടുക്കാന്‍ സഹായിച്ചിട്ടുണ്ട്.

കാല്‍നൂറ്റാണ്ട്കാലം മണലാരണ്യങ്ങളിലും ഇസ്‌ലാമികവിശ്വാസം നിലനില്‍ക്കുന്ന നാടുകളിലും അലഞ്ഞുനടന്ന് ഒരു സഞ്ചാരി ശ്വാസത്തിലൂടെയും വിശ്വാസത്തിലൂടെയും അറേബ്യന്‍ മരുഭൂമികളെ അനുഭവിക്കുകയായിരുന്നു. അങ്ങനെയാണ് ജനനം കൊണ്ട് ജൂതനായ ലിയോപോള്‍ഡ് വൈസ് ‘ മുഹമ്മദ് അസദ് ‘ ആയിത്തീര്‍ന്നത്.

Related Articles