Current Date

Search
Close this search box.
Search
Close this search box.

മുഫ്തിയും രാജാവിന്റെ പരലോകമോക്ഷവും

mufthi.jpg

ഇസ്‌ലാമിക ചരിത്രത്തില്‍ പ്രവാചകന്ന് ശേഷം സമുന്നതരായ ധാരാളം പണ്ഡിതന്മാര്‍ ഉണ്ടായിട്ടുണ്ട്. സച്ചരിതരായ ഖലീഫമാര്‍ക്ക് ശേഷം ആത്മാര്‍ത്ഥമായി സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്ന പണ്ഡിതര്‍ക്ക് ധാരാളം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ലോകത്ത് പ്രചാരത്തിലുള്ള നാല് മദ്ഹബുകളുടെ ഇമാമുമാരും ഇത്തരത്തില്‍ ജയില്‍ ശിക്ഷയും മറ്റ് പീഢനങ്ങളും സഹിച്ചവരാണ്. സത്യത്തിന് വേണ്ടി നിലയുറപ്പിച്ചവരെ ഒരു വിവേചനവുമില്ലാതെ അക്രമികളായ ഭരണാധികാരികള്‍ പീഢിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിം ചരിത്രത്തില്‍ ഭരണാധികാരികളുടെ ഹിതങ്ങള്‍ക്കനുസരിച്ച് പ്രമാണങ്ങളെ വളച്ചൊടിച്ച് ഫത്‌വ നല്‍കുന്ന ദുഷിച്ച പണ്ഡിതന്മാരും ഉണ്ടായിരുന്നു. ഭരണാധികാരിയുടെ തിന്മകള്‍ക്കെതിരെ ശബ്ദിക്കല്‍ പണ്ഡിതന്റെ കടമയല്ലെന്നവര്‍ വാദിച്ചു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം നല്‍കുകയോ ഖാളിയാണെങ്കില്‍ വിധി പറയലോ ആണ് പണ്ഡിതരുടെ ജോലി. അതിനപ്പുറം അവര്‍ ഇടപ്പെട്ടിരുന്നില്ല.

എന്നാല്‍ പണ്ഡിതന്റെ കടമ ഏത് പരിതസ്ഥിതിയിലും സത്യത്തിന് വേണ്ടി നിലയുറപ്പിക്കലും അതിന് വേണ്ടി പോരാടുകയുമാണെന്ന് മനസ്സിലാക്കിയവരും ചരിത്രത്തില്‍ ധാരാളമുണ്ട്. നേതാക്കളോടും രാജാക്കന്മാരോടും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യലാണ് തങ്ങളുടെ കടമയെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ശൈഖ് അലാഉദ്ദീന്‍ ജമാലി ജീവന്‍ പോയാലും സത്യത്തിന് വേണ്ടി നിലയുറപ്പിക്കുമെന്ന് തീരുമാനിച്ച പണ്ഡിതനായിരുന്നു. ഉസ്മാനിയാ രാജാവായ സലീം ഒന്നാമന്റെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്.

ശൈഖ് അലാഉദ്ദീന്‍ ജമാല്‍ മഹാനായ പണ്ഡിതനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അതിനിപുണനുമായിരുന്നു. ഉസ്മാനീ കാലത്ത് ജീവിച്ച പണ്ഡിതരില്‍ പ്രമുഖനും പ്രധാനിയുമായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിലും പ്രവാചകചര്യയിലും വലിയ പാണ്ഡിത്യവും ഫിഖ്ഹുകള്‍ മനസ്സിലാക്കാന്‍ പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. സത്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. നന്മകല്‍പിക്കലും തിന്മവിരോധിക്കലും പണ്ഡിതന്മാരുടെ കടമയാണെന്ന് അദ്ദേഹം ശക്തമായി വാദിക്കുമായിരുന്നു. സലീം ഒന്നാമന്റെ ഉപ്പയായ യസീദ് രണ്ടാമന്റെ കാലത്ത് രാജ്യത്തിന്റെ പ്രത്യേക പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. സലീം ഒന്നാമന്റെ കാലത്ത് അദ്ദേഹത്തെ രാജ്യത്തിന്റെ ഖാളിയായി നിശ്ചയിക്കുകയും ചെയ്തു.

സലീം ഒന്നാമന്‍ പരുഷ സ്വഭാവം കൊണ്ടും കോപം കൊണ്ടും പേരുകേട്ട രാജാവായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമറിയുന്ന ആരും അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ തീരുമാനങ്ങള്‍ തെറ്റാണെങ്കിലും അതിനെ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യാറില്ലായിരുന്നു. ചെറിയതെറ്റുകള്‍ക്ക് പോലും മന്ത്രിമാരെയും സൈനികരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം തലവെട്ടുമായിരുന്നു.

ഒരിക്കല്‍ സലീം രാജാവിന്റെ ഖജനാവില്‍ നിന്ന് ചില സ്വത്തുവകകള്‍ നഷ്ടപ്പെട്ടതായി സംശയമുണ്ടായി. പക്ഷെ അത് കണക്കിലെ ചില പിഴവുകളായിരുന്നു. കോപിഷ്ടനായ രാജാവ് ഖജനാവിന്റെ ഉത്തരവാദിത്തമുള്ള എല്ലാവരെയും കൊല്ലാന്‍ കല്‍പിച്ചു. 150 പേരായിരുന്നു ഖജനാവിന്റെ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിരുന്നത്.

വാര്‍ത്തയറിഞ്ഞ ശൈഖ് അലാഉദ്ദീന്‍ ജമാല്‍ നേരെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. രാജാവിന്റെ സ്വഭാവം അറിയുന്നവരെല്ലാം വഴിയില്‍ ശൈഖിനെ തടയാന്‍ ശ്രമിച്ചു. പക്ഷെ ശൈഖിന്റെ തീരുമാനം ഉറച്ചതായിരുന്നു. രാഷ്ട്രത്തിന്റെ മുഫ്തികൂടിയായ അദ്ദേഹം നേരെ രാജാവിന്റെ അടുത്ത് പ്രവേശിച്ച് സലാം ചൊല്ലി. അവിടെ ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു: ‘മുഫ്തിയുടെ കടമ രാജാവിന്റെ പരലോകത്തെ നന്നാക്കുകയെന്നതുകൂടിയാണ്. താങ്കള്‍ ഖജനാവിന്റെ ഉത്തരവാദിത്തമുള്ള 150 പേരെ കൊല്ലാന്‍ തീരുമാനിച്ചതായി ഞാന്‍ അറിഞ്ഞു. താങ്കള്‍ക്ക് അവരെ വധിക്കല്‍ അനുവദനീയമല്ല.’

ഇതുകേട്ട രാജാവിന് കോപം തലക്ക് പിടിച്ചു. കോപിഷ്ടനായ അദ്ദേഹം ശൈഖിനോട് പറഞ്ഞു: ‘രാജാവിന്റെ കല്‍പനക്ക് എതിന് നില്‍ക്കരുത്. അത് താങ്കളുടെ ജോലിയല്ല. ഞാന്‍ താങ്കള്‍ക്കെതിരെയും ശിക്ഷ നടപ്പിലാക്കും.’

എന്നാല്‍ ശൈഖ് പിന്മാറാന്‍ സന്നദ്ധനായിരുന്നില്ല. അദ്ദേഹം ഈ സമയത്ത് പിന്മാറുകയാണെങ്കില്‍ ആരും അദ്ദേഹത്തെ കുറ്റം പറയില്ലായിരുന്നു. കാരണം അദ്ദേഹം തന്റെ കടമ നിര്‍വഹിച്ചിട്ടുണ്ട്. തിന്മയെ എതിര്‍ത്തിട്ടുമുണ്ട്. ഇനി കുറ്റം രാജാവിന്റേതാണ്. പക്ഷെ ശൈഖിന്റെ നിലപാട് അതല്ലായിരുന്നു. തിന്മയെ എതിര്‍ക്കുകയെന്നത് മാത്രമല്ല ജീവന്‍ പണയംവെച്ചും തെറ്റ് തിരുത്തുകയെന്നതാണ് വിശ്വാസിയുടെ കടമയെന്നാണദ്ദേഹം വിശ്വസിച്ചത്.

രാജാവിന്റെ അഹങ്കാരത്തെയും ഹുങ്കിനെയും തകര്‍ക്കാന്‍ തന്നെ ശൈഖ് തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു: ‘പക്ഷെ ഞാന്‍ താങ്കളുടെ തീരുമാനങ്ങളെ എതിര്‍ക്കുന്നത് താങ്കളുടെ പരലോക മോക്ഷത്തിന് വേണ്ടിയാണ്. അത് എന്റെ നിര്‍ബന്ധ കടമയാണ്. താങ്കള്‍ തെറ്റ്തിരുത്തി അവരെ വെറുതെ വിടുകയാണെങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അപ്രകാരമല്ലെങ്കില്‍ ഭീകരമായ ശിക്ഷയാണുണ്ടാവുക.’

ശൈഖിന്റെ ഉറച്ച നിലപാടും വാക്കുകളും നിശ്ചയദാര്‍ഢ്യവും കണ്ട സലീം രാജാവിന് വിവേകം തിരിച്ചുകിട്ടി. അദ്ദേഹം അവരെ വെറുതെ വിട്ടു. തുടര്‍ന്ന് രാജാവ് ശൈഖ് പറഞ്ഞതുപോലെ തന്റെ പരലോകം സുരക്ഷിതമാക്കാന്‍ വേണ്ടിയുള്ള കര്‍മങ്ങളില്‍ വ്യാപൃതനായി. ശൈഖിന്റെ തീരുമാനത്തിലെ നിശ്ചയദാര്‍ഢ്യമാണ് രാജാവിനെയും ഒരു രാഷ്ട്രത്തെയും നേര്‍വഴിയിലെത്തിച്ചത്.

വിവ: ജുമൈല്‍ കൊടിഞ്ഞി   

 
 

Related Articles