Current Date

Search
Close this search box.
Search
Close this search box.

മുആവിയ പഠിപ്പിച്ച പാഠം

islamic.jpg

മിസ്‌വര്‍ ബിന്‍ മഖ്‌റമ(റ) ശാമിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ ചില ആവശ്യങ്ങള്‍ക്കായി മുആവിയ(റ)വിനെ കാണാന്‍ തീരുമാനിച്ചു. ആവശ്യങ്ങളൊക്കെ മൂആവിയ സാധിച്ചുകൊടുത്തു. തന്റെയും മറ്റു പല ഗവര്‍ണര്‍മാരുടേയും പല പ്രവര്‍ത്തനങ്ങളിലും മിസ്‌വറിന് ചില ആക്ഷേപങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ സ്‌നേഹിതരോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും മുആവിയ കേട്ടിരുന്നു. ദര്‍ബാറില്‍ നിന്നും ആളുകള്‍ പിരിഞ്ഞുപോയപ്പോള്‍ മിസ്‌വറും മുആവിയയും തനിച്ചായി. അദ്ദേഹം ചോദിച്ചു: മിസ്‌വറേ, ഭരണാധികാരികളെ സംബന്ധിച്ച് നിന്റെ ആക്ഷേപങ്ങള്‍ എന്താണ്?
മിസ്‌വര്‍ പറഞ്ഞു: അങ്ങിനെയൊന്നുമില്ല…. നല്ലത് തന്നെ.
മൂആവിയ വിട്ടില്ല, അദ്ദേഹം പറഞ്ഞു: അങ്ങിനെയല്ലല്ലോ, അല്ലാഹുവാണ, എന്നെ സംബന്ധിക്കുന്ന ആക്ഷേപങ്ങള്‍ താങ്കള്‍ പറയാറുണ്ട്. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മിസ്‌വര്‍ സംസാരിച്ചു തുടങ്ങി…… ഒന്നും ഒഴിവാക്കിയില്ല.
മൂആവിയ പറഞ്ഞു: എനിക്ക് കുറ്റങ്ങളില്ല എന്ന് ഞാന്‍ പറയുന്നില്ല. മിസ്‌വറേ, പൊതു സംവിധാനത്തില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ഒന്നും ചെയ്യുന്നില്ലേ? നന്മകള്‍ക്ക് പത്തിരട്ടിയാണ് പ്രതിഫലം…. താങ്കള്‍ നന്മകള്‍ കാണുന്നില്ല, തിന്മകള്‍ മാത്രമേ കണ്ടുള്ളൂ?
മിസ്‌വര്‍: തിന്മ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്.
മൂആവിയ: അല്ലാഹുവിനോട് ഞങ്ങള്‍ പാപം ഏറ്റുപറയുന്നുണ്ട്…. അല്ല, മിസ്‌വര്‍, നിന്റെ സ്‌നേഹിതര്‍ക്ക് അറിയാവുന്ന ചില പാപങ്ങള്‍ താങ്കള്‍ക്കും ഉണ്ടാവില്ലേ? പൊറുക്കപ്പെട്ടില്ലെങ്കില്‍ താങ്കളുടെ നാശത്തിന് തന്നെ കാരണമായേക്കാവുന്നവ.
മിസ്‌വര്‍: തീര്‍ച്ചയായും.
മുആവിയ: അല്ലാഹു അതൊക്കെയും പൊറുത്തു തരുമെന്ന്, എന്റെ വിഷയത്തില്‍ ഇല്ലാത്ത എന്ത് അധിക പ്രതീക്ഷയാണ് താങ്കള്‍ക്കുള്ളത്. താങ്കള്‍ക്ക് അറിയാവുന്നതിലേറെ നന്മകളൊന്നും എനിക്കില്ല. എന്നാലും, അല്ലാഹുവാണ, ഞാന്‍ എന്ത് കാര്യം ചെയ്യുമ്പോളും അല്ലാഹുവിന്റെ തൃപ്തിയാണ് ലക്ഷ്യമാക്കുന്നത്. കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്ന, നന്മകള്‍ക്ക് പ്രതിഫലം ലഭിക്കുന്ന, പാപങ്ങള്‍ പൊറുക്കപ്പെടുന്ന മതത്തിലാണ് ഞാന്‍ നിലകൊള്ളുന്നത്.
മിസ്‌വര്‍ അല്‍പ നേരത്തേയ്ക്ക് ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞു: താങ്കള്‍ എന്നെ മുട്ടുകുത്തിച്ചു. മആവിയക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് മിസ്‌വര്‍ അവിടം വിട്ടു. മുആവിയയെ കുറിച്ച് പരാമര്‍ശിക്കപ്പെടുമ്പോളെല്ലാം മിസ്‌വര്‍ പിന്നീട് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു.

Related Articles